തലശേരി: മാഹി പൊലിസിൽ ഹോം ഗാർഡായിരിക്കെയാണ് മാഹി ചെമ്പ്രയിലെ പാർവതി നിവാസിൽ പ്രഭീഷ് കുമാർ കോടിയേരി നങ്ങാറത്ത് പീടികയിലെ സിപിഎം പ്രവർത്തകൻ കെ.പി. ജിജേഷ് വധക്കേസിൽ പ്രതിയാകുന്നത്. നാട്ടുകാർ പുലി പ്രഭീഷെന്നു വിളിക്കുന്ന പ്രഭീഷ്‌കുമാറിനെ മാഹി സ്റ്റേഷനിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

പിന്നീട് ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. വർഷങ്ങളായി അവിടെ തന്നെയായിരുന്നു താമസം. ഇതിനിടെയിൽ യു.എ.ഇ യിൽ നിന്നും പ്രണയിച്ച ഒരു ഫിലിപ്പൈൻസുകാരിയെ വിവാഹം കഴിക്കുകയും ചെയ്തു. കേസിലെ ഒൻപതാം പ്രതിയായ പ്രഭീഷിനെ പിടികൂടാൻ പൊലിസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു ഇതിനു ശേഷം ഇന്റർപോൾ പ്രതിയെ പിടികൂടി ഡൽഹി വിമാനതാവളത്തിലെത്തിക്കുകയായിരുന്നു  ഇവിടെ നിന്നാണ് കേരളാ പൊലിസിന് പ്രതിയെ കൈമാറുന്നത്.

ജിജേഷ് വധക്കേസിൽ ഒൻപതാം പ്രതിയാണ് പ്രഭീഷ്‌കുമാർ. 2008 ജനുവരി 27ന് പുലർച്ചെയാണ് ജിജേഷിനെ ആർ.എസ് എസുകാരെന്ന് ആരോപിക്കുന്ന സംഘം കൊലപ്പെടുത്തിയത്. അക്കാലയളവിൽ മാഹി പൊലിസിൽ ഹോം ഗാർഡായിരുന്ന പ്രഭീഷ് കുമാർ കേസിൽ ഒൻപതാം പ്രതിയായി ചേർക്കപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. ഇതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചു. തുടർന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്റർപോളിന്റെ സഹായം തേടിയത്.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ടി.വി റാസിത്താണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത് തുടർന്ന് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എം. തുഷാർ മുൻപാകെ ഹാജരാക്കിയ പ്രതിയെ തലശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.പ്രതിയുടെ പാസ്‌പോർട്ട് കോടതി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.