തിരുവനന്തപുരം: കാലങ്ങൾ കഴിയുന്തോറും കാലാവസ്ഥയും മാറിമാറിയുകയാണ്. ഓരോ വർഷവും ചൂട് അധികരിക്കുകയാണ്. അസഹനീയമാണ് ഇപ്പോൾ ചൂട്. യാത്ര ചെയ്യുന്നവരുടെ കാര്യം പറയുകയും വേണ്ട. കത്തുന്ന വെയിലിൽ വെന്തുരുകുകയാണു മലയാളികൾ.

ഒരു യാത്ര പോകുമ്പോൾ തൊണ്ടവരണ്ടാൽ, വല്ലാത്ത ദാഹം തോന്നിയാൽ തൊട്ടടുത്ത കടയിൽനിന്നും പണം കൊടുത്ത് ഒരു 'മിനറൽ വാട്ടർ' വാങ്ങിക്കുടിക്കാം. അല്ലേ... സംസ്‌കരിച്ച, ശുദ്ധമായ ജലം കുടിച്ചു എന്നു സമാധാനിക്കുകയും ആകാം.

എന്നാൽ, അങ്ങനെ സമാധാനിക്കാൻ വരട്ടെ. ശുദ്ധജലം എന്ന പേരിൽ വാങ്ങിക്കുടിക്കുന്നതു ശരിക്കും ശുദ്ധജലം തന്നെയാണോ? അല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. മലയാളികൾ വളരെ സേഫ് ആയി കരുതുന്ന 'മിനറൽ വാട്ടർ' എന്ന് പൊതുവായി വിളിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ രാസവസ്തുക്കൾ ചേർത്ത് അണുമുക്തമാക്കുന്നതാണ്. അതായത് ഈ വെള്ളം സത്യത്തിൽ വെള്ളം മാത്രമല്ല ഒരു രാസപാനീയം കൂടിയാണ് എന്ന് വേണമെങ്കിൽ പറയാം.

ഇക്കാര്യം മലയാളികൾ ഗൗരവമായിത്തന്നെ കാണണമെന്നാണു പുനലൂർ സ്വദേശിയും കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലെ സജീവാംഗവുമായ കിരൺ കെ കൃഷ്ണ പറയുന്നത്. ഇന്നത്തെ മാർക്കറ്റിൽ ലഭ്യമാകുന്ന കുടിവെള്ളത്തെക്കുറിച്ചു മാദ്ധ്യമങ്ങൾ പരിശോധന നടത്തണമെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണു കിരൺ ആവശ്യപ്പെടുന്നത്.

കത്തിക്കാളുന്ന ഈ ചൂടിൽ ദാഹിച്ചുവരളുന്ന തൊണ്ടനനയ്ക്കാൻ ലഭിക്കുന്ന വെള്ളം എത്ര ശുദ്ധമെന്ന് ആരും നോക്കാറില്ലെന്നു കിരൺ പറയുന്നു. സ്വന്തം വീട്ടിലെ കിണറിലെ വെള്ളം പോലും ശുദ്ധമല്ല എന്ന സ്ഥിതിയാണ്. കടുത്ത രാസവള/രാസകീടനാശിനി പ്രയോഗങ്ങൾ മണ്ണിനെയും ജലത്തെയും ഒരുപോലെ വിഷലിപ്തമാക്കുന്നു.

ഇതേ അവസ്ഥ തന്നെയാണ് മാർക്കറ്റിൽ ലഭ്യമാകുന്ന കുടിവെള്ളത്തിനും. അണുവിമുക്തമാക്കാൻ പയറ്റുന്ന സംഗതികൾ മനുഷ്യന് അപകടകരമായാണു ഭവിക്കുന്നതെന്നു കിരൺ ചൂണ്ടിക്കാട്ടുന്നു. അണുനാശിനി ആയി കാത്സ്യം ഹൈപ്പോക്ലോറേറ്റ്, വെള്ളം തെളിയാൻ 'ആലം' അഥവാ ഇരട്ട സൽഫേറ്റുകൾ, സോഡിയം ഹൈഡ്രോക്‌സൈഡ് അഥവാ കാസ്റ്റിക് സോഡാ തുടങ്ങിയവയാണു പാക്കേജ്ഡ് വാട്ടറിൽ ഉപയോഗിക്കുന്നത്. ഇതു മാത്രമല്ല, അണുനാശിനി ആയി ഉപയോഗിക്കുന്ന ക്ലോറിൻ അളവ് പലപ്പോഴും ഔട്ട്പുട്ടിൽ വരുന്ന വെള്ളത്തിൽ അനുവദനീയ അളവിലും കൂടിയ നിലയിലാകുമെന്നും കിരൺ വ്യക്തമാക്കുന്നു. അപ്പോൾ ക്ലോറിൻ അംശം ടെസ്റ്റിൽ കിട്ടാതിരിക്കാൻ ഒരു രാസപദാർത്ഥം ചേർക്കും. അതിന്റെ കെമിക്കൽ നെയിം എനിക്കറിയില്ല. പക്ഷെ അതിനു ഡ്രിങ്കിങ് വാട്ടർ കമ്പനികളിൽ വിളിക്കുന്ന പേര് 'ഗ്രാം ആസിഡ്' എന്നാണെന്നും കിരൺ പറഞ്ഞു. മഴക്കാലത്ത് കലങ്ങികിടക്കുന്ന സോർസ് അഥവാ കമ്പനി വെള്ളം എടുക്കുന്ന കിണർ വെള്ളം തെളിയാൻ ഒരു നിഷ്‌കർഷയും ഇല്ലാതെ ആണ് ആലം ചേർക്കുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന ഓരോ രാസപദാർത്ഥങ്ങളും നമുക്ക് രോഗങ്ങൾ സമ്മാനിക്കാൻ ശേഷി ഉള്ളതാണ്. രാസപരിശോധനയും, ബയോളജിക്കൽ ടെസ്റ്റും കഴിഞ്ഞു പുറത്തുവിടുന്ന ഈ വെള്ളം ഗുണനിലവാരം ഉറപ്പുവരുത്താൻ മാർക്കറ്റിൽ നിന്നും സാമ്പിൾ എടുത്തു ടെസ്റ്റ് ചെയ്യേണ്ടത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ആണ്. എല്ലാ കുപ്പി വെള്ളത്തിനും മുകളിൽ കാണാം IS 14543 എന്നൊരു ലേബൽ. അതാണ് കുപ്പിവെള്ളനിർമ്മാണത്തിനുള്ള ഇന്ത്യൻ സ്റ്റാൻഡേർഡ്.

ഈ രാസ വെള്ളം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്തിഎന്ന് കരുതുന്ന മലയാളിക്ക് ഇന്നലെ വരെ നിങ്ങൾകുടിച്ച വിഷം എന്തെന്നറിയാൻ നിസാരമായി ചെയ്യാവുന്ന രണ്ടു ടെസ്റ്റുകളും കിരൺ പറയുന്നുണ്ട്.

'ഒരു ലിറ്റർ കുപ്പിവെള്ളം തണുപ്പിക്കാതെ വയ്ക്കുക. ആ കുപ്പിയിലെ കുറച്ചു വെള്ളം പുറത്തു കളയുക. ശേഷം ആ കുപ്പി ശകതിയായി നന്നായി കുലുക്കുക, വെള്ളം ഇളകിതെറിച്ചു കുലുങ്ങട്ടെ. പെട്ടെന്ന് അടപ്പ് തുറന്ന ശേഷം മണത്തു നോക്കുക... നല്ല ക്ലോറിൻ ഗന്ധം കിട്ടുന്നുണ്ട് എന്ന് പറയാൻ വരട്ടെ. കുലുക്കാത്ത വെള്ളത്തിൽ ഈ ഗന്ധം ഇല്ലല്ലോ? എവിടെനിന്ന് വന്നു ഈരൂക്ഷ ഗന്ധം?'

രണ്ടാമത്തെ ടെസ്റ്റ് ഇങ്ങനെയാണ്: 'കുപ്പിയിലെ വെള്ളം വേഗം ഒരു തുള്ളി നാവിൽ ഒഴിച്ച് രുചിച്ചു ഇറക്കൂ... നല്ല കരിക്കിൻവെള്ളം കുടിക്കുന്ന ഫീൽ കിട്ടും. ആ മണവും ഒരു ചെറുരുചിയും. അതെവിടെനിന്ന് വന്നു അല്ല ഈ ഓഡർലെസ്സ്, കളർലെസ്സ്, ടെസ്റ്റ്‌ലെസ്സ് വെള്ളത്തിൽ എവിടുന്നാണ് ഇതെല്ലം വന്നത്?'

ഈ രണ്ടു ടെസ്റ്റും ചെയ്താൽ നിങ്ങള്ക്ക് പിടികിട്ടും ഇന്നലെവരെ തൊണ്ടനനച്ചത് വെള്ളം കൊണ്ടല്ല വിഷം കൊണ്ടാണ് എന്നു കിരൺ വ്യക്തമാക്കുന്നു. പുറത്തുപോകുമ്പോൾ വെള്ളം വീട്ടിൽ നിന്നും കൊണ്ടുപോകുന്നതാണു നല്ലതെന്നും കിരൺ ഓർമിപ്പിക്കുന്നു. അതുകൊണ്ടുപോകാൻ പ്ലാസ്റ്റിക് കണ്ടൈനർ എടുത്താൽ അത് ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ആണെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തിലും ശ്രദ്ധവേണം.

കുപ്പിവെള്ളത്തിന്റെ രാസഘടനയുടെ കാര്യത്തിൽ അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കിരൺ ആവശ്യപ്പെടുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണർ ടി.വി.അനുപമ, സർക്കാർ, ബിഐഎസ് തുടങ്ങി എല്ലാവരും ഇത് അടിയന്തിരമായി പരിശോധിക്കണമെന്നും കിരൺ അഭ്യർത്ഥിക്കുന്നു. എന്തായാലും കുപ്പിവെള്ളം വാങ്ങിക്കുടിക്കുംമുമ്പു രണ്ടുവട്ടം ആലോചിക്കുക.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശുദ്ധജലത്തിൽ മനുഷ്യന് ആവശ്യമായ എല്ലാ മിനറലുകളും സോൾട്ടുകളും ഉണ്ടായിരുന്നു. അത് മുഴുവൻ മലിനമാക്കിയിട്ടാണു വില കൊടുത്തു വെള്ളവും ഒപ്പം രോഗങ്ങളും മനുഷ്യൻ വാങ്ങി കൂട്ടുന്നത്. 40 വർഷം മുൻപ് വെള്ളം കുപ്പിയിലാക്കി വിലക്കാൻ കഴിയുന്ന ഒന്നാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നില്ല. അതും കഴിഞ്ഞ് ശുദ്ധവായു പണംകൊടുത്തു വാങ്ങിക്കേണ്ട അവസ്ഥയാണിപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. പ്രകൃതി സൗജന്യമായി നൽകിയ സമ്മാനങ്ങൾ ചൂഷണം ചെയ്തും ദുരുപയോഗം ചെയ്തും നശിപ്പിക്കുന്ന മനുഷ്യർ ഇനി എന്നു പാഠം പഠിക്കും.

ദാഹമകറ്റാൻ കുടിക്കുന്നതെന്ത്??വേനൽ............ കത്തുന്ന വെയിലിൽ വെന്തുരുകാൻ മലയാളി... ഓരോവർഷവും വർധിക്കുന്...

Posted by Kiran Krishna on Monday, 21 March 2016