- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാസ് മണി ഹീസ്റ്റ് - ദി ചെലേമ്പ്ര ബാങ്ക് റോബറി; 80 കിലോ സ്വർണവും 25 ലക്ഷം രൂപയും കൊള്ളയടിച്ച ചേലേമ്പ്ര ബാങ്ക് കവർച്ച കേസ് സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായ പി.വിജയൻ ഐ പി എസാകാൻ മോഹൻലാൽ; കവർച്ചാ സംഘ തലവനായി ഫഹദ് ഫാസിലും; കേരള പൊലീസിന്റെ അഭിമാന അന്വേഷണം ത്രില്ലടിപ്പിക്കാൻ വെള്ളിത്തിരയിൽ
തിരുവനന്തപുരം : 80 കിലോ സ്വർണവും 25 ലക്ഷം രൂപയും കവർന്ന നാലംഗ സംഘത്തെ കേരള പൊലീസ് സമർത്ഥമായി പിടികൂടിയ സംഭവം മലയാളിത്തിലെ മികച്ച ത്രില്ലറുകളിലൊന്നാകാൻ ഒരുങ്ങുന്നു. ഐ ജി പി വിജയന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. സിനിമയിൽ മോഹൻലാലാണ് വിജയനായെത്തുന്നത്. കവർച്ചാ സംഘത്തിലെ തലവനായി ഫഹദ് ഫാസിലും. ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. സംവിധായകനെ രഞ്ജിത് നിശ്ചയിക്കുമെന്നാണ് സൂചന. രഞ്ജിത്തും ഈ ചർച്ചകളുടെ ഭാഗമാണ്.
കവർച്ചാകേസിനെ ആസ്പദമാക്കി അനിർബൻ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് - ദി ചെലേമ്പ്ര ബാങ്ക് റോബറിയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മോഹൻലാലും പി.വിജയനും പങ്കെടുത്തിരുന്നു. നായക നടന്മാരായെങ്കിലും അണിയറ ശില്പികളിൽ വ്യക്തത വന്നിട്ടില്ല. 2007 ഡിസംബർ 30നായിരുന്നു നാടിനെ നടുക്കിയ മലപ്പുറം ചേലേമ്പ്ര സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ കവർച്ച. രണ്ട് ദിവസം കഴിഞ്ഞാണ് സംഭവം പുറംലോകം അറിഞ്ഞത്.
സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ചുവരുകൾക്ക്, കവർച്ചക്കാർ വലിയ ദ്വാരമുണ്ടാക്കിയാണ് 80 കിലോഗ്രാം സ്വർണ്ണവും, 2,500,000 രൂപയുമായി ഏതാണ്ട് 8 കോടി രൂപയുടെ വസ്തുക്കൾ കവർന്നത്. മലപ്പുറം എസ് പിയായിരി്‌ക്കെ പി വിജയൻ നടത്തിയ അന്വേഷണ മികവാണ് കേസിനെ ശ്രദ്ധേയമാക്കിയത്. ഈ റോളിലാണ് മോഹൻലാൽ എത്തുന്നത്. പ്രതിയായി ഫഹദും. മലയാള സിനിമയിലെ അഭിനയ കുലപതിക്കൊപ്പം പുതുതലമുറയിലെ വിസ്മയം ഫഹദും എത്തുകയാണ്. തനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടനായി മോഹാൻലാൽ പറഞ്ഞത് ഒരിക്കൽ ഫഹദിന്റെ പേരായിരുന്നു.
കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലെ പൂട്ടിപ്പോയ ഭോജനശാല ഹോട്ടൽ നടത്താനെന്ന വ്യാജേന നാലംഗ സംഘം വാടകക്കെടുക്കുകയും, അതു പുനർനിർമ്മിക്കുകയാണെന്നും അത് സൂചിപ്പിക്കുന്നതിനായി കെട്ടിടത്തിന്റെ മെയിൻ ഷട്ടർ അടച്ചിടുകയും ചെയ്തു. അടച്ചിട്ട ഭോജനശാലയിൽ നിന്നും ഈ സംഘം മുകളിലെ നിലയിലേക്ക് ഒരു വലിയ ദ്വാരമുണ്ടാക്കുകയും അത് വഴി ബാങ്കിലെ സ്ട്രോങ്ങ് റൂമിലെത്തി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും അപഹരിക്കുകയും ചെയ്തു.കവർച്ച പുറത്തറിഞ്ഞ ഉടൻ കേരള പൊലീസ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു.
മലപ്പുറം എസ് പിയായിരുന്ന പി വിജയനായിരുന്നു ചുമതല.അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണം വഴി തെറ്റിക്കാൻ കവർച്ചാ സംഘം പല വഴികളും സ്വീകരിച്ചു. ജയ് മാവോ എന്നെഴുതിയും,ഹൈദരാബാദിലെ ഒരു ഹോട്ടലിൽ മനഃപ്പൂർവ്വം സ്വർണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് തൊട്ടടുത്ത മൊബൈൽ ടവറുകളിൽ നിന്നും സ്വീകരിക്കുകയോ,പുറത്തേക്കു പോവുകയോ ചെയ്ത എല്ലാ ഫോൺ കോളുകളും പൊലീസ് പരിശോധിച്ചു. ഇത് ഏതാണ്ട് 22 ലക്ഷത്തോളം വരും. സൈബർ അന്വേഷണ മെച്ചപ്പെട്ടിട്ടില്ലാത്ത കാലമായതിനാൽ ഇത്രയധികം ഫോൺ കോളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം സ്വന്തമായി ഒരു സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചു. രണ്ട് മാസത്തിനുള്ളിൽ മോഷ്ടാക്കൾ പിടിയിലായി.
ഫെബ്രുവരി അവസാനത്തോടെ പൊലീസ് കോഴിക്കോട് നിന്നാണ് ഈ സംഘത്തെ വലയിലാക്കുകയും കവർച്ച ചെയ്യപ്പെട്ട 80% വസ്തുവകകളും കണ്ടെടുക്കുകയും ചെയ്തത്. 2008 ഫെബ്രുവരി 28-ന് ആണ് അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം,തൃശൂർ,കോഴിക്കോട് സ്വദേശികളായ നിന്നുള്ള ജോസഫ് എന്ന ജൈസൺ, രാഗേഷ് എന്ന ഷിബു, രാധാകൃഷ്ണൻ, കനകേശ്വരി എന്നിവാരാണ് പിടിയിലായത്. ധൂം എന്ന ഹിന്ദി സിനിമയാണ് കവർച്ച നടത്താൻ പ്രചോദനമായതെന്ന് സംഘം പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ചലച്ചിത്രത്തിലും പുതുവർഷത്തലേന്ന് ഒരു സംഘം ബാങ്കിന്റെ ചുവരിൽ ദ്വാരമുണ്ടാക്കി കവർച്ച നടത്തുന്ന രംഗമുണ്ട്.
വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2013 മാർച്ച് 21ന് ജോസഫ്, രാകേഷ്, രാധാകൃഷ്ണൻ, കനകേശ്വരി എന്നീ പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. തുടർന്ന് കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് കോടതി പത്തു വർഷം കഠിന തടവും നാലം പ്രതി കനകേശ്വരിക്ക് അഞ്ചു വർഷം കഠിന തടവും വിധിച്ചു. നാല് പ്രതികളും 20,000 രൂപ പിഴയടയ്ക്കാനും ജഡ്ജി എസ് സതീശ് ചന്ദ്രബാബു വിധിച്ചു.
കേരള പൊലീസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു ചേലമ്പ്ര ബാങ്ക് കവർച്ച കേസ്. ചേലമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീണ ബാങ്കിൽ 2007 ഡിസംബർ 29നായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണം നടന്നത്. 80 കിലോ സ്വർണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്. 1999 ഐ.പി. എസ് ബാച്ച് കേരളാ കേഡർ ഓഫീസറായ പി. വിജയനായിരുന്നു പ്രമാദമായ ചേലമ്പ്ര ബാങ്ക് കവർച്ച കേസിന്റെ വിജയകരമായ അന്വേഷണത്തിന് നേതൃത്വം നൽകിയത്.