ആലപ്പുഴ : കാശിനുവേണ്ടി അമ്മായിഅപ്പനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ മരുമകളുടെ കഥ ചെങ്ങന്നൂർ പട്ടണം മറക്കുന്നതിനുമുമ്പാണ് വീണ്ടുമൊരു അമേരിക്കൻ മലയാളി സമാനസ്വഭാവമുള്ള കേസിൽ കൊലചെയ്യപ്പെടുന്നത്. അതിൽ അമ്മായിഅപ്പനെ കൊന്നത് മരുമകളെങ്കിൽ ഇവിടെ അച്ഛനെ കൊന്നത് മകൻ തന്നെ.

2010 ജൂൺ 12 ന് ആണ് ചെങ്ങന്നൂരിനെ ഞെടുക്കിയ ആ അരുംകൊല നടന്നത്. കാരണവർ വധം. രണ്ടു കേസിലെയും പ്രതികളുടെ പേര് ഷെറിൻ എന്നു തന്നെ. ഒരു ഷെറിൻ വനിതയെങ്കിൽ ഇത് പുരുഷനായ ഷെറിനാണെന്നുമാത്രം. അച്ഛനെ വെടിവച്ചുകൊന്ന് ആറ്റിലൊഴുക്കിയശേഷം അമ്മയെ വിളിച്ച് കൈയബദ്ധം പറ്റിയെന്ന് മകൻ പറയുമ്പോൾ അമ്മ ഓർത്തില്ല, മകൻ ശരിക്കും കൊടും ക്രൂരത ചെയ്‌തെന്ന്. അതുകൊണ്ടുതന്നെ അമ്മ പൊലീസിൽ പരാതി നൽകിയത് രണ്ടുപേരെയും കാണാനില്ലെന്നു പറഞ്ഞാണ്.

ആഡംബര പ്രിയനായ ഷെറിനു വീട്ടുകാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എല്ലാം വിറ്റു തുലച്ച് ആർഭാടത്തിൽ കഴിയുന്ന ഇയാളുടെ നീക്കം നിരീക്ഷിച്ച വീട്ടുകാർ ഇയാളുടെ പേരിൽ സ്വത്തുക്കൾ ഒന്നു തന്നെ നൽകിയിരുന്നില്ല. നാട്ടിലുണ്ടായിരുന്നിട്ടും കുടുംബത്തിന്റെ വസ്തുവകകളിൽനിന്നുള്ള വരുമാനമെടുക്കാൻ അനുവദിച്ചിരുന്നുമില്ല. പകരം ചെങ്ങന്നൂരിൽതന്നെയുള്ള ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനം വഴിയാണ് മാതാപിതാക്കൾ വരുമാനം ശേഖരിച്ചിരുന്നത്.
ഇരട്ട പൗരത്വമുള്ള ഇയാൾ അമേരിക്കയ്ക്കു പോകാതെ നാട്ടിൽ തന്നെ കറങ്ങി നടക്കുകയായിരുന്നു. ആഡംബര ജീവിതത്തിന് പണം പോരാതെ വന്നപ്പോഴാണ് സ്വത്ത് തട്ടിയെടുക്കണമെന്ന ചിന്ത ഷെറിനെ അലട്ടിയത്.

തമിഴ്‌നാട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത ഷെറിൻ ഇപ്പോൾ ഇവരിൽനിന്നും അകന്നു കഴിയുകയാണ്. ഷെറിന്റെ ആർഭാടജീവിതത്തിൽ നീരസം പുലർത്തിയ ഇവരെ ഒഴിവാക്കാൻ ശ്രമിച്ചതായും വാർത്തയുണ്ട്. ഇപ്പോൾ നിയമപരമായ വിവാഹമോചനത്തിനായി യുവതി ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അതേസമയം അച്ഛനെ കൊലചെയ്യാൻ മകൻ കണ്ടെത്തിയ സ്ഥലമാകട്ടെ, സ്വന്തമാക്കണമെന്ന് സ്വയം മോഹിച്ച കെട്ടിടവും. ചെങ്ങന്നൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം സ്വന്തമാക്കിയാൽ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാമെന്ന് ഷെറിൻ കരുതിയിരുന്നു. സ്വത്തിനെച്ചൊല്ലി നേരത്തെ തന്നെ ഷെറിൻ വീട്ടിൽ കലഹം ഉണ്ടാക്കുമായിരുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ 19ന് നാട്ടിലെത്തിയ മാതാപിതാക്കളോട് ഷെറിൻ സ്വത്തിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി പറയാതിരുന്ന മാതാപിതാക്കളോട് ഷെറിന് കടുത്ത പകയാണുണ്ടായത്. ഇതിനിടയിൽ നാട്ടിലെത്തിയ മാതാപിതാക്കൾ ഷെറിനുമായി ബന്ധുക്കളെ കാണാൻ പലയിടങ്ങളിലും പോയിരുന്നു. അപ്പോഴൊന്നും മകൻ ഈ കൊടുംക്രൂരത കാട്ടുമെന്ന് ഈ അമ്മ കരുതിയിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ഇയാൾ വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ 25ന് രാവിലെ കാറിന്റെ എസി ശരിയാക്കാൻ അച്ഛനെയും കൂട്ടി ഷെറിൻ തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല.

അച്ഛനെ ഒറ്റക്ക് കിട്ടിയ ഷെറിൻ കാറിൽവച്ചുതന്നെ തർക്കം തുടങ്ങിയിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു. ജോയി ജോണിനെ കൊന്നതിനുശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കൊലപാതകത്തിനുശേഷം അങ്കലാപ്പിലായ ഷെറിൻ അടുത്ത സുഹൃത്തുക്കളെ വിളിച്ച് ആത്മഹത്യയെ കുറിച്ച് പറഞ്ഞതായാണ് വിവരം.

അതേസമയം, കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് സൂചന. കാറിന്റെ എ സി ശരിയാക്കാൻ പോയവർ തോക്ക് കൈയിൽ കരുതിയതെന്തിനെന്നാണു സംശയം. പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ലാത്ത ജോണിന് ആയുധം കൈയിൽ കരുതേണ്ട ആവശ്യം തന്നെയില്ല. കൊലപാതകത്തിൽ ഷെറിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലും ചെങ്ങന്നൂരിൽ ആറുവർഷങ്ങൾക്ക് ശേഷം കൊലപാതകകേസിൽ പിന്തുടർച്ചക്കാരനായി വീണ്ടുമൊരു ഷെറിൻ എത്തി.