ബ്രിട്ടനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രാസായുധം പ്രയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സുരക്ഷാവകുപ്പ് സഹമന്ത്രി ബെൻ വാലാസാണ് ജനങ്ങളോട് കരുതിയിരിക്കാൻ ആവശ്യപ്പെട്ടത്. ഐസിസുമായി ബന്ധമുള്ളവരെ കണ്ടെത്താൻ അധികൃതരെ സഹായിക്കണമെന്നുമുള്ള അഭ്യർത്ഥനയും മന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. രാസായുധ പ്രയോഗം നേരിടുന്നതിനാവശ്യമായ കരുതൽ സൈന്യത്തിന്റെ ഭാഗത്തുനിന്നെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിരപരാധികളായ ജനങ്ങൾക്കുനേരെ രാസായുധം പ്രയോഗിക്കുന്നതിൽ ഐസിസിന് യാതൊരു മടിയുമില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരം ധാർമികമായ ചിന്തകളൊന്നുമില്ലാത്ത ക്രൂരന്മാരാണ് അവർ. സാധ്യമെങ്കിൽ ബ്രിട്ടനിലും അവർ രാസായുധം പ്രയോഗിക്കുമെന്ന് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു.

ഐസിസിന്റെ ഭാഗത്തുനിന്ന് അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. കരുതലോടെയിരിക്കാൻ ജനങ്ങളെ ഉപദേശിച്ച മന്ത്രി, ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കുടുക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ഭീകരരെ സഹായിക്കുന്നവർ രാജ്യത്തിനകത്തുതന്നെയുണ്ട്. അവരെ കണ്ടെത്തുകയാണ് പ്രയാസം. അവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽക്കൊണ്ടുവരുന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിവിധങ്ങളായ ത്വക്ക് രോഗങ്ങളും ശ്വാസകോശ രോഗങ്ങൾക്കും കാരണമായ വാതകമാണ് ഐസിസ് പ്രയോഗിക്കുന്നത്. ഇറാഖിലും സിറിയയിലും യുദ്ധമുഖത്ത് ഇത്തരം വാതകങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടേറെ സൈനികർ ഇതിന്റെ കെടുതികൾ അനുഭവിക്കുകയും ചെയ്യുന്നു. സ്വന്തം നിലയ്ക്ക് വിസിപ്പിച്ചെടുത്ത ഈ രാസായുധം യൂറോപ്യൻ രാജ്യങ്ങളിലും പ്രയോഗിക്കാനാണ് ഐസിസിന്റെ ശ്രമം.

മൊറോക്കോയിൽ രാസായുധമുൾപ്പെടെയുള്ള ആക്രമണം നടത്താനുള്ള ഐസിസിന്റെ 25 പദ്ധതികളെങ്കിലും തകർത്തതായി അടുത്തിടെ മൊറോക്കോ ഭീകരവിരുദ്ധ സേനാവിഭാഗം തലവൻ അബ്ദുൾഹഖ് ഖിയാം അവകാശപ്പെട്ടിരുന്നു. യൂറോപ്പിലും ഇത്തരം ആക്രമണങ്ങൾക്ക് വൻതോതിലുള്ള സാധ്യതയുണ്ടെന്ന് ഭീകരവിരുദ്ധ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.