- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിലെ തിരിച്ചടി കേരളത്തിൽ മായ്ക്കും! ജയിക്കണമെങ്കിൽ കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന തിരിച്ചറിവിൽ അമിത് ഷാ; ആർഎസ്എസും ബിഡിജെഎസും സജീവമായാൽ മത്സരിക്കാമെന്ന നിലപാടിൽ ശ്രീധരൻ പിള്ളയും; ചെങ്ങന്നൂരിനെ ഇളക്കി മറയ്ക്കാനുറച്ച് ബിജെപി ദേശീയ അധ്യക്ഷൻ; പ്രചരണത്തിന് മോഹൻ ഭാഗവത് മേൽനോട്ടം വഹിക്കും; ഉപതെരഞ്ഞെടുപ്പിലെ ത്രികോണപോരിൽ ആരു കരകയറും
കൊച്ചി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ 3 ഇടത്ത് ബിജെപി തോറ്റു. മോദിക്കും അമിത് ഷായ്ക്കും അപ്രതീക്ഷതമായിരുന്നു ഈ തോൽവി. ഇത് ആയുധമാക്കി ദേശീയ തലത്തിൽ കോൺഗ്രസ് പ്രചരണം തുടങ്ങി. ഇതോടെ മോദി പ്രഭാവം ഉറപ്പിക്കാൻ ചെങ്ങന്നൂരിൽ അതിശക്തമായി ഇടപെടാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രചരണം അച്ചടക്കമുള്ളതാക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വും ചെങ്ങന്നൂരിൽ സജീവമാകും. സംഘപരിവാറിന് ശക്തമായ വേരുകൾ ചെങ്ങന്നൂരിലുണ്ട്. കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ള നേടിയത് നാൽപ്പത്തി രണ്ടായിരത്തിൽ പരം വോട്ടുകളാണ്. 6000ത്തിൽ നിന്നാണ് ഈ വർദ്ധനയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ അതിശക്തമായ ഇടപെടൽ നടത്താനാണ് നീക്കം. ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരനാണ് കൂടുതൽ സാധ്യതയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആർ എസ് എസും കാര്യങ്ങൾ വിലയിരുത്തുന്നത് അങ്ങനെയാണ്. മധ്യ കേരളത്തിൽ നിരവധി ഇടപെടൽ നടത്തിയ വ്യക്തിയാണ് കുമ്മനം. ആറന്മുളയിലെ സമര നായകനുമാണ്. ആറന്മുളയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ചെങ്ങന്നൂ
കൊച്ചി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ 3 ഇടത്ത് ബിജെപി തോറ്റു. മോദിക്കും അമിത് ഷായ്ക്കും അപ്രതീക്ഷതമായിരുന്നു ഈ തോൽവി. ഇത് ആയുധമാക്കി ദേശീയ തലത്തിൽ കോൺഗ്രസ് പ്രചരണം തുടങ്ങി. ഇതോടെ മോദി പ്രഭാവം ഉറപ്പിക്കാൻ ചെങ്ങന്നൂരിൽ അതിശക്തമായി ഇടപെടാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
പ്രചരണം അച്ചടക്കമുള്ളതാക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വും ചെങ്ങന്നൂരിൽ സജീവമാകും. സംഘപരിവാറിന് ശക്തമായ വേരുകൾ ചെങ്ങന്നൂരിലുണ്ട്. കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ള നേടിയത് നാൽപ്പത്തി രണ്ടായിരത്തിൽ പരം വോട്ടുകളാണ്. 6000ത്തിൽ നിന്നാണ് ഈ വർദ്ധനയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ അതിശക്തമായ ഇടപെടൽ നടത്താനാണ് നീക്കം.
ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരനാണ് കൂടുതൽ സാധ്യതയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആർ എസ് എസും കാര്യങ്ങൾ വിലയിരുത്തുന്നത് അങ്ങനെയാണ്. മധ്യ കേരളത്തിൽ നിരവധി ഇടപെടൽ നടത്തിയ വ്യക്തിയാണ് കുമ്മനം. ആറന്മുളയിലെ സമര നായകനുമാണ്. ആറന്മുളയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ചെങ്ങന്നൂർ. ഇതും കുമ്മനത്തിന് അനുകൂല ഘടകമാണ്. നായർ വോട്ടുകളാണ് ചെങ്ങന്നൂരിൽ പ്രധാനം. ഈഴവ വോട്ടുകളും നിർണ്ണായകമാണ്.
ഈ രണ്ട് സമുദായ വോട്ടുകളേയും സ്വാധീനിക്കാൻ കുമ്മനത്തിന് കഴിയും. ബിഡിജെഎസ് പാലം വലിച്ചില്ലെങ്കിൽ കുമ്മനത്തിന് ചെങ്ങന്നൂരിൽ അത്ഭുതം കാട്ടാനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ള വീറും വാശിയും കാട്ടിയാണ് പ്രചരണത്തിൽ നിറഞ്ഞത്. പാർട്ടി സംവിധാനമെല്ലാം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചുവെന്ന പരാതി ശ്രീധരൻ പിള്ള ഉയർത്തിയിരുന്നു. അല്ലാത്ത പക്ഷം താൻ ഇനിയും മുന്നേറുമെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നത്.
കുമ്മനം സ്ഥാനാർത്ഥിയായാൽ പാർട്ടി സംവിധാനം മുഴുവൻ ചെങ്ങന്നൂരിൽ കേന്ദ്രീകരിക്കും. അങ്ങനെ ഇടത് വലതു മുന്നണികൾക്ക് പ്രതിസന്ധിയായി മാറാൻ ബിജെപിക്കാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച പാലക്കാട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്ത് എത്തിയിരുന്നു. ഇവിടെ നടന്ന യോഗങ്ങളിൽ കുമ്മനവും പങ്കെടുത്തു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിന്റെ പ്രസക്തി ഇവിടെ ചർച്ചയായി. കുമ്മനം മത്സരിക്കണമെന്ന അഭിപ്രായം അവിടെ എത്തിയ പലരും ഉയർത്തിയിരുന്നില്ല.
എന്നാൽ ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ള മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് കുമ്മനം. താൻ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാമെന്നാണ് കുമ്മനത്തിന്റെ പക്ഷം. എന്നാൽ രാജസ്ഥാനിലെ തോൽവിയോടെ മോദി പ്രഭാവം ചർച്ചയാക്കാൻ വിജയം ബിജെപിക്ക് അനിവാര്യമാണ്. കേരളത്തിൽ നിയമസഭയിൽ ഒരു സീറ്റുകൂടി നേടാനായാൽ അതിനെ ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപിക്കാകും.
ഇതാണ് അമിത് ഷായുടെ മനസ്സിൽ. അതുകൊണ്ട് തന്നെ എല്ലാ ഘടകവും പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിക്കും. ബിഡിജെഎസുമായും അമിത് ഷാ ചർച്ച നടത്തും. ഒരു കാരണവശാലും ഈഴവ വോട്ടുകൾ ബിജെപി പാളയം വിട്ട് പോകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. സിപിഎമ്മും കോൺഗ്രസും നായർ സ്ഥാനാർത്ഥികളെയാകും മത്സരിപ്പിക്കുക. ഈ സാഹചര്യത്തിൽ എസ് എൻ ഡി പിക്ക് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ ബിഡിജെഎസിന് ഈഴവ വോട്ടുകൾ ബിജെപി പെട്ടിയിലെത്തിക്കാൻ കഴിയും. എന്നാൽ മുന്നോട്ട് വച്ച ആവശ്യമൊന്നും ബിജെപി ഇതുവരെ തുഷാർ വെള്ളാപ്പള്ളിക്ക് ചെയ്തു കൊടുത്തില്ല. അതുകൊണ്ട് തന്നെ അതൃപ്തി പുകയുന്നുണ്ട്. വെള്ളാപ്പള്ളി നടേശന് സിപിഎമ്മിനോടാണ് താൽപ്പര്യം. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്ന ഘടകങ്ങളാണ്.
എൻഎസ്എസിനും നല്ല സ്വാധീനം ഇവിടെയുണ്ട്. അതുകൊണ്ട് സുകുരമാൻ നായരുടെ നിലപാടും നിർണ്ണായകമാകും. സാമ്പത്തിക സംവരണത്തിന്റെ ആദ്യ നീക്കങ്ങൾ സജീവമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോട് സുകുമാരൻ നായർക്ക് വ്യക്തിപരമായ താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെ എൻഎസ്എസ് പിന്തുണ ഇടതുപക്ഷത്തിനാകും. സുകുമാരൻ നായരോട് ഇടഞ്ഞു നിൽക്കുന്ന വിമതരും ചെങ്ങന്നൂരിൽ ഉണ്ട്. ഈ നായർ വോട്ടുകളും ഫലത്തെ സ്വാധീനിക്കും. കോൺഗ്രസിനായി പിസി വിഷ്ണുനാഥ് മത്സരിക്കാനെത്തുമെന്നാണ് സൂചന. മുൻ എംഎൽഎ എം മുരളിയുടെ പേരും പരിഗണനയിലുണ്ട്. സിപിഎം സിഎസ് സുജാതയെയാണ് പ്രധാനമായും പരിഗണിക്കുന്നത്. സിപിഎം എംഎൽഎ രാമനചന്ദ്രൻ നായരുടെ മരണമാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.
അതിനിടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചർച്ച ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യർ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മഞ്ജുവാര്യർ പറഞ്ഞു. നേരത്തെ, മഞ്ജുവിന്റെ സ്ഥാനാർത്ഥിത്വത്തെ തള്ളി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. താരപരിവേഷമുള്ളവരെ മത്സരിപ്പിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ വ്യക്തമാക്കുകയും ചെയ്തു. തുടർന്നാണ് വിഷയത്തിൽ മഞ്ജുവാര്യറുടെ പ്രതികരണം എത്തിയത്.