- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന ഗവർണ്ണറുടെ വാക്ക് കേട്ട് ചാടിപുറപ്പെട്ടത് ചെന്നിത്തലയ്ക്ക് തിരിച്ചടിയായി; രാജ്ഭവനിൽ നിന്ന് കിട്ടിയ കത്ത് രഹസ്യമാക്കി പ്രതിപക്ഷത്തെ സർക്കാരും കുടുക്കി; ലോകായുക്തയിൽ മന്ത്രി ബിന്ദു രക്ഷപ്പെടും; രണ്ടാം പിണറായി സർക്കാർ ചെന്നിത്തലയെ ജയിച്ചത് ഇങ്ങനെ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്നതു സംബന്ധിച്ച തീരുമാനം ഇനി സർക്കാരിന് തിരിച്ചടിയാകില്ല. ലോകായുക്തയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന നിലപാടിലാണ് മന്ത്രി ആർ ബിന്ദുവും. രണ്ടാം പിണറായി സർക്കാരിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആദ്യ നിയമ നടപടിയാണ് പാളുന്നത്. ആദ്യ സർക്കാരിന്റെ കാലത്ത് കോടതി ഇടപെടലുകൾ ഉറപ്പാക്കിയാണ് ചെന്നിത്തല പല വിഷയത്തിലും സർക്കാരിനെ വെട്ടിലാക്കിയത്. എന്നാൽ ലോകായുക്തയിൽ ചെന്നിത്തലയെ തന്ത്രപരമായി തോൽപ്പിക്കുകയാണ് പിണറായി.
മനസ്സാക്ഷിക്കു വിരുദ്ധമായി തനിക്ക് പ്രവർത്തിക്കേണ്ടിവന്നുവെന്നും സർക്കാരിന്റെ സമ്മർദത്തിന് താൻ വഴങ്ങേണ്ടിവന്നുവെന്നും പ്രതികരിച്ച് ഗവർണർ രംഗത്ത് വന്നതിനെ തുടർന്നാണ് ചെന്നിത്തല വിഷയം ഏറ്റെടുത്തത്. ഗവർണ്ണറുടെ പിന്തുണയിൽ സർക്കാരിനെ വെട്ടിലാക്കാമെന്ന ധാരണയിലായിരുന്നു ഇത്. ലോകായുക്താ നിയമ ഭേദഗതി നീക്കം കൂടിയായപ്പോൾ സർക്കാർ പ്രതിരോധത്തിലാണെന്ന വിലയിരുത്തലെത്തി. പക്ഷേ അപ്രതീക്ഷിതമായി എല്ലാം പൊളിഞ്ഞു. വിസി സ്ഥാനത്തേക്ക് പേര് നിർദേശിക്കാൻ ഗവർണർ കത്തുനൽകിയെന്ന വിവരം പുറത്തുവിടാതെയാണ് ചെന്നിത്തലയുടെ ലോകായുക്താ ഹർജിയെ സർക്കാർ പൊളിച്ചത്. കത്ത് പുറത്തുവന്നതോടെ ഗവർണറുടെ താത്പര്യപ്രകാരമാണ് മന്ത്രി വി സി.സ്ഥാനത്തേക്ക് പേര് നിർദേശിക്കുന്ന കത്തുനൽകിയതെന്നു വ്യക്തമായി. അതുകൊണ്ട് തന്നെ മന്ത്രി ബിന്ദു രക്ഷപ്പെടും.
കണ്ണൂർ വിസി വിഷയത്തിൽ ഗവർണറും സർക്കാരും ധാരണയിലെത്തിയത് ഒറ്റദിവസംകൊണ്ട്. നവംബർ 22-ന് ഇതുസംബന്ധിച്ച ഫയൽ പലവട്ടം സെക്രട്ടേറിയറ്റിനും രാജ്ഭവനും ഇടയിൽ സഞ്ചരിച്ചു. പിന്നീട് തള്ളിപ്പറഞ്ഞെങ്കിലും ചാൻസലർകൂടിയായ ഗവർണർ താത്പര്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വി സി.സ്ഥാനത്തേക്ക് പേര് നിർദേശിച്ചതെന്നും വ്യക്തമായി. ഇതോടെ ഗവർണ്ണർ നടത്തിയ പരസ്യ പ്രതികരണങ്ങൾ എന്തിനാണെന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനാകില്ലെന്ന കേരള സർവ്വകലാശാലയുടെ നിലപാടാണ് ഗവർണ്ണറെ അങ്ങനെ എല്ലാം പറയാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇത് മനസ്സിലാകാതെ ഇടപെട്ട് ചെന്നിത്തല ലോകായുക്തയിൽ തിരിച്ചടിയും നേരിട്ടു.
നവംബർ 23-നാണ് ഡോ. ഗോപിനാഥിന്റെ വി സി.യായുള്ള കാലാവധി കഴിയുന്നത്. 22-ന് ഇക്കാര്യത്തിൽ സർക്കാരും ഗവർണറും ധാരണയിലെത്തി. 22-ന് രാവിലെ ഡോ. ഗോപിനാഥിന്റെ പ്രാഗല്ഭ്യം വിവരിച്ചും അദ്ദേഹത്തിന് വി സി.യായി പുനർനിയമനം നൽകുന്നത് ഉചിതമാകുമെന്ന് സൂചിപ്പിച്ചും മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തയക്കുന്നു. പുനർനിയമനം നൽകുന്നപക്ഷം വി സി.യെ കണ്ടെത്താൻ നേരത്തേ നിയമിച്ച സമിതിയെ പിരിച്ചുവിടണമെന്നും കത്തിൽ ഓർമിപ്പിച്ചു. വി സി.ക്ക് പുനർനിയമനം നൽകുന്നതിൽ നിയമപരമായ പ്രശ്‌നങ്ങളില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവിന് നൽകിയ നിയമോപദേശവും കത്തിനൊപ്പമുണ്ടായിരുന്നു.
എന്നാൽ, കത്തിൽ നിയമോപദേശത്തെക്കുറിച്ച് മൗനംപാലിക്കുകയാണ്. ഈ കത്ത് കിട്ടിയതിനു പിന്നാലെ വി സി. നിർണയ സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ചുള്ള വിജ്ഞാപനം രാജ്ഭവനിൽനിന്നിറങ്ങി. വി സി.സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച വിജ്ഞാപനം റദ്ദാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും രാജ്ഭവനിൽനിന്ന് നിർദ്ദേശം പോയി. പിന്നാലെ വിജ്ഞാപനം റദ്ദാക്കി. ഉച്ചകഴിഞ്ഞ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊദാവത്ത് അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവിന് കത്തുനൽകുന്നു. നിലവിലുള്ള വി സി.ക്ക് പുനർനിയമനം നൽകാനുള്ള സർക്കാരിന്റെ നിർദ്ദേശം ഗവർണർക്കു നൽകാൻ ചാൻസലർ അനുമതി നൽകുന്നു എന്നായിരുന്നു അത്.
ചാൻസലറുടെ നിർദേശപ്രകാരമാണ് താൻ കത്തെഴുതുന്നതെന്നും കത്തിലുണ്ട്. അന്നുതന്നെ മന്ത്രിയുടെ രണ്ടാമത്തെ കത്ത് ഗവർണർക്കെത്തി. പ്രൊ ചാൻസലറെന്നനിലയിൽ വി സി.യായി ഡോ. ഗോപിനാഥിനെ നിയമിക്കാൻ താത്പര്യപ്പെടുന്നു എന്നതായിരുന്നു അത്. ഇതേത്തുടർന്ന് പിറ്റേന്നുതന്നെ അദ്ദേഹത്തിന് പുനർനിയമനം നൽകി ഗവർണറുടെ ഉത്തരവിറങ്ങി. അതുകൊണ്ട് തന്നെ എല്ലാ നിയമ വശങ്ങളും ഇവിടെ പാലിക്കപ്പെട്ടുവെന്നാണ് സർക്കാർ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ