ചെങ്ങന്നൂർ: സിപിഎമ്മിന് ഏറെ ജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. കോൺഗ്രസ് എംഎൽഎയായ പിസി വിഷ്ണുനാഥിനെതിരെ പലവിധ ആരോപണങ്ങളുണ്ട്. സോളാറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തിനും പലപ്പോഴും പ്രതിക്കൂട്ടിലാക്കി. ഇതെല്ലാം മറുപടി നൽകി വിഷ്ണുനാഥ് പ്രതിരോധിച്ചാണ് ചെങ്ങന്നൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത്. അപ്പോൾ വെല്ലുവിളിയായി കരുത്തനായ ബിജെപി സ്ഥാനാർത്ഥിയെത്തുന്നു. നായർ വോട്ടുകൾ നിർണ്ണായക സ്വാധീനമാകുന്ന മണ്ഡലത്തിൽ പിഎസ് ശ്രീധരൻപിള്ളയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ശ്രീധരൻപിള്ള വരുന്നതോടെ നായർ വോട്ടുകൾ ഭിന്നിക്കും. ഇത് ക്ഷീണമുണ്ടാക്കുക കോൺഗ്രസിനും വിഷ്ണുനാഥിനും തന്നെയാണ്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ പിടിമുറുക്കാൻ സിപിഎമ്മിന് സാധ്യത ഏറെയും.

എന്നാൽ പൂഞ്ഞാറിന് സമാനമായ സാഹചര്യമാണ് ചെങ്ങന്നൂരും. പൂഞ്ഞാറിൽ പിസി ജോർജിനെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ച സിപിഐ(എം) ജോർജ് ജെ മാത്യുവെന്ന പഴയ കേരളാ കോൺഗ്രസുകാരന് പിന്നാലെയാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെജെ തോമസ് മത്സരിച്ചാൽ തന്നെ വിജയം ഉറപ്പാണ്. പിസി ജോർജ് സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാൽ പൂഞ്ഞാർ സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാകും. എന്നാൽ കോടിശ്വരനായ ജോർജ് ജെ മാത്യുവിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം താനാണ് ഇടത് സ്ഥാനാർത്ഥിയെന്ന് പറഞ്ഞ് പ്രചരണവും തുടങ്ങുന്നു. ഇത് അണികളെ ആകെ നിരാശരുമാക്കി. ഇതിനിടെയാണ് ചെങ്ങന്നൂരിലെ വിഷയം. ഇവിടെ കോൺഗ്രസുകാരിയായ ശോഭനാ ജോർജിനെ മത്സരിപ്പിക്കാനാണ് നീക്കം.

മൂന്ന് തവണ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച ശോഭന ജോർജ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നുവെന്നത് യാഥാർത്ഥ്യമാണ്. യു.ഡി.എഫ് സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് ശോഭനാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചാൽ ആലോചിച്ച് തീരുമാനിക്കുമെന്നും ശോഭന ജോർജ് പറയുന്നു. എന്നാൽ ഇടതുപക്ഷത്ത് നിന്ന് വ്യക്തമായ സൂചന കിട്ടിയ ശേഷമാണ് ശോഭനാ ജോർജിന്റെ പ്രതികരണമെന്നത് വ്യക്തമാണ്. യുഡിഎഫ് സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് പറയുന്നത് കടുത്ത അച്ചടക്ക ലംഘനമാണ്. അതുകൊണ്ട് തന്നെ ഇനി കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകില്ലെന്നും ഉറപ്പാണ്. ഇത് മനസ്സിലാക്കി തന്നെയാണ് ശോഭനാ ജോർജ് പ്രസ്താവനയുമായെത്തിയത്.

വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം ശോഭന ജോർജ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ യു.ഡി.എഫ് സീറ്റ് നൽകുമെന്ന് ഉറപ്പില്ല. അതുകൊണ്ടു തന്നെ ഇടതു മുന്നണി നേതൃത്വം സമീപിച്ചാലും മത്സരിക്കാൻ തന്നെയാണ് ശോഭനയുടെ തീരുമാനം. ഇരു മുന്നണികളും സീറ്റ് നൽകിയില്ലെങ്കിൽ താൻ രൂപീകരിച്ച മിഷൻ ചെങ്ങന്നൂരിന്റെ പേരിൽ മത്സരിക്കുമെന്ന് ശോഭന വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ആശങ്കയില്ലെന്നും ശോഭന പറയുന്നു. മിഷൻ ചെങ്ങന്നൂരിന് ഇടതുപക്ഷം പിന്തുണ നൽകുമെന്നാണ് സൂചന. ഒരിക്കൽ ചാരക്കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ശോഭനാ ജോർജ്ജ് ഉൾപ്പെട്ടിരുന്നു. അന്ന് സിപിഐ(എം) കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.

അത്തരത്തിലൊരു കോൺഗ്രസുകാരിയെ ചെങ്ങന്നൂരിൽ ചുമക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് സിപിഎമ്മുകാർ ചോദിക്കുന്നത്. ശോഭനാ ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ പോലും നഷ്ടമാകും. ബിഡിജെഎസുമായി അടുത്താണ് ബിജെപിയുടെ പോക്ക്. വെള്ളാപ്പള്ളിയുടെ പിന്തുണയുള്ളതിനാൽ ഈഴവ വോട്ടുകൾ മാറി മറിയാൻ ഇടയുണ്ട്. ഇത് സിപിഎമ്മിന് ദോഷമാകാൻ സാധ്യതയുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ വോട്ട് കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായി ചെങ്ങന്നൂരിൽ ബിജെപിയിലേക്ക് സിപിഐ(എം) വോട്ടുകൾ ഒഴുകാൻ ഇടയുണ്ട്.

ഇതെല്ലാം മനസ്സിലാക്കി ചെങ്ങന്നൂരിൽ നിന്നുള്ള പ്രമുഖനെ തന്നെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. എന്നാൽ സംസ്ഥാന നേതൃത്വം ശോഭനാ ജോർജിന് പിന്നിൽ ഉറച്ചും. ഇതിൽ കടുത്ത അസംതൃപ്തരാണ് സിപിഎമ്മുകാർ. ആലപ്പുഴ ജില്ലാകമ്മറ്റിയിൽ ഈ പ്രശ്‌നമെത്തിച്ച് പരിഹാരമുണ്ടാക്കാനാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം.