ചെന്നൈ: സിനിമാ സ്‌റ്റൈലിൽ കൊലപാതക സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ കണ്ടെത്താനാകാതെ ചെന്നൈ പൊലീസ് വലയുന്നു. കാമുകിയുടെ മൃതദേഹം കാറിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കൊലപാതകവിവരം പുറത്തായതിനെത്തുടർന്നാണ് പ്രതി സമർത്ഥമായി മുങ്ങിയത്.

മാർച്ച് 9ന് തിങ്കളാഴ്ച രാത്രി കിൽപ്പോക്ക് സെക്രട്ടേറിയറ്റ് കോളനിയിലാണ് ചൂളൈ സ്വദേശി ശ്രീനിവാസന്റെ മകൾ അരുണയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്പത്തൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരൻ ദിനേശിനെയാണ് പൊലീസ് തിരയുന്നത്. ഫ്‌ളാറ്റിനുമുന്നിൽ നിർത്തിയിട്ടിരുന്ന അരുണയുടെ സ്‌കൂട്ടറിലാണ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പൊലീസ് എത്ര തെരഞ്ഞിട്ടും ദിനേശിന്റെ തുമ്പു പോലും കിട്ടിയില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല.

പ്രതി ചെന്നൈ വിട്ടുപോകാൻ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനാകുന്നില്ല. പ്രതിയുടെ ബന്ധുക്കളേയും ഉറ്റ സുഹൃത്തുകളേയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും മൊബൈൽഫോൺ സിഗ്‌നലുകൾ തേടിയുള്ള തിരച്ചിലും ഫലം കാണുന്നില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.

രക്ഷപ്പെടാൻ ഉപയോഗിച്ച സ്‌കൂട്ടർ പൊലീസ് പിന്നീട് കണ്ടെടുത്തു. നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ പ്രതിയുടെ ചിത്രം സഹിതമുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും കൂടുതലായി വിവരങ്ങളൊന്നും ലഭിക്കുന്നില്ല.