- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കുള്ളിലും പുറത്തും ശത്രുക്കൾ ഏറെയുള്ള സജി ചെറിയാന് ബാലികേറാമല; നാലു വട്ടം എംഎൽഎയായിട്ടും ഒന്നും ചെയ്തില്ലെന്ന പേരുദോഷമുള്ള എം മുരളിയും വെള്ളം കുടിക്കും; തോറ്റയുടൻ മണ്ഡലം വിട്ടെന്ന പേരുദോഷം ഉണ്ടെങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ വോട്ടർമാർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിൽ ശ്രീധരൻ പിള്ള; ചെങ്ങന്നൂരിൽ ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നത് ത്രിപുര തരംഗം തന്നെ
ചെങ്ങന്നൂർ; 2016ൽ രാമചന്ദ്രൻ നായരും വിഷ്ണു നാഥും പിഎസ് ശ്രീധരൻ പിള്ളയും. ഇതിൽ വിഷ്ണുനാഥിന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ എതിർപ്പുണ്ടായിരുന്നു. ഇതിന്റെ നേട്ടം ഉണ്ടാക്കാൻ പോന്ന സ്ഥാനാർത്ഥിയായിരുന്നു രാമചന്ദ്രൻ നായർ. അങ്ങനെ വിഷ്ണുനാഥിനുള്ള വോട്ട് പ്രാദേശിക നേതാവായ രാമചന്ദ്രൻ നായർക്ക് വോട്ടായി മാറി. രാമചന്ദ്രൻ നായരുടെ നിര്യാണം ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിത്രം മാറുകയാണ്. വിഷ്ണുനാഥ് മത്സരിക്കുന്നില്ലെന്നതാണ് ഇതിൽ പ്രധാനം. സിപിഎമ്മിനായി സജി ചെറിയാനും കോൺഗ്രസിനായി എം മുരളിയും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയും. ത്രിപുരയുണ്ടാക്കിയ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂരിനേയും സ്വാധീനിക്കും. ഇത് കേരളത്തിലാദ്യമായി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടക്കത്തിൽ നേരിയ മുൻതൂക്കം നൽകുന്നുവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാക്കുന്നതാകും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ്. സിപിഎം സ്ഥാനാർത്ഥിയായ സജി ചെറിയാൻ പാർട്ടിയിൽ കരുത്തനാണ്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്. പാർട്
ചെങ്ങന്നൂർ; 2016ൽ രാമചന്ദ്രൻ നായരും വിഷ്ണു നാഥും പിഎസ് ശ്രീധരൻ പിള്ളയും. ഇതിൽ വിഷ്ണുനാഥിന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ എതിർപ്പുണ്ടായിരുന്നു. ഇതിന്റെ നേട്ടം ഉണ്ടാക്കാൻ പോന്ന സ്ഥാനാർത്ഥിയായിരുന്നു രാമചന്ദ്രൻ നായർ. അങ്ങനെ വിഷ്ണുനാഥിനുള്ള വോട്ട് പ്രാദേശിക നേതാവായ രാമചന്ദ്രൻ നായർക്ക് വോട്ടായി മാറി. രാമചന്ദ്രൻ നായരുടെ നിര്യാണം ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിത്രം മാറുകയാണ്. വിഷ്ണുനാഥ് മത്സരിക്കുന്നില്ലെന്നതാണ് ഇതിൽ പ്രധാനം. സിപിഎമ്മിനായി സജി ചെറിയാനും കോൺഗ്രസിനായി എം മുരളിയും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയും. ത്രിപുരയുണ്ടാക്കിയ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂരിനേയും സ്വാധീനിക്കും. ഇത് കേരളത്തിലാദ്യമായി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടക്കത്തിൽ നേരിയ മുൻതൂക്കം നൽകുന്നുവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാക്കുന്നതാകും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ്.
സിപിഎം സ്ഥാനാർത്ഥിയായ സജി ചെറിയാൻ പാർട്ടിയിൽ കരുത്തനാണ്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്. പാർട്ടിക്ക് പുറത്തും ഇത് തന്നെയാണ് സ്ഥിതി. സിഎസ് സുജാതയാണ് നല്ല സ്ഥാനാർത്ഥിയെന്ന വിലയിരുത്തൽ നേരത്തെ തന്നെ സജീവമായിരുന്നു. എന്നാൽ ജി സുധാകരനുമായുള്ള അടുപ്പം സജി ചെറിയാനെ സ്ഥാനാർത്ഥിയാക്കി. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് സജി ചെറിയാൻ ലക്ഷ്യമിടുന്നത്. എന്നാൽ സഭകളിൽ സജി ചെറിയാന് എത്രത്തോളം സ്വാധീനമുണ്ടെന്നതും നിർണ്ണായകമാണ്. സിജി ചെറിയാൻ സിഎസ്‌ഐ സഭാംഗമാണെന്ന പ്രചരണം ചെങ്ങന്നൂരിൽ സജീവമാണ്. ഇതും മറ്റ് സമുദായങ്ങളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ശത്രുപക്ഷത്തെ ഇത്തരം ഇടപെടലുകൾ സജി ചെറിയാൻ വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ ജയസാധ്യതയിൽ സിപിഎമ്മുകാർ പോലും സംശയത്തിലാണ്.
കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത് എം മുരളിയെയാണ്. മുരളിക്ക് മികച്ച പ്രതിച്ഛായയുണ്ട്. എഗ്രൂപ്പുകാരനാണെങ്കിലും ചെന്നിത്തലയുമായും അടുപ്പമുള്ള നേതാവ്. എന്നാൽ ചെങ്ങന്നൂർ സീറ്റിൽ നോട്ടമിട്ട പലരും മുരളിക്ക് വെല്ലുവിളിയാണ്. മാവേലിക്കര എംഎൽഎ ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്ത എംഎൽഎയായിരുന്നു മുരളിയെന്ന് പ്രചരിപ്പിക്കാൻ കോൺഗ്രസുകാർ തന്നെ മുന്നിലുണ്ട്. എബി കുര്യാക്കോസിനെ പോലെ മേഖലയിൽ ഏറെ സ്വാധീനമുള്ള എ ഗ്രൂപ്പ് നേതാവിനെ മറികടന്നാണ് മുരളി സ്ഥാനാർത്ഥിയാകുന്നത്. സമുദായിക സമവാക്യങ്ങളാണ് ഇതിന് കാരണമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ശോഭനാ ജോർജ് തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ നായർക്ക് മാത്രമേ ജയിക്കാനാവൂവെന്ന നിലപാട് പാർട്ടി എടുക്കുന്നതിൽ സീറ്റ് കിട്ടാത്തവർ അതൃപ്തരുമാണ്. ഇതും മുരളിക്ക് തിരിച്ചടിയാകും.
ത്രിപുരയിൽ ബിജെപി കാട്ടിയത് അത്ഭുതമാണ്. സിപിഎമ്മിനെ തകർത്തെറിഞ്ഞു. ഈ ആവേശം ബിജെപിക്കാർക്കിടയിൽ സജീവമാണ്. ത്രിപുരയെന്ന സിപിഎം കോട്ടയിൽ വിള്ളലുണ്ടാക്കാമെങ്കിൽ ചെങ്ങന്നൂരും അത്ഭുതം കാട്ടാനാകുമെന്നാണ് ഇവർ പറയുന്നത്. ചെങ്ങന്നൂരുകാരനാണ് ശ്രീധരൻ പിള്ള. ഇവിടെ ബന്ധുബലവും ഉണ്ട്. എന്നാൽ കോഴിക്കോട് സ്ഥിരതാമസമാക്കി എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് പിള്ള. അതുകൊണ്ട് തന്നെ നാടുമായി വലിയ ബന്ധമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിറയുകയും 42,000ത്തോളം വോട്ടുകൾ നേടുകയും ചെയ്തു. രാമചന്ദ്രൻനായരുടെ വ്യക്തിപ്രഭാവത്തിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ ഈ വോട്ട് പിടിത്തം. അതിന് മുമ്പ് 7000 വോട്ടുകൾ മാത്രമാണ് ബിജെപി ഇവിടെ നേടിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ശ്രീധരൻപിള്ള ജന്മനാടിനെ മറന്നു. ഇത് ശ്രീധരൻ പിള്ളയ്ക്ക് വെല്ലുവിളിയാണ്.
പക്ഷേ ത്രിപുരയിലെ ബിജെപി തേരോട്ടം പുതിയ പ്രതീക്ഷയാണ് ബിജെപിക്ക്. സജി ചെറിയാൻ സിപിഎം സ്ഥാനാർത്ഥിയാകുമ്പോൾ രാമചന്ദ്രൻ നായർക്ക് ലഭിച്ച നായർ വോട്ടുകൾ പിള്ളയ്ക്ക് കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര-അരുവിക്കര മോഡൽ പ്രചരണമാണ് ലക്ഷ്യമിടുന്നത്. 5000വോട്ട് കൂടി നേടാനായാൽ പിള്ളയ്ക്ക് ജയിക്കാനാകും. അതിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പോടെ നിയമസഭയിൽ ബിജെപിക്ക് രണ്ട് അംഗങ്ങളാകുമെന്ന് പാർട്ടി നേതൃത്വം പറയുന്നു. ചെങ്ങന്നൂരിൽ ത്രിപുര ആവർത്തിക്കും. സിപിഎമ്മും കോൺഗ്രസും അടിതെറ്റി വീഴും. ഇത് പുതിയ കാലത്തേക്ക് കേരളത്തെ നയിക്കുമെന്നാണ് ബിജെപി പറയുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷാ കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്യും.
കഴിഞ്ഞ തവണ 42,682 വോട്ടുകൾ നേടി ഇരുമുന്നണികളെയും ഞെട്ടിച്ച പി.എസ്. ശ്രീധരൻപിള്ളയെ ബിജെപി. നേതൃത്വം നിർബന്ധിച്ചാണു വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തി അനൗദ്യോഗികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ചെങ്ങന്നൂരിൽ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടർമാരിൽ 30 ശതമാനത്തോളം നായർ സമുദായമാണ്. 19.5 ശതമാനം ഈഴവ വിഭാഗത്തിൽപ്പെട്ടവരും 10 ശതമാനം പട്ടികവിഭാഗക്കാരുമാണ്. യു.ഡി.എഫും എൻ.ഡി.എയും നായർ സമുദായത്തിൽനിന്നുള്ളവരെ രംഗത്തിറക്കുമ്പോൾ കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി എൽ.ഡി.എഫ്. ക്രിസ്ത്യൻ സി.എസ്.ഐ. വിഭാഗത്തിൽപ്പെട്ടയാളെയാണു മത്സരിപ്പിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷ്ണുനാഥിനെതിരേ മത്സരിച്ച സജി ചെറിയാൻ നേരിയ വ്യത്യാസത്തിനാണു പരാജയപ്പെട്ടത്.
ഓർത്തഡോക്സ്, മാർത്തോമ്മാ വിഭാഗങ്ങൾക്കു സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വോട്ടുകളും സിപിഎം. ഇത്തവണ ഉന്നമിടുന്നു. മാത്രമല്ല ഇടതു വിരുദ്ധരായ െഹെന്ദവരുടെ വോട്ടുകൾ വിഭജിച്ചു പോകുമെന്നും അവർ കണക്കുകൂട്ടുന്നു. നാൽപതിനായിത്തോളമുള്ള പാർട്ടി വോട്ടുകൾക്കു പുറമേ ന്യൂനപക്ഷ വോട്ടുകൾ കൂടി സമാഹരിച്ച് വിജയമുറപ്പിക്കാമെന്നാണു സിപിഎം. കണക്കുകൂട്ടൽ. 1987ൽ മാമ്മൻ ഐപ്പ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി വിജയിച്ചത് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ സജി ചെറിയാന് ഇതിനാകില്ലെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. മാമ്മൻ ഐപ്പ് മത്സരിച്ചപ്പോൾ 49.7 ശതമാനം വോട്ടു നേടിയിരുന്നു. കഴിഞ്ഞതവണ ഇടതു സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻ നായർ വിജയിച്ചെങ്കിലും പോൾ ചെയ്തതിന്റെ 37 ശതമാനം വോട്ടുമാത്രമേ നേടാനായുള്ളു. 52,880 വോട്ട്.
ഇത്തവണ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രചാരണം തുടങ്ങുന്നതോടെ പരമ്പരാഗത വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തങ്ങൾ തിരിച്ചുപിടിക്കുമെന്നു കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. ഭൂരിപക്ഷം വരുന്ന ഹിന്ദുവോട്ടുകളിലും യാക്കോബായ വിഭാഗക്കാരുടെ വോട്ടുകളിലുമാണ് എൻ.ഡി.എയുടെ പ്രതീക്ഷ. ത്രിപുരയിൽ ചില സഭകൾ ബിജെപിയെ പിന്തുണച്ചിരുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ: പി.സി. വിഷ്ണുനാഥിനെ 7,983 വോട്ടുകൾക്ക് പരാജയപ്പടുത്തിയാണ് 2016ൽ കെ.കെ.രാമചന്ദ്രൻ നായർ നിയമസഭയിലെത്തിയത്. രാമചന്ദ്രൻ നായർ 52,880 വോട്ടുകൾ നേടിയപ്പോൾ വിഷ്ണുനാഥ് 44,897 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പി.എസ്. ശ്രീധരൻപിള്ള 42,682 വോട്ടുകളുമായി തൊട്ടുപിന്നിലുണ്ടായിരുന്നു. 2215 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഇരുവർക്കുമിടയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തവണയും ശ്രീധരൻ പിള്ളയെത്തന്നെ ഇറക്കാൻ ബിജെപി. തീരുമാനിച്ചത്.
നിലവിൽ മൂന്നു മുന്നണികളിലും ഇല്ലാതെ നിൽക്കുന്ന കേരള കോൺഗ്രസ് -എമ്മിന്റെ നിലപാടും നിർണായകമാകും. മണ്ഡലം നിലനിർത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കോൺഗ്രസിനും ജയിക്കണം. മാണിയുടെ വോട്ടുകൾ എങ്ങോട്ട് പോകുമെന്നതും ഈ മുന്നണികൾക്ക് നിർണ്ണായകമാണ്. ഇതിനൊപ്പമാണ് ത്രിപുര ആവേശത്തിൽ ബിജെപിയുടെ പ്രചരണവും. അതുകൊണ്ട് തന്നെ ത്രികോണപോരിൽ ആരും വിജയികളാകാമെന്ന അവസ്ഥയാണുള്ളത്.