കോട്ടയം: ചെങ്ങന്നൂരിൽ പി എസ് ശ്രീധരൻ പിള്ള ജയിക്കണമെന്ന് ബിജെപിക്കാർക്ക് ആഗ്രഹമില്ലേ? തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ആർ എസ് എസാണ്. ഇതിൽ പ്രതിഷേധിച്ച് എംടി രമേശ് ചെങ്ങന്നൂരിൽ നിന്ന് മാറിനിൽക്കാൻ തന്ത്രമൊരുക്കി. ഇതിനെതിരെ പ്രതിഷേധവുമായി ശ്രീധരൻ പിള്ളയും രംഗത്തെത്തി. ഇതോടെ എം ടി .രമേശ് പത്തനം തിട്ടയിൽ നിന്ന് എറണാകുളത്തേക്ക് നടത്താനിരുന്ന മാർച്ചും റദ്ദാക്കി. അപ്പോഴും നേതാക്കൾക്ക് ചെങ്ങന്നൂരിനോട് താൽപ്പര്യക്കുറവാണ്. പ്രസിഡന്റ് കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും നടത്തുന്ന യാത്രകളാണ് വിവാദങ്ങൾക്ക് കാരണം.

ചൊവ്വാഴ്ച നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ ഉൾപ്പെടെയുള്ള വരാണ് ഇതിനെതിരെ വിമർശനമുയർത്തിയത്. സംസ്ഥാനം മുഴുവൻ ഉറ്റുുനോക്കുന്ന തിരഞ്ഞെടുപ്പിനിടെ നേതാക്കൾ മാർച്ചുകളുമായി നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അവർ കുറ്റപ്പെടുത്തി. മൂന്ന് മാർച്ചുകളാണ് ഉടൻ നടത്താനിരുന്നത്. ഇത് ചെങ്ങന്നൂരിൽ നിന്ന് മാറി നിൽക്കാനുള്ള ചിലരുടെ തന്ത്രമാണെന്ന വിലയിരുത്തലെത്തി. വി മുരളീധരപക്ഷത്തെ പൂർണ്ണമായും അകറ്റിയാണ് ചുമതലകൾ നൽകിയത്. അതുകൊണ്ട് തന്നെ അവരാരും ചെങ്ങന്നൂരിൽ ഇല്ല. കുമ്മനം മാറി നിൽക്കുന്നതോടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാകും.

ചെങ്ങന്നൂരിൽ ബിജെപിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി ശ്രീധരൻ പിള്ളയ്ക്കുണ്ട്. എംടി രമേശ് വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നാണ് ആരോപണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിക്കണമെന്ന മോഹം എംടി രമേശിനുണ്ട്. ഇതിന് വേണ്ടി ശ്രീധരൻ പിള്ളയെ തോൽപ്പിക്കാൻ ചരട് വലികൾ നടത്തുന്നതായാണ് ആരോപണം. ഇതിനിടെയാണ് മാർച്ച് പ്രഖ്യാപനം വരുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42000 വോട്ടാണ് ശ്രീധരൻ പിള്ള നേടിയത്. 6000 വോട്ട് കൂടി നേടിയാൽ ഇത്തവണ ജയിക്കാം. എന്നാൽ അനുകൂല സാഹചര്യമെല്ലാം ആദ്യ ഘട്ടത്തിലെ മോശം ഇടപെടൽ കാരണം അട്ടിമറിക്കപ്പെട്ടു.

വ്യാജ ഹർത്താലിന്റെ മറവിൽ വർഗ്ഗീയ കലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താൻ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മെയ്‌ 5 ന് മലപ്പുറം ആലത്തിയൂരിൽ നിന്ന് താനൂരിലേക്കും, കോഴിക്കോട്ട് സിപിഎം ആക്രമണത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജോത്സ്‌നയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ മെയ്‌ 3 ന് താമരശ്ശരിയിൽ നിന്ന് കോഴിക്കോട്ടേക്കും, വരാപ്പുഴയിൽ ശ്രീജിത്തിന്റെ ചവിട്ടിക്കോല സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ .എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മെയ്‌ 7ന് അട്ടപ്പാടിയിൽ നിന്ന് വരാപ്പുഴയിലേക്കുമാണ് ബിജെപിയുടെ മാർച്ചുകൾ.

ഇത് വിവാദമായതോടെയാണ് ബൂത്തുതല പ്രചാരണത്തിന്റെ ചുമതല ജില്ലാനേതാക്കൾക്കു നൽകാൻ പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചത്. ആർഎസ്എസിന്റെ മൈക്രോതല തിരഞ്ഞെടുപ്പു പ്രചാരണം സംസ്ഥാനത്ത് ആദ്യമായി ചെങ്ങന്നൂരിൽ ആരംഭിച്ചുവെന്നതും പ്രത്യേകതയാണ്. സംഘത്തെ സഹായിക്കാൻ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പരിചയമുള്ള ജില്ലാനേതാക്കളെ നിയോഗിച്ചു. പ്രായോഗിക രാഷ്ട്രീയത്തിലെ മുഴുവൻ നീക്കങ്ങളും മണ്ഡലത്തിൽ കൃത്യമായി പ്രയോഗിക്കണമെന്നാണു ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. പക്ഷേ ഇതൊന്നും ചെയ്യാൻ ബിജെപിക്കാർ ആരുമില്ലെന്നതാണ് ശ്രീധരൻ പിള്ള ഉയർത്തുന്ന വിമർശനം.

ഈ സാഹചര്യത്തിലാണ് ഒരോ ബൂത്തിന്റെയും ചുമതല ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്കു വീതിച്ചു നൽകിയത്. ഇനിയുള്ള 25 ദിവസം ജില്ലാ ഭാരവാഹികൾ മണ്ഡലത്തിൽ ഉണ്ടാകണം എന്നാണു വ്യവസ്ഥ. അപ്പോഴും ജാഥ വേണ്ടെന്ന് വയ്ക്കാത്തത് വിവാദങ്ങൾക്ക് പുതിയ മാനം നൽകുന്നു.