തിരുവനന്തപുരം: തമിഴ്‌നാട് ഇന്ന് വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈ നഗരം സാക്ഷ്യം വഹിച്ചത്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ മലയാളിയെന്നോ തമിഴനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ദുരിതക്കയത്തിൽ ആക്കുകയായിരുന്നു പ്രളയം. ചെന്നൈ നഗരം മുഴുവൻ വെള്ളത്തിനടിയിൽ ആയപ്പോൾ ലക്ഷങ്ങളാണ് ദുരിതത്തിൽ ആയത്. പ്രളയത്തിൽ തമിഴ് ജനതയുടെ കണ്ണീരൊപ്പാൻ വേണ്ടി ഒരു വിഭാഗം സജീവമായി രംഗത്തിറങ്ങിയപ്പോൾ തന്നെ മറ്റൊരു വിഭാഗം ഈ അവസരം മുതലാക്കി കൊള്ളലാഭം കൊയ്യാനും തയ്യാറായി.

ഇങ്ങനെ പ്രളയ ദുരന്തത്തിൽ ചെന്നൈയിൽ മലയാളികൾ അടക്കമുള്ളവർ അനുഭവിച്ച ദുരന്തം എന്തായിരുന്നുവെന്ന് മറുനാടൻ മലയാളിയോട് വ്യക്തമാക്കുകയാണ് അപൂർവ് നായർ എന്ന മലയാളി വിദ്യാർത്ഥി.  ചെന്നൈ എസ്ആർഎം കോളേജിൽ ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയായ അപൂർവ് വളരെ കഷ്ടപ്പെട്ടാണ് വീട്ടിൽ എത്തിയത്. ചെന്നൈ നഗരത്തിൽ മൂന്ന് ദിവസത്തോളം കുടുങ്ങിക്കഴിയേണ്ടി വന്ന അപൂർവ്വ് മറുനാടൻ മലയാളിയോട് തന്റെ ദുരിതാനുഭവം വിവരിച്ചത് ഇങ്ങനെയാണ്:

കനത്ത മഴയെ തുടർന്ന് എസ്ആർഎം കാമ്പസിലെ ഹോസ്റ്റലിൽ വെള്ളം കയറിയതോടെയാണ് കോളേജ് അധികൃതർ അവധി നൽകി നാട്ടിലേക്ക് പൊയ്‌ക്കോളാൻ നിർദ്ദേശിച്ചത്. വിജയവാഡയിലെ വീട്ടിലേക്ക് പോകാനായിരുന്നു എന്റെ തീരുമാനം. ഇത് പ്രകാരം കൂട്ടുകാരുമൊന്നിച്ച് ഞാൻ ചെന്നൈ സബർബൻ ട്രെയിനിൽ കയറുകയായിരുന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തി ട്രെയിൻ ലഭിക്കുമോ എന്നതായിരുന്നു ഉദ്ദേശം. എന്നാൽ ഉച്ചകഴിഞ്ഞ് കയറിയ ട്രെയിൻ വെള്ളപ്പൊക്കത്തെതുടർന്ന് ഗുഡവഞ്ചേരി എത്തിയപ്പോൾ യാത്ര അവസാനിപ്പിച്ചു. എങ്ങോട്ടും പോകാൻ സാധിക്കാത്തതിനാൽ അന്ന് മുഴുവൻ ട്രെയിനിൽ കഴിച്ചുകൂട്ടി. ഇതിനിടെ ഫോൺനെറ്റ്‌വർക്കുകളെല്ലാം തകരാറിൽ ആയിരുന്നു. തന്റെ ഭാഗ്യം കൊണ്ടാകാം, ഈ സമയത്ത് എയർടെൽ നെറ്റ്‌വർക്ക് ഉണ്ടായിരുന്നു.

ട്രെയിനിൽ ഇരുന്ന് തന്നെ അച്ഛൻ മധുകുമാറിനെ ബന്ധപ്പെടുകയായിരുന്നു ഞാൻ ചെയ്തത്. കാര്യം അറിഞ്ഞപ്പോൾ അച്ഛൻ അപ്പോൾ തന്നെ യാത്ര ഡോട്ട്‌കോം വഴി കട്ടംകുളത്തിന് സമീപം തമ്പാരം എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. മുറി കിട്ടിയാൽ അവിടെ കഴിച്ചുകൂട്ടി പതിയെ നാട്ടിലേക്ക് തിരിക്കാം എന്നായിരുന്നു ചിന്ത. മുൻകൂറായി പണം അടച്ച് റൂമിനായി ഡിസംബർ രണ്ടാം തീയ്യതി രാവിലെ ഹോട്ടലിൽ എത്തിയപ്പോൾ റൂം നൽകാൻ അവർ തയ്യാറായില്ല. പ്രളയത്തെ തുടർന്ന് കൂടുതൽപേർ ഹോട്ടലിലേക്ക് എത്തുന്ന സാചര്യത്തിൽ ഇവരിൽ നിന്നും ഇരട്ടിപ്പണം ഈടാക്കി പണം കൈപ്പറ്റുകയായിരുന്നു ഹോട്ടൽ അധികൃതർ. ഓൺലൈൻ വഴി ബുക്ക് ചെയ്തതിനാൽ മുറി നൽകാൻ അവർ തയ്യാറായില്ല.

അപ്പോഴേക്കും എന്റെ സുഹൃത്തുക്കളും പിരിഞ്ഞു പോയിരുന്നു. എല്ലായിടത്തും വെള്ളം കയറിയിരുന്നു. ഓട്ടോറിക്ഷകൾ ഇതിനിടെ സർവീസ് നടത്തുന്നുണ്ടായിരുന്നു. റൂം കിട്ടാത്ത അവസ്ഥയിൽ നാട്ടിലേക്ക് ബസോ ട്രെയിനോ കിട്ടുമോ എന്നതായിരുന്നു തന്റെ അടുത്ത ലക്ഷ്യം. തുടർന്ന് രണ്ട് കിലോമീറ്ററോളം വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ നടന്നു. പിന്നീട് എയർപോർട്ടിൽ പോയി വിമാനം കിട്ടുമോ എന്നായിരുന്നു നോക്കിയത്. എന്നാൽ അവിടെ എത്തിയപ്പോഴേക്കും വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളം അടച്ചിരുന്നു. ഇവിടെ എടിഎം പ്രവർത്തിക്കുന്നുണ്ടായിരുന്നതിനാൽ പണം എടുത്തു.

പിന്നീട് സെന്റ്‌തോമസ് മൗണ്ട് എന്ന സ്ഥലത്തെത്തി. ഇവിടെ നിന്നും ഗുയ്ണ്ടി എന്ന സ്ഥലത്തേക്കാണ് എത്തിയത്. ഇവിടെ നിന്നും ബോട്ടിലാണ് ഫീനിക്‌സ് മാളിൽ എത്തിയത്. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്കായി മാൾ അധികൃതർ ഭക്ഷണവും താമസവും ഒരുക്കിയിരുന്നു. കൂടാതെ മറ്റു പലരും ഭക്ഷണ വിതരണത്തിനായി രംഗത്തുണ്ടായിരുന്നു. അന്ന് രാത്രി ഫീനിക്‌സ് മാളിൽ കഴിച്ചുകൂട്ടി. പിറ്റേന്ന് റെയിൽ സ്റ്റേഷനിലേക്ക് കുറച്ച് നടന്നു പോയി പിന്നീട് ഓട്ടോ പിടിച്ചപ്പോൾ ആയിരം രൂപ വാങ്ങുകയും ചെയ്തു.

ഓട്ടോറിക്ഷക്കാരെ വിളിച്ച് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ നിർദ്ദേശിച്ചപ്പോൾ 2000 രൂപയാണ് കൂലി ചോദിച്ചത്. ഇതിനിടെ ഓൺലൈൻ വഴി ബുക്ക് ചെയ്ത ട്രെയിനുകൾ കാൻസൽ ചെയ്തിരുന്നു. വിജയവാഡയിലേക്ക് ഒരു ട്രെയിൻ പോകുന്നുണ്ടെന്ന അറിയിപ്പു വന്നു. തുടർന്ന് ആ ട്രെയിനിൽ ലോക്കൽ കമ്പാർട്ട്‌മെന്റ് ടിക്കറ്റെടുത്തു. ആൾതിരക്കു കാരണം സ്ലീപ്പറും എസിയും അടക്കമുള്ള കോച്ചുകളിൽ യാത്രക്കാർ കയറിയിരുന്നു. എന്നാൽ റിസർവേഷൻ ഉള്ളവർ പരാതി പറഞ്ഞപ്പോൾ നിന്നു യാത്ര ചെയ്യാൻ ഒരുങ്ങിയ എല്ലാവരെയും റെയിൽവേ പൊലീസ് ഇറക്കിവിട്ടു. മലയാളിയായ ഒരു റെയിൽവേ പൊലീസുകാരനാണ്‌ തന്റെ ഇറക്കിവിട്ടത് എന്നതാണ് അതിലും ഖേദകരമായ കാര്യം. സ്ലീപ്പർ, എസി ക്ലാസുകളിൽ നിന്ന് യാത്ര ചെയ്യാൻ ഒരുങ്ങിയവരെയാണ് ഇറക്കിവിട്ടത്.

അന്ന് രാത്രി മറ്റിടങ്ങളിൽ പോയാൽ റൂം കിട്ടില്ല എന്നതിനാൽ റെയിൽവേസ്റ്റേഷനിൽ തന്നെ തങ്ങി. എന്നാൽ പുലർച്ചെ 3 മണി ആയപ്പോഴേക്കും റെയിൽവേ പൊലീസ് എത്തി അവിടെ നിൽക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒഴിപ്പിക്കുകയായിരുന്നു. സ്ത്രീകളായ യാത്രക്കാരെ മാത്രമാണ് ഇരിക്കാൻ അനുവദിച്ചത്. അവിടെ നിന്നും പുറത്തിറങ്ങി ആര്യാസ് ഹോട്ടലിൽ റൂം അന്വേഷിച്ചപ്പോൾ ഭാഗ്യം കൊണ്ട് മുറി ലഭിച്ചു. അന്ന് അവിടെ തങ്ങാമെന്നാണ് കരുതിയത്. ഇതിനിടെ കോയമ്പത്തൂരിലേക്ക് ബസ് സർവീസ് ഉണ്ടെന്ന് മനസിലായി. കോയമ്പത്തൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു പിന്നീടുള്ള ഏകവഴി. ആ വഴി തന്നെ തിരഞ്ഞെടുത്തു. ഇതിടിനെ പെരുമ്പത്തൂർ എത്തിയാൽ ചില ട്രെയിനുകൾ ലഭിക്കുമെന്ന് അറിഞ്ഞു അവിടെ പോയെങ്കിലും തിരക്കുകാരണം യാത്ര ചെയ്യാൻ സാധിച്ചില്ല.

പിന്നീട് കോയമ്പത്തൂർ ബസിൽ കയറി സേലത്ത് ഇറങ്ങി അവിടെ നിന്നും വിജയവാഡയ്ക്ക് ബസ് കയറുകയായിരുന്നു. അങ്ങനെ ഒരു വിധത്തിലാണ് ഒടുവിൽ വീട്ടിലെത്താൻ സാധിച്ചത്. പ്രളയത്തിന്റെ ദുരന്തം നേരിട്ടു അനുഭവിക്കേണ്ട സാഹചര്യമാണ് ഇതാദ്യാമാണ്. ഭക്ഷണ കാര്യത്തിൽ മാത്രമാണ് അധികം അലയേണ്ടി വരാത്തത്. ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടി നിരവധി സംഘടനകളും മറ്റും രംഗത്തുണ്ടായിരുന്നു. എന്നാൽ കുടിവെള്ളത്തിന്റെ കാര്യത്തിൽ കടുത്ത ക്ഷാമമാണ് നേരിടേണ്ടി വന്നത്. ഇത് തന്റെ മാത്രം അനുഭവം അല്ല, ചെന്നൈയിൽ തന്നേക്കാൾ ദുരിതം നേരിടേണ്ടി വന്ന നിരവധി പേരുണ്ടെന്നും അപൂർവ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.