ചെങ്ങന്നൂർ: സംസ്ഥാനം മാറി മാറി ഭരിക്കുന്ന മുന്നണികളും കേന്ദ്രവും ചേർന്ന് യുവ സംരംഭകരെ സ്റ്റാർട്ട് അപ്പ് എന്ന പേരിൽ വഞ്ചിക്കുകയാണെന്നാരോപിച്ചാണ് നിപുൺ ചെറിയാൻ എന്ന യുവാവ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. സ്റ്റാർട്ട് അപ്പ് എന്ന പേരിൽ രാഷ്ട്രീയക്കാർ യുവ സംരംഭകരെ ഏതു തരത്തിൽ വഞ്ചിക്കുന്നുവെന്ന് പൊതുജനങ്ങളെ അറിയിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് നിപുൺ മറുനാടനോട് പറഞ്ഞു. ബഡ്ജറ്റിൽ കോടികൾ മാറ്റിവെച്ചുവെന്ന് പറഞ്ഞ് സംരംഭകരെ പറ്റിക്കുന്ന ഇടപാട് ആരംഭിച്ചിട്ട് കാലങ്ങളായെന്നും എല്ലാ മുന്നണികളും ഇത് കൃത്യമായി നടപ്പാക്കി വരുന്നുവെന്നും നിപുൺ പറയുന്നു. സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും അവർക്ക് നൽകുന്നുവെന്ന പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇ വിഷയത്തിൽ ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും നിപുൺ പറയുന്നു.

2008ൽ എഞ്ചിനീയറിങ് പാസ്സായ ശേഷം ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് 2012ൽ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്ക് സംസ്ഥാനത്ത് വൻ പിന്തുണ എന്ന വാക്ക് വിശ്വസിച്ച് ഇവിടേക്ക് തിരിച്ചെത്തിയത്. എന്നാൽ സർക്കാരിൽ നിന്നും ഒരു പിന്തുണയും ഫലപ്രദമായെന്ന് പറയാനാകില്ലെന്നും സ്ഥാനാർത്ഥി പറയുന്നു. ഇവിടെ സ്റ്റാർട്ട് അപ്പ് എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ച് ശേഷം അതിൽ നിന്ന് പണം വെട്ടിക്കുക എന്നതാണ് ലക്ഷ്യം അല്ലാതെ നാട് നന്നാക്കണമെന്ന ചിന്ത ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഇല്ല. പിന്നെ 1 ലക്ഷം രൂപയ്ക്ക് വീട് വെച്ചിട്ട് 10 ലക്ഷം രൂപ ചെലവിട്ട് പാല് കാച്ച് നടത്തുന്നത് പോലെയാണ് കൊട്ടിഘഓഷിച്ച് പരിപാടികൾ നടത്തുന്നതെന്ന പക്ഷമാണ് നിപുണിന്.

ഇത്തരം ചടങ്ങുകൾ രാഷ്ട്രീയ ലാഭത്തിനായി മാത്രം ഉപയോഗിച്ചിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകായാണ്. സംരഭകർക്ക് പിന്തുണ എന്ന് പറഞ്ഞിട്ട കമ്മീഷൻ ലഭിക്കാനായി വിദേശ കമ്പിനികൾക്ക് കൈസഹായം എന്നതാണ് എല്ലാ പാർട്ടികളുടേയും സർക്കാരിന്റെ നയം. ഇതിൽ പ്രതിഷേധിച്ച് തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. താൻ ഉന്നയിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെങ്ങന്നൂരിലെ ജനങ്ങളിലെത്തിയാൽ വിജയം സുനിശ്ചിതമാണെന്നാണ് നിപുണിന്റെ പക്ഷം.ഓൺലൈൻ വഴിയും സോഷ്യൽ മീഡിയ വഴിയുമായിരിക്കും തന്റെ പ്രചരണ പരിപാടികളെന്നും നിപുൺ പറയുന്നു.

ഐടി സംബന്ധമായ വിഷയങ്ങൾ മാത്രമല്ല താൻ ഉന്നയിക്കുകയെന്നും ചെങ്ങന്നൂരിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദദമായി പഠി്കുകയാണെന്നും തന്നെ തെരഞ്ഞടുത്താൽ അവരിലൊരാളായി എന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥിയുടെ ഉറപ്പ്.ഒരു അർഥ നഗരമായ ചെങ്ങന്നൂരിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചു വരികയാണെന്ന് നിപുൺ പറയുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഉൾപ്പടെ ചെങ്ങന്നൂരിൽ ചർച്ചയാകുമെന്നും അതിന് ഒരു ബദലാണ് പൊതുസമൂഹം അന്വേഷിക്കുന്നതെന്നും സ്ഥാനാർത്ഥി പറയുന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പ്രചരണം സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെയാണ് നടത്തുന്നത്. സംരംഭകർ നൽകുന്ന പണവും സ്വയം സ്വരൂപിച്ച തുകയുമാണ് കൈയിലുള്ളത്.പ്രധാന സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് പോലെയുള്ള ഫണ്ടും പണവും ഒന്നും ലഭിക്കില്ലെന്നും തനിക്ക് അറിയാമെന്നും സ്ഥാനാർത്ഥി പറയുന്നു. അതുകൊണ്ടാണ് തന്റെ പ്രചരണം സോഷ്യൽ മീഡിയ വഴി ആക്കാൻ തീരുമാനിച്ചതെന്നും നിപുൺ പറയുന്നു. താൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഈ വിവരം ഫേസ്‌ബുക്കിൽ കുറിച്ചപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.