- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി ചെറിയാന് താൽപ്പര്യം ഉണ്ടെങ്കിലും ജാതി സമവാക്യത്തിൽ പരിഗണിക്കാനിടയില്ല; കൂടതൽ സാധ്യത സുജാതയ്ക്ക് തന്നെ; മഞ്ജു വാര്യരെ രംഗത്തിറക്കിയാലോ എന്ന കാര്യം വരെ സിപിഎം ചർച്ച ചെയ്യുന്നു; കോൺഗ്രസിന് വിഷ്ണുനാഥ് തന്നെ; വോട്ട് കുറയുമോ എന്ന് ഭയന്ന് ബിജെപി; ചെങ്ങന്നൂർ രംഗം തെളിയുമ്പോൾ
ആലപ്പുഴ: ചെങ്ങന്നൂരിൽ വിജയം മാത്രം ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങാൻ സിപിഎം നേതൃത്വത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെകെ രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത മരണമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. സിറ്റിങ് സീറ്റിൽ ജയിച്ചില്ലെങ്കിൽ അത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയാകും. ഭരണതുടർച്ചയെന്ന ലക്ഷ്യത്തിനും തിരിച്ചടിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടത് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകും. അതിനാൽ കരുതലോടെ നീങ്ങാനാണ് സിപിഎം നീക്കം. കോൺഗ്രസിന് വേണ്ടി മുൻ എംഎൽഎ പിസി വിഷ്ണുനാഥ് തന്നെ സ്ഥാനാർത്ഥിയാകും. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ രമേശ് ചെന്നിത്തല അടക്കമുള്ളവർ പിന്തുണച്ചു കഴിഞ്ഞു. അതിനാൽ വിഷ്ണുനാഥ് വീണ്ടും മത്സരിക്കാനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. മണ്ഡലത്തിലെ വിജയ സാധ്യത സംബന്ധിച്ചു സ്വയം വിലയിരുത്തൽ നടത്താൻ വിഷ്ണുനാഥിനോടു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ എംഎൽഎ എം.മുരളി, കോൺഗ്രസ് നേതാക്കളായ എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, ഡി.വിജയകുമാർ എന്നിവരുടെ പേരുകള
ആലപ്പുഴ: ചെങ്ങന്നൂരിൽ വിജയം മാത്രം ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങാൻ സിപിഎം നേതൃത്വത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെകെ രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത മരണമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. സിറ്റിങ് സീറ്റിൽ ജയിച്ചില്ലെങ്കിൽ അത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയാകും. ഭരണതുടർച്ചയെന്ന ലക്ഷ്യത്തിനും തിരിച്ചടിയാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടത് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകും. അതിനാൽ കരുതലോടെ നീങ്ങാനാണ് സിപിഎം നീക്കം. കോൺഗ്രസിന് വേണ്ടി മുൻ എംഎൽഎ പിസി വിഷ്ണുനാഥ് തന്നെ സ്ഥാനാർത്ഥിയാകും. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ രമേശ് ചെന്നിത്തല അടക്കമുള്ളവർ പിന്തുണച്ചു കഴിഞ്ഞു. അതിനാൽ വിഷ്ണുനാഥ് വീണ്ടും മത്സരിക്കാനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
മണ്ഡലത്തിലെ വിജയ സാധ്യത സംബന്ധിച്ചു സ്വയം വിലയിരുത്തൽ നടത്താൻ വിഷ്ണുനാഥിനോടു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ എംഎൽഎ എം.മുരളി, കോൺഗ്രസ് നേതാക്കളായ എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, ഡി.വിജയകുമാർ എന്നിവരുടെ പേരുകളും കോൺഗ്രസിൽ ചർച്ചയിലുണ്ട്. പക്ഷേ ഉമ്മൻ ചാണ്ടിയുടെ ഉറച്ച പിന്തുണയാണ് വിഷ്ണുനാഥിന് തുണയാകുന്നത്.
വിഷ്ണുവിന് സീറ്റ് നിഷേധിച്ചാൽ അത് കോൺഗ്രസിൽ കലാപമുണ്ടാക്കും. വീണ്ടും ഗ്രൂപ്പ് പോര് തലപൊക്കും. അതുകൊണ്ട് വിഷ്ണുവിനെ തന്നെ സ്ഥാനാർത്ഥിയാക്കും. കടുത്ത ത്രികോണമത്സരമാണ് കഴിഞ്ഞ തവണ വിഷ്ണുവിനെ ചെങ്ങന്നൂരിൽ പരാജയപ്പെടുത്തിയത്. ഇത്തവണ അതുണ്ടാകില്ലെന്നും വിഷ്ണു ഉറപ്പായും ജയിക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ഇത് കോൺഗ്രസ് നേതൃത്വവും ശരിവച്ചു കഴിഞ്ഞു.
ജില്ലാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പു ചർച്ച ചെയ്ത സിപിഎം നിയോജക മണ്ഡലംതല യോഗം ചേരുകയാണ് ഇന്ന്. ഏതു വിധേനയും ചെങ്ങന്നൂരിൽ ജയിക്കണമെന്ന സന്ദേശം നൽകിയാണു സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു പിണറായി വിജയൻ മടങ്ങിയത്. ചെങ്ങന്നൂർകാരനായ ജില്ലാ സെക്രട്ടറി സജി ചെറിയാൻ മത്സരിക്കാൻ താൽപ്പര്യമുണ്ട്. എന്നാൽ സമുദായ സമവാക്യങ്ങൾ കാരണം സജി ചെറിയാനെ മത്സരിപ്പിക്കാൻ സിപിഎം താൽപ്പര്യം കാട്ടുന്നുമില്ല. മുൻ എംപി സി.എസ്.സുജാത, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപ്പണിക്കർ എന്നിവരുടെ സാധ്യതയും പരിശോധിക്കുന്നു. സുജാതയ്ക്കാണ് കൂടുതൽ സാധ്യത.
അതിനിടെ നടി മഞ്ജു വാരിയരെപ്പോലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താൻ നീക്കമുള്ളതായും പ്രചാരണമുണ്ട്. മഞ്ജു വാര്യരുമായി മമ്മൂട്ടി ആശയ വിനിമയം നടത്തുന്നതായി സൂചനയുണ്ട്. മഞ്ജു എത്തിയാൽ ഉറപ്പായും ചെങ്ങന്നൂർ പിടിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തൽ. പക്ഷേ ലേഡി സൂപ്പർ സ്റ്റാർ മനസ്സ് തുറക്കുന്നില്ല. ഇതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മനസും സിപിഎം അറിയാൻ ശ്രമിക്കും. എസ് എൻ ഡി പി ഇതിനോടകം തന്നെ സിപിഎമ്മിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. കെ എം മാണിയും പിന്തുണയ്ക്കും. ഈ സാഹചര്യത്തിൽ ജയിച്ചേ മതിയാകൂവെന്നതാണ് സിപിഎം നിലപാട്. അതുകൊണ്ട് തന്നെ എല്ലാ ഘടകങ്ങളും പരിശോധിച്ചാകും സ്ഥാനാർത്ഥി നിർണ്ണയം.
ബിജെപിക്കും ജീവന്മരണ പോരാട്ടമാണ് ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപി നേതൃത്വം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വലിയ താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണു സൂചന. ശ്രീധരൻ പിള്ള പിന്മാറിയാൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോ എം ടി.രമേശോ വന്നേക്കാം.
കുമ്മനത്തെ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന നേതാക്കൾക്കിടയിൽ പൊതുവേയുള്ളത്. ശ്രീധരൻ പിള്ള മത്സരിച്ചില്ലെങ്കിൽ കുമ്മനം സ്ഥാനാർത്ഥിയായേ മതിയാവൂവെന്നാണ് പൊതു നിലപാടും. അതിനിടെ കേന്ദ്ര നേതൃത്വവും ശക്തമായ ഇടപെടൽ നടത്തും. ഒരു കാരണവശാലും വോട്ട് കുറയരുതെന്ന നിർദ്ദേശം കുമ്മനത്തിന് ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്.
2011ൽ 51% വോട്ട് നേടി യുഡിഎഫ് ജയിച്ചപ്പോൾ 42% വോട്ട് നേടിയ എൽഡിഎഫ് രണ്ടാം സ്ഥാനത്തും നാലു ശതമാനം മാത്രം വോട്ട് നേടിയ ബിജെപി മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാൽ, മൂന്നു മുന്നണികളും വോട്ട് പങ്കുവച്ച 2016ൽ 36% വോട്ട് നേടിയ എൽഡിഎഫ് വിജയിക്കുകയും യുഡിഎഫ് 30% വോട്ട് നേടുകയും ചെയ്തു. ബിജെപിയുടെ വോട്ട് നാലു ശതമാനത്തിൽനിന്ന് 29 ശതമാനമായി ഉയരുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ ഇത് നിലനിർത്താനാകുമെന്ന പ്രതീക്ഷ ബിജെപിയിൽ ബഹുഭൂരിപക്ഷത്തിനും ഇല്ല. കുമ്മനം വന്നാൽ മാത്രം ഒരു കൈനോക്കാമെന്നാണ് ജില്ലയിലെ നേതാക്കളും പറയുന്നത്.