ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ചെന്നിത്തല പരാതി നൽകി. മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്നാണ് പരാതി. 4,6 തിയ്യതികളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ചൂണ്ടിക്കാട്ടിയാണ് പരാതി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ അല്ലെങ്കിൽ പബ്ലിക് റിലേഷൻ ഡിപാർട്മെന്റിനോ മാത്രമേ സർക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയെയോകുറിച്ച് സംസാരിക്കാൻ കഴിയൂ എന്നാണ് മാതൃകാ പെരുമാറ്റചട്ടം.

ഇത് മുഖ്യമന്ത്രി ലംഘിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തുന്നത് തടയണമെന്ന് ചെന്നിത്തലയുടെ പരാതിയിൽ ആവശ്യപ്പെടുന്നു. സർക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അത് ചീഫ് സെക്രട്ടറി വഴി മാത്രമേ പ്രഖ്യാപിക്കാവൂ എന്നും പരാതിയിൽ പറയുന്നു.