അബുദാബി: ഐപിഎല്ലിൽ അവസാന പന്തുവരെ ആവേശ പോരാട്ടം കാഴ്ചവച്ച മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ തലപ്പത്ത്. പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിൽ തുടർച്ചയായ മൂന്നാം ജയം നേടിയ ചെന്നൈ പത്ത് മത്സരങ്ങളിൽ നിന്നും പതിനാറ് പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സ് ജഡേജയുടെ വെടിക്കെട്ടിനൊടുവിൽ അവസാന പന്തിൽ രണ്ട് വിക്കറ്റുകൾ ശേഷിക്കെ ജയത്തിലെത്തുകയായിരുന്നു. എട്ട് പന്തിൽ 22 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് കൈവിട്ട മത്സരം ചെന്നൈയ്ക്കായി തിരിച്ചുപിടിച്ചത്. സ്‌കോർ- കൊൽക്കത്ത: 171/6 (20), ചെന്നൈ: 172/8 (20).



ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റിന് 171 റൺസെടുത്തു. രാഹുൽ ത്രിപാഠിക്ക് പിന്നാലെ അവസാന ഓവറുകളിൽ നിതീഷ് റാണയും ദിനേശ് കാർത്തിക്കും തകർത്തടിച്ചതാണ് കൊൽക്കത്തയ്ക്ക് രക്ഷയായത്.

പവർപ്ലേയിൽ മികച്ച സ്‌കോറുണ്ടായിരുന്നെങ്കിലും അശ്രദ്ധ കൊണ്ട് വിക്കറ്റ് വലിച്ചെറിഞ്ഞതോടെ കൊൽക്കത്ത തുടക്കത്തിലെ പ്രതിരോധത്തിലായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ സഹ ഓപ്പണർ വെങ്കടേഷ് അയ്യരുമായുള്ള ആശയക്കുഴപ്പത്തിനിടെ ശുഭ്മാൻ ഗിൽ(9 പന്തിൽ 5) അമ്പാട്ടി റായുഡുവിന്റെ നേരിട്ടുള്ള ത്രോയിൽ വീണു. ഷർദ്ദുൽ ഠാക്കുറിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അയ്യരാവട്ടെ(15 പന്തിൽ 18) എഡ്ജായി വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെ കൈകളിലെത്തി.

നാലാമനായി ക്രീസിലെത്തിയ നായകൻ ഓയിൻ മോർഗന് ഒരിക്കൽ കൂടി ബാറ്റ് കയ്യിലുറച്ചില്ല. 14 പന്തിൽ എട്ട് റൺസെടുത്ത മോർഗനെ ഹേസൽവുഡിന്റെ പന്തിൽ ഡുപ്ലസി പിടിച്ചു. ഒരറ്റത്ത് ഒത്തുപിടിച്ചെങ്കിലും രാഹുൽ ത്രിപാഠിയുടെ പോരാട്ടം 33 പന്തിൽ 42 റൺസിൽ അവസാനിച്ചു. 13-ാം ഓവറിൽ രവീന്ദ്ര ജഡേജ ബൗൾഡാക്കുകയായിരുന്നു. 14 ഓവർ പൂർത്തിയായപ്പോൾ 104-4 എന്ന നിലയിലായിരുന്നു കൊൽക്കത്ത.

പിന്നീടങ്ങോട്ട് കൊൽക്കത്തൻ പ്രതീക്ഷ റാണ-റസൽ സഖ്യത്തിലായി. എന്നാൽ 15 പന്തിൽ 20 റൺസെടുത്ത റസലിനെ 17-ാം ഓവറിലെ നാലാം പന്തിൽ ഠാക്കൂർ ബൗൾഡാക്കിയത് വഴിത്തിരിവായി. എന്നാൽ റാണയും ഡികെയും ചേർന്ന് അവസാന മൂന്ന് ഓവറിൽ 44 റൺസ് കൊൽക്കത്തയ്ക്ക് നേടിക്കെടുത്തു. ഇതോടെ മികച്ച സ്‌കോറിലേക്ക് മോർഗനും സംഘവും എത്തുകയായിരുന്നു. ഹേസൽവുഡിന്റെ അവസാന ഓവറിൽ രണ്ട് പന്ത് ബാക്കിനിൽക്കേ കാർത്തിക്(11 പന്തിൽ 26) പുറത്തായപ്പോൾ റാണയും(27 പന്തിൽ 37), നരെയ്നും(1 പന്തിൽ 0*) പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി ശാർദുൽ ഠാക്കൂർ നാലോവറിൽ ഒരു മെയ്ഡനടക്കം വെറും 20 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ജഡേജ ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ കരുതലോടെ ആക്രമിച്ച് ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്ക്വാദും മികച്ച തുടക്കമാണ് ചെന്നൈക്ക് നൽകിയത്. ഇതോടെ ടീം പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്തു. ഒൻപതാം ഓവറിൽ ആന്ദ്രേ റസലാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 28 പന്തിൽ 40 റൺസെടുത്ത റുതുരാജിനെ മോർഗൻ ക്യാച്ചിൽ മടക്കി. എന്നാൽ ക്രീസിലൊന്നിച്ച മൊയീൻ അലിക്കൊപ്പം ഡുപ്ലസിസ് തകർത്തടിച്ചു. ഇതോടെ 11-ാം ഓവറിൽ ചെന്നൈ 100 കടന്നു.

എന്നാൽ തൊട്ടടുത്ത ഓവറിൽ പ്രസിദ്ധിന്റെ പന്തിൽ ഡുപ്ലസിയെ(30 പന്തിൽ 43) തകർപ്പൻ ക്യാച്ചിൽ ഫെർഗ്യൂസൺ മടക്കി. നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിന്(9 പന്തിൽ 10) തിളങ്ങാനായില്ല. റായുഡുവിനെ നരെയ്ൻ ബൗൾഡാക്കുകയായിരുന്നു. 28 പന്തിൽ 32 റൺസെടുത്ത അലിയെ 17-ാം ഓവറിൽ ഫെർഗ്യൂസൺ പുറത്താക്കിയതോടെ കളി മാറി. വരുൺ ചക്രവർത്തിയുടെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ റെയ്ന(7 പന്തിൽ 11) റണ്ണൗട്ടായി. മൂന്നാം പന്തിൽ ധോണി(4 പന്തിൽ 1) ബൗൾഡായി.



പിന്നീട് കണ്ടത് രവീന്ദ്ര ജഡേജയുടെ അതിവേഗ രക്ഷാ പ്രവർത്തനം. 19-ാം ഓവറിൽ പ്രസിദ്ധിനെ രണ്ട് വീതം ഫോറും സിക്സറും സഹിതം 22 റൺസിന് ശിക്ഷിച്ച് ജഡേജ അവസാന ഓവറിലെ ലക്ഷ്യം നാലായി കുറച്ചു. എന്നാൽ നരെയ്ന്റെ ആദ്യ പന്തിൽ തന്നെ സാം കറൻ(4 പന്തിൽ 4) നാഗർകോട്ടിയുടെ ക്യാച്ചിൽ അവസാനിച്ചു. അഞ്ചാം പന്തിൽ ജഡേജ(എട്ട് പന്തിൽ 22) എൽബിയായെങ്കിലും അവസാന പന്തിൽ സിംഗിളെടുത്ത് ചഹാർ ചെന്നൈയെ ജയിപ്പിച്ചു.