- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പ്രിങ്ലർ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് നേരത്തെ മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അട്ടിമറിക്കുന്നതിന്; ആദ്യം ഒരു കമ്മിറ്റിയെ വയ്ക്കുകയും അവർ സമഗ്രമായ റിപ്പോർട്ട് നൽകുകയും ചെയ്ത സ്ഥിതിക്ക് വീണ്ടും ഒരു കമ്മിറ്റിയെ അതേ കാര്യത്തിൽ വച്ചത് സംശയകരമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: സ്പ്രിങ്‌ളർ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് നേരത്തെ മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അട്ടിമറിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസ്‌ക്‌ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി എം.മാധവൻ നമ്പ്യാരും കേന്ദ്ര സർക്കാരിന്റെ മുൻ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്ററുമായ ഡോ: ഗുൽഷൻ റായിയും അടങ്ങുന്ന കമ്മിറ്റി സ്പ്രിംഗൽ ഇടപാടിൽ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെല്ലാം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആ റിപ്പോർട്ട്.
ഒരു വിദേശ കമ്പനിയുമായി കരാർ ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളൊന്നും സ്പ്രിംഗൽ കമ്പനിയുമായി കരാർ ഒപ്പിട്ടപ്പോൾ പാലിച്ചിട്ടില്ലെന്നും നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ആ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. നിയമവകുപ്പുമായി മാത്രമല്ല, കോവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യ വകുപ്പുമായും കൂടിയാലോചിച്ചിട്ടില്ലെന്നും ആ കമ്മിറ്റി കണ്ടെത്തിയിരുന്നു. മാത്രമല്ല സ്പിംഗൽിന്റെ പക്കൽ എത്തിച്ചേർന്ന 1.8 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങൾ ആവർ നശിപ്പിച്ചു എന്ന് ഉറപ്പ് പറയാനാവില്ലെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു.
വിരവര ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ സംവിധാനമില്ലെന്നും കമ്മിറ്റി കണ്ടെത്തി. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാ അവകാശ വാദങ്ങളെയും പൊളിച്ചടുക്കുന്നതായിരുന്നു ആ റിപ്പോർട്ട്. സ്പ്രിംഗൽ ശേഖരിച്ച പൊതുജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാണെന്ന സർക്കാരിന്റെ അവകാശ വാദത്തെ തള്ളുന്നതായിരുന്നു ആ റിപ്പോർട്ട്.
സർക്കാരിന്റെ മുഖം നഷ്ടപ്പെടുന്നതിനാലാണ് ആ റിപ്പോർട്ട് പുറത്തു കാണിക്കാതെ മറ്റൊരു കമ്മിറ്റിയെ വച്ചത്. മുൻ നിയമസെക്രട്ടറി കെ.ശശിധരൻ നായരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി. ഹൈദരാബാദ് ജവഹർലാൽ സാങ്കേതിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫ. ഡോ.വിനയ ബാബു, തിരുവനന്തപുരം എൻജിനയറിങ് കോളേജ് പ്രൊഫസർ ഡോ.ഉമേഷ് ദിവാകരൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. കരാർ ഒപ്പിടുമ്പോൾ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, അസാധാരണമായ അവസ്ഥയിലെടുത്ത തീരുമാനമെന്ന നിലയ്ക്ക് കരാറിലെ വീഴ്ചകൾ ന്യായീകരിക്കാവുന്നതാണോ, ഡാറ്റാ സുരക്ഷിതത്വമുറപ്പാക്കാൻ എന്തൊക്കെ ചെയ്യേണ്ടിയിരുന്നു തുടങ്ങിയവയാണ് പുതിയ കമ്മിറ്റിയുടെ പരിശോധനാ കാര്യങ്ങൾ. ഇതൊക്കെ തന്നെയാണ് പഴയ കമ്മിറ്റിയും പരിശോധിച്ചത്. മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് വിശകലനം ചെയ്യാനും പുതിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം ഒരു കമ്മിറ്റിയെ വയ്ക്കുകയും അവർ സമഗ്രമായ റിപ്പോർട്ട് നൽകുകയും ചെയ്ത സ്ഥിതിക്ക് വീണ്ടും ഒരു കമ്മിറ്റിയെ അതേ കാര്യത്തിൽ വച്ചത് സംശയകരമാണ്. ഇത് പഴയ റിപ്പോർട്ട് അട്ടിമറിക്കുന്നതിനാണ്. അസാധാരണ സാഹചര്യത്തിലെടുത്ത അസാധാരണ തീരുമാനം എന്നാണ് അന്ന് സർക്കാർ സ്പിംഗൽ കരാറിനെ ന്യായീകിരച്ചത്. അത് സ്ഥാപിച്ചെടുക്കുന്നതിനാണ് ഇപ്പോൾ പുതിയ കമ്മിറ്റിയെ വച്ചത്. സർക്കാരിന് വൻവീഴ്ചയാണുണ്ടായതെന്ന് ആദ്യ കമ്മിറ്റി റിപ്പോർട്ടിൽ നിന്നു തന്നെ വ്യക്തമാണ്. ആ വീഴ്ചയാകട്ടെ ബോധപൂർവ്വം ചെയ്തതുമാണ്.
കോവിഡ് വ്യപിച്ചു തുടങ്ങിപ്പോൾ അത് തന്നെ അവസരമെന്ന മട്ടിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ച് നൽകാനുള്ള ഗൂഢശ്രമമാണ് നടന്നത്. കോടികൾ കൊയ്യാനുള്ള ഈ പദ്ധതി തയ്യാറാക്കിയതും കരാറിൽ ഒപ്പിട്ടതുമെല്ലാം സ്വർണ്ണക്കടത്തു കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനായിരുന്നു. ശിവശങ്കരന്റെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ പ്രോജക്ടുകളും തട്ടിപ്പ് പദ്ധതികളാണ്. അത് പോലെ ഒരു തട്ടിപ്പു തന്നെയായിരുന്നു സ്പ്രിഗൽ ഇടപാടും.
മുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയെ മാത്രം എല്ലാം അറിയിച്ചു കൊണ്ടാണ് സ്പിംഗൽ ഇടപാട് നടത്തിയത്. മുഖ്യമന്ത്രിക്ക് മാത്രം എല്ലാ കാര്യങ്ങളും അറിവുണ്ടായിരുന്നു. മാത്രമല്ല മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ശിവശങ്കരൻ പ്രവർത്തിച്ചത്. കരാർ ഒപ്പിടുമ്പോൾ സെക്രട്ടേറിയറ്റിൽ ഒരു ഫയൽ പോലും രൂപപ്പെട്ടിരുന്നില്ല. അമ്പരപ്പിക്കുന്ന വസ്തുതയായിരുന്നു ഇത്. ഭരണഘടനയെയും ചട്ടങ്ങളെയും നഗ്നമായി ലംഘിച്ച് ഒരു വിദേശ കമ്പനിയുമായി കരാർ ഉണ്ടക്കിയത് നിസ്സാര കാര്യമല്ല. മുഖ്യമന്ത്രിയെ എല്ലാ കാര്യങ്ങളും അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അനുവാദത്തോയെയാണ് ഈ നിയമലംഘനം നടന്നത്. അതിനാൽ അതിലെ വീഴ്ചയ്ക്ക് മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. അതിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ പുതിയ കമ്മിറ്റിയെ വച്ചിരിക്കുന്നത്.
ഒരു കമ്മിറ്റിയെ വച്ച് പരിശോധിപ്പിക്കുക. അതിന്റെ റിപ്പോർട്ട് പ്രതികൂലമാണെന്ന് കാണുമ്പോൾ മറ്റൊരു കമ്മിറ്റിയെ വയ്ക്കുക. ഇനി ഈ കമ്മിറ്റിയുടെ റിപ്പോർട്ടും പ്രതികൂലമായാൽ വീണ്ടും മറ്റൊരു കമ്മിറ്റിയെ വയ്ക്കും. ഇത് അംഗീകിരക്കാനാവില്ല.
ആദ്യ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച് കുറ്റക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള കർശനമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് എന്നും ചെന്നിത്തല പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്