സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന ഒരു സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ എന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പെഗസ്സസ് എന്ന സോഫറ്റ് വെയർ ഉപയോഗിച്ച് കേന്ദ്ര സർകാർ നിർദ്ദേശ പ്രകാരം ചോർത്തിയത് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാൽപതിലേറെ മാധ്യമ പ്രവർത്തകരുടെയും ഫോൺ സംഭാഷണങ്ങളാണ്.

സർകാരുകൾക്ക് മാത്രമാണ് പെഗസ്സസ് സേവനം നടത്തുന്നത്. ഇതിൽ നിന്നും മോദി സർക്കാരും ചാര പ്രവർത്തനം നടത്തി എന്നാണ് തെളിയുന്നത്. തന്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിർ അഭിപ്രായമുള്ള വ്യക്തികളുടെ ഫോൺ സർകാർ തന്നെ ചോർത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്.

ഇത് അത്യന്തം കുറ്റകരമാണ്. ഇതിന് സർകാർ വിശദമായ മറുപടി നൽകണം. ഉന്നത കുറ്റാന്വേഷണ ഏജൻസി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സർകാർ ഉത്തരവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.