തിരുവനന്തപുരം: മുൻ മന്ത്രി ഇ പി ജയരാജനെതിരായ എഫ്‌ഐആർ വന്നതോടെ പ്രതിപക്ഷത്തിന്റെ നിലപാട് പൂർണ്ണമായും ശരിയെന്ന് തെളിഞ്ഞുവെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത് ഭരണഘടനാ ലംഘനവും അഴിമതിയുമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇക്കാര്യം പൂർണ്ണമായും ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജയരാജനെതിരെ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് താൻ നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നതാണ്. അക്കാര്യവും അന്വേഷിക്കണം.
ജയരാജൻ ബന്ധുക്കളെ നിയമിച്ചത് ഭരണഘടനാ ലംഘനവും അഴിമതിയുമാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ എട്ടിന് വിജിലൻസിന് നൽകിയ പരാതിയിന്മേലാണ് ഇപ്പോൾ എഫ്.ഐ.ആറിട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

89 ദിവസം പിന്നിട്ട ശേഷമാണ് അന്വേഷണ നടപടി ഉണ്ടായിരിക്കുന്നത്. പരാതി കിട്ടി 42 ദിവസത്തിനുള്ളിൽ ത്വരിതാന്വേഷണം പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധി. കഴിയുന്നത്ര കേസ് നീട്ടിക്കൊണ്ടു പോകാനാണ് വിജിലൻസ് ശ്രമിച്ചത്. ഉന്നതർക്കെതിരായ അന്വേഷണം വൈകിപ്പിക്കുന്നു എന്ന കോടതിയുടെ നിശിത വിമർനത്തെത്തുടർന്നാണ് ഇപ്പോഴെങ്കിലും വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയത്.

പിണറായി മന്ത്രിസഭയിലെ രണ്ടു പേർ കൂടി ഇപ്പോൾ പ്രതിക്കൂട്ടിലാണ്. എം.എം.മണി കൊലക്കേസിൽ പ്രതിയാണ്. മെഴ്സിക്കുട്ടി അമ്മയ്ക്കെതിരെ അഴിമതിക്കേസിൽ ത്വരിതാന്വേഷണവും നടക്കുന്നു. അധികാരത്തിലേറി ഏഴുമാസത്തിനിടയിൽ മന്ത്രിസഭയിലെ മൂന്ന് പേർ കേസിൽ കുരുങ്ങുന്നത് പിണറായി മന്ത്രിസഭയുടെ യഥാർത്ഥ നിറം പുറത്തു കൊണ്ടു വരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.