ചെങ്ങന്നൂർ: യുഡിഎഫിന്റെയും ബിജെപിയുടെും വാഗ്വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കിമിടെ നടന്ന സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ സജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചത് എൽഡിഎഫിന് ആശ്വാസമായി. മത്സരിക്കാൻ സമർപ്പിച്ച 25 നാമനിർദ്ദേശ പത്രികകളിൽ 21 എണ്ണം അംഗീകരിച്ചു. ഇതിൽ ഒരെണ്ണം പിൻവലിച്ചു. സൂക്ഷ്മപരിശോധനയിൽ പത്രികയിലും സത്യവാങ്മൂലത്തിലും അപാകത കണ്ടെത്തിയ നാലെണ്ണം തള്ളി. ശേഷിക്കുന്ന 20 സ്ഥാനാർത്ഥികളിൽ എൽഡിഎഫിന്റെയും ആംആദ്മി പാർട്ടിയുടെയും ഡമ്മി സ്ഥാനാർത്ഥികളുണ്ട്. 14 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. വരണാധികാരി എം.വി സുരേഷ്‌കുമാർ, കേന്ദ്ര നിരീക്ഷകൻ കെ.ഡി കുഞ്ജം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന.

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ, യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ, എൻഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ള എന്നിവർക്കുപുറമേ പി ആർ രാജീവ്കുമാർ (ആം ആദ്മി പാർട്ടി), ടി കെ മധു (എസ്യുസിഐ), നിപുൻ ചെറിയാൻ (സ്വതന്ത്രൻ), എം സി ജയലാൽ (സ്വതന്ത്രൻ), സി എ അജിമോൻ (സ്വതന്ത്രൻ), സുഭാഷ്‌കുമാർ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ), ശ്രീധരൻപിള്ള (സ്വതന്ത്രൻ), മോഹനൻ ആചാരി (സ്വതന്ത്രൻ, വിശ്വകർമ ഐക്യവേദി), സോമനാഥവാര്യർ (സ്വതന്ത്രൻ), കെ കെ ഉണ്ണി (സ്വതന്ത്രൻ), എ കെ ഷാജി (സ്വതന്ത്രൻ), ജിജിമോൻ ജോസഫ് (സ്വതന്ത്രൻ), എൻ മുരളി (സ്വതന്ത്രൻ), സ്വാമി സുഖാകാശ സരസ്വതി (സെക്യുലർ നാഷണൽ ദ്രാവിഡ പാർട്ടി), കെ എം ശിവപ്രസാദ് ഗാന്ധി (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി) എന്നിവരാണ് നിലവിൽ മത്സരരംഗത്തുള്ളത്.

എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർത്ഥി പി വിശ്വംഭരപ്പണിക്കരുടെയും ആം ആദ്മി പാർട്ടി ഡമ്മി സൂസമ്മ ജോർജിന്റെയും പത്രികകളും അംഗീകരിച്ചവയിലുണ്ട്. ഇരുവരും അടുത്തദിവസം പത്രിക പിൻവലിക്കും. എല്ലാ തിരഞ്ഞെടുപ്പിലും പത്രിക നൽകുക വഴി വാർത്തകളിൽ നിറയുന്ന തമിഴ്‌നാട് സ്വദേശി ഡോ. കെ പത്മരാജൻ, ജയിൻ വിൽസൺ, വിജയകുമാർ, അനില തോമസ് എന്നീ സ്വതന്ത്രസ്ഥാനാർത്ഥികളുടെ പത്രികയാണ് വിവിധ അപാകതകളുടെ പേരിൽ തള്ളിയത്. ബിജെപി ഡമ്മി സ്ഥാനാർത്ഥിയായ എം വി ഗോപകുമാർ പത്രിക പിൻവലിച്ചു.

15 സ്ഥാനാർത്ഥികളിൽ കൂടുതലുണ്ടെങ്കിൽ രണ്ട് വോട്ടിങ് യന്ത്രം ഓരോ പോളിങ് സ്റ്റേഷനിലും സജ്ജമാക്കേണ്ടിവരും. നോട്ടയുൾപ്പെടെ 16 സ്ഥാനാർത്ഥികളെയാണ് ഒരു യന്ത്രത്തിൽ ഉൾപ്പെടുത്തുക. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചാൽ തൊട്ടടുത്ത ദിവസം സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നം തന്നെ ലഭിക്കും.

സജി ചെറിയാനെതിരെ യുഡിഎഫും ബിജെപിയും

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികയുടെ സൂഷ്മ പരിശോധനയിൽ വ്യാപകമായ അപാകതകൾ സംഭവിച്ചതായാണ് യുഡിഎഫ്-ബിജെപി പ്രതിനിധികളുടെ ആരോപണം. സ്ഥാനാർത്ഥികൾക്കുള്ള തുല്യനീതി റിട്ടേണിങ് ഓഫീസർ നിഷേധിച്ചു എന്ന് മാത്രമല്ല പക്ഷപാതപരമായി പെരുമാറുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

ആം ആദ്മിയെ പ്രതിനിധീകരിച്ച് പത്രിക നൽകിയ സ്ഥാനാർത്ഥിയുടെ നോമിനേഷനോടൊപ്പമുള്ള അഡീഷണൽ അഫിഡവിറ്റ് മുദ്രപ്പത്രത്തിലായിരുന്നില്ല കൂടാതെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തേണ്ട സ്ഥലത്ത് ഒരു ലൈൻ തന്നെ പുരിപ്പിക്കാതെ ഒഴിച്ചിട്ടിരിക്കുന്നു. മറ്റ് സ്ഥാനാർത്ഥികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും റിട്ടേണിങ് ഓഫീസർ ഏകപക്ഷീയമായി നോമിനേഷൻ അംഗീകരിക്കുകയായിരുന്നു.സജി ചെറിയാനെതിരെ ഗുരുതരമായ ആരോപണവുമായി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തു. നോമിനേഷൻ സ്വീകരിക്കരുതെന്ന് കാണിച്ച് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തു. സജിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചാൽ സർക്കാർ അത് തിരഞ്ഞെടുപ്പ് കേസിന് കളമൊരുക്കുമെന്നും അത് ഒഴിവാക്കിക്കൊണ്ട് സജിയുടെ നോമിനേഷൻ തള്ളണമെന്നും വാദിച്ചു. UDF സ്ഥാനാർത്ഥിയുടെ ഏജന്റ് സജി ക്രിമിനൽ കേസ് മറച്ച് വെച്ചു വെന്ന് കാണിച്ച് പെറ്റീഷൻ ഫയൽ ചെയ്തു. എന്നാൽ എല്ലാ വാദങ്ങളും റിട്ടേണിങ് ഓഫീസർ തള്ളി

ബിജെപിയുടെ ആരോപണം

കോടികളുടെ സ്വത്ത് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് ആവശ്യപ്പെട്ടു.അമ്പലപ്പുഴയിൽ ഒരു ബിനാമി സംഘടനയെ മറയാക്കി ഒന്നേകാൽ കോടിയുടെ സ്വകാര്യസ്വത്താണ് സജി ചെറിയാൻ സമ്പാദിച്ചത്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സജി ചെറിയാന്റെയും പേരിലാണ് വസ്തു. ഈ വസ്തു സത്യവാങ്മൂലത്തിൽ കാണിക്കാത്തത് കോടിയേരിയുടെ ഇടപാടുകൾ പുറത്താകുമെന്ന ഭയം മൂലമാണ്. തൊഴിലാളി വർഗ്ഗ നേതാവ് കോടികളുടെ സ്വത്തിന് ഉടമയായത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

കരുണ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ വസ്തുവാണിതെന്നാണ് സജി ചെറിയാൻ ഇപ്പോൾ വാദിക്കുന്നത്. എന്നാൽ ശുദ്ധ കളവാണിത്. കരുണയുമായി ഇതിന് യാതൊരു ബന്ധവുമില്ല. കരുണകാണിക്കണമെന്ന് പറഞ്ഞാൽ ജനങ്ങൾ അതിന് തയ്യാറാവില്ല. ആലപ്പി റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ (എആർപിസി) എന്ന സൊസൈറ്റിയുടെ മറവിലാണ് ഭൂമി ഇടപാട്. 2016 സെപ്റ്റംബറിൽ രൂപീകരിച്ച സൊസൈറ്റിക്കെന്ന പേരിൽ രണ്ട് മാസത്തിനിടെയാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് രമേശ് ചൂണ്ടിക്കാട്ടി.കോടിയേരി ബാലകൃഷ്ണന് ഈ ഭൂമിയിടപാടിൽ എന്താണ് പങ്കെന്ന് സിപിഎം വ്യക്തമാക്കണം. 23 പേർ അംഗങ്ങളായാണ് എആർപിസി രൂപീകരിച്ചത്. അത് ചുരുങ്ങി ഇപ്പോൾ 16 ആയിട്ടുണ്ട്. അതിൽ കോടിയേരിയില്ല. പിന്നെന്താണ് കോടിയേരിയുടെ പങ്കെന്ന് പാർട്ടി വ്യക്തമാക്കണം. ആലപ്പുഴ ജില്ലയിൽ മാത്രമല്ല സജിയും കോടിയേരിയും തമ്മിലുള്ള ഭൂമി ഇടപാടെന്നാണ് മനസ്സിലാക്കുന്നത്. കോടിയേരിയുടെ നാട്ടിലുൾപ്പെടെയുള്ള വസ്തുവിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബിജെപി പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തമായ രേഖകൾ ഉൾപ്പടെ ഹാജരാക്കിയിട്ടും സജിചെറിയാന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരി ഏകപക്ഷീയമായാണ് പെരുമാറിയത്. സിപിഎം നേതാവിനെപ്പോലെ പെരുമാറുന്ന റിട്ടേണിങ് ഓഫീസർ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. എതിർ കക്ഷികളുടെ വാദങ്ങൾ കേൾക്കാൻ പോലും മനസ്സു കാണിക്കാതെയാണ് ഇദ്ദേഹം പലപ്പോഴും തീരുമാനങ്ങൾ സ്വീകരിച്ചത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. വരണാധികാരിയ്‌ക്കെതിരെ കേന്ദ്ര നിരീക്ഷകന് ബിജെപി നൽകിയിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകും. പത്രികാ സമർപ്പണ വേളയിൽ സജി ചെറിയാനൊപ്പം കൂടുതൽ ആൾക്കാർ കയറിയെന്ന് തെളിഞ്ഞതാണ്. എന്നാൽ വരണാധികാരി പുറത്തു വിട്ട ഫോട്ടോയിൽ ആളുകളുടെ എണ്ണം കുറവാണ്. ഇത്തരത്തിൽ സജി ചെറിയാന് അനുകൂലമായി ഫോട്ടോ എഡിറ്റ് ചെയ്ത വരണാധികാരി വ്യാജ രേഖ ചമച്ചെന്നും അദ്ദേഹം ആരോപിച്ചു.

സജി ചെറിയാന്റെ മറുപടി

വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാനില്ലാത്തതുകൊണ്ടാണ് യുഡിഎഫും എൻഡിഎയും തനിക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരുതരത്തിലും ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരു മുന്നണികളും ചേർന്ന് വ്യാജമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. ഏതെങ്കിലും തരത്തിൽ വരണാധികാരിയുടെ മുന്നിൽ സമർപ്പിച്ച സ്വത്തുവിവരങ്ങളിൽ കൂടുതൽ സമ്പാദ്യം തനിക്കോ, ഭാര്യക്കോ, മക്കൾക്കോ ഉണ്ടെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പിനു മുമ്പേ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ വാങ്ങുന്ന വസ്തുക്കളും സമ്പാദ്യവുമെല്ലാം പാർട്ടിയുടേതാണ്്. ഒരിക്കലും വ്യക്തിയുടേതല്ല. അത് അറിഞ്ഞുകൊണ്ട് മനപ്പൂർവ്വം വിവാദമുണ്ടാക്കാനാണ് യുഡിഎഫും എൻഡിഎയും ശ്രമിക്കുന്നത്. വെൺമണിയിൽ തന്റെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടേയും പേരിൽ സ്ഥലമുണ്ടെന്നാണ് വ്യാജപ്രചരണം നടത്തുന്നത്. നിരാലംബർക്കും അവശരായവർക്കും വേണ്ടി പണിയുന്ന കെട്ടിടത്തിന് വേണ്ടിയാണ് വെൺമണിയിലെ സ്ഥലം വാങ്ങിയിരിക്കുന്നത്. എആർപിസി എന്ന സന്നദ്ധസംഘടനയുടെ ചുമതലയുള്ള ആളെന്ന നിലയിലാണ് തന്റെ പേര് ഉടമസ്ഥരിൽ ഉള്ളത്. ചുമതല മാറുന്നപക്ഷം അത് മറ്റൊരാളുടെ പേരിലാകും.യഥാർത്ഥ ഉടമസ്ഥാവകാശം ജനങ്ങൾക്കും എആർപിസിക്കും തന്നെയാണ്.

2006ലും താൻ മത്സരിച്ചപ്പോൾ വീട്ടുകാരെപ്പറ്റിയും ഭാര്യയെപ്പറ്റിയും വ്യാജ പ്രചരണങ്ങൾ നടത്തിയ കോൺഗ്രസ്സുകാർ ഒരുതരത്തിലും വിജയപ്രതീക്ഷയില്ലാതായതോടെ നെട്ടോട്ടമോടുകയാണ്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഏറ്റവും കുറവ് ആസ്തിയുള്ള സ്ഥാനാർത്ഥിയാണ് താൻ. കോടികളുടെ സമ്പാദ്യമുള്ള മറ്റ് സ്ഥാനാർത്ഥികൾക്ക് ഇതോടെ പരാജയഭീതിയായിരിക്കുകയാണ്. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ചെങ്ങന്നൂരുകാർ തള്ളിക്കളയുമെന്നും സജി ചെറിയാൻ പറഞ്ഞു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ 'വാടകയ്ക്കെടുത്ത' സ്ഥാനാർത്ഥിയെയും കൊണ്ട് ബിജെപിയും യുഡിഎഫും സത്യവിരുദ്ധകാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം ജില്ലാ ആക്ടിംംഗ് സെക്രട്ടറി ആർ നാസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഇരിട്ടി പെരിങ്കേരി എന്ന സ്ഥലത്തെ എ കെ ഷാജി എന്നയാളാണ് സജി ചെറിയാനെതിരെ സ്റ്റേറ്റ്മെന്റ് നൽകിയത്. ഈ സ്റ്റേറ്റ്മെന്റിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് കണ്ട് വരണാധികാരി അപ്പോൾതന്നെ തള്ളിക്കളഞ്ഞതാണ്. ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് എ കെ ഷാജി.

ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 സമ്മതിദായകർ

ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 സമ്മതിദായകർ. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കും ശേഷമുള്ളതാണ് ഈ കണക്ക്. ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ. 10,708 വോട്ടർമാരുടെ വർധനയാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന കന്നിവോട്ടർമാരുടെ എണ്ണം 5039 ആണ്.

മെയ് എട്ടുവരെയുള്ള കൂട്ടിചേർക്കലുകളും ഒഴിവാക്കലും ഉൾപ്പെടെ ഇപ്പോൾ മണ്ഡലത്തിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 വനിത വോട്ടർമാരുമാണുള്ളത്. ഈ വർഷമാദ്യത്തെ പട്ടികയിൽ ഇത് യഥാക്രമം 87,795, 1,00,907 എന്നിങ്ങനെയായിരുന്നു. വനിത വോട്ടർമാരുടെ എണ്ണത്തിൽ 5559 പേരുടെ വർധനയുണ്ടായപ്പോൾ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടർമാരിൽ 52 പേരെ ഒഴിവാക്കിയപ്പോൾ പുതുതായി ചേർത്തത് 5174 പേരെയാണ്. മണ്ഡലത്തിൽ ഭിന്നലിംഗ വോട്ടർമാർ ആരുമില്ല.

മണ്ഡലത്തിലെ വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള പ്രായ ഗ്രൂപ്പ് 30-39 വയസുള്ളവരും 40-49 വയസുള്ളവരുമാണ്. ആകെ വോട്ടർമാരിൽ 16.52 ശതമാനം പേർ അതായത് 39,265 വോട്ടർമാർ 30-39 പ്രായ ഗ്രൂപ്പിൽ നിന്നുള്ളവരാണ്. 38779 (16.32 ശതമാനം) വോട്ടർമാർ 40-49 സംഘത്തിൽ നിന്നുള്ളവരാണ്. 50-59 പ്രായഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടർമാരും മണ്ഡലത്തിലുണ്ട്. 60-69 പ്രായഗ്രൂപ്പുകാരായി 27,889 വോട്ടർമാരും 70-79 സംഘത്തിൽ 14,543 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 20-29 ഗ്രൂപ്പിലുള്ള 34,070 വോട്ടർമാരും 80 വയസിനു മുകളിലായി 5573 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്.

തിരഞ്ഞെടുപ്പിനാവശ്യമായ വോട്ടർപട്ടിക അച്ചടി പൂർത്തിയായി. അന്തിമപട്ടികയ്ക്ക് ശേഷമുള്ള കൂട്ടിചേർക്കൽ പട്ടിക ഇതിനകം അച്ചടിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥികൾക്കുള്ള പട്ടിക ഇന്നലെ വിതരണം ചെയ്തു. വോട്ടർമാർക്കുള്ള സ്ലിപ്പുകളുടെ അച്ചടിയും പൂർത്തിയായിട്ടുണ്ട്.