കണ്ണൂർ: കോൺഗ്രസിലെ ഐ വിഭാഗത്തിന് പ്രതീക്ഷയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യകേരളയാത്ര. മലബാറിൽ യാത്രയ്ക്ക് ലഭിച്ച സ്വീകരണമാണ് ഇതിന് കാരണം. ജാഥാനായകൻ രമേശ് ചെന്നിത്തലയെപ്പോലും അദ്ഭുതപ്പെടുത്തുന്നതായി വടക്കൻ മലബാറിൽ ഒഴുകിയെത്തിയ പ്രവർത്തകരുടെ എണ്ണം. ജാഥയിലെ ജനപങ്കാളിത്തം കോവിഡ് പടരുന്നതിന് കാരണമാകുമെന്ന കുറ്റപ്പെടുത്തലുമായി സിപിഎം എത്തിയതും ഈ ജനപിന്തണ കാരണമാണെന്ന് കോൺഗ്രസ് പറയുന്നു.

യാത്ര വിജയിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേരും അതിശക്തമായി ഉയരും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രഖ്യാപിച്ചു കഴിഞ്ഞു. അക്കാര്യങ്ങൾ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ നേതൃത്വം തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ഈ ആഴ്ച തന്നെ ആരംഭിക്കും. 50% സീറ്റുകളിൽ പുതുമുഖങ്ങളെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രയുടെ ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായ ജനപങ്കാളിത്തം യുഡിഎഫിന് ആവേശം പകരുന്നതായി. കോവിഡ് കാലത്ത് ഈ ജനപങ്കാളിത്തം യുഡിഎഫ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നില്ല. ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാണ് ഐ ഗ്രൂപ്പ് യാത്ര പ്ലാൻ ചെയ്തത്. ഇതിനിടെ നേതാവായി ഉമ്മൻ ചാണ്ടി കൂടിയെത്തി. ഇതോടെ ചെന്നിത്തലയുടെ യാത്ര പൊളിയുമെന്നും ആരും ഉണ്ടാകില്ലെന്നും കണക്കു കൂട്ടലെത്തിച്ചു. ചെന്നിത്തലയുടെ നേതൃത്വത്തെ ജനങ്ങൾ തള്ളിക്കളയുന്നുവെന്ന പ്രചരണത്തിനുള്ള അടിയാണ് ഈ പങ്കാളിത്തമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ഗ്രൂപ്പുകൾക്ക് അപ്പുറം ചെന്നിത്തലയെ കോൺഗ്രസുകാർ നേതാവായി കാണുന്നുവെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ.

സിപിഎം കണക്കുകൂട്ടൽ തെറ്റിയതിന്റെ പേരിലാണു സ്വീകരണങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകളെന്നും യുഡിഎഫ് പറയുന്നു. 'ജാഥയുടെ വിജയം കണ്ടു സിപിഎമ്മിനു വിറളി പിടിച്ചു' എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എപ്പോഴും ഇടതുപക്ഷത്തിനു മേൽക്കയ്യുണ്ടാവാറുള്ള കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പോലും വലിയ തിരക്ക് കണ്ടു. വടക്കൻ കേരളത്തിൽ കൂടുതൽ സീറ്റ് പിടിച്ചാൽ ഭരണം പിടിക്കാമെന്ന വിലയിരുത്തൽ യുഡിഎഫ് നേതൃത്വത്തിനുണ്ട്. കോൺഗ്രസ് തനിച്ച് 15 സീറ്റാണ് ലക്ഷ്യമിടുന്നത്.

യാത്രയുടെ വിജയത്തിൽ മുസ്ലിം ലീഗിനു വലിയ പങ്കുണ്ട്. ഇതിനൊപ്പമോ മേലെയോ നിൽക്കുന്ന ആവേശം കോൺഗ്രസിൽ നിന്നും പോഷക സംഘടനകളിൽനിന്നുമുണ്ടായി എന്നതും ശ്രദ്ധേയമായി. യുഡിഎഫിലെ സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും. അതിന് ശേഷം കോൺഗ്രസും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കും. സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം വിജയസാധ്യത തന്നെയെന്ന് ഹൈക്കമാണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

വനിതകൾക്കും യുവാക്കൾക്കും മുതിർന്ന നേതാക്കൾക്കും അർഹമായ പരിഗണന ലഭിക്കും. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും സ്ഥാനമുണ്ടാകും. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. 5 വർഷത്തെ ഭരണം പരാജയമായിരുന്നു. സ്വർണക്കടത്ത് ഉൾപ്പെടെ ഒട്ടേറെ അഴിമതിക്കേസുകൾ സർക്കാർ നേരിടുകയാണ്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പത്രിക തയാറാക്കാൻ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ പര്യടനം നടത്തും. ചെന്നിത്തലയുടെ യാത്രയ്‌ക്കൊപ്പം തരൂരിന്റെ പരിപാടിയും വിജയമാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

കർഷകർ, തൊഴിലാളികൾ, യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി സംവദിക്കും. സന്നദ്ധസംഘടനകളുടെ നിർദേശങ്ങളും പരിഗണിക്കും. യുഡിഎഫിനെതിരെ ബിജെപി സിപിഎം കൂട്ടുകെട്ട് ഉണ്ടായിരിക്കാമെന്നും മുന്നറിയിപ്പ് നൽകാനാകും ഇനി കോൺഗ്രസ് ശ്രമിക്കുക.