ചെങ്ങന്നൂർ: കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിർത്തിയിടത്തു നിന്നായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടക്കം. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പ്രചാരണവും തുടങ്ങി. ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42,000 വോട്ട് നേടാൻ സഹായിച്ച ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ബിജെപി കെട്ടിയ മനക്കോട്ടകൾ ഏറെയായിരുന്നു.

സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ കഴിയാതെ 'സ്റ്റിൽ' ആയിപ്പോയ യുഡിഎഫിനെയും എൽഡിഎഫിനെയും കാഴ്ചക്കാരാക്കി ബിജെപിക്കാർ ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. പക്ഷേ, പോയതു പോലെ തിരികെ വന്നിരിക്കുകയാണ് ബിജെപി. കളം മാറി. പണി തുടങ്ങി എന്ന രീതിയിലാണ് ബിജെപി അണികളുടെ പോക്ക്. ബിഡിജെഎസ് കയ്യാലപ്പുറത്തെ തേങ്ങയായി. തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനമെന്ന് പ്രചരിപ്പിച്ച കൃഷ്ണദാസ് പക്ഷം അത് മുരളീധര വിഭാഗത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കി. ആദ്യമൊക്കെ വെള്ളാപ്പള്ളി കുടുംബം അതു വിശ്വസിച്ചു. പിന്നീടാണ് മനസിലായത് വി മുരളീധരന് ഉറപ്പിച്ച എംപി സ്ഥാനം വെട്ടിമാറ്റുന്നതിന് വേണ്ടി കൃഷ്ണദാസ് പക്ഷം നടത്തിയ പ്രചാരണമായിരുന്നു തുഷാറിന്റെ എംപി സ്ഥാനമെന്ന്.

നിലവിൽ ബിജെപി നടുക്കടലിലാണ് ചെങ്ങന്നൂരിൽ. ശക്തമായ അണ്ടർഗ്രൗണ്ട് പണിയാണ് ബിജെപി പാളയത്തിൽ നടക്കുന്നത്. മുരളീധര വിഭാഗത്തെ പൂർണമായും പ്രചാരണ പ്രവർത്തനങ്ങളിൽ അടുപ്പിക്കുന്നില്ല. കൃഷ്ണദാസ് പക്ഷം അയൽജില്ലകളിൽ നിന്ന് വരെ ആളെ ഇറക്കി പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ, ജില്ലയിലെ പ്രമുഖരായ മുരളീധര വിഭാഗം നേതാക്കളെ തീണ്ടാപ്പാടകലെ നിർത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ സൈബർ പോരാട്ടത്തിന് മറുപടി നൽകാനും ബിജെപിക്ക് കഴിയുന്നില്ല.

കത്വ വിഷയത്തിന്റെ പേരിൽ സിപിഎം നടത്തിയ പോസ്റ്റർ പ്രചാരണം ബിജെപിക്ക് ശരിക്കും തിരിച്ചടിച്ചു. ഈ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉണ്ടെന്നും വോട്ട് ചോദിച്ച് ഒരു ബിജെപിക്കാരനും വീട്ടിനുള്ളിൽ കയറരുതെന്നുമുള്ള പോസ്റ്ററുകൾ വീടുകളുടെ മതിലിൽ പതിക്കുകയാണ് സിപിഐഎം സൈബർ പോരാളികൾ ചെയ്തത്. അതിന് ശേഷം ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദേശീയ ദൃശ്യമാധ്യമങ്ങൾ വരെ ഇത് വാർത്തയാക്കിയതോടെ ബിജെപി പിന്നാക്കം പോയി.

ദുർബലമായ പ്രതിരോധമാണ് പിന്നീടുണ്ടായത്. ബിജെപിയിലെ വിഭാഗീയത മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ്. കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി വോട്ടു പോലും പിള്ളയ്ക്ക് ലഭിക്കാതിരിക്കാനാണ് ബിഡിജെഎസും മുരളീധരപക്ഷവും ശ്രമിക്കുന്നത്. തെറ്റിദ്ധാരണകൾ നീങ്ങിയതോടെ ബിഡിജെഎസും മുരളീധര വിഭാഗവുമായി യോജിപ്പും ആയിട്ടുണ്ട്. ശരിക്കും പിള്ള നേരിടേണ്ടി വരുന്നത് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളെ മാത്രമല്ല, സ്വന്തം പാളയത്തിൽ നിന്നുള്ള വിമതരെ കൂടിയാണ്.

തുടക്കത്തിലുണ്ടായിരുന്ന വീറും വാശിയും എൻഡിഎയുടെ പ്രചാരണത്തിൽ കാണുന്നില്ല. അണികളും മടുത്തു തുടങ്ങിയെന്നാണ് സംസാരം. തൊട്ടുമുൻപുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മാർജിൻ വോട്ട് 6000 മാണ്. എംടി രമേശ് മത്സരിച്ചപ്പോൾ മാത്രം അത് 13,000 ആയി ഉയർന്നിരുന്നു. മെഡിക്കൽ കോളജ് കോഴ അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ഒതുക്കിയതോടെ പാർട്ടിക്കുള്ളിൽ പരസ്പരമുള്ള പോര് രൂക്ഷമാണ്.

അമിത്ഷായെ പേടിച്ച് പരസ്യമായി രംഗത്ത് എത്താൻ മടിക്കുന്നതു കൊണ്ടാണ് അണ്ടർ ഗ്രൗണ്ട് പണി നടത്തുന്നത്.