തിരുവനന്തപുരം; സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്റെ ലക്ഷ്യമെന്തെന്നും ശബരിമല യുവതീ പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. നിർബന്ധിത പണപ്പിരിവ് വിഷയത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാണോയെന്നും പ്രതിപക്ഷനേതാവ്. വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതികൾക്കിടെയിലാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവിന്റെ പത്തു ചോദ്യങ്ങൾ.

അതേസമയം തൊഴിലുറപ്പുകാകരെ നിർബന്ധിച്ച് വനിതാമതിലിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കകെതിരെ കേസ്, മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. അസിസ്റ്റന്റ് സെക്രട്ടറിയുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.

കൂടാതെ ടെക്നോ പാർക്കിലെ ജീവനക്കാരും വനിതാ മതിലിൽ പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു. വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്നഭ്യർത്ഥിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറുടെ കത്ത്. പരമാവധി ആളുകളെ പങ്കെടുപ്പിക്കമമെന്ന് സിഇഓക്ക് അയച്ച കത്തിൽ കളക്ടർ വ്യക്തമാക്കി.


 പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾ

1. വനിതാ മതിൽ എന്ത് ലക്ഷ്യത്തിലാണ് സംഘടിപ്പിക്കുന്നത്?

2. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനാണെങ്കിൽ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്?

3. ശബരിമലയിലെ യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ?

4. ശബരിമലയിലെ യുവതീ പ്രവേശന പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരുഞ്ഞു വന്നതെങ്കിലും സിപിഎമ്മും സർക്കാരും അത് തുറന്ന് പറയാൻ മടിക്കുന്നത് എന്തുകൊണ്ട്?

5. ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു കൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതിലെ സാംഗത്യം എന്താണ്?

6. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യങ്ങളായ സംഭാവന നൽകിയ ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ ഒഴിവാക്കി ഒരു വിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ഈ മതിൽ നിർമ്മാണം സമൂഹത്തിൽ വർഗീയ ധ്രൂവീകരണത്തിന് വഴി വെക്കുകയില്ലേ?

7. ജനങ്ങളെ സാമുദായികമായി വേർതിരിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിപരിപാടിയായ വർഗസമരത്തിന് എതിരായ സ്വത്വരാഷ്ട്രീയ സിദ്ധാന്തത്തിന്റെ അംഗീകാരമല്ലേ?

8. വനിതാ മതിലിന് സർക്കാരിന്റെ ഒരു പൈസ ചെലവാക്കില്ലെന്ന് പുറത്ത് പറയുകയും സർക്കാരിന്റെ ആഭിമുഖ്യത്തിലും സർക്കാർ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തത് എന്തു കൊണ്ട്? ക്ഷേമപെൻഷനുകൾ വാങ്ങുന്നവരിൽ നിന്ന് നിർബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോ?

9. ഔദ്യോഗിക മെഷീനറി ദുരുപയോഗപ്പെടുത്തുകയില്ലെന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോൾ തന്നെ വനിതാ മതിലിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികൾ കീഴ്ഉദ്യോഗസ്ഥകൾക്ക് സർക്കുലർ നൽകുന്നതും, ഭീഷണിപ്പെടുത്തുന്നതും കള്ളക്കളിയല്ലേ?

10. രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുവേണ്ടി, കേരളത്തിന്റെ സാമൂഹ്യഘടനയെ തകർത്ത് സമൂഹത്തെ വർഗീയ വൽക്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമെന്ന് താങ്കൾ എന്തുകൊണ്ട് മനസിലാക്കുന്നില്ല?