ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിൽ സർവ്വത്ര അനിശ്ചിതത്വം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ഇത്. യുഡിഎഫിൽ നിന്ന് എം മുരളിയാകും മത്സരിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപി പിഎസ് ശ്രീധരൻ പിള്ളയേയും രംഗത്തിറക്കുന്നു. എന്നാൽ സിപിഎമ്മിന് ഇനിയും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തതയില്ല.

ഭരണത്തിന്റെ വിലയിരുത്തൽ ആയതിനാൽ ഏതു വിധേനയും ചെങ്ങന്നൂരിൽ ജയിക്കണമെന്ന നിർദ്ദേശമാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്നത്.സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കണമെന്ന ചർച്ചയാണ് ആദ്യ ഘട്ടത്തിൽ പാർട്ടിയിൽ ഉയർന്നത്. സജി ചെറിയാൻ മത്സരിക്കാൻ സന്നദ്ധനുമാണ്. മുൻപു കുറഞ്ഞ ഭൂരിപക്ഷത്തിനു പരാജയപ്പെട്ട സജി ചെറിയാന് അടുത്ത കാലത്തു നടത്തിയ ജനകീയ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ സീറ്റ് നിലനിർത്താൻ കഴിയുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ നായർ സ്ഥാനാർത്ഥി മതിയെന്ന് മറ്റൊരു വിഭാഗം പറയുന്നു.

ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയ നടപടികളിലേക്കു കടക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സിപിഎം യോഗങ്ങൾ ഇന്ന്. ജില്ലാ കമ്മിറ്റി, തിരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റി യോഗങ്ങളാണ് ഇന്നു ചെങ്ങന്നൂരിൽ ചേരുന്നത്.തുടർന്നു കോടിയേരി മണ്ഡലത്തിലെ പ്രമുഖരെയും പാർട്ടി പ്രവർത്തകരെയും നേരിട്ടു കാണും. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം യോഗങ്ങളിൽ കോടിയേരി വ്യക്തമാക്കുമെന്നാണു സൂചന. മന്ത്രി ജി. സുധാകരനും യോഗങ്ങളിൽ പങ്കെടുക്കും.

നായർ സമുദായത്തിൽ നിന്നു സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന അഭിപ്രായമാണ് സിപിഎമ്മിൽ സജീവമാകുന്നത്. പ്രചാരണത്തിന് 24 മേഖല തിരിച്ചുള്ള പ്രവർത്തനമാണു സിപിഎം ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ മുൻ എംപി സിഎസ് സുജാതയ്ക്കാണ് മുന്തിയ പരിഗണന സിപിഎം നൽകുന്നത്. നേരത്തെ മഞ്ജു വാര്യരെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ സിപിഎം ചരടുവലികൾ നടത്തിയിരുന്നു. എന്നാൽ മഞ്ജു വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.

എം.മുരളി യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. മുരളിയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം ഏകാഭിപ്രായത്തിൽ എത്തിയതായാണ് റിപ്പോട്ട്. ചെങ്ങന്നൂരിൽ എം.മുരളിയെ നിർത്തിയാലാണ് വിജയ സാധ്യതയെന്നും ബിജെപിക്ക് കിട്ടാൻ സാധ്യതയുള്ള നായർ വോട്ടുകൾ മുരളിക്ക് ലഭിക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നാല് തെരഞ്ഞെടുപ്പുകളിലായി 20 വർഷം തുടർച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് മുരളി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങൾ ഒരുക്കാൻ രാധാകൃഷ്ണന് ചെങ്ങന്നൂവിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകാനും കോൺഗ്രസ് തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കേണ്ടത് അഭിമാന പ്രശ്നമായാണ് കോൺഗ്രസ് കാണുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി പ്രാദേശിക നേതൃത്വം ചർച്ച പൂർത്തിയാക്കിയെന്നാണ് വിവരം. മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ അനുമതിയും കേരള നേതൃത്വത്തിന് ലഭിച്ചിട്ടണ്ട്.