- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്ക് താഴെവയ്ക്കേണ്ടത് പൊലീസോ മാവോവാദികളോ? ആഭ്യന്തര വകുപ്പിനെതിരായ ജോർജ്ജിന്റെ ഒളിയമ്പിൽ പ്രകോപിതനായി ആഭ്യന്തരമന്ത്രി; പിന്തുണയ്ക്ക് ഐ ഗ്രൂപ്പും; ചീഫ് വിപ്പിനെ പ്രകോപിപ്പിച്ചത് മനോരമ വാർത്തയോ?
തൃശൂർ: ആയുധം താഴെ വയ്‌ക്കേണ്ടത് മാവോയിസ്റ്റുകളോ അതോ പൊലീസോ? കേരളീയ സമൂഹത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത് സർക്കാർ ചീഫ് വിപ്പ് പിസി ജോർജ്ജാണ്. മാവോയിസ്റ്റുകളോടുള്ള സ്‌നേഹത്തിനപ്പുറമൊരു രാഷ്ട്രീയം പിസിയുടെ പ്രസ്താവനയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കണ്ടു. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനും തീരുമാനിച്ചു. അങ്ങനെ ആയുധം താ
തൃശൂർ: ആയുധം താഴെ വയ്‌ക്കേണ്ടത് മാവോയിസ്റ്റുകളോ അതോ പൊലീസോ? കേരളീയ സമൂഹത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത് സർക്കാർ ചീഫ് വിപ്പ് പിസി ജോർജ്ജാണ്. മാവോയിസ്റ്റുകളോടുള്ള സ്‌നേഹത്തിനപ്പുറമൊരു രാഷ്ട്രീയം പിസിയുടെ പ്രസ്താവനയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കണ്ടു. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനും തീരുമാനിച്ചു. അങ്ങനെ ആയുധം താഴെയവയ്‌ക്കേണ്ടത് മാവോയിസ്റ്റുകളാണെന്ന അഭിപ്രായവുമായി രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. തൊട്ടുപിറകെ ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ അടുപ്പക്കാരനായ കെ മുരളീധരനും.
മാവോയിസ്റ്റുകളെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നതായിരുന്നു പിസി ജോർജ്ജിന്റെ പത്രസമ്മേളനം. മാവോയിസ്റ്റുകളുടെ പ്രവർത്തനം സമൂഹത്തിന് ഗുണകരമാണെന്ന് പോലും ജോർജ്ജ് പരോക്ഷമായി വ്യക്തമാക്കി. സാമൂഹിക-പാരിസ്ഥിത പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന തൃശൂർ കേന്ദ്രീകരിച്ചുള്ള കേരളീയം മാസികയെ മാവോയിസ്റ്റ് ബന്ധത്തിൽ സംശയം ആരോപിച്ച് കഷ്ടപ്പെടുത്തിയ പൊലീസുകാരാരും ജോർജ്ജിന്റെ പ്രസ്താവന കേട്ടില്ല. കണ്ടുമില്ല.
കേരളീയം മാസികയുടെ ഓഫീസിൽ അർദ്ധ രാത്രി റെയ്ഡ് നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്ത ആർജ്ജവം സംസ്ഥാന പൊലീസിന് പിസിക്കെ എതിരെ കാട്ടാനാകില്ല. കാരണം രാഷ്ട്രീയമായ കരുത്ത് സർക്കാർ ചീഫ് വിപ്പിനുണ്ട്. എന്നാലും തന്റെ വകുപ്പിനെ വിമർശിച്ചാൽ കേട്ടിരിക്കാൻ ആഭ്യന്തരമന്ത്രിക്കും ഐ ഗ്രൂപ്പിനും കഴിയുകയുമില്ല. ആഭ്യന്തര വകുപ്പിന്റെ പ്രതിശ്ചായ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് ജോർജ്ജ് നടത്തുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ വിലയിരുത്തൽ.
അതിനിടെ മാവോയിസ്റ്റ് ആശയം പ്രചരിപ്പിച്ചാൽ കുടുങ്ങുമെന്ന മനോരമ വാർത്തായണ് ജോർജ്ജിനെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്. ഫെയ്‌സ് ബുക്കിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റിട്ടാൽ പൊലീസ് കേസെടുക്കുമെന്ന് മനോരമ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ നിരീക്ഷിക്കാൻ സൈബർ സെല്ലിൽ പ്രത്യേക വിഭാഗമുണ്ടെന്നായിരുന്നു തൃശൂർ ഡേറ്റ് ലൈനിൽ പത്രത്തിൽ വന്ന വാർത്ത. ആരു പരാതി നൽകിയില്ലെങ്കിലും പൊലീസ് കേസ് എടുക്കമെന്നായിരുന്നു ഉള്ളടക്കം. ഇങ്ങനെ സ്വന്തം അഭിപ്രായം വ്യക്തമാക്കുന്നവരെ കുടുക്കാനുള്ള പൊലീസ് നീക്കത്തെയാണ് വാർത്താ സമ്മേളനത്തിലൂടെ പിസി ജോർജ്ജ് ചോദ്യം ചെയ്യുന്നത്. മാവോയിസ്റ്റുകൾ എതിർക്കപ്പെടേണ്ടവരല്ലെന്നും സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും പിസി ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.
കോടിക്കണക്കിനു രൂപ മുടക്കി തോക്കിൻകുഴലിലൂടെ ഇവരെ നേരിടേണ്ട കാര്യമില്ല. ആശയപരമായാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത്. മാവോയിസ്റ്റുകളെ നേരിടാൻ പൊലീസ് വകുപ്പ് ആയുധം ശേഖരിക്കുന്ന നടപടിയോട് യോജിക്കാനാവില്ല. കേരളത്തിലുണ്ടെന്ന് പറയുന്ന പത്തോ ഇരുപതോ മാവോയിസ്റ്റുകൾക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചെലവഴിക്കേണ്ടത്. ആശയപരമായ ചർച്ചകളിലൂടെ അവരെ തീവ്രവാദത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനാകണം സർക്കാർ പണം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കരിഓയിൽ സമരങ്ങൾ നടത്തുന്നവർക്ക് മാവോയിസ്റ്റുകളെ കുറ്റം പറയാനാകില്ലെന്നും പിസി കൂട്ടിച്ചേർക്കുന്നു
മാവോവാദികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ തള്ളിക്കളയാനാവില്ല. ആദിവാസികൾക്കു വേണ്ടിയും കൊള്ളപ്പലിശക്കാർക്ക് എതിരെയുമാണ് അവർ പറയുന്നത്. മാവോയിസ്റ്റുകളുടെ ആശയപ്രചരണത്തിൽ സമൂഹത്തിൽ അവഗണന നേരിടുന്നവരും ആദിവാസികളും പാർശ്യവൽക്കരിക്കപ്പെട്ടവരും ആകൃഷ്ടരാകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാനം മാറി മാറി ഭരിച്ചവർക്കാണ്. മാവോവാദി സാന്നിധ്യം കാരണം സർക്കാർ ഉദ്യോഗസ്ഥർ അൽപം കൂടി കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നതും തിരിച്ചറിയണമെന്നും പി.സി. ജോർജ് പറഞ്ഞു. ബ്ലേഡ് മാഫിയയുടെ ചെയ്തികൾക്ക് എതിരെയാണ് മാവോയിസ്റ്റ് പ്രവർത്തനമെന്നും ജോർജ്ജ് പറയുന്നു.
എന്നാൽ ഇതിലൊക്കെ രാഷ്ട്രീയമുണ്ടെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. തന്റെ പ്രതിശ്ചായ തകർക്കാൻ കോൺഗ്രസിനുള്ളിൽ നിന്നുള്ള നീക്കത്തെ ജോർജ്ജ് പിന്തുണയ്ക്കുന്നതാണ് ഇതൊക്കെയെന്ന് ചെന്നിത്തല കരുതുന്നു. അതുകൊണ്ട് കൂടിയാണ് രൂക്ഷമായി തന്നെ പ്രതികരിക്കുന്നത്. പൊലീസിനെ ഉപദേശിക്കേണ്ടെന്നും മാവോയിസ്റ്റുകളെ ഉപദേശിക്കാനുമാണ് ജോർജ്ജിനുള്ള മറുപടി. ആയുധം ഉപേക്ഷിക്കാൻ ആദ്യം ഉപദേശിക്കണ്ടത് മാവോയിസ്റ്റുകളെയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ബുള്ളറ്റുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് സർക്കാരും കരുതുന്നില്ല. അക്രമം അവസാനിപ്പിച്ചാൽ മാവോയിസ്റ്റ് വേട്ട നിർത്താൻ സർക്കർ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. ആദിവാസി പ്രശ്‌നങ്ങളിൽ കരുതലോടെ സർക്കാർ ഇടപെടുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇതിന് തൊട്ടു പിറകേയാണ് ആഭ്യന്ത്രമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ ഐ ഗ്രൂപ്പിലെ പ്രമുഖനായ കെ മുരളീധരനും എത്തിയത്. ആയുധങ്ങളുമായി വരുന്ന മാവോയിസ്റ്റുകളെ അമർച്ച ചെയ്യുക തന്നെ വേണമെന്ന് കെ. മുരളീധരൻ എംഎൽഎ വ്യക്തമാക്കി. അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് നുഴഞ്ഞു കയറുന്ന മാവോയിസ്റ്റുകളെ അമർച്ച ചെയണമെന്നാണ് സർക്കാരിന്റെ നയമെന്നും മുരളീധരൻ പറഞ്ഞു. ആയുധമെടുത്ത് ആക്രമം നടത്തുന്നവരെ അടിച്ചമർത്തുക തന്നെ വേണമെന്നാണ് മുരളീധരന്റെ ആവശ്യം. പഴയ നക്‌സലുകളുടെ പുതിയ പതിപ്പാണ് മാവോയിസ്റ്റുകളെന്നും പറയുന്നു. ആങ്ങനെ ആഭ്യന്തര വകുപ്പിനെതിരെ ആരെന്ത് ആക്ഷേപം ഉയർത്തിയാലും ഐ ഗ്രൂപ്പ് വെറുതെ ഇരിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് മുരളീധരൻ.
വരും ദിവസങ്ങളിൽ പിസി ജോർജ്ജിന്റെ പ്രതികരണത്തിൽ കൂടുതൽ ചർച്ചകൾ ഉയർന്നുവരുമെന്നും ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കഴിവുകേടായി മാവോവാദികളുടെ സാന്നിധ്യത്തെ മാറ്റിയെടുക്കാതിരിക്കാനുള്ള കർശന ജാഗ്രതയുണ്ടാകും.