തിരുവനന്തപുരം: ചെങ്ങന്നൂർ നിയമസഭാ മണ്ഡലം സാമുദായികമായി ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. നായർ, ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഓർത്തഡോക്‌സ് ക്രൈസ്തവ വോട്ടുകളും നിർണായകമാണ്. അതുകൊണ്ട് തന്നെ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ സമുദായ അടിസ്ഥാനത്തിൽ പോലും മണ്ഡലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. സമുദായ കാർഡിറക്കിയുള്ള പ്രചരണവും മണ്ഡലത്തിൽ നടക്കുന്നുണ്ടെന്നാണ് മറുനാടൻ സർവേ ടീം മണ്ഡലത്തിൽ വിവരശേഖരണത്തിനായി ഇറങ്ങിയ വേളയിൽ വ്യക്തമായ കാര്യം.

വ്യക്തിപ്രഭാവവും സിപിഐഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ താഴേത്തട്ടു മുതലുള്ള ബന്ധവും നൽകുന്ന കരുത്തിലാണ് സജി ചെറിയാൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണമാണ് സജി ചെറിയാന് ഒരേസമയം ഗുണവും ദോഷവുമായി ഭവിക്കുന്നതാണ്. മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ ശോഭനാ ജോർജിന്റെ സാന്നിധ്യം ചെറിയാന് തുണയാകുമോ എന്ന് കണ്ടറിയണം. സിഎസ്‌ഐ സഭക്കാരനാണ് സജി ചെറിയാൻ. അദ്ദേഹത്തിന് വോട്ടുറപ്പിക്കാൻ രംഗത്തുള്ള ശോഭനാ ജോർജ്ജാകട്ടെ ഓർത്തഡോക്‌സ് സഭക്കാരിയുമാണ്. മണ്ഡത്തിൽ നിർണായകമായ ഓർത്തഡോക്‌സ് വോട്ടുകൾ കീശയിലാക്കാൻ സജി ചെറിയാൻ രംഗത്തുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ശരിക്കും വിജയുകുമാറിന് തുണയാകും. വിജയകുമാറിന് വേണ്ടി സഭാ വോട്ടുകൾ കൈക്കലാക്കാൻ ശക്തമായ ശ്രമത്തിലാണ് ഉമ്മൻ ചാണ്ടി.

ഏറ്റവും ഒടുവിൽ കെ എം മാണി കൂടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കത്തോലിക്കാ വോട്ടുകളും കൂടുതലായി വിജയകുമാറിന് അനുകൂലമായി മാറിയേക്കും. ഓർത്തഡോക്സ് സഭാ വിശ്വാസികളെ കൂടെനിർത്താൻ പിറവം പള്ളിത്തർക്കത്തിൽ അനുകൂല നിലപാടെടുക്കുമെന്ന് കൊടുത്ത ഉറപ്പ് മതിയാകുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. അതേസമയം കാലങ്ങളായി ഒപ്പമുള്ള യാക്കോബായ സഭ ഇക്കാര്യം കൊണ്ടുമാത്രം തിരിഞ്ഞുകൊത്തില്ലെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. ഈ കണക്കൂകുട്ടൽ പിഴക്കുമോ എന്ന ആശങ്ക സജി ചെറിയാനുണണ്ട്.

അതേസമയം ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ബിഡിജെഎസ്, എസ്എൻഡിപി വോട്ടുകളിൽ ഒരുവിഭാഗം സജി ചെറിയാനൊപ്പമുണ്ട്. എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ ഹിന്ദു വോട്ടുകളിൽ നല്ലൊരു ശതമാനം വിജയകുമാറിന് അനുകൂലമായി മാറിയേക്കും. ഇത് ബിജെപി പ്രതീക്ഷകള തകിടം മറിക്കുന്നതാണ്. നേരത്തെ ബിഡിജെഎസ് യോഗങ്ങളിൽ സജി ചെറിയാനെ ക്ഷണിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം വിജയകുമാറിനെ സംഘിയെന്ന വിധത്തിൽ മുദ്രുകുത്തിയുള്ള ശ്രമങ്ങൾ സജി ചെറിയാനെ തിരിഞ്ഞു കുത്തിയേക്കും.

ഹിന്ദു സമൂഹത്തിനിടെ കാര്യമായ സ്വാനീനമുള്ള വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ. കെ കരുണാകരന്റെ ആശീർവാദത്തോടെ തുടങ്ങിയ അയ്യപ്പസേവാ സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂട്ടിയാണ് വിജയകുമാർ. അതുകൊണ്ട് സ്ത്രീകൾ അടക്കമുള്ള വിശ്വാസ സമൂഹത്തിൽ കാര്യമായ സ്വാധീനവും അദ്ദേഹത്തിനുണ്ട്. ഇത് സജി ചെറിയാന് ഗുണകരമായി മാറും. എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങൾ സമദൂര സിദ്ധാന്തമാണ് കൈക്കൊണ്ടത് എന്നതു കൊണ്ട് കൃത്യമായ കണക്കുകൾ മൂന്ന് മുന്നണികളും പറയുന്നില്ല. എന്തായാലും മണ്ഡലത്തിൽ ചിത്രത്തിലുള്ളത് യുഡിഎഫ്-എൽഡിഎഫ് പോരാട്ടമാണ്. ബിജെപി പിന്നോക്കം പോയെന്നാണ് പൊതുവിലയിരുത്തൽ.

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കം സർക്കാരിന്റെ ഇഛാശക്തിയാണ് വെളിപ്പെടുത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എൻ.എസ്.എസ് ഇടതുപ്രീണനം നടത്തുകയല്ലന്നെും, പക്ഷേ നല്ല കാര്യങ്ങൾ ചെയ്താൽ അത് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എൻ.എസ്.എസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന പരോക്ഷ സൂചനയാണ് സുകുമാരൻ നായർ നൽകിയത്. എന്നാൽ തത്ത്വത്തിൽ അദ്ദേഹം ഇപ്പോഴും സമദൂരത്തിൽ ഉറച്ചുനിൽക്കയാണ്.ഒരു മുന്നണിക്കും വോട്ട്‌ചെയ്യാനുള്ള പരസ്യമായ ആഹ്വാനം എൻഎസ്എസ് നൽകിയിട്ടില്ല.