- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ പരിവാറിന്റെയും ബിജെപി യുടെയും വ്യാജ പ്രചാരണത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല ചെമ്പുച്ചിറ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തി എന്ന് 2020 നവംബറിൽ എഴുതിയത് ദേശാഭിമാനി; ബലക്ഷയം മനസ്സിലാക്കി പൊളിക്കുന്നത് മന്ത്രി ശിവൻകുട്ടിയും; സിമന്റിലാതെ സ്‌കൂൾ കെട്ടിടം നിർമ്മിക്കാമെന്ന് കിഫ്ബി തെളിയിച്ചപ്പോൾ
തൃശൂർ: കിഫ്ബിയുടെ 3 കോടിയും എംഎൽഎ ഫണ്ടിലെ മുക്കാൽ കോടി രൂപയും മുടക്കി ഒന്നര വർഷം മുൻപു നിർമ്മിച്ച സ്‌കൂൾ കെട്ടിടം പൊളിക്കുമ്പോൾ നാണക്കേട് സർക്കാരിന്. കിഫ്ബി നിർമ്മിതികളിൽ ഗുണനിലവാരം ഉറപ്പാണെന്ന വാദമാണ് തകരുന്നത്. ബലക്ഷയം മൂലം തകർന്നുവീഴുമെന്ന ആശങ്കയുള്ളതിനാലാണു കടുത്ത നടപടി. ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച 5 ക്ലാസ് മുറികളാണ് പൂർണമായും പൊളിക്കുന്നത്.
പഴയ ക്ലാസ് മുറികൾക്കു മുകളിൽ നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടമാണിത്. കെട്ടിടത്തിന്റെ ടെറസിൽ വിള്ളലുകൾ രൂപപ്പെട്ടതോടെ ചോർച്ചയും കണ്ടുതുടങ്ങി. കിഫ്ബി തയാറാക്കിയ പ്ലാൻ അനുസരിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിൽ നിർമ്മിച്ച കെട്ടിടമാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കിട്ടു നിർമ്മാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മതിയായ സാങ്കേതിക പഠനം നടത്താതെയാണു നിർമ്മാണത്തിനായി കിഫ്ബി കരാർ വിളിച്ചത്.
സിമന്റ് ഉപയോഗിക്കാതെയായിരുന്നു നിർമ്മാണം എന്നാണ് ആരോപണം. ബിജെപിക്കാരാണ് പണിയിലെ കൃത്രിമം ആദ്യം പുറത്തു കൊണ്ടു വന്നത്. നിർമ്മാണം പൂർത്തിയായി മാസങ്ങൾക്കകം തന്നെ വിവിധ ഭാഗങ്ങളിൽ വിള്ളലുണ്ടായി. പരാതിയെത്തുടർന്നു തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘവും കിഫ്ബിയും പരിശോധന നടത്തി. കെട്ടിടം പൊളിക്കേണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നുമായിരുന്നു ഉപദേശം. എന്നാൽ സർവകക്ഷി യോഗത്തിൽ നാട്ടുകാർ എതിർത്തതോടെ പൊളിക്കാൻ തീരുമാനിച്ചു.
കരാറുകാരുടെ ചെലവിലാണ് ഇനി കെട്ടിടം പുനർനിർമ്മിക്കുക. വിദഗ്ധ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അപാകതയുള്ള കെട്ടിടത്തിന് പകരം പുതിയ 5 ക്ലാസ് മുറികൾ നിർമ്മിക്കാൻ നിർമ്മാണ ഏജൻസിയായ കെറ്റിനോട് ആവശ്യപ്പെടുമെന്നു തിരുവനന്തപുരത്തു മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ മേൽക്കൂര സിമന്റില്ലാത്തതിനാൽ പൊളിഞ്ഞു വീഴുന്ന സാഹചര്യത്തിലായിരുന്നു ഇതെല്ലാം.
കിഫ്ബിക്ക് സ്വന്തായി എഞ്ചിനിയർമാർ വരെയുണ്ട്. അതുകൊണ്ട് തന്നെ കിഫ്ബി പ്രവർത്തിയുടെ ഓരോ ഘട്ടവും വിലയിരുത്തലുകളിലൂടെയാണ് കടന്നു പോകുന്നത്. എന്നിട്ടും ഒരു സ്‌കൂൾ കെട്ടിടം ഇത്തരത്തിൽ നിർമ്മിച്ചുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതും അന്ന് മന്ത്രിയായിരുന്ന എംഎൽഎയുടെ മണ്ഡലത്തിൽ. ഇത് അഴിമതിയാണെന്ന വാദവും ശക്തമാണ്.
അതിനിടെ ഈ വാർത്തയെ വ്യാജ വാർത്ത എന്നാണ് ദേശാഭിമാനി വിശേഷിപ്പിച്ചിരുന്നത്. സംഘ പരിവാറിന്റെയും ബിജെപി യുടെയും വ്യാജ പ്രചാരണത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല ചെമ്പുച്ചിറ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തി എന്നായിരുന്നു വിവാദ കാലത്തെ ദേശാഭിമാനി വാർത്ത. കിഫ്ബി സഹായത്തോടെ നിർമ്മാണം പുരോഗമിക്കുന്ന ഇവിടുത്തെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മിതിയിൽ അഴിമതി ഉണ്ടെന്നായിരുന്നു സംഘപരിവാർ ആരോപണം. പണി പൂർത്തിയാക്കുകയോ നിർമ്മാണ കമ്പനിക്കാർക്ക് പണം കൊടുത്ത് തീർക്കുകയോ ചെയ്യാത്ത പ്രവർത്തിയെ ചൊല്ലിയായിരുന്നു ഇവർ അഴിമതി ആരോപണം ഉയർത്തിയതെന്നായിരുന്നു ന്യായം പറച്ചിൽ.
നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 36 സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മാണം തുടങ്ങിപ്പോൾ അതിനെതിരെ കോടതിയിൽ പോയി നിർമ്മാണം മുടക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടവരാണ് സ്ഥലത്തെ ബിജെപി ക്കാർ. അവരാണ് നിർമ്മാണം പൂർത്തിയാക്കുകയോ, സർക്കാരിലേക്ക് സമർപ്പിക്കുകയോ ചെയ്യാത്ത കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്. ഇവർക്ക് പിന്തുണയുമായാണ് ചെന്നിത്തല ശനിയാഴ്ച രാവിലെ ചെമ്പുച്ചിറ സ്‌കൂളിൽ എത്തിയത്. ഡിസിസി പ്രസിഡന്റ് എം പി വിൻസന്റ്, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, കെ പി സി സി സെക്രട്ടറിമാരായ ടി ജെ സനീഷ് കുമാർ, ഷാജു കോടങ്കടത്ത് എന്നിവരും കൂടെ ഉണ്ടായിരുന്നു-ഇതായിരുന്നു 2020 നവംബറിലെ ദേശാഭിമാനി വാർത്ത.
നവംബർ 27നും ദേശാഭിമാനി വാർത്ത നൽകിയിരുന്നു... അത് ഇങ്ങനെയായിരുന്നു. രാഷ്ട്രീയ നേട്ടത്തിന് നശീകരണ പ്രവൃത്തിയും; ചെമ്പൂച്ചിറ ഗവ. സ്‌കൂളിനെതിരെ വ്യാജപ്രചാരണം- തൃശൂർ> കിഫ്ബി സഹായത്തോടെ നിർമ്മാണം പുരോഗമിക്കുന്ന ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെതിരെ വ്യാപക വ്യാജ പ്രചാരണം. പണിപൂർത്തിയാവുകയോ, നിർമ്മാണക്കമ്പനിക്ക് പണം കൊടുത്തു തീർക്കുകയോ ചെയ്യാത്ത പ്രവൃത്തിയെ ചൊല്ലിയാണ് അഴിമതിയാരോപണം.
സ്‌കൂൾ കെട്ടിട നിർമ്മാണം തുടങ്ങിയ അവസരത്തിൽത്തന്നെ തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘ പരിവാർ സംഘടനകൾ തന്നെയാണ് ഇപ്പോഴത്തെ വ്യാജ പ്രചാരണങ്ങൾക്കു പിന്നിലും.
കിഫ്ബിയിൽ നിന്ന് മൂന്നു കോടിയും എംഎൽഎ ഫണ്ടിൽ നിന്ന് 81 ലക്ഷം രൂപയും ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
പണി പൂർത്തിയായിട്ടില്ല. കെട്ടിടം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുമില്ല. ഇതുവരെ ചെയ്ത പ്രവർത്തികൾക്കായി 1.8 കോടി രൂപയുടെ ബില്ലുകൾ മാത്രമാണ് എൻജിനിയർമാർ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ടു കോടി രൂപയുടെ ബില്ലുകൾ ഇനി നൽകാനുണ്ട്. പണിപൂർത്തിയാക്കി വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ഗുണനിലവാര-- സുരക്ഷാപരിശോധനയ്ക്കു ശേഷമേ പദ്ധതി അംഗീകരിക്കുകയുള്ളൂ. അതുകഴിഞ്ഞേ കരാറുകാരന് പണം പൂർണമായി ലഭിക്കുകയുള്ളൂ.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകം ചൂണ്ടികാട്ടിയാൽ പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ നേരത്തെ തന്നെ പറഞ്ഞതാണ്. എന്ത് പരാതിയുണ്ടെങ്കിലും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വ്യക്തമാക്കി. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. സർക്കാർ സ്‌കൂളിനോടുള്ള സംഘപരിവാർ നിലപാട് നാട്ടുകാർക്ക് നേരത്തേത്തന്നെ ബോധ്യമായതാണ്. ചെമ്പൂച്ചിറ സ്‌കൂളിന് പുതിയ കെട്ടിടം വേണ്ടെന്ന് പറഞ്ഞ് ഇവർ ആദ്യം തടസ്സവാദമുന്നയിച്ചിരുന്നു. കോടതിയിൽ ഹർജി നൽകി പണി താമസിപ്പിച്ചു. ഇപ്പോൾ അടിസ്ഥാനമില്ലാത്ത അഴിമതിയാരോപണവും.
നൂറുകണക്കിന് പുതിയ വിദ്യാർത്ഥികളെത്തിയ ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിനെ തകർക്കലാണ് ചിലരുടെ ലക്ഷ്യമെന്ന് അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് അഞ്ചു ലക്ഷം വിദ്യാർത്ഥികൾ പുതുതായി പൊതുമേഖലയിലേക്ക് ഒഴുകിയതിന്റെ വിറളിയും ഇവർക്കുണ്ട്-ഇതായിരുന്നു ആ വാർത്ത.
മറുനാടന് മലയാളി ബ്യൂറോ