കോട്ടയം: ചെങ്ങന്നൂരിൽ മാണിക്കും മകനും സിപിഎം മതി.മാണി ചെങ്ങന്നൂരിൽ വലിയ സ്വാധീനമാകുമെന്ന് അറിയാവുന്ന ഇരു മുന്നണികളും മണിക്കായി ചരട് വലി നടത്തുന്നുണ്ട്. പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാണി ഇടത്തോട്ടായിരിക്കുമെന്ന സൂചനകൾ ശക്തമാകുന്നുണ്ട്. സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ളവരുടെ എതിർപ്പു കാര്യമാക്കേണ്ടതില്ലെന്നു സിപിഎം. നേതൃത്വം, മാണി വിഭാഗത്തെ അറിയിച്ചു. നേരത്തെ, ഒരു മുന്നണിയെയും പരസ്യമായി പിന്തുണയ്‌ക്കേണ്ടന്ന നിലപാടിലായിരുന്നു മാണി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നത്.

വെള്ളിയാഴ്ച കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുംമുമ്പ് പലതലങ്ങളിൽ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇതോടെയാണ് തീരുമാനം എടുക്കാൻ പത്തംഗ ഉപസമിതിയെ നിയോഗിച്ചത്. ഏതെങ്കിലുമൊരു മുന്നണിക്കൊപ്പം ഉറച്ചുനിന്നാൽ രണ്ടില പിളരുമോയെന്നതാണ് പാർട്ടിക്കു മുന്നിലുള്ള പ്രതിസന്ധി. ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് വാദിക്കുന്നവർക്കാണ് ഉപസമിതിയിൽ മുൻതൂക്കം. എന്നാൽ അങ്ങനെ തീരുമാനിച്ചാൽ, പി.ജെ.ജോസഫും മോൻസ് ജോസഫും ഇടയും. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിക്ക് ക്ഷീണമാകും. അതുകൊണ്ട് മനഃസാക്ഷിവോട്ടിന് ആഹ്വാനം ചെയ്യാനാണ് സാധ്യതയെന്ന് സമിതിയിലെ വിലയിരുത്തൽ് 


അഴകൊഴമ്പൻ സമീപനം മാറ്റി, വ്യക്തമായ നിലപാട് വേണമെന്ന് വെള്ളിയാഴ്ച ആവശ്യപ്പെട്ട പി.ജെ.ജോസഫും ഒരു പിളർപ്പ് ഒഴിവാക്കാൻ മനഃസാക്ഷിവോട്ടിനെ പിന്തുണച്ചേക്കും. ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന നിലപാടുള്ളവരായിരുന്നു സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി, യു.ഡി.എഫിൽനിന്നപ്പോഴുണ്ടായ ദുരനുഭവങ്ങൾ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു.

ഈ പക്ഷത്തുതന്നെയുള്ള മറ്റൊരംഗം, പിണക്കങ്ങൾ മറക്കാൻ സമയമായില്ലേയെന്ന് പറഞ്ഞതിനെ ഭൂരിപക്ഷം പേരും എതിർത്തതും ശ്രദ്ധേയമായി. യു.ഡി.എഫിനെ പിന്തുണച്ചാൽ, കോൺഗ്രസ് വീണ്ടും പിന്നിൽനിന്ന് കുത്തില്ലെന്ന് എന്തുറപ്പാണുള്ളതെന്നും ഈ പക്ഷക്കാർ ചോദിച്ചു. എന്നാൽ കോൺഗ്രസിന്റെ നിലപാട് മാറ്റം കാണാതിരിക്കരുതെന്നായിരുന്നു യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന് വാദിച്ചവരുടെ ആവശ്യം. ഇപ്പോൾ ആ മുന്നണിയിൽ ആരും കേരള കോൺഗ്രസിനെ തള്ളിപ്പറയുന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥി പാലായിലെത്തി കെ.എം.മാണിയെ നേരിൽക്കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. സിപിഐ.യുടെ എതിർപ്പും കാണണം.യുഡിഎഫിലേയ്ക്ക് തിരികെ മടങ്ങുമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ കെഎം മാണി മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ആരുമായും ചർച്ച ചെയ്തിട്ടില്ലെന്നും പറയുന്നു. യുഡിഎഫ് നേതാക്കൾ ഒന്നടങ്കം മാണിയെ മുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യുമ്പോഴാണ് കേരള കോൺഗ്രസിന്റെ ഈ നിലപാട്. 

പാർട്ടിക്ക് എംഎൽഎ.മാരെ കിട്ടിയ മണ്ഡലങ്ങൾ യു.ഡി.എഫിന് വേരോട്ടമുള്ളവയാണെന്നും ആ മുന്നണിയെ പിന്തുണയ്ക്കണമെന്ന് വാദിച്ചവർ ചൂണ്ടിക്കാട്ടി. ഇരുപക്ഷവും വാദപ്രതിവാദങ്ങൾ നിരത്തിയതോടെയാണ് ഉപസമിതിയെ നിയോഗിച്ച് തടിയൂരിയത്. ആദ്യം ഒൻപതുപേരെയാണ് ഉപസമിതിയിലേക്ക് നിശ്ചയിച്ചത്. പിന്നീട് ഒരാളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.പരസ്യമായ നിലപാട് സ്വീകരിക്കണമെന്നു സിപിഎമ്മും നിർദ്ദേശം നൽകിയിട്ടുണ്ട്. കാരണം മണ്ഡലത്തിൽ കേരളാ കോൺഗ്രസിന് അയ്യായിരത്തോളം വോട്ടുണ്ടെന്നാണു കണക്ക്. ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അഭിമാനപ്പോരാട്ടമായതിനാൽ ഏതുവിധേനയും ജയിച്ചുകയറാനുള്ള തന്ത്രങ്ങളാണ് സിപിഎം. പയറ്റുന്നത്.

തെരഞ്ഞെടുപ്പിൽ വർഗീയ പാർട്ടികളൊഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്നു സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതും മാണിയുടെ പിന്തുണ ലക്ഷ്യമാക്കിയാണ്. കാനം രാജേന്ദ്രനെയും സിപിഐഎയും കടന്നാക്രമിക്കുമ്പോഴും പിണറായി വിജയനേയും സിപിഐഎമ്മിനേയും പ്രശംസ കൊണ്ട് മൂടാനും കെഎം മാണി പാർട്ടി മുഖപത്രം പോലും ഉപയോഗപ്പെടുത്തുന്നുണ്ട്.

ബിജെപി സ്ഥാനാർത്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

യാതൊരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത കൂടിക്കാഴ്ചയായിരുന്നു അത്. ബിജെപിയുടെ നേതാവ് പാലായിലെവിടെയോ വന്നതാണ്. അപ്പോൾ എന്നെ കാഷ്വലായ് വിസിറ്റ് ചെയ്തതാണ്. ഞാനപ്പോൾ കുളിക്കുകയായിരുന്നു. അരമണിക്കൂറോളം അദ്ദേഹം കാത്ത് നിൽക്കേണ്ടി വന്നു. അപ്പോഴേക്കും ബിജെപി നേതാവ് വന്നു രാഷ്ട്രീയ ചർച്ചകൾ നടന്നു എന്നൊക്കെ അഭ്യൂഹങ്ങൾ പരന്നതാണ്. അത് വെറുമൊരു കാഷ്വൽ വിസിറ്റ് ആയിരുന്നു,'' കെഎം മാണി ് പറഞ്ഞു ചെങ്ങന്നൂർ തിരഞ്ഞെടുപ്പിലെക്കോ മറ്റ് രാഷ്ട്രീയ വിഷയങ്ങളിലേക്കോ ചർച്ച പോയില്ല എന്ന് പറഞ്ഞ മാണി ബിജെപിയുമായ് കേരളാ കോൺഗ്രസ് എമ്മിന് യാതൊരു രാഷ്ട്രീയ ധാരണയും ഇല്ലെന്ന് കൂട്ടിച്ചേർത്തു. ''വെറും സൗഹൃദ സംഭാഷനമായിരുന്നു. എല്ലാം അറിയാമല്ലോ, ഞങ്ങൾ ഒന്നും പറയേണ്ടതില്ലല്ലോ എന്ന് സാമ്പ്രദായികമായ് പറയുകയല്ലാതെ ഒരു ചർച്ചയിലേക്ക് അത് പോയില്ല,'' കെ എം മാണി പറഞ്ഞു.