- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയകുമാറിന് നറുക്ക് വീണത് ഉയർന്ന വിജയസാധ്യത മാത്രം കണക്കിലാക്കി; അയ്യപ്പ സേവാ സംഘം നേതാവ് എന്ന നിലയിൽ ബിജെപി വോട്ടുകൾ പെട്ടിയിലാക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ച് കോൺഗ്രസ്; ഹിന്ദു വോട്ടുകൾ ഭിന്നിക്കുമ്പോൾ വിജയിക്കുമെന്ന പ്രതീക്ഷയിൽ സിപിഎം; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥികൾ ആയതോടെ ചെങ്ങന്നൂരിൽ പടയൊരുക്കം തുടങ്ങി
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ത്രികോണപ്പോരിന് പുതിയ തലം. വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ചെങ്ങന്നൂരിലെ മത-സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കി വിജയിക്കുകയാണ് കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥി നിർണ്ണയത്തിലെ കരുതലുകളിലൂടെ ശ്രമിക്കുന്നത്. ബിജെപിക്ക് പ്രതീക്ഷയാകുന്നത് ത്രിപുര തരംഗവും. അങ്ങനെ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥയിലാണ് ചെങ്ങന്നൂർ. അടിയൊഴുക്കുകളാകും ഇവിടെ നിർണ്ണായകമാകുക. ഉപതിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പേ സ്ഥാനാർത്ഥികളെ പാർട്ടികൾ നിശ്ചയിക്കുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്. സ്ഥാനാർത്ഥിയാകാൻ മത്സരം കടുപ്പമേറിയതായത് കോൺഗ്രസിലാണ്. അവസാനം ഡി വിജയകുമാറിലേക്ക് കാര്യങ്ങളെത്തി. വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാറിനേയും പരിഗണിച്ചിരുന്നു. മകളെ പിന്നിലാക്കിയാണ് ഒടുവിൽ അച്ഛൻ സ്ഥാനാർത്ഥിയാകുന്നത്. ചെങ്ങന്നൂരിൽ ബിജെപി ഉയർത്തുന്ന ഭീഷണിയെ കോൺഗ്രസ് ഗൗരവത്തോടെ എടുക്കുന്നു. നായർ വ
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ത്രികോണപ്പോരിന് പുതിയ തലം. വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ചെങ്ങന്നൂരിലെ മത-സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കി വിജയിക്കുകയാണ് കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥി നിർണ്ണയത്തിലെ കരുതലുകളിലൂടെ ശ്രമിക്കുന്നത്. ബിജെപിക്ക് പ്രതീക്ഷയാകുന്നത് ത്രിപുര തരംഗവും. അങ്ങനെ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥയിലാണ് ചെങ്ങന്നൂർ. അടിയൊഴുക്കുകളാകും ഇവിടെ നിർണ്ണായകമാകുക. ഉപതിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പേ സ്ഥാനാർത്ഥികളെ പാർട്ടികൾ നിശ്ചയിക്കുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്.
സ്ഥാനാർത്ഥിയാകാൻ മത്സരം കടുപ്പമേറിയതായത് കോൺഗ്രസിലാണ്. അവസാനം ഡി വിജയകുമാറിലേക്ക് കാര്യങ്ങളെത്തി. വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാറിനേയും പരിഗണിച്ചിരുന്നു. മകളെ പിന്നിലാക്കിയാണ് ഒടുവിൽ അച്ഛൻ സ്ഥാനാർത്ഥിയാകുന്നത്. ചെങ്ങന്നൂരിൽ ബിജെപി ഉയർത്തുന്ന ഭീഷണിയെ കോൺഗ്രസ് ഗൗരവത്തോടെ എടുക്കുന്നു. നായർ വോട്ടുകളാണ് ഇവിടെ വിധി നിർണ്ണയത്തിൽ പ്രധാനം. ബിജെപിയിലേക്ക് വോട്ടുകൾ പോകാതിരിക്കാനുള്ള കരുതലാണ് വിജയകുമാറിലൂടെ എടുക്കുന്നത്. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർത്ഥി നിർണയത്തിൽ തുണയായത്. ക്ഷേത്രങ്ങളുമായും മറ്റും ചേർന്ന് പ്രവർത്തിക്കുന്ന വിജയകുമാറിന് ഹൈന്ദവ വോട്ടുകൾ ഒരുമിപ്പിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മാവേലിക്കരയുടെ മുൻ എംഎൽഎ എം മുരളി, പത്തനംതിട്ടയുടെ ജനപ്രതിനിധിയായിരുന്ന ശിവദാസൻ നായർ തുടങ്ങിയവർ സ്ഥാനാർത്ഥിയാകാൻ അതിശക്തമായി രംഗത്തുണ്ടായിരുന്നു. എ ഗ്രൂപ്പിലെ കരുത്തൻ എബി കുര്യാക്കോസും ചരട് വലികൾ നടത്തി. എന്നാൽ വിജയസാധ്യത കൂടുതൽ വിജയകുമാറിനോ മകൾക്കോ ആണെന്നാണ് കെപിസിസി വിലയിരുത്തിയത്. ചർച്ചകൾക്കൊടുവിൽ വിജയകുമാറിന് നറുക്ക് വീഴുകയായിരുന്നു. അറുപത്തിയഞ്ചുകാരനായ വിജയകുമാർ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം. കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവർത്തിച്ചു തുടങ്ങി. പ്രത്യേകിച്ച് ഒരു ഗ്രൂപ്പുമായി വിജയകുമാർ ചേർന്ന് നിൽക്കുന്നില്ല. മുതിർന്ന നേതാവ് തെന്നല ബാലകൃഷ്ണ പിള്ളയുമായാണ് കൂടുതൽ അടുപ്പം. അതുകൊണ്ട് തന്നെ ഗ്രൂപ്പ് വൈരം വിജയകുമാറിനെ ബാധിക്കില്ല. എല്ലാവർക്കും സർവ്വ സമ്മതനായി വിജയകുമാർ മാറുമെന്നാണ് പ്രതീക്ഷ.
ജബൽപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നു പൊളിറ്റിക്കൽസയൻസിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതൽ 1992 വരെ ഡിസിസി സെക്രട്ടറി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിർവാഹകസമിതി അംഗം. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്ഡ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇതിൽ ശബരിമലയുമായി ചേർന്നുള്ള പ്രവർത്തനമാണ് ഹൈന്ദവ സംഘടനകളുടെ പ്രിയങ്കരനായി വിജയകുമാറിനെ മാറ്റുന്നത്. ഇത് കോൺഗ്രസ് വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വിജയകുമാറിന്റെ സ്ഥാനാർത്ഥിത്തത്തെ സിപിഎമ്മും പ്രതീക്ഷയോടെയാണ് കാണുന്നത്. സിഎസ്‌ഐക്കാരനായ സജി ചെറിയാനാണ് സിപിഎമ്മിന് വേണ്ടി എത്തുന്നത്. ചെങ്ങന്നൂരുകാരനായ സജി ചെറിയാൻ അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ബിജെപിയുടെ ശ്രീധരൻ പിള്ളയും വിജയകുമാറും ഹൈന്ദവ സ്ഥാനാർത്ഥികളായതാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. സിപിഎം നേതാവായിരുന്ന രാമചന്ദ്രൻ നായരുടെ മരണമാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ സജി ചെറിയാൻ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജയം ഉറപ്പാണെന്ന ആവേശത്തിലേക്ക് സിപിഎം എത്തുന്നു. ക്രൈസ്തവ വോട്ടുകൾ കേന്ദ്രീകരിക്കുന്ന തരത്തിലാകും സജി ചെറിയാന്റേയും ഇടപെടൽ. നേരത്തെ വിഷ്ണുനാഥിനോട് ഇവിടെ നേരിയ വോട്ടുകൾക്ക് സജി ചെറിയാൻ തോറ്റിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ സജി ചെറിയാൻ വൻ വിജയം നേടുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
ബിജിപിക്കും ആത്മവിശ്വാത്തിൽ ഒട്ടും കുറവില്ല. ത്രിപുരയിലെ വിജയം ചെങ്ങന്നൂരിൽ പ്രതിഫലിക്കുമെന്നാണ് കണക്ക് കൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,000 വോട്ടുകളാണ് പിഎസ് ശ്രീധരൻ പിള്ള നേടിയത്. അന്ന് മൂന്ന് നായർ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇത്തവണ സജി ചെറിയാൻ എത്തുമ്പോൾ സിപിഎമ്മിന് കിട്ടിയ എൻഎസ്എസ് വോട്ടുകളും ബിജെപി പെട്ടിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ബിജെപി ദേശീയ നേതൃത്വവും ചെങ്ങന്നൂരിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. അമിത് ഷാ അടക്കമുള്ളവർ പ്രചരണത്തിന് എത്തും. ഈ സാഹചര്യത്തിൽ എൻഎസ്എസ്-എസ് എൻ ഡി പി വോട്ടുകളുടെ കരുത്തിൽ ജയിച്ചുകയറാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ശ്രീധരൻ പിള്ള മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ അയ്യായിരം വോട്ടുകൾ കൂടി നേടിയാൽ ജയിക്കാമെന്നാണ് പ്രതീക്ഷ. സഭാ വോട്ടുകൾ അനുകൂലമാക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്.
കഴിഞ്ഞ തവണ ബിജെപി. സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻപിള്ള നേടിയ 42,000 വോട്ടുകൾ സംഘടനയുടെ വലിയ നേട്ടമായിരുന്നു. അത് നിലനിർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ.