ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ മത്സരിക്കുമെന്ന് ഉറപ്പായി. സിഎസ് സുജാതയുടെ പേരും സിപിഎം പരിഗണിച്ചിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം സജി ചെറിയാന് വേണ്ടി വാദമുയർത്തി. ഇത് സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള്ളയും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി സംബന്ധിച്ച് എട്ടിനു നടക്കുന്ന മുതിർന്ന നേതാക്കളുടെ യോഗത്തിനു ശേഷമായിരിക്കും തീരുമാനം. എം മുരളിക്കാണ് പ്രഥമ പരിഗണന.

ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. ഈ യോഗമാണ് സജി ചെറിയാന്റെ കാര്യത്തിൽ തീരുമാനം എടുത്തത്. സുജാതയെ യോഗത്തിൽ ആരും പിന്തുണച്ചില്ല. ചെങ്ങന്നൂരിലെ സമുദായിക സമവാക്യമാണ് കഴിഞ്ഞ തവണ സിപിഎമ്മിനായി മത്സരിച്ച രാമചന്ദ്രൻനായരെ ജയിപ്പിച്ചത്. രാമചന്ദ്രൻ നായരുടെ മരണത്തോടെ വന്ന തിരഞ്ഞെടുപ്പിൽ ഈ സന്തുലനം പാലിക്കാൻ സിപിഎമ്മിന് കഴിയുന്നില്ല. ഇത് പ്രതിസന്ധിയായി അവശേഷിക്കുന്നുണ്ട്. എങ്കിലും പാർട്ടി ജില്ലാ സെക്രട്ടറി തന്നെ മത്സരിക്കാൻ തയ്യാറായ സാഹചര്യത്തിൽ ആരും എതിർക്കുന്നുമില്ല.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിൽ ബിജെപി സംസ്ഥാന ഭാരവാഹി യോഗവും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ശ്രീധരൻ പിള്ളയെ പരിഗണിക്കുന്നതായി കുമ്മനം പരസ്യമായിത്തന്നെ വ്യക്തമാക്കി. കഴിഞ്ഞ തവണ ശ്രീധരൻ പിള്ള 42,000ത്തോളം വോട്ടുകൾ നേടിയിരുന്നു. അതുകൊണ്ട് വിജയ പ്രതീക്ഷയുമായാണ് ബിജെപി കളം നിറയുന്നത്. വളരെ നേരത്തെ തന്നെ ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കിയും പ്രചരണത്തിൽ ഒന്നാമത് എത്താനാണ്.

ചെങ്ങന്നൂരിൽ പാർട്ടി നേതാവിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേതാക്കളുമായി ആശയവിനിമയം നടത്തി. എം മുരളിയാകും സ്ഥാനാർത്ഥിയെന്ന സൂചന ഉമ്മൻ ചാണ്ടിയിൽ നിന്ന് പ്രവർത്തകർക്ക് കിട്ടിക്കഴിഞ്ഞു. എകെ ആന്റണി അടക്കമുള്ള നേതാക്കളും മുരളിക്ക് അനുകൂലമാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടാകും നിർണ്ണായകം. നേരത്തെ ഇവിടെ മത്സരത്തിനില്ലെന്ന് പിസി വിഷ്ണുനാഥ് രാഹുലിനെ അറിയിച്ചിരുന്നു. ഇതോടെയാണ് പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിൽ ചർച്ച തുടങ്ങിയത്.

കഴിഞ്ഞ തവണ ബിജെപി. സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻപിള്ള നേടിയ 42,000 വോട്ടുകൾ സംഘടനയുടെ വലിയ നേട്ടമായിരുന്നു. അത് നിലനിർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ബിജെപി. സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു.

രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. അതുകൊണ്ട് തന്നെ ഇത്തവണയും ചെങ്ങന്നൂരിൽ ത്രികോണ മത്സരം പൊടിപൊടിക്കാനാണ് സാധ്യത.