ചെന്നൈ: രണ്ടു വെള്ളപ്പൊക്കങ്ങളുടെ ആഘാതത്തിൽ നിന്നു പതിയെ ആശ്വാസ തീരത്തേക്ക് അടുക്കുകയാണു ചെന്നൈ. മഴയും വെയിലും മാറി നിന്ന ഇന്നലെ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ചു. വാണിജ്യ കേന്ദ്രങ്ങളായ ടി നഗർ, എഗ്മൂർ, പുരുഷവാക്കം എന്നിവിടങ്ങളിൽ വെള്ളമിറങ്ങി. മിക്ക മേഖലകളിലും സാധാരണ ജനജീവിതവും തിരക്കും മടങ്ങിയെത്തി.

എന്നാൽ, കെകെ നഗർ, അശോക് നഗർ, പുളിയന്തോപ്പ് തുടങ്ങിയ ഇടങ്ങളിൽ ഇപ്പോഴും വെള്ളമുണ്ട്. ഒട്ടേറെ ഉൾറോഡുകളിൽ അഴുക്കുചാലുകൾ കവിഞ്ഞൊഴുകിയതുമൂലം ചെളി നിറഞ്ഞിരിക്കുകയാണ്. 720 കിലോമീറ്ററോളം റോഡുകളാണു വെള്ളക്കെട്ടായത്. ചെന്നെയിൽ ഇന്നലെ അതിരാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.

അതേസമയം, ബംഗാൾ ഉൾക്കടൽ ആൻഡമാൻ ഭാഗത്തു ന്യൂനമർദം രൂപം കൊണ്ടതിനെ തുടർന്ന് കന്യാകുമാരി ഉൾപ്പെടെ തമിഴ്‌നാടിന്റെ തെക്കൻ മേഖലയിൽ കനത്ത പേമാരി തുടരുകയാണ്.