ചെങ്ങന്നൂർ: വോട്ട് ചെയ്തിട്ട് കല്യാണപ്പന്തലിലേക്ക് പോയ സ്ഥാനാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് വന്ന് വോട്ട് ചെയ്തവരെയും അറിയാം. എന്നാൽ കല്യാണം നിശ്ചയിച്ച ദിവസം തെരഞ്ഞെടുപ്പ് വന്നപ്പോൾ കല്യാണത്തീയതി മാറ്റി വച്ചയാൾക്കാരെപ്പറ്റി കേട്ടിട്ടുണ്ടോ? വിരളമായിരിക്കും അല്ലേ?

എന്നാൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട്ട് അങ്ങനെ ഒന്നു നടന്നു. ചെറിയനാട് കൊച്ചുപ്ലാവിളയിൽ കെ. കുര്യനാണ് മെയ്‌ 28 ന് തീരുമാനിച്ചിരുന്ന മകൾ ജിൻസിയുടെ കല്യാണം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വച്ചത്. വോട്ടെണ്ണൽ ദിനമായ 31 ആണ് പുതുക്കിയ തീയതി. എറണാകുളം ഐരാണിക്കുളം സെന്റ സേവ്യേഴ്സ് പള്ളിയിൽ രാവിലെ 11.30 നാണ് വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് പള്ളിയിൽ എത്തണമെങ്കിൽ പുലർച്ചെ അഞ്ചിനെങ്കിലും പുറപ്പെടണം.

കെട്ടും സൽക്കാരവുമൊക്കെ കഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും മണി വൈകിട്ട് അഞ്ചരയാകും. വധുവിന്റെ ബന്ധുക്കൾക്കും വീട്ടുകാർക്കും മാത്രമല്ല, കല്യാണത്തിന് പങ്കെടുക്കുന്ന നാട്ടുകാർക്കും വോട്ട് ചെയ്യാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നത് സിപിഐഎം അനുഭാവിയായ കുര്യന് നിർബന്ധമാണ്. പിന്നെ ഒന്നും ആലോചിച്ചില്ല.

ചെറുക്കന്റെ വീട്ടുകാരെ വിളിച്ച് കല്യാണം മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചു. ആദ്യം അവർ ഒന്നു മടിച്ചു. പിന്നെ സമ്മതം മൂളി. അതോടെ മാംഗല്യം തന്തുനാനേന...തങ്ങൾ ക്ഷണിച്ചവരെയൊക്കെ വിളിച്ച് തീയതി മാറ്റിയ വിവരം അറിയിക്കുന്ന തിരക്കിലാണ് കുര്യൻ ഇപ്പോൾ.