ചെങ്ങന്നൂർ: കഴിഞ്ഞ ഒരു മാസമായി സർക്കാർ സംവിധാനങ്ങൾ ഒന്നടങ്കം ഇവിടെ തമ്പടിച്ചിരിക്കുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സജി ചെറിയാന് വേണ്ടി. കേന്ദ്ര സർക്കാരിന്റെ തൊഴിൽദാന പദ്ധതികളുമായി ഒരു കൈ നോക്കി എൻഡിഎ സ്ഥാനാർത്ഥി പിഎസ് ശ്രീധരൻപിള്ളയും പിന്നാലെയുണ്ടായിരുന്നു. പ്രത്യേകിച്ചൊന്നും എടുത്തു കാണിക്കാനില്ല യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന്. അതു കൊണ്ടു തന്നെ പതിറ്റാണ്ടുകളായി തഴയപ്പെട്ട തന്റെ കദനകഥ വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. സാമുദായിക-വർഗീയ ധ്രുവീകരണം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ സമയത്ത് വിശ്വകർമജരും ബിഎസ്‌പിയും ലോക്ജനശക്തിയുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ട്. ആം ആദ്മിയും മറ്റുള്ളവർക്കൊപ്പം പ്രചാരണ രംഗത്തുണ്ട്.

എടുത്തു കാണിക്കാൻ ഒരു വിഷയം ഇല്ല എന്നുള്ളതാണ് ചെങ്ങന്നൂരിലെ ഇപ്പോഴത്തെ പ്രശ്നം. അതു കൊണ്ട് തന്നെ കത്തുവ സംഭവവും ഇന്ധനവിലവർധനവുമൊക്കെ എൽഡിഎഫ് വികസന നേട്ടങ്ങൾക്കൊപ്പം പ്രചാരണ വിഷയമാക്കി ഉയർത്തി കാണിക്കുന്നു. എംസി റോഡിലെ ഇറപ്പുഴ പാലമാണ് അന്തരിച്ച രാമചന്ദ്രൻ നായരുടെ ഏറ്റവും വലിയ നേട്ടമായി എൽഡിഎഫ് പറയുന്നത്. ഒപ്പം നടപ്പാക്കാൻ പോകുന്ന പദ്ധതികളുടെ വാഗ്ദാനപ്പെരുമഴയുമുണ്ട്. എന്നാൽ, ഇറപ്പുഴ പാലവും എംസി റോഡ് വികസനവും കഴിഞ്ഞ സർക്കാരിന്റെ നേട്ടമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നു.

കത്തുവയ്ക്കൊപ്പം വാരാപ്പുഴ കസ്റ്റഡി മരണവും കീഴാറ്റൂരുമൊക്കെയാണ് യുഡിഎഫിന് പറയാനുള്ളത്. 15 വർഷത്തെ കാര്യമായ വികസന നേട്ടമൊന്നും യുഡിഎഫ് ഇവിടെ എടുത്തു കാണിക്കുന്നില്ല.മുൻ എംഎൽഎമാരുടെ കാലത്തെ നേട്ടങ്ങളും വിജയകുമാർ പ്രചാരണത്തിന് ഉപയോഗിക്കുന്നില്ല. അർഹതയുണ്ടായിട്ടും നേരത്തേ അവസരം കിട്ടാതെ പോയതും അന്ന് കിട്ടിയിരുന്നെങ്കിൽ ചെങ്ങന്നൂർ എവിടെയെത്തുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അണികൾ ചോദിക്കുന്നു.

മണ്ഡലത്തെ ബാധിക്കുന്ന നിയതമായ ഒരു വിഷയം ഒരു പാർട്ടിക്കും ഉയർത്തിക്കാട്ടാനില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം. അന്താരാഷ്ട്ര-അന്തർദേശീയ വിഷയങ്ങൾ എൽഡിഎഫ് പറയുമ്പോൾ കേരളത്തിലെ കസ്റ്റഡി മരണമാണ് ബിജെപി ഉയർത്തുന്നത്. വാട്സാപ്പ് ഹർത്താലിലുടെ കേരളം തീവ്രവാദികളുടെ പിടിയിലാണെന്ന് വരുത്താനും എൽഡിഎഫും യുഡിഎഫും ഇതിന് ഒത്താശ ചെയ്യുന്നുവെന്ന് കാണിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ബിഡിജെഎസിന്റെ നിലപാട് ബിജെപിക്ക് തിരിച്ചടി തന്നെയാണ്. ഇതുവരെ അവർ മനസു തുറന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടില്ല. ബിജെപിയെ പാലം വലിക്കുക തന്നെയാണ് ലക്ഷ്യമെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം, ബിജെപിക്കൊപ്പം നിലയുറപ്പിക്കണം എന്ന് പറയുന്ന ബിഡിജെഎസുകാരും കുറവല്ല.

ദലിതരുടെയും വിശ്വകർമജരുടെയും ഏകീകരണം ലക്ഷ്യമിട്ടാണ് വിശ്വകർമ ഏകോപന സമിതിയും ദലിത് സംഘടനകളും സ്ഥാനാർത്ഥികളെ നിർത്താൻ ഒരുങ്ങുന്നത്. മുൻനിര സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ ഇവർക്ക് തീരുമാനിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള ഒരു വട്ടം പ്രചാരണം പൂർത്തിയായപ്പോൾ മുന്നേറ്റനില മാറി മറിയുകയാണ്. ആദ്യം ശ്രീധരൻ പിള്ളയ്ക്ക് അനുകൂലമായ ഒരു ട്രെൻഡ് വന്നിരുന്നു. പിന്നെയത് വിജയകുമാറിനും പിന്നീട് സജി ചെറിയാനുംഅനുകൂലമായി. നിലവിൽ സജി ചെറിയാനാണ് മുൻതൂക്കമെന്നാണ് ലഭിക്കുന്ന സൂചന. പ്രചാരണം ശക്തമാകുന്ന വരും ദിനങ്ങളിൽ മാറി മറിയാൻ സാധ്യതയുണ്ട്. ഒന്നര മാസത്തെ കൊണ്ടു പിടിച്ച പ്രചാരണത്തിന് ശേഷം തണുത്തു പോയ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് രംഗം ഇനി വേണം ചൂട് പിടിക്കാൻ.