ആലപ്പുഴ: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുഷാർ വെള്ളാപ്പള്ളിയെയും കൂട്ടരെയും കാത്തിരുന്നാൽ അത് വെറുതേയാകും എന്ന തിരിച്ചറിവിൽ ബിജെപി. തുഷാറും കൂട്ടരും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടു നിൽക്കുമ്പോൾ ബിജെപി നിലവിൽ മൂന്നാം സ്ഥാനത്താണ്. എന്തായാലും തുഷാറിനെ രംഗത്തിറക്കാതെ തന്നെ സ്വന്തം നിലയിൽ പ്രചരണം നടത്താനാണ് ബിജെപി തീരുമാനം. ഇതിനായി ബിഡിജെഎസിന് ഒഴിവാക്കി പ്രചരണം കൊഴിപ്പിക്കാൻ തുടങ്ങി.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസി(എം)ന്റെയും ബിഡിജെഎസിന്റെയും നിലപാട് മുന്നണികൾക്കു ഒരുപോലെ നിർണായകമാകുന്ന ഘട്ടമാണ്. ബിഡിജെഎസിനെ കാത്തുനിൽക്കാതെ പ്രചാരണം തുടരാനാണ് എൻഡിഎ തീരുമാനം. ബിഡിജെഎസിനെ ഒഴിവാക്കി കൺവൻഷൻ വിളിക്കാനും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും ബിഡിജെഎസ് ഇതര എൻഡിഎ യോഗം തീരുമാനിച്ചു. നാളെ ചെങ്ങന്നൂരിലാണു കൺവൻഷൻ.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പങ്കെടുത്ത എൻഡിഎ യോഗമാണു ബിഡിജെഎസിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം കൺവൻഷൻ നടത്താമെന്നായിരുന്നു മുൻ തീരുമാനം.

എന്നാൽ, മറ്റു മുന്നണികൾ പ്രചാരണത്തിൽ മുന്നോട്ടു പോകുമ്പോൾ ബിഡിജെഎസിനെ കാത്തിരിക്കുന്നതു തിരിച്ചടിയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേ സമയം, ബിഡിജെഎസുമായി പ്രശ്‌നമൊന്നും ഇല്ലെന്നാണ് എൻഡിഎ നേതാക്കൾ പരസ്യമായി പറയുന്നത്. ബിഡിജെഎസ് നേതാക്കൾ ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെങ്കിലും വാക്കുകളിൽ പിണക്കമുണ്ട്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചകൾക്കായി കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം 11 നു ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റിയിലെ ചർച്ചകളുടെ വിവരങ്ങൾ സംസ്ഥാന നേതാക്കൾ അവിടെ റിപ്പോർട്ട് ചെയ്യും.