- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈ സൂപ്പറാ....; പ്ലേയിങ് ഇലവൻ സമ്പൂർണം; ബാറ്റിങ് യൂണിറ്റിൽ വൈവിധ്യമുണ്ട്; ബോളിങ് യൂണിറ്റും മികച്ചത്; താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇടപാടുകളെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്ത
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 14-ാം സീസണിനു മുന്നോടിയായി നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ടീം സെലക്ഷനെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത.
ട്രേഡിങ്ങിലൂടെ വെറ്ററൻ താരം റോബിൻ ഉത്തപ്പയെയും താരലേലത്തിൽ മോയിൻ അലി, കൃഷ്ണപ്പ ഗൗതം എന്നിവരെയും ടീമിലെത്തിച്ച ചെന്നൈ ഒരു സമ്പൂർണ ടീമായി മാറിയെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു.
19.9 കോടി രൂപയുമായി താരലേലത്തിനെത്തിയ ചെന്നൈയ്ക്ക് ഒരു വിദേശ താരം ഉൾപ്പെടെ ആറു താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്. മോയിൻ അലിയെ കൊണ്ടുവന്ന് വിദേശ താരങ്ങളുടെ ക്വോട്ട തികച്ച ചെന്നൈ, കൃഷ്ണപ്പ ഗൗതത്തിനു പുറമെ ചേതേശ്വർ പൂജാര (50 ലക്ഷം), എം.ഹരിശങ്കർ റെഡ്ഡി (20 ലക്ഷം), കെ. ഭഗത് വർമ (20 ലക്ഷം), സി. ഹരിനിഷാന്ത് (20 ലക്ഷം) എന്നിവരെയും സ്വന്തമാക്കി 25 അംഗ ടീം സമ്പൂർണമാക്കി.
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ റിലീസ് ചെയ്ത ഇംഗ്ലിഷ് ഓൾറൗണ്ടർ മോയിൻ അലിയെ ഏഴു കോടി രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. കൂടാതെ കർണാടകക്കാരൻ കൃഷ്ണപ്പ ഗൗതത്തെ 9.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. താരലേലത്തിൽ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ വില ലഭിച്ചത് ഗൗതമിനായിരുന്നു.
'ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ലേലത്തിനു മുൻപേ രാജസ്ഥാനിൽനിന്ന് റോബിൻ ഉത്തപ്പയെ അവർ ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ചു. ഇപ്പോൾ അവരുടെ പ്ലേയിങ് ഇലവൻ നോക്കൂ. അതൊരു സമ്പൂർണ ഇലവനാണ്' ദീപ് ദാസ്ഗുപ്ത പറഞ്ഞു.
'ചെന്നൈയ്ക്കായി ഓപ്പൺ ചെയ്യാൻ ഇക്കുറി റോബിൻ ഉത്തപ്പയും ഋതുരാജ് ഗെയ്ക്വാദുമുണ്ട്. വൺഡൗണായി റോബിൻ ഉത്തപ്പ തിരിച്ചെത്തും. നാലാം നമ്പറിൽ അമ്പാട്ടി റായുഡുവുണ്ട്. അഞ്ചാം നമ്പറിൽ മഹേന്ദ്രസിങ് ധോണിയുണ്ട്. അല്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസിയെ ഇറക്കാം. ഇവർക്കു ശേഷം സാം കറൻ, രവീന്ദ്ര ജഡേജ, ഡ്വെയിൻ ബ്രാവോ എന്നിവരുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇക്കുറി ലേലത്തിൽ വിളിച്ചെടുത്ത മോയിൻ അലിയും കൃഷ്ണപ്പ ഗൗതവും. ഒന്നു മുതൽ ആറു വരെ സ്ഥാനങ്ങളിൽ എവിടെയും ബാറ്റു ചെയ്യാൻ കഴിയുന്ന താരമാണ് അലി' - ഗുപ്ത ചൂണ്ടിക്കാട്ടി.
'ബോളിങ് യൂണിറ്റും മികച്ചതുതന്നെ. ജോഷ് ഹെയ്സൽവുഡും ലുങ്കി എൻഗിഡിയും ഷാർദുൽ താക്കൂറും ദീപക് ചാഹറും സാം കറനും പേസ് ബോളിങ്ങിലുണ്ട്. സഹായിക്കാൻ ബ്രാവോയുണ്ട്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, മോയിൻ അലി, ഇമ്രാൻ താഹിർ, കരൺ ശർമ, കൃഷ്ണപ്പ ഗൗതം എന്നിവരുണ്ട്. ബാറ്റിങ്ങിൽ അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാൻ ചേതേശ്വർ പൂജാരയുണ്ട്. പ്ലേയിങ് ഇലവനെ അടിക്കടി മാറ്റുന്ന ടീമല്ല. ചെന്നൈ എന്നതും ശ്രദ്ധേയും' - ഗുപ്ത പറഞ്ഞു.
ഐപിഎൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്താതെ പുറത്തായ മഹേന്ദ്രസിങ് ധോണിയുടെ ടീം, താരലേലത്തിനു മുന്നോടിയായി 18 താരങ്ങളെ നിലനിർത്തി. ആറു താരങ്ങളെ റിലീസ് ചെയ്തു. കേദാർ ജാദവ്, മുരളി വിജയ്, ഹർഭജൻ സിങ്, പിയൂഷ് ചൗള, മോനു സിങ് എന്നിവരെയാണ് റിലീസ് ചെയ്തത്. ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൻ വിരമിക്കുകയും ചെയ്തു.
ചെന്നൈ സൂപ്പർ കിങ്‌സ്
നിലനിർത്തിയവർ: എം.എസ്. ധോണി, സുരേഷ് റെയ്‌ന, എൻ.ജഗദീശൻ, ഋതുരാജ് ഗെയ്ക്വാദ്, കെ.എം. ആസിഫ്, ജോഷ് ഹെയ്സൽവുഡ്, കരൺ ശർമ, അമ്പാട്ടി റായുഡു, ദീപക് ചാഹർ, ഫാഫ് ഡുപ്ലെസി, ശാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ, മിച്ചൽ സാന്റ്‌നർ, ഡ്വെയിൻ ബ്രാവോ, ലുങ്കി എൻഗിഡി, സാം കറൻ, ആർ. സായ്കിഷോർ, രവീന്ദ്ര ജഡേജ
ട്രേഡ് വഴി: റോബിൻ ഉത്തപ്പ
ലേലത്തിലെടുത്തവർ: കൃഷ്ണപ്പ ഗൗതം (9.25 കോടി), മോയിൻ അലി (ഏഴ് കോടി), ചേതേശ്വർ പൂജാര (50 ലക്ഷം), എം.ഹരിശങ്കർ റെഡ്ഡി (20 ലക്ഷം), കെ. ഭഗത് വർമ (20 ലക്ഷം), സി. ഹരിനിഷാന്ത് (20 ലക്ഷം)
സ്പോർട്സ് ഡെസ്ക്