ചെങ്ങന്നൂർ:രാഷ്ട്രീയ കേരളം ഏറെ ഉദ്വേഗപൂർവ്വം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരെഞ്ഞടുപ്പിൽ കനത്ത പോളിങ്. പോളിങ് ശതമാനം 76.4% ആണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക് പുറത്ത വരുമ്പോൾ ഇതിൽ വ്യത്യാസം സംഭവിച്ചേക്കാം. കനത്ത മഴയെ അവഗണിച്ച് രാവിലെ മുതൽ എല്ലാ പോളിങ് സ്‌റ്റേഷനിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു. മെയ് 31 വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം.തിക്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികളെല്ലാം. ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തുന്നത്. 2016ൽ 74.35% പോളിങ് ആണ് രേഖപ്പെടുത്തിയത്.

2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 145363 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 52880 വോട്ടുകൾ നേടിയ എൽഡിഎഫിന്റെ കെകെ രാമചന്ദ്രൻ നായർ അന്ന് 7983 വോ്ട്ടുകൾക്കാണ് യുഡിഎഫിന്റെ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനതെത്തിയ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് 42682 വോട്ടുകൾ നേടിയിരുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനെക്കാൾ മൂവായിരത്തോളം വോട്ടുകളാണ് മണ്ഡലത്തിൽ ഇത്തവണ അധികമായുള്ളത്. കഴിഞ്ഞ തവണ 3066 വോട്ടുകൾ നേടിയ ചെങ്ങന്നൂർ മുൻ എംഎൽഎ ശോഭന ജോർജ് ഇത്തവണ ഇടത് പക്ഷത്തിന് ഒപ്പമാണ് നിലയുറപ്പിച്ചത്.

മൂന്ന് മാസ കാലത്തോളം നടത്തിയ വാശിയേറിയ പ്രചാരണത്തിൽ ദേശീയ വിഷയങ്ങൾ മുതൽ വാർഡ് തലത്തിലെ വിഷയങ്ങൾ വരെ ചർച്ചയായിരുന്നു. ബിജെപിക്കായി കേന്ദ്ര മന്ത്രിമാർ മുതൽ ബത്ത് തലത്തിലെ പ്രവർത്തകർ വരെ വാശിയേറിയ പ്രചാരണം നടത്തിയപ്പോൾ സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും വരെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്തായിരുന്നു എൽഡിഎഫ് പ്രചാരണം. പോൾ ചെയ്തതിൽ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണികൾ.മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാൻ പ്രതികരിച്ചു. അതേസമയം ജനവിധി തനിക്ക് അനുകൂലമാകുമെന്ന് ഡി വിജയകുമാർ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നാണ് ശ്രീധരരൻ പിള്ള പ്രതികരിച്ചത്.

രാവിലെ മുതൽ പെയ്തിറങ്ങിയ മഴയിലും കനത്ത പോളിങ് ആണ് ചെങ്ങന്നൂരിൽ രേഖപ്പെടുത്തിയത്. രണ്ട് മണിക്ക് മുന്നേ പോളിങ് അമ്പത് ശതമാനം കടന്നിരുന്നു. .ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയെ അവഗണിച്ചും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു. എന്നാൽ, മഴ കടുത്താൽ എങ്ങനെയാകുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ടായിരുന്നു. ബുധനൂർ, ചെറിയനാട് മേഖലകളിൽ വൈദ്യുത തടസം നേരിട്ടിരുന്നു.

ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ സ്ഥാനാർത്ഥികൾ മൂവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൊഴുവല്ലുരിലെ എസ് എൻ ഡി പി സ്‌കൂളിലെ 77-ാം നമ്പർ ബൂത്തിലാണ് സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറും കുടുംബവും പുലിയൂർ എച്ച് എസ് എസിലെ പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂർ മണ്ഡലത്തിലായിരുന്നു വോട്ട്. തൃപ്പെരുന്തുറ യു.പി സ്‌കൂളിൽ 130ാം നമ്പർ ബൂത്തിൽ കുടുംബസമേതമാണ് രമേശ് വോട്ട് ചെയ്യാനെത്തിയത്.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ എൽ.ഡി.എഫിന് ഇത് അഭിമാന പോരാട്ടമാണ്. അതേസമയം പിസി വിഷ്ണുനാഥിന്റെ തട്ടകമായിരുന്ന ചെങ്ങന്നൂർ തിരിച്ചുപിടിക്കാൻ യു.ഡി.എഫും ചരിത്രം മാറ്റാൻ എൻ.ഡി.എയും വാശിയേറിയ പോരാട്ടത്തിലാണ്.

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് പരമാവധി വോട്ടർമാരെ രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ രാവിലെ മുതലുള്ള ശ്രമം. വോട്ടിങ് ആദ്യ ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോൾ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നാണ് വിവരം. ആലപ്പുഴ എസ്‌പി സുരേന്ദ്രന്റെ മേൽനോട്ടത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണമാണ് മണ്ഡലത്തിലുടനീളം സജ്ജമാക്കിയിട്ടുള്ളത്.

വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 17 സഹായ ബൂത്തുകളിലുമായാണ് പോളിങ് പുരോഗമിക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങൾ വീതമുണ്ട്. ബൂത്തുകളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥികൾ മൂവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.