- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തല മാറുന്നതിനു വാശി പിടിക്കാതെ ഉമ്മൻ ചാണ്ടി; മാറ്റിയാൽ വിഡി സതീശൻ മതിയെന്ന് ഐ ഗ്രൂപ്പ്; തിരുവഞ്ചൂരോ പിടി തോമസോ ആവട്ടേയെന്ന് യുവ എംഎൽഎമാർ; മാറുന്നവരുടെ സമ്മതത്തോടെയേ മാറ്റാവൂ എന്ന് ആന്റണി; എഐസിസി സംഘം എത്തുമ്പോൾ കോൺഗ്രസ് റിക്കവറി മൂഡിൽ
തിരുവനന്തപുരം: സ്ഥാനമാനങ്ങൾ ഒന്നും വേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. തോൽവിയുടെ ഉത്തരവാദിത്തവും ഉമ്മൻ ചാണ്ടി ഏറ്റെടുക്കുന്നു. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇതോടെ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരനാണ് സാധ്യത. നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിന് ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ ചെന്നിത്തല ആഗ്രഹിച്ചാൽ ആ പദവിയിൽ അദ്ദേഹത്തിന് തുടരാനാകും.
ഹൈക്കമാൻഡ് നിരീക്ഷകരുടെ വരവോടെ കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾക്കു തുടക്കമാകും. ലോക്‌സഭയിലെ മുൻ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുന്മുഖ്യമന്ത്രി വി.വൈദ്യലിംഗം എന്നിവർ ലോക്ഡൗണിനു ശേഷമാകും കേരളത്തിലെത്തുക. നിയമസഭാകക്ഷി നേതാവായ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുകയാണ് ഇവരുടെ മുഖ്യദൗത്യം. നിയമസഭാ കക്ഷി യോഗം വിളിച്ച് എംഎൽഎമാരുടെ മനസ്സ് അറിഞ്ഞശേഷം ഇവർ കോൺഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോർട്ട് നൽകും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയ്ക്ക് അനുകൂലമാകുമ്പോൾ നേതൃമാറ്റം പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത അടയും.
ഹൈക്കമാൻഡിന്റെ എന്തു തീരുമാനവും അനുസരിക്കാം എന്ന നിലപാടിലാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് എന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളെ വിമർശകർ പോലും അംഗീകരിക്കുന്നതും ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തല മാറിയാൽ ഐ ഗ്രൂപ്പിൽ നിന്നു വി.ഡി. സതീശന്റെ പേരാണു പിന്നീട് ഉയരുന്നത്. നിയമസഭാ കക്ഷിയിൽ ഐ വിഭാഗത്തിന് ചെറിയ മേൽക്കൈ ഉണ്ട്. പക്ഷേ, പഴയതു പോലെ എഐ എന്ന വേർതിരിവിന് അപ്പുറം വ്യക്തിപരമായ അഭിപ്രായങ്ങൾ ഉള്ളവരും നിയമസഭാ കക്ഷിയിലുണ്ട്.
തലപ്പത്തു മാറ്റം വരണമെന്ന വികാരമാണ് യുവ എംഎൽഎമാരിൽ ഭൂരിഭാഗത്തിനും. എ വിഭാഗത്തിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ് എന്നിവരാണു പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ. അത്ു ഗുണകരമാകുമെന്ന് അവർ പറയുന്നു. എന്നാൽ എകെ ആന്റണിയുടെ മനസ്സ് കാര്യങ്ങളെ സ്വാധീനിക്കും. മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും അതു മാറുന്നവരുടെ കൂടി അനുമതിയോടെ വേണമെന്ന നിർദ്ദേശമാണ് എ.കെ. ആന്റണിയുടേത്. അതുകൊണ്ട് തന്നെ ചെന്നിത്തലയ്ക്ക് ഒരുപക്ഷേ തുടരാനായേക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാറേണ്ടി വരുമെന്നാണ് എല്ലാ സൂചനകളും. പകരം കെ.സുധാകരൻ, കെ.മുരളീധരൻ എന്നിവർക്കാണു സാധ്യത. പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടർന്നാൽ ഈ സ്ഥാനം വേണമെന്ന് എ ഗ്രൂപ്പ് അവകാശം ഉന്നയിക്കും. എന്നാൽ അവരുടെ കൈയിൽ സുധാകരനും മുരളീധരനും സമാനമായ കരുത്തുള്ള നേതാക്കളുടെ കുറവുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ.
എന്നാൽ, തിരക്കിട്ട് മുല്ലപ്പള്ളിയെ മാറ്റേണ്ടെന്നും പൊതു പുനഃസംഘടനയുടെ ഭാഗമായി ഒഴിവാക്കിയാൽ മതിയെന്നും വാദഗതിയുണ്ട്. ചെന്നിത്തലയോ മുല്ലപ്പള്ളിയോ മാറേണ്ടി വന്നാൽ മറ്റെന്തെങ്കിലും പദവി ഇരുവർക്കും നൽകണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ