- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂർ കൊലപാതക കേസ് അട്ടിമറിച്ചത് പൊലീസ്; വെളിയിൽ വരുന്നത് പൊലീസ്-അഭിഭാഷക-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട്; അദ്ധ്യാപികയുമായി അവിഹിത ബന്ധത്തിന്റെ പേരിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ് ഇല്ലാതാക്കിയത് ഇങ്ങനെ
മാവേലിക്കര: കോളജ് അദ്ധ്യാപികയും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയും തമ്മിൽ അവിശുദ്ധ ബന്ധം. അദ്ധ്യാപികയുടെ ഭർത്താവ് ഇതറിഞ്ഞപ്പോൾ താക്കീതും ബഹളവും. എന്നിട്ടും, ബന്ധം തുടർന്നപ്പോൾ ഭർത്താവിന്റെ അനിയൻ നേരിട്ടിറങ്ങി പ്രശ്‌നം തീർക്കാൻ. അദ്ധ്യാപികയുടെ കാമുകനായ ശിഷ്യനെ അനുനയത്തിൽ വിളിച്ചു സംസാരിച്ചു. വഴങ്ങാതായപ്പോൾ ഭീഷണിയും ശാരീരിക പ
മാവേലിക്കര: കോളജ് അദ്ധ്യാപികയും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയും തമ്മിൽ അവിശുദ്ധ ബന്ധം. അദ്ധ്യാപികയുടെ ഭർത്താവ് ഇതറിഞ്ഞപ്പോൾ താക്കീതും ബഹളവും. എന്നിട്ടും, ബന്ധം തുടർന്നപ്പോൾ ഭർത്താവിന്റെ അനിയൻ നേരിട്ടിറങ്ങി പ്രശ്‌നം തീർക്കാൻ. അദ്ധ്യാപികയുടെ കാമുകനായ ശിഷ്യനെ അനുനയത്തിൽ വിളിച്ചു സംസാരിച്ചു. വഴങ്ങാതായപ്പോൾ ഭീഷണിയും ശാരീരിക പീഡനവും. ഭയന്നോടിയ വിദ്യാർത്ഥി ട്രെയിനിനു മുന്നിൽപ്പെട്ടു മരിക്കുന്നു. പിന്നെയെല്ലാം പൊലീസിന്റെ കൈകളിൽ.
അദ്ധ്യാപികയുടെ അയൽപക്കക്കാരനായ രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ മൂലം പൊലീസ് കഥയൊക്കെ മാറ്റി കുറ്റപത്രം ചമച്ചു. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊന്ന കേസിലെ പ്രതികൾ പുഷ്പം പോലെ ഊരിപ്പോന്നു. അവർക്ക് ചെലവായത്് ഏതാനും നോട്ടുകെട്ടുകൾ. അതു വാങ്ങി അഭിഭാഷകരും പൊലീസും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാവും ഒത്തുകളിച്ചപ്പോൾ പ്രതികളെ കോടതി വെറുതെ വിട്ടു. മകനെ നഷ്ടമായ മാതാപിതാക്കൾ വിധിയെ പഴിച്ച് ശിഷ്ട ജീവിതം തള്ളി നീക്കുന്നു.
വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരിയായ അദ്ധ്യാപിക ഇപ്പോഴും സസുഖം മറ്റൊരു പ്രവർത്തന മേഖലയിൽ വ്യാപരിക്കുന്നു. കോടതി വെറുതെ വിട്ട ഭാര്യയെ അഗ്നിശുദ്ധി വരുത്തിയ സീതയെപ്പോലെ സ്വീകരിക്കാൻ ഒരുങ്ങി ഭർത്താവ് ഇരുകൈയും വിടർത്തി നിൽക്കുന്നു. കോളിളക്കം സൃഷ്ടിച്ച, നാടുനടുക്കിയ ചെങ്ങന്നൂർ കൊലപാതകകേസിൽ പ്രതികളെ കോടതി വെറുതെ വിട്ടുവെന്ന് അറിഞ്ഞ് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് അനന്തരകഥകൾ വെളിച്ചത്തു വരുന്നത്.
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജ് വിദ്യാർത്ഥിയായിരുന്ന ചെറിയനാട് മേപ്പാട്ടേത്ത് അജിത് വി. ഗോപാൽ(18) ട്രെയിൻ തട്ടി മരിച്ച കേസിലാണ് തിരുവല്ല കടപ്ര വളഞ്ഞവട്ടം ചന്ദ്രഭവനം സരിൻ ചന്ദ്ര, കാരിക്കോട്ട് ഡാൻ ജോൺ എന്നിവരെ മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജി കെ.കെ. സുജാത വെറുതെ വിട്ടത്. ഏറെക്കാലം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു ഇത്. കേസ് അട്ടിമറിക്കുന്നുവെന്ന് അന്നു തന്നെ പൊലീസിനെതിരേ ആരോപണം ഉണ്ടായിരുന്നു. വിധി വന്നപ്പോൾ അത് വ്യക്തമായി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
2011 മെയ് അഞ്ചിന് വൈകിട്ട് നാലേകാലോടെ ചെങ്ങന്നൂരിന് സമീപം ജനശതാബ്ദി എക്സ്‌പ്രസ് ട്രെയിൻ തട്ടിയാണ് അജിത്ത് മരിച്ചത്. ഒന്നാം പ്രതി സരിൻ ചന്ദ്രയുടെ സഹോദരന്റെ ഭാര്യയായ അദ്ധ്യാപികയുമായി അജിത്തിന് വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ സരിനും ഡാനും അജിത്തിനെ അനുനയത്തിൽ വിളിച്ച് കാറിൽ കയറ്റുകയായിരുന്നു. കാറിനുള്ളിൽ വച്ച് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനിടെ ചെറിയനാട് മാമ്പള്ളിപടി റെയിൽവേ മേൽപ്പാലത്തിനു പടിഞ്ഞാറു വശത്ത് വച്ച് അജിത്ത് കാറിൽനിന്ന് ഇറങ്ങി ഓടി.
മാവേലിക്കര-ചെങ്ങന്നൂർ റെയിൽവേ പാതയിലൂടെ വടക്കോട്ട് ഓടിയ അജിത്തിനെ ഒന്നാം പ്രതി സരിൻ പിന്തുടർന്നു. ഇതിനിടെ പാളത്തിലൂടെ വരികയായിരുന്ന ജനശതാബ്ദി എക്സ്‌പ്രസ് ഇടിച്ച് അജിത്ത് മരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 365, 306, 34 വകുപ്പുകൾ ചുമത്തി ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ആർ. ജോസാണ് കേസ് ചാർജ് ചെയ്തത്. ഈ കേസ് അട്ടിമറിച്ചതും പൊലീസ്തന്നെയാണ്. ഇവരുടെ മണ്ണ്- മണൽമാഫിയ ബന്ധങ്ങൾക്ക് ഒത്താശ ചെയ്തിരുന്ന ചെങ്ങന്നൂരിലെ ബിജെപി നേതാവാണ് അയൽവാസിയായ അദ്ധ്യാപികയ്ക്ക് വേണ്ടി രംഗത്തുവന്നത്.
അവിഹിതബന്ധവും വിദ്യാർത്ഥിയുടെ മരണവും വിവാദമായതിനെ തുടർന്ന് അദ്ധ്യാപികയെ ഉപേക്ഷിക്കാൻ അവരുടെ ഭർത്താവ് തയാറായി. അതു സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല, അനിയന്റെയും ബന്ധുക്കളുടെയും താൽപര്യ പ്രകാരമായിരുന്നു. തന്നെ കൊലപാതകിയാക്കിയ സഹോദരഭാര്യയെ ഇനി മേലിൽ കുടുംബത്ത് കയറ്റരുതെന്ന വാശി ഭർത്താവിന്റെ അനുജൻ സരിൻചന്ദ്രയ്ക്ക് ആയിരുന്നു. എന്നാൽ, കേസിൽ അനിയനെയും കൂട്ടുകാരനെയും വെറുതെ വിട്ടാൽ ഭാര്യയെ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ് വാഗ്ദാനം ചെയ്തിരുന്നു. ഈ കേസ് ജയിക്കാൻ വേണ്ടിയാണ് ഭാര്യ അയൽവാസിയായ ബിജെപി നേതാവിനെ കൂട്ടുപിടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനുമായുണ്ടായിരുന്ന ബന്ധം മുതലെടുത്ത് കേസിൽ പഴുതുകൾ ഉണ്ടാക്കാൻ നേതാവിന് സാധിച്ചു.
ഇപ്പോൾ അദ്ധ്യാപിക മാന്നാറിൽ ഒരു സ്വകാര്യ കുപ്പിവെള്ള കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതു വാങ്ങിക്കൊടുത്തതും ബിജെപി നേതാവ് തന്നെ. പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏതു കേസും തേച്ചു മാച്ചു കളയാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. അദ്ധ്യാപികയുടെ ഭർത്താവിന് ഭാര്യയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയുമോയെന്ന് തീർച്ചയില്ല. കാരണം കളങ്കിതയായ ഭാര്യയെ സ്വീകരിക്കാൻ ഭർത്താവിന്റെ അനുജന് സമ്മതമില്ല. സംഭവം നടക്കുന്ന സമയത്തെ ചെങ്ങന്നൂർ എസ്.ഐ പല മാദ്ധ്യമപ്രവർത്തകരുമായും അദ്ധ്യാപികയും ശിഷ്യനുമായുള്ള അവിഹിതബന്ധത്തിന്റെ കഥകൾ പങ്കു വച്ചിരുന്നു.
രാത്രികാലങ്ങളിലും പിന്നീട് പലപ്പോഴും ഗുരു-ശിഷ്യബന്ധം മറന്ന് ഇരുവരും അയച്ച സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ പേരിൽ അജിത്തിന് വന്ന ഭീഷണികൾ, ഒടുവിൽ മരണം ഇതൊക്കെ സംബന്ധിച്ച് പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പഴുതുകൾ ഏറെയുണ്ടായിരുന്നു.
ഫോറൻസിക് പ്രഫസറും പൊലീസ് സർജനും റെയിൽവേയുടെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടെ മുപ്പതോളം സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് വിസ്തരിച്ചു. എന്തായാലും നീതിയുടെ ഭാഗത്തുനിന്നുള്ള വിധിയല്ല ഇത്. അത് കോടതിയുടെയോ ജഡ്ജിയുടേയോ കുഴപ്പമല്ല. മറിച്ച് പൊലീസ് സംവിധാനത്തിന്റെ മാത്രമാണ്.