ചെങ്ങന്നൂർ:സിറ്റിങ് എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മരണമാണ് ചെങ്ങന്നൂരിനെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചപ്പോൾ പ്രചാരണത്തിൽ വളരെ മുന്നിലേക്ക് പോവുകയും ചെയ്തു. കടുത്ത വേനലിനേയും പിന്നീട് വ്‌നന വേനൽ മഴയേയും അവഗണിച്ച് നടത്തിയ പ്രചരണത്തിന് നാളെ കൊട്ടിക്കലാശമാകുമ്പോൾ അവസാന വട്ട കൂട്ടലിലും കിഴിക്കലിലുമാണ് മുന്നണികൾ. സംസ്ഥാന-ദേശീയ നേതാക്കൾ വരെ പ്രചരണത്തിനെത്തി. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് പക്ഷം വോട്ട് ചോദിക്കുമ്പോൾ മാറ്റത്തിനാണ് യുഡിഎഫ്, എൻഡിഎ സ്ഥഛാനാർഥികൾ വോട്ട് ചോദിക്കുന്നത്.

രണ്ടു മാസത്തിലേറെയായി നീളുന്ന ഉപതിരഞ്ഞെടുപ്പു പ്രചാരണാഘോഷത്തിനു നാളെ തിരശീല വീഴും. ഞായറാഴ്ച നിശബ്ദ പ്രചാരണം. 28 ന് ആണു വോട്ടെടുപ്പ്. 31 നു ഫലപ്രഖ്യാപനം. ദേശീയതലം മുതൽ വാർഡ് തലം വരെയുള്ള രാഷ്ട്രീയ, വികസന വിഷയങ്ങൾ ചർച്ചയായ ചെങ്ങന്നൂരിൽ സീറ്റ് നിലനിർത്തുകയെന്ന ആവേശത്തിലാണു സജി ചെറിയാനെ സ്ഥാനാർത്ഥിയാക്കി എൽഡിഎഫ് മത്സരിക്കുന്നത്. ഏറെക്കാലം യുഡിഎഫിന്റെ കൈവശമിരുന്ന സീറ്റ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തതിനു ഡി.വിജയകുമാറിലൂടെ മറുപടി നൽകണമെന്ന വാശിയിലാണു യുഡിഎഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ വോട്ട് സമാഹരിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൻഡിഎയുടെ പി.എസ്.ശ്രീധരൻ പിള്ള വീണ്ടും മത്സരരംഗത്തുള്ളത്.

കേരള കോൺഗ്രസ് (എം) എന്തു നിലപാടെടുക്കുമെന്നാണു തുടക്കം മുതലേ തിരഞ്ഞെടുപ്പു രംഗത്തുണ്ടായിരുന്ന പ്രധാന ചർച്ച. തിരഞ്ഞെടുപ്പിനോടടുപ്പിച്ചു മാണി വിഭാഗം യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് അക്കാര്യത്തിലെ അനിശ്ചിതത്വം നീക്കി. എൻഡിഎ ഘടകകക്ഷിയായി തുടരുന്നെങ്കിലും, പ്രചാരണരംഗത്ത് ഇതുവരെ ഇറങ്ങാത്ത ബിഡിജെഎസും ചെങ്ങന്നൂരിലെ പോരിന്റെ സസ്‌പെൻസ് നിലനിർത്തുന്നു. സഹായിക്കുന്നവർക്കു വോട്ട് നൽകുമെന്നും ആരു ജയിച്ചാലും പിതൃത്വം ഏറ്റെടുക്കില്ലെന്നും പ്രഖ്യാപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിലപാട് വ്യക്തമാക്കിയിരുന്നു.

അവസാന ദിവസങ്ങളിൽ വൻ തോ്കകുകളെ ഇറക്കിയാണ് എല്ലാ മുന്നണികളും പ്രചാരണത്തിന്റെ ഫിനിഷിങ് സജീവമാക്കിയത്. ഇന്നലെ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും മണ്ഡലത്തിലുണ്ട്. വി എസ്.അച്യുതാനന്ദനും രണ്ടു ദിവസം പ്രചാരണം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവരും ആവേശം പകരാനെത്തി.

കോൺഗ്രസിനുവേണ്ടി പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഇന്നലെയും മിനിഞ്ഞാന്നും പ്രചാരണരംഗം നയിച്ചു. കൂടുതൽ സമയവും കുടുംബയോഗങ്ങളിൽ പങ്കെടുത്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ നാട്ടുകാരനെപ്പോലെ മണ്ഡലത്തിലുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും മിക്ക ദിവസങ്ങളിലും മണ്ഡലത്തിൽ നിറഞ്ഞുനിന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബുമാണു എൻഡിഎയ്ക്കു വേണ്ടി എത്തിയ പ്രമുഖർ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആദ്യ നാളുകൾ മുതൽ മണ്ഡലത്തിൽ സജീവമായി പ്രചാരണ രംഗത്തുണ്ട്.