- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുഷാറിന്റെ രോഷവും ശ്രീധരൻ പിള്ളയുടെ മണ്ഡലത്തിലെ അഭാവവും ബിജെപിക്ക് ക്ഷീണം ചെയ്യും; സജി ചെറിയാന്റെ ബ്ലൈഡ് മാഫിയാ ബന്ധങ്ങളും തോമസ് ഐസക്കിന്റെ പിണക്കവും എൽഡിഎഫിനും തിരിച്ചടിയാകും; അയ്യപ്പസേവാസംഘം നേതാവെന്ന പരിഗണന വിജയകുമാറിന് തുണയാകും; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ ഒരുപിടി മുമ്പിൽ യുഡിഎഫ്; അടിയൊഴുക്കുകൾ എത് നിമിഷവും മാറാം
ആലപ്പുഴ: ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി ചിത്രം തെളിയുമ്പോൾ മുൻതൂക്കം നേടിയത് യുഡിഎഫ് എന്ന് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ ചെങ്ങന്നൂരിൽ പ്രചരണം സജീവമായി. അടുത്ത മാസം മാത്രമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുകയുള്ളൂ. മെയിലാകും വോട്ടെടുപ്പ്. എന്നിട്ടും ചെങ്ങന്നൂരിലെ സവിശേഷ സാഹചര്യങ്ങളാണ് സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ മുന്നണികളെ പ്രേരിപ്പിച്ചത്. അതിവേഗം സ്ഥാനാർത്ഥികൾ വോട്ട് തേടി ഇറങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നേരിയ മുൻതൂക്കം കിട്ടിയ ആവേശം കോൺഗ്രസിന് പുതിയ പ്രതീക്ഷയാകുന്നത്. ശക്തമായ ത്രികോണപോരിന് സാധ്യതയുള്ള ചെങ്ങന്നൂരിൽ അടിയൊഴുക്കുകളാകും നിർണ്ണായകം. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ ദിവസത്തെ രാഷ്ട്രീയ ചലനും ഫലത്തെ സ്വാധീനിക്കും. കോൺഗ്രസിനായി ഡി വിജയകുമാറും സിപിഎമ്മിനായി സജി ചെറിയാനും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയും. മൂവരും വിജയ പ്രതീക്ഷയിലാണ്. 2016ലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമെ
ആലപ്പുഴ: ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി ചിത്രം തെളിയുമ്പോൾ മുൻതൂക്കം നേടിയത് യുഡിഎഫ് എന്ന് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ ചെങ്ങന്നൂരിൽ പ്രചരണം സജീവമായി. അടുത്ത മാസം മാത്രമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുകയുള്ളൂ. മെയിലാകും വോട്ടെടുപ്പ്. എന്നിട്ടും ചെങ്ങന്നൂരിലെ സവിശേഷ സാഹചര്യങ്ങളാണ് സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ മുന്നണികളെ പ്രേരിപ്പിച്ചത്. അതിവേഗം സ്ഥാനാർത്ഥികൾ വോട്ട് തേടി ഇറങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നേരിയ മുൻതൂക്കം കിട്ടിയ ആവേശം കോൺഗ്രസിന് പുതിയ പ്രതീക്ഷയാകുന്നത്. ശക്തമായ ത്രികോണപോരിന് സാധ്യതയുള്ള ചെങ്ങന്നൂരിൽ അടിയൊഴുക്കുകളാകും നിർണ്ണായകം. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ ദിവസത്തെ രാഷ്ട്രീയ ചലനും ഫലത്തെ സ്വാധീനിക്കും.
കോൺഗ്രസിനായി ഡി വിജയകുമാറും സിപിഎമ്മിനായി സജി ചെറിയാനും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയും. മൂവരും വിജയ പ്രതീക്ഷയിലാണ്. 2016ലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമെത്തിച്ച തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് സിപിഎമ്മിന് അനിവാര്യതയാണ്. പിണറായി സർക്കാരിന് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ വിജയം അനിവാര്യമാണ്. എന്നാൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ അനകൂലമാക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി സജി ചെറിയാൻ സ്ഥാനാർത്ഥിയായി. ബിജെപി കഴിഞ്ഞ തവണ മത്സരിച്ച പിഎസ് ശ്രീധരൻ പിള്ളയെ തന്നെ വീണ്ടും രംഗത്തിറക്കുന്നു. ത്രിപുരയിലെ വിജയം ചെങ്ങന്നൂരിൽ ചർച്ചയാക്കി അത്ഭുതം കാട്ടാനാണ് ബിജെപിയുടെ ശ്രമം.
ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് പ്രതീക്ഷിത മുഖങ്ങളെ വെട്ടി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കി. അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റാണ് വിജയകുമാർ. ഹൈന്ദവ സംഘടനയുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവ്. 1992ൽ വിജയകുമാറിനെ മത്സരിപ്പിക്കാൻ ധാരണയായതായിരുന്നു. അവസാന നിമിഷം ശോഭനാ ജോർജിന് വേണ്ടി മാറിക്കൊടുത്തു. അതിന് ശേഷവും ചെങ്ങന്നൂരിൽ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് വിജയകുമാർ. അയ്യപ്പസേവാസംഘത്തിന്റെ നേതാവെന്ന നിലയിൽ സജീവമാവുകയും ചെയ്തു. ഈ പ്രതിച്ഛായയാണ് വിജയകുമാറിന് നേരിയ മുൻതൂക്കം നൽകുന്നത്. എന്നാൽ അടിയൊഴുക്കുകൾ അതിനിർണ്ണായകമാകും.
ബിജെപിക്കൊപ്പമായിരുന്ന ബിഡിജെഎസിന് മണ്ഡലത്തിൽ അയ്യായിരത്തിൽ അധികം വോട്ടുണ്ട്. ഈ വോട്ടുകൾ പതിനായിരമാണെന്ന് തുഷാർ വെള്ളാപ്പള്ളി അവകാശപ്പെടുന്നു. ഈ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നതാണ് അതിനിർണ്ണായകം. ഈ വോട്ടുകൾ ശേഖരിക്കാൻ സിപിഎമ്മിനാകുമോ എന്നതാണ് ഉയുരന്ന ചോദ്യം. ഇതിനൊപ്പം എൻഎസ്എസ് വോട്ടുകളും അതിനിർണ്ണായകമാകും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. യു.ഡി.എഫ്.മണ്ഡലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെങ്ങന്നൂരിൽ ആർക്കും ജയിക്കാമെന്ന സാഹചര്യമാണിപ്പോൾ. 2016ലെ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ നേടിയ വോട്ടിന്റെ കണക്ക് നൽകുന്ന സൂചനയാണിത് .
36.38 ശതമാനം വോട്ടുനേടിയ കെ.കെ.രാമചന്ദ്രൻ നായരാ(എൽ.ഡി.എഫ്.)യിരുന്നു വിജയിച്ചത്. 30.89 ശതമാനം വോട്ടുകിട്ടിയ പി.സി.വിഷ്ണുനാഥ് (യു.ഡി.എഫ്.) രണ്ടാമതും 29.36 ശതമാനം വോട്ട് കരസ്ഥമാക്കിയ പി.എസ്.ശ്രീധരൻപിള്ള (എൻ.ഡി.എ.) മൂന്നാമതും എത്തി. വിജയിച്ചയാളും മൂന്നാമതെത്തിയ സ്ഥാനാർത്ഥിയും തമ്മിലുള്ള വോട്ടുവ്യത്യാസം പതിനായിരത്തിൽപ്പരം മാത്രം. രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങളും നിർണായകമെന്നതാണ് ഈ മണ്ഡലത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥിനിർണയത്തിൽ ഇവിടെ ജാതിയും ഒരു ഘടകമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തിൽ നായർസമുദായമാണ് മുമ്പിൽ. അതിനുപിന്നിൽ ഈഴവ, ക്രിസ്ത്യൻ വിഭാഗങ്ങൾ. സജി ചെറിയാനും പി.എസ്.ശ്രീധരൻപിള്ളയും രണ്ടാംതവണയാണ് ഇവിടെ ജനവിധി തേടുന്നത്. സജി ചെറിയാൻ 2006-ൽ മത്സരിച്ചുവെങ്കിലും പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. പി.എസ്.ശ്രീധരൻപിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ചെങ്ങന്നൂരിൽ മത്സരിച്ചത്. മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടുവെങ്കിലും എൻ.ഡി.എ.യുടെ വോട്ടുവിഹിതത്തിൽ റെക്കോഡിട്ടു.
രാഷ്ട്രീയപാർട്ടികൾക്ക് പുറമേ എൻ.എസ്.എസ്., എസ്.എൻ.ഡി.പി.യോഗം, വിശ്വകർമ്മ സംഘടനകൾ, ക്രൈസ്തവസഭകൾ തുടങ്ങിയവയുടെ നിലപാടും ഇവിടെ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംഘടനകളുടെ നിലപാടും തിരഞ്ഞെടുപ്പിൽ പ്രധാനമാണ്.
കോൺഗ്രസ് പ്രതീക്ഷ സ്ഥാനാർത്ഥിയുടെ വ്യക്തി മികവ്
എം മുരളിയും ശിവദാസൻ നായരും അടക്കമുള്ള പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് പരിഗണിച്ചു. അവസാനം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് വിജയകുമാറിൽ ചർച്ചകൾ എത്തിച്ചു. ഹിന്ദു വോട്ടുകൾ ഏറ്റവും അധികം കോൺഗ്രസ് പെട്ടിയിലാക്കാനുള്ള മികവ് വിജയകുമാറിനുണ്ടെന്നാണ് വിലയിരുത്തൽ. ക്ഷേത്രങ്ങളിൽ നിറഞ്ഞ് പ്രവർത്തിക്കുന്ന നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നത് ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാർ. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിർവാഹകസമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു.
ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മൂന്നു തവണ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ദക്ഷിണ റെയിൽവേ സോണൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, റെയിൽവേ ഡിവിഷനൽ യൂസേഴ്‌സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്), കേരള കാർഷിക സർവകലാശാല മുൻ അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ കോഓപറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ: രാധിക. മക്കൾ: ജ്യോതി വിജയകുമാർ, ലക്ഷ്മി വിജയകുമാർ. ഇതിൽ ജ്യോതി വിജയകുമാറ് യൂത്ത് കോൺഗ്രസ് നേതാവാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകും വിജയകുമാറിന്റെ വിജയത്തിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കുക. ചെന്നിത്തലയും സജീവമാകും. തിരുവഞ്ചൂർ രാധാകൃഷ്ണനാകും ഏകോപന ചുമതല. ഈ കൂട്ടുകെട്ടിലൂടെ ക്രൈസ്തവ വോട്ടുകളും വിജയകുമാറിന് അനുകൂലമാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കും. ഈ നീക്കം വിജയിച്ചാൽ വീണ്ടും ചെങ്ങന്നൂർ യുഡിഎഫ് പക്ഷത്ത് എത്താനാണ് സാധ്യത.
സജി ചെറിയാന് വെല്ലുവിളിയായി ഗ്രൂപ്പിസവും
സിപിഎം ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാൻ. ജില്ലയിലെ സിപിഎം സംവിധാനത്തെ നിയന്ത്രിക്കുന്ന കരുത്തൻ. എന്നാൽ ആലപ്പുഴയിലെ ്ഗ്രൂപ്പിസം സിപിഎമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. കേന്ദ്രകമ്മറ്റി അംഗമായ തോമസ് ഐസകും മന്ത്രിയായ ജി സുധാകരനും രണ്ട് വഴിക്കാണ് നീങ്ങുന്നത്. കോടിയേരി-പിണറായി ഗ്രൂപ്പിന്റെ പിന്തുണയുള്ള ജി സുധാകരന്റെ അടുപ്പക്കാരനാണ് സജി ചെറിയാൻ. അതുകൊണ്ട് മാത്രമാണ് സജി സ്ഥാനാർത്ഥിയായതെന്ന് തോമസ് ഐസക് പക്ഷം വിലയിരുത്തുന്നു. തോമസ് ഐസക്കിനെ മന്ത്രിപദത്തിൽ നിന്ന് മാറ്റാൻ കരുനീക്കം സജീവമാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മിലെ ഗ്രൂപ്പ് പോര് സജി ചെറിയാന് വിനയാകും.
സാമുദായിക വോട്ടുകളാകും ചെങ്ങന്നൂരിൽ നിർണ്ണായകം. സിഎസ് ഐ വിഭാഗക്കാരനാണ് സജി ചെറിയാൻ. ഈ വിഭാഗത്തിന് ചെങ്ങന്നൂരിൽ വലിയ സ്വാധീനമില്ല. ഇതിനൊപ്പം സജി ചെറിയാന്റെ മകളെ വിവാഹം ചെയ്തത് സ്ഥലത്തെ പ്രധാന ബ്ലേഡ് ചിട്ടികമ്പനിയുടെ കുടുംബാഗമാണ്. ഇതും ചെങ്ങന്നൂരിൽ ചർച്ചയാകുന്നുണ്ട്. ഗ്രൂപ്പിസത്തിനൊപ്പം ഈ ബന്ധവും സജി ചെറിയാന്റെ വോട്ട് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതെല്ലാം മറികടക്കാനുള്ള പ്രചരണം സിപിഎം നടത്തുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. സിപിഎമ്മിന് അതിനിർണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ പ്രചരണത്തിന് നേതൃത്വം നൽകാൻ കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തും.
ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമ ബിരുദധാരിയാണ്. 1995ൽ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംനിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പി.സി. വിഷ്ണുനാഥിനെതിരേ ചെങ്ങന്നൂർ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അത്ഭുതം പ്രതീക്ഷിച്ച് ശ്രീധരൻ പിള്ള
കഴിഞ്ഞ തവണ 42000വോട്ടാണ് ശ്രീധരൻ പിള്ള നേടിയത്. ബിഡിജെഎസ് പിന്തുണയുടെ കരുത്തിലായിരുന്നു ഇത്. ഇത്തവണ തുഷാറും കൂട്ടരും പിണക്കത്തിലാണ്. നാളെ എൻഡിഎയിൽ നിന്ന് തന്നെ അവർ പുറത്തുപോകാനാണ് സാധ്യത. ഇത് പിള്ളയ്ക്ക് വലിയ തിരിച്ചടിയാണ്. ചെങ്ങന്നൂരുകാരനായ ശ്രീധരൻ പിള്ള കോഴിക്കോട്ടാണ് താമസം. പ്രാക്ടീസ് ചെയ്യുന്നത് ഹൈക്കോടതയിലും. അതുകൊണ്ട് തന്നെ ചെങ്ങന്നൂരുമായി ആത്മബന്ധം ഇന്ന് ശ്രീധരൻ പിള്ളയ്ക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ സജീവമായതുമില്ല. ഈ ഘടകങ്ങളാണ് ബിജെപിക്ക് പ്രതികൂലമായി നിൽക്കുന്നത്.
എന്നാൽ തുഷാർ പിണങ്ങുന്നതോടെ കൂടുതൽ നായർ വോട്ടുകൾ ശ്രീധരൻ പിള്ളയ്ക്ക് കിട്ടുമെന്നാണ് ബിജെപി വിലയിരുത്തൽ. പ്രചരണം ഏകോപിപ്പിക്കുന്നത് ആർഎസ്എസ് നേരിട്ടാണ്. എൻ എസ് എസ് നിലപാട് അനുകൂലമാക്കി അത്ഭുതം കാട്ടാനാണ് ശ്രീധരൻ പിള്ളയുടെ ശ്രമം.