- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി താഴികക്കുടം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; വരട്ടാറിലെ മണൽവാരലിൽ പ്രതികരണവുമായി ജില്ലാ പ്രസിഡന്റ്; തിരുവൻവണ്ടുരിൽ സിപിഎമ്മിന്റെ പഞ്ചായത്ത് ഭരണവും വലിച്ചു താഴെയിട്ടു; ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ-ബിജെപി ബന്ധത്തിൽ വിള്ളൽ
ആലപ്പുഴ: പാണ്ടനാട് മുതവഴി ശ്രീകുമാര മംഗലം സുബ്രഹ്മണ്യക്ഷേത്രത്തിലെ താഴികക്കുടം കവർച്ചാക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ ചെങ്ങന്നൂരിൽ ബിജെപിയും മന്ത്രി സജി ചെറിയാനുമായുള്ള ബന്ധത്തിൽ വിള്ളൽ. വരട്ടാറിലെ മണൽക്കൊള്ളയ്ക്കെതിരേ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ പ്രസ്താവന ഇറക്കി. തിരുവൻവണ്ടൂരിൽ ബിജെപി കണ്ണടച്ചതിനാൽ മാത്രം പഞ്ചായത്ത് ഭരിച്ചിരുന്ന സിപിഎമ്മിനെതിരേ അവിശ്വാസം കൊണ്ടു വന്നു. പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് മുൻപ് രാജി വച്ച് ഭരണ സമിതി നാണക്കേട് ഒഴിവാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെ അടക്കം പ്രതിക്കൂട്ടിലാക്കുന്നതാണ് മുതവഴി താഴികക്കുടം കവർച്ചക്കേസ്. കേസിലെ പ്രതികളായ എസ്. ശരത്കുമാർ, പി. ഗീതാനന്ദൻ, പി ടി ലിജു, കെ ടി സജീഷ് എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ബിജെപി തിരുവൻവണ്ടുർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൂടിയാണ് പരാതിക്കാരിൽ ഒരാളായ ലിജു. പരാതിക്ക് പിന്നിൽ സിപിഎമ്മും സജി ചെറിയാനുമാണെന്ന് കരുതിയാണ് ഇതു വരെ വരട്ടാർ മണൽക്കൊള്ളയിൽ പ്രതികരിക്കാതിരുന്ന ബിജെപി നേതൃത്വം ഇപ്പോൾ പ്രതിഷേധം അറിയിച്ച് മുന്നോട്ടു വന്നിട്ടുള്ളത്. വരട്ടാറിലെ ചെളി നീക്കുന്നതിന്റെ പേരിൽ 10 കോടിയുടെ മണൽ ആണ് ഇതു വരെ കടത്തിയത്. അന്ന് നാട്ടുകാർ ഈ വിഷയം ഉന്നയിച്ചിട്ടും ഏറ്റെടുക്കാതെ ഇരുന്നവരാണ് ഇപ്പോൾ പെട്ടെന്ന് പ്രതികരിക്കാൻ രംഗത്തു വന്നിട്ടുള്ളത്.
മുതവഴിയിലെ താഴികക്കുടത്തിന്റെ മകുടം കവർച്ച ചെയ്തത് 2011 ഒക്ടോബർ 19 ന് രാത്രിയിലാണ്. മൂന്നാം ദിവസം മകുടം ഉപേക്ഷിച്ച നിലയിൽ സമീപത്തെ വീടിന് അടുത്തു നിന്നും കണ്ടെത്തി. ക്ഷേത്രഭരണ സമിതി തിരികെ വാങ്ങിയ താഴികക്കുടം പുനഃപ്രതിഷ്ഠിച്ചു. 2016 സെപ്റ്റംബർ 29 ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടു പോകാൻ കഴിഞ്ഞില്ല. 40 വർഷമായി നാട്ടുകാർ അടങ്ങുന്ന ഭരണ സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ഭരണ സമിതിയുടെ പ്രസിഡന്റായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ.
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് മുതവഴി ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള താഴിക കുടത്തിൽ അപൂർവ ലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയെന്ന ച്രപാരണ മുണ്ടായതോശടെയാണ് ക്ഷേത്രവും താഴികക്കുടവും ശ്രദ്ധാകേന്ദ്രമായത്. മോഷണക്കേസിൽ പത്തോളം പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ ചിലർ പിന്നീട് വാഹനാപകടത്തിൽ അടക്കം മരണപ്പെട്ടു. ഇപ്പോഴത്തെ പരാതിക്കാരിൽ ഒരാളും കേസിലെ പ്രതിയുമായ എസ്. ശരത്കുമാർ ക്ഷേത്രഉരാണ്മ അവകാശമുള്ള കുടുംബാംഗമാണ്. തന്നെ കേസിൽ കുടുക്കിയതാണെന്നാണ് ശരത്തിന്റെ പരാതി. ക്ഷേത്രത്തിൽ ഇറിഡിയം സാന്നിധ്യമുണ്ടെന്ന വാർത്ത പരന്നതോടെ പത്തംഗ സംഘത്തിന്റെ കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മോഷണം നടക്കുന്നതിന് ഒരാഴ്ച മുൻപ് ഇവരെയെല്ലാം മാറ്റി. ഇത് മോഷ്ടാക്കൾക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണെന്ന് ശരത് പറയുന്നു. ക്ഷേത്രഭരണ സമിതി അംഗങ്ങൾക്കെതിരേ ചെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്ത വൈരാഗ്യത്തിലാണ് തന്നെ അഞ്ചാം പ്രതിയാക്കിയത് എന്നാണ് ശരത്തിന്റെ പരാതി.
അന്ന് ചെങ്ങന്നൂർ എസ്ഐയായിരുന്ന എൻജി ശ്രീമോനെ അഴിമതിയുടെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ഇൻസ്പെക്ടർ ആയിരുന്ന ആർ. ജോസ് ഇപ്പോൾ ചെങ്ങന്നൂർ ഡിവൈഎസ്പിയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഡിവൈഎസ്പി പി വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ശരത്തിന്റെ മൊഴി എടുത്തു. അന്നത്തെ ക്ഷേത്രഭരണ സമിതി പ്രസിഡന്റാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ. ഇവർക്കെതിരേയാണ് ശരത്തിന്റെ മൊഴി എന്നറിയുന്നു. ഗോപകുമാർ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും ഉണ്ട്.
കേസ് ക്രൈംബ്രാഞ്ചിന് വിട്ടപ്പോഴേ ബിജെപി നേതൃത്വം സിപിഎമ്മിനും മന്ത്രിക്കും എതിരായി. ബിജെപിയും സജി ചെറിയാനുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം ഏറെ നാളായി ചെങ്ങന്നൂരിൽ മുഴങ്ങുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലശങ്കറെ ഒഴിവാക്കി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയതു പോലും ഈ ധാരണ പ്രകാരമാണെന്ന് ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ ക്രൈംബ്രാഞ്ചിന്റെ വരവിന് പിന്നിൽ സജി ചെറിയാൻ ആണെന്ന് നേതൃത്വം കരുതുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇതുവരെ കാണാത്ത അഴിമതികളൊക്കെ ഇപ്പോൾ കണ്ടു തുടങ്ങിയിരിക്കുന്നത്.
വരട്ടാർ പുനരുജ്ജീവനത്തിന്റെ പേരിൽ വൻ മണൽക്കൊള്ള നടന്നിരുന്നു. ജലവിഭവ വകുപ്പ് തന്നെ ഇക്കാര്യം സമ്മതിച്ചു കൊണ്ട് കരാറുകാരന് കത്തുകൊടുത്തിരുന്നു. 10 കോടിയിൽ അധികം രൂപയുടെ മണലാണ് പ്രാവിൻകൂട്ടിലുള്ള ഡമ്പിങ് യാർഡിലേക്ക് മാറ്റിയത്. ചെളി വരട്ടാറിൽ തന്നെ ഉപേക്ഷിച്ച ശേഷം മണൽ മാത്രം അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് മന്ത്രിയുടെ ഒത്താശയോടെ ആണെന്ന ആക്ഷേപം നിലനിന്നിരുന്നു. മണലൂറ്റിനെതിരേ പ്രദേശവാസികൾ അടക്കം പ്രതികരിച്ചപ്പോഴും ബിജെപി മിണ്ടിയിരുന്നില്ല. പക്ഷേ, ഇപ്പോൾ ബിജെപി ജില്ലാ പ്രസിഡന്റ സട കുടഞ്ഞെണിറ്റു. മന്ത്രി സജി ചെറിയാന്റെ പേര് പറഞ്ഞാണ് എംവി ഗോപകുമാർ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ബിജെപി-സിപിഎം രഹസ്യ ധാരണയിൽ തുടർന്നിരുന്ന തിരുവൻവണ്ടൂർ പഞ്ചായത്ത് ഭരണവും സിപിഎമ്മിന് നഷ്ടമായി. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയിൽ സിപിഎം പഞ്ചായത്ത് ഭരിച്ചു പോരുകയായിരുന്നു. എന്നാൽ, താഴികക്കുടം കേസ് പൊങ്ങിയതോടെ ധാരണ തെറ്റി. ബിജെപി അവിശ്വാസം കൊണ്ടു വന്നു. നാണം കെട്ട് പുറത്താകുന്നതിന് മുൻപ് സിപിഎമ്മിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ചു. 13 അംഗ ഭരണ സമിതിയിൽ ബിജെപി അഞ്ച്, സിപിഎം നാല്, കോൺഗ്രസ് മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.