ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കൃത്യം നാലുദിവസം മാത്രം അവശേഷിക്കേ മണ്ഡലത്തിലെ കണക്കു കൂട്ടലുകൾ മാറി മറിയുന്നു അവസ്ഥായാണ്. കെ എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ശക്തമായ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ നടക്കുമെന്നത് ഉറപ്പായിരിക്കയാണ്. ഇതിനിടെയാണ് എസ്എൻഡിപി സമദൂര നിലപാടാണെന്ന് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചത്. ഇതോടെ ഈഴവ വോട്ടുകൾ ഉറപ്പിക്കാൻ അരയും തലയും മറുക്കി രംഗത്തിറങ്ങിയിരിക്കയാണ് മുന്നണികൾ. ഇതിന്റെ ഭാഗമായി സജി ചെറിയാന് വേണ്ടി മുതിർന്ന സിപിഎം നേതക്കൾ രംഗത്തിറങ്ങിയിരിക്കയാണ്.

തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും ഇപ്പോൾ മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ. പിന്തുണയ്ക്കുമെന്ന് കരുതിയിരുന്ന കെഎം മാണിയും എസ്എൻഡിപിയും അവസാന നിമിഷം പാലം വലിച്ചതോടെ സിപിഎം ശക്തമായ മത്സരം നേടിരുടുന്നുണ്ട്. അവസാന ലാപ്പിലേക്ക് കാത്തു വച്ചിരുന്ന ഊർജം യുവനേതാക്കളിലുടെയും ഉമ്മൻ ചാണ്ടിയിലൂടെയും മണ്ഡലത്തിലാകമാനം കോരിച്ചൊരിയുകയാണ് കോൺഗ്രസ്. ഈഴവ വോട്ടുകൾ നിരണായകമായ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എംവി ഗോവിന്ദനും എസ്എൻഡിപി യൂണിയൻ ഓഫീസിൽ ഒന്നര മണിക്കൂർ കുത്തിയിരുന്നതിൽ പോരാട്ടചിത്രം വ്യക്തമാക്കുന്നതാണ്.

സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സമുദായ സംഘടനയുടെ ഓഫീസിൽ സംസ്ഥാന സെക്രട്ടറി നേരിട്ട് പോയി പിന്തുണ അഭ്യർത്ഥിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു കൗതുകമായി മാറുകയും ചെയ്തു. എസ്എൻഡിപിയും ബിഡിജെഎസും മണ്ഡലത്തിൽ നിർണായക ശക്തിയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ തെളിഞ്ഞതാണ്. അത് അംഗീകരിക്കാൻ മടിക്കുന്നത് ബിജെപിയാണെന്ന് മാത്രം.

എൻഡിഎ സ്ഥാനാർത്ഥി ശ്രീധരൻ പിള്ള പക്ഷേ, ഇക്കാര്യം അറിയാവുന്നയാളാണ്. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ബിഡിജെഎസിന് വേണ്ടി വാദിക്കുന്നതും. ഷാഫി പറമ്പിൽ, എപി അബ്ദുള്ളക്കുട്ടി, കെഎസ് ശബരീനാഥൻ എംഎൽഎ, വിഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ യുഡിഎഫിന് വേണ്ടി സജീവ പ്രചാരണം നയിക്കാനെത്തിയതോടെയാണ് ആലസ്യം വെടിഞ്ഞ് യുഡിഎഫ് പ്രചാരണത്തിൽ മുന്നിലെത്തിയത്. കേരളാ കോൺഗ്രസ് എമ്മും യുവജനസംഘടനയും സ്വന്തം നിലയിൽ യുഡിഎഫിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. ബൂത്ത് കൺവൻഷനും ഭവനസന്ദർശനവുമായി ഇവർ കളം നിറഞ്ഞതും എൽഡിഎഫിന് തിരിച്ചടിയായി. മുന്മന്ത്രി അടൂർ പ്രകാശ് 20 ദിവസമായി മുളക്കുഴ പഞ്ചായത്തിൽ താമസിച്ച് പ്രചാരണ ജോലികളിൽ മുഴുകുകയാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പഞ്ചായത്താണ് മുളക്കുഴ. മുൻപ് സജി ചെറിയാൻ ചെങ്ങന്നൂരിൽ മത്സരിച്ചപ്പോൾ ഏറ്റവുമധികം ഭൂരിപക്ഷം അദ്ദേഹത്തിന് നൽകിയ പഞ്ചായത്തും മുളക്കുഴയാണ്. മണ്ഡലത്തിൽ ഏറ്റവുമധികം മുസ്ലിം വോട്ടർമാരുള്ളത് മുളക്കുഴ, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളിലാണ്. ഇവിടെ എപി അബ്ദുള്ളക്കുട്ടിയാണ് യുഡിഎഫിന് വേണ്ടി പ്രചാരണം നയിക്കുന്നത്. 45,000 വോട്ടാണ് ഈഴവ സമുദായത്തിന് മണ്ഡലത്തിലുള്ളത്. 20000 വോട്ടുണ്ട് പിന്നാക്ക സമുദായങ്ങൾക്ക്. ഇതിൽ പകുതിയും നേടുന്നവർക്ക് വിജയം ഉറപ്പിക്കാമെന്നതാണ് സ്ഥിതി. യുഡിഎഫ് പ്രചാരണ രംഗത്ത് ശക്തി പ്രാപിക്കുകയും വെള്ളാപ്പള്ളി പാലം വലിക്കുകയും ചെയ്തതോടെ എൽഡിഎഫ് നേതൃത്വം അങ്കലാപ്പിലാണ്.

മുഖ്യഎതിരാളിയായി എൻഡിഎയെ കണ്ടതും അവർക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് അഭിമാനം പോലും പണയം വച്ച് കോടിയേരിയും എംവി ഗോവിന്ദനും ചെങ്ങന്നൂർ എസ്എൻഡിപി യൂണിയനിൽ സന്ദർശനം നടത്തിയതും പിന്തുണയ്ക്കായി അവിടെ കുത്തിയിരുന്നതും. എംവി ഗോവിന്ദൻ ബിഡിജെഎസിനെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വെള്ളാപ്പള്ളിയുടെ കലിപ്പിന് കാരണമായത്. ഈഴവ സമുദായത്തെ താറടിച്ചു കാണിക്കുകയാണ് ഗോവിന്ദൻ ചെയ്തത് എന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. അദ്ദേഹം അത് പരസ്യമായി പറയുകയും ചെയ്തു. ഇതോടെയാണ് സിപിഎം നേതൃത്വം ശരിക്കും വിരണ്ടത്.

മുൻപ് താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച നാവു കൊണ്ട് പിന്തുണ തരണമെന്ന് പറയാൻ പിണറായി അവിടെ ചെന്ന് കയറിയത് സിപിഎംഇനിയും മറന്നിട്ടില്ല. ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ വോട്ടിനൊപ്പം എസ്എൻഡിപി-മാണി വിഭാഗങ്ങളുടെ വോട്ടും കൂടിയാകുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാമെന്ന കണക്കൂകൂട്ടലാണ് ഇപ്പോൾ സിപിഎമ്മിന് തെറ്റിയിരിക്കുന്നത്. ഏതു വിധേനെയും വോട്ടുകൾ പെട്ടിയിലാക്കുക എന്നതു മാത്രമാകും സിപിഎമ്മിന്റെ നീക്കം. അതേസമയം, യുഡിഎഫ് ഇതാദ്യമായി ഐക്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയുമാണ്.