- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണക്കളികൾ
'ആരാച്ചാർ'ക്കും 'സുഗന്ധി'ക്കും ശേഷം, ചരിത്രത്തിന്റെ പാഠരൂപങ്ങളെന്ന നിലയിലോ രാഷ്ട്രീയാബോധത്തിന്റെ പ്രത്യയശാസ്ത്രവ്യവഹാരങ്ങളെന്ന നിലയിലോ മലയാളനോവലിനെ ഭാവുകത്വപരമായി മുന്നോട്ടുനയിക്കുന്ന 'വലിയ' രചനകളൊന്നും തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ആസിഡ്, കരിക്കോട്ടക്കരി, മഞ്ഞനദികളുടെ സൂര്യൻ എന്നിങ്ങനെ ചുരുക്കം ചില രചനകൾക്ക് ആഖ്യാനത്തിന്റെ കലാത്മക സാധ്യതകൾ മലയാളഭാവനയിൽ വേറിട്ട് എഴുതിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. ആധുനികാനന്തര കേരളീയ/മലയാള സ്വത്വസമവാക്യങ്ങളെ സൗന്ദര്യാത്മകമായി പുനർനിർവചിക്കുന്ന നോവൽപാഠങ്ങളായി ഇവ മാറുന്നു. വി എം. ദേവദാസിന്റെ 'ചെപ്പും പന്തും' ഈ നിരയിൽ ഇടംപിടിക്കുന്ന സമീപകാല രചനകളിലൊന്നാണ്. പരസ്പരബന്ധമോ തുടർച്ചയോ സമാനതകൾ പോലുമോ ഇല്ലാത്ത കഥകൾ രണ്ടു ഭാഗമായി പകുത്തെഴുതിയ ഒരു 'ന്യൂജേണലിസ്റ്റിക് നോവൽ' അഥവാ 'നോൺ ഫിക്ഷൻ നോവ'ലാണ് ചെപ്പും പന്തും. നോർമൻ മെയ്‌ല റോ ട്രൂമൻ കപോട്ടയോ ചെയ്തതുപോലെ ചരിത്രത്തെയും ഭാവനയെയും സമാസമം ചേർത്തുപയോഗിക്കുന്നതുകൊണ്ടു മാത്രമല്ല ഇങ്ങനെ വിശേഷിപ്പിക്കുന്നത്. അ
'ആരാച്ചാർ'ക്കും 'സുഗന്ധി'ക്കും ശേഷം, ചരിത്രത്തിന്റെ പാഠരൂപങ്ങളെന്ന നിലയിലോ രാഷ്ട്രീയാബോധത്തിന്റെ പ്രത്യയശാസ്ത്രവ്യവഹാരങ്ങളെന്ന നിലയിലോ മലയാളനോവലിനെ ഭാവുകത്വപരമായി മുന്നോട്ടുനയിക്കുന്ന 'വലിയ' രചനകളൊന്നും തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ആസിഡ്, കരിക്കോട്ടക്കരി, മഞ്ഞനദികളുടെ സൂര്യൻ എന്നിങ്ങനെ ചുരുക്കം ചില രചനകൾക്ക് ആഖ്യാനത്തിന്റെ കലാത്മക സാധ്യതകൾ മലയാളഭാവനയിൽ വേറിട്ട് എഴുതിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. ആധുനികാനന്തര കേരളീയ/മലയാള സ്വത്വസമവാക്യങ്ങളെ സൗന്ദര്യാത്മകമായി പുനർനിർവചിക്കുന്ന നോവൽപാഠങ്ങളായി ഇവ മാറുന്നു. വി എം. ദേവദാസിന്റെ 'ചെപ്പും പന്തും' ഈ നിരയിൽ ഇടംപിടിക്കുന്ന സമീപകാല രചനകളിലൊന്നാണ്.
പരസ്പരബന്ധമോ തുടർച്ചയോ സമാനതകൾ പോലുമോ ഇല്ലാത്ത കഥകൾ രണ്ടു ഭാഗമായി പകുത്തെഴുതിയ ഒരു 'ന്യൂജേണലിസ്റ്റിക് നോവൽ' അഥവാ 'നോൺ ഫിക്ഷൻ നോവ'ലാണ് ചെപ്പും പന്തും. നോർമൻ മെയ്‌ല റോ ട്രൂമൻ കപോട്ടയോ ചെയ്തതുപോലെ ചരിത്രത്തെയും ഭാവനയെയും സമാസമം ചേർത്തുപയോഗിക്കുന്നതുകൊണ്ടു മാത്രമല്ല ഇങ്ങനെ വിശേഷിപ്പിക്കുന്നത്. അതിലുപരി, അസാധാരണമാംവിധം നിർമ്മമവും അപൂർവമാംവിധം ജേണലിസ്റ്റിക്കുമായി റിപ്പോർട്ടാഷ് എന്ന നിലയിൽ നോവലിന്റെ ആഖ്യാനം നിർവഹിക്കുന്നു 'ചെപ്പും പന്തും' എന്നതുകൊണ്ടാണ്. സംഭവങ്ങളുടെയും അനുഭവങ്ങളുടെയും ദൃക്‌സാക്ഷിവിവരണങ്ങളെന്നനിലയിൽ തീർത്തും അനലംകൃതമായാണ് ഈ നോവലിന്റെ രചന രൂപം കൊള്ളുന്നത്. ലാവണ്യാത്മകതയെയും കാല്പനികതയെയും ഭാവാത്മകതയെയും ഇത്രമേൽ കയ്യൊഴിയുന്ന മറ്റൊരു നോവൽഭാഷണം മലയാളത്തിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. ആഖ്യാനത്തിലെ ഈ 'നിരാസക്തി'ക്കൊപ്പം ശ്രദ്ധേയമാകുന്ന മറ്റൊരു ഭാഷാലീല, ഭൂതകാല പ്രത്യയങ്ങളുടെ പ്രളയമാണ്. നോവലിലുടനീളം വിവരിക്കപ്പെടുന്ന ഏതു സന്ദർഭവുമെടുത്തോളൂ, അവയിലൊന്നടങ്കം ഓരോ വാക്യവും ഭൂതകാലപ്രത്യയമുപയോഗിച്ചാണെഴുതപ്പെട്ടിരിക്കുന്നത്. വർത്തമാനകാലത്തിന്റെയെന്നപോലെ ഓർമയിലേക്കും ഭൂതത്തിലേക്കുമുള്ള ക്രിയകളുടെയും അനുഭവങ്ങളുടെയും മിനിമറയലിന്റെ അനുഭൂതിചിത്രങ്ങളാണ് ഈ വിവരണകല മുന്നോട്ടുവയ്ക്കുന്നത്. മേല്പറഞ്ഞ മുഴുവൻ കഥനകലകൾക്കുമൊപ്പം ദേവദാസിന്റെ നോവൽ ഏറെ ശ്രദ്ധയൂന്നുന്നത് പരാവർത്തനത്തിന്റെ അതിസൂക്ഷ്മതയിലാണ്. അവസ്ഥകളുടെ, സംഭവങ്ങളുടെ, സ്ഥല-കാലങ്ങളുടെ അതി-സൂക്ഷ്മാഖ്യാനങ്ങൾക്കു ലഭിക്കുന്ന തുടർച്ച ഈ കൃതിയുടെ മൗലികമായൊരു രൂപഭാവനയാകുന്നു.
രണ്ടുഭാഗമായാണ് നോവലിന്റെ ഘടന ഉൾവിരിയുന്നത്. 'തിര' എന്ന ഒന്നാം ഭാഗവും 'തിരഞ്ഞെടുക്കപ്പെട്ടവൻ' എന്ന രണ്ടാം ഭാഗവും. മർത്യജീവിതം, മാന്ത്രികരുടെ ചെപ്പും പന്തും പോലെ, ഉണ്മക്കും ശൂന്യതക്കുമിടയിലെ ഒരൊളിച്ചുകളിയാണെന്നു സ്ഥാപിക്കുന്നു, ഇരുഭാഗങ്ങളും. ഹിംസയുടെ രാക്ഷസനീതികൾകൊണ്ടു മെനഞ്ഞെടുത്ത ഒരു നഗരത്തിന്റെ കഥ. അതിനെ രണ്ടായിപകുത്ത് രണ്ടുകാലങ്ങളിലും അനുഭവങ്ങളിലും ഒരേസ്ഥലത്തിനു കൈവരാവുന്ന രണ്ടസ്തിത്വങ്ങളെ ജരാസന്ധവൽക്കരിക്കുകയാണ് നോവൽ.
'തിര' എന്ന ഒന്നാം ഭാഗം നോക്കുക. 1980കളുടെ ആദ്യപകുതിയാണ് കാലം. ചരിത്രപുരുഷനായ ടി. ഉബൈദിന്റെ കലയും കാലവും ജീവിതവും സാന്നിധ്യവും നോവലിലുണ്ട്. തമിഴ്പുലികളുടെ പോരാട്ടവീര്യങ്ങളും. ഒപ്പം, പലകഥകളുടെ ഒരു ചെറുകടലുമാണ് 'തിര'. കഥാനായകനായ ഉബൈദിന്റെ, അവന്റെ ബാപ്പ പോക്കറുടെ, കച്ചവടക്കാരൻ സേട്ടുവിന്റെ, അയാളുടെ ഭാര്യ ഫാത്തിമയുടെ, വീട്ടുടമസ്ഥ ലക്ഷ്മിയക്കയുടെ. മുൻപ് ആ വീട്ടിൽ താമസിച്ചിരുന്ന, പിന്നീട് ആർക്കും അറിവില്ലാത്ത ഭാനുമതിയുടെ. ഫാത്തിമയുടെ സഹോദരൻ ഇല്യാസിന്റെ. അവന്റെ കൂട്ടുകാരൻ വെട്രിവേലിന്റെ. തമിഴ്പുലി കതിരേശന്റെ.
ഉബൈദ് എന്ന കൗമാരക്കാരൻ വീട്ടിൽനിന്ന് ഒളിച്ചോടിയെത്തിയത് കോഴിക്കോട് ശാന്താറാം മണിക്‌സേട്ടുവിന്റെ ചെരുപ്പുകടയിലാണ്. ഉബൈദിനെപ്പോലെതന്നെ ഒരു ഒറ്റയാനായിരുന്നു സേട്ടുവും. തളങ്കരക്കാരൻ പോക്കർ എന്ന മത്സ്യത്തൊഴിലാളി കാസർകോട്ടുനിന്ന് കോഴിക്കോട്ടെത്തിയത് ദുരന്തങ്ങളുടെ പരമ്പരയ്‌ക്കൊടുവിലാണ്. 1908ൽ ജനിച്ച കവി ടി. ഉബൈദിന്റെ നേർസാന്നിധ്യമുണ്ട് പോക്കറുടെ ജീവിതത്തിൽ. തന്റെ ജീവിതം വഴിതിരിച്ചുവിട്ട അദ്ദേഹത്തോടുള്ള ആദരവായിരുന്നു, മകന് ഉബൈദ് എന്ന് പേരിടാൻ പോക്കറെ പ്രേരിപ്പിച്ചത്. സ്‌കൂൾപഠനം മുടങ്ങിയിട്ടും ദാരിദ്ര്യം പകവീട്ടിയിട്ടും ഒറ്റയ്ക്കായ സന്ദർഭങ്ങളിൽ കുഞ്ഞുബൈദും കവിതകളെഴുതി ട്രങ്കുപെട്ടിയിൽ സൂക്ഷിച്ചു. കടലിലുണ്ടായ അപകടത്തെത്തുടർന്ന് മുടന്തനായിപ്പോയ പോക്കറിന് മറ്റൊരപകടത്തിൽ വീടിനു തീപിടിച്ച് തന്റെ മൂത്ത മകനെയും അമ്മയെയും നഷ്ടമായി. ശിഥിലമായ കുടുംബത്തിൽ നിന്നാണ് ഉബൈദ് പലായനം ചെയ്യുന്നത്. സേട്ടുവാകട്ടെ കോഴിക്കോട്ടെ കച്ചവടം മതിയാക്കി മദിരാശിക്കു തിരിച്ചുപോയപ്പോൾ ഉബൈദിനെയും ഒപ്പംകൂട്ടി. തിരുവള്ളുവർതെരുവിലെ ലക്ഷ്മിയക്കയുടെ വീടിന്റെ രണ്ടുനിലകൾ വാടകക്കെടുത്ത് സഹായിയായ ഉബൈദിനൊപ്പം താമസം തുടങ്ങിയ സേട്ടു ഫാത്തിമയെ കണ്ടു മോഹിച്ചു. വിവാഹവും ചെയ്തു. രാജസ്ഥാനിൽനിന്നു മദിരാശിയിലെത്തി പണമിടപാടിൽ വേരുപിടിച്ച കുടുംബത്തിൽനിന്ന് വഴിമാറിപ്പോന്ന ശാന്താറാം സേട്ടുവിന് പക്ഷെ ഫാത്തിമയുടെ സഹോദരൻ ഇല്യാസ് വലിയ ബാധ്യതയായി മാറി. പണം ചോദിച്ചതിനെത്തുടർന്നുണ്ടായ ഒരു കലഹത്തിൽ ഇല്യാസിന്റെ ചങ്ങാതി വെട്രിവേലിന്റെ കുത്തേറ്റ് ഫാത്തിമ മരിച്ചു. പിന്നീട് സേട്ടുവും. അതോടെ അനാഥനായ ഉബൈദ് ഹോട്ടലിൽ വേലക്കാരനാകുന്നു. ഉബൈദിന്റെ മൊഴിയിൽ ജയിലിലായ വെട്രിവേൽ, പരോളിലിറങ്ങി അവനെ കൊല്ലാൻ പിന്നാലെ കൂടുന്നു. മറീനാബിച്ചിലെ കളിവെടിക്കാരന്റെ തോക്കിലെ രണ്ടു തിരകൾ കൃത്യമായി പായിച്ച് ബലൂണുകൾ പൊട്ടിച്ച ഉബൈദ് മൂന്നാമത്തെ തിര വെട്രിവേലിനുനേരെ പായിക്കാനൊരുങ്ങുന്നതോടെ അയാൾ ഭയന്നോടുന്നു. ഉബൈദാകട്ടെ തോക്കിലെയും കടലിലെയും തിരപോലെ കഥയിൽനിന്നും നഗരത്തിൽനിന്നും ജീവിതത്തിൽനിന്നും അപ്രത്യക്ഷനാവുകയും ചെയ്യുന്നു.
മർത്യജന്മത്തിന്റെ ഉണ്മയും പൊയ്യും എന്ത് എന്ന ചോദ്യമാണ് നോവൽ അടിസ്ഥാനപരമായി ഉന്നയിക്കുന്നത്. മാന്ത്രികന്റെ ചെപ്പിലെ പന്തുപോലെയാണത്. അതവിടെയുണ്ട് എന്നു നമുക്കറിയാം. പക്ഷെ ഇല്ല എന്നു വിശ്വസിക്കേണ്ടിവരുന്നു. അതല്ലെങ്കിൽ പന്ത് ചെപ്പിലില്ല എന്നറിഞ്ഞുകൊണ്ട് അതവിടെയുണ്ട് എന്നു വിശ്വസിക്കാനുള്ള ത്വര. എന്തായാലും ഉണ്മക്കും പൊയ്യിനുമിടയിലെ ഒരു ഊഞ്ഞാലാട്ടമാണ് ജീവിതം എന്ന തിരിച്ചറിവ്.
നോവലിന്റെ തുടക്കത്തിൽ കഥയിലേക്കു പടർന്നുകയറുന്ന ടി. ഉബൈദിന്റെ ചരിത്രസാന്നിധ്യംപോലെതന്നെ കൗതുകകരമാണ് കഥാന്ത്യത്തിൽ മദിരാശിയെ നടുക്കുന്ന തമിഴ്പുലി കതിരേശന്റെ സ്‌ഫോടനവും. 1984, ഓപ്പറേഷൻ ബ്ലൂസ്റ്റാറും ഇന്ദിരാഗാന്ധിയുടെ വധവും സിഖ് കൂട്ടക്കൊലയുമായല്ല നോവലിൽ സ്ഥാനപ്പെടുന്നത്. മറിച്ച്, 1991ലേക്കു വഴിതിരിയുന്ന സംഭവപരമ്പരകളുടെ വലിയൊരു തുടക്കമായി ഭാവനചെയ്യപ്പെടുന്ന വിമാനത്താവളത്തിലെ സ്‌ഫോടനമായാണ്.
ഉബൈദ് മാത്രമല്ല, അവന്റെ സഹോദരനും വലിയമ്മയും ഫാത്തിമയും സേട്ടുവും ലക്ഷ്മിയക്കയുടെ ഭർത്താവുമൊക്കെ കഥയിലും ജീവിതത്തിലും നിന്നപ്രത്യക്ഷരാകുന്നു. കോഴിക്കോട്ടുനിന്ന് മദിരാശിയിലേക്കു പറിച്ചുനടപ്പെടുന്ന ഉബൈദിന് ലക്ഷ്മിയക്കയുടെ വീടും തിരുവള്ളുവർതെരുവും മറീനാബീച്ചും വിമാനത്താവളവും തന്റെ ജീവിതത്തിന്റെ സ്ഥലപടങ്ങൾ മാത്രമല്ല, അസ്തിത്വാനുഭവങ്ങൾ കൂടിയായി മാറുന്നു.
മലയാളത്തിലെ പതിവ് നോവൽശൈലികളിൽ നിന്നു വേറിട്ടുനിൽക്കുന്ന ചില ആഖ്യാനമാതൃകകൾ 'ചെപ്പും പന്തും' മുന്നോട്ടുവയ്ക്കുന്നുണ്ട് എന്നു സൂചിപ്പിച്ചു. ഭാഷയുടെ അനാര്യത, ഭാവനയുടെ അനലംകൃതത്വം, ഭൂതഭാഷണത്തിന്റെ നിതാന്ത സാന്നിധ്യം എന്നിങ്ങനെ. നോവലിലെ ഏതുഭാഗവും ഇതുതെളിയിക്കും. നോക്കുക:
'ഒരു തിരക്കിട്ട ഷേക്ഹാന്റിനുശേഷം, ടേബിളിൽനിന്നും ടിഷ്യൂപേപ്പറെടുത്ത് ചുണ്ടുകൾ തുടച്ചുകൊണ്ട് അയാൾ കൗണ്ടറിനടുത്തേക്കു ചെന്നു. ബിൽ അടച്ചശേഷം പുറത്തിറങ്ങിപ്പോയി. മാജിക് ഷോയുടെ ടിക്കറ്റുള്ള വെളുത്ത കവർ മടക്കി പോക്കറ്റിൽ വയ്ക്കുന്നേരമാണ്, തലേന്നു താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അയാളോട് പറയാമായിരുന്നു എന്നോർത്തത്. അത് പിന്നീട് ഒരവസരത്തിലാകാമെന്നു വച്ചു. അവശേഷിച്ച ബിയറിനോടൊപ്പം ഭക്ഷണം കഴിച്ചുതീർത്തപ. ബെയറർവശം കാശുകൊടുത്ത് ബില്ലടച്ച് ബാറിനു പുറത്തിറങ്ങി. ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളെ തെളിഞ്ഞ് കാണാവുന്നൊരു രാത്രിയായിരുന്നു അത്. കാഴ്ചയുടെ നുണപ്പരപ്പായ നീലാകാശത്തിനു പകരം രാത്രിയിലെ നേരിന്റെ കറുപ്പ് വിതാനത്തിൽ ആകാശഗോളങ്ങൾ മിന്നിത്തിളങ്ങി. മുകുന്ദൻ റോഡരികിൽ ചെന്നു നിന്ന് കാലിയായ ഒരു ഓട്ടോയ്ക്ക് കൈനീട്ടി. തിരക്കുള്ള രാത്രികളിൽ വാടകയെച്ചൊല്ലി പതിവുള്ള മുൻകൂർ തർക്കത്തിനു മുതിരാതെ വണ്ടിയിൽ കയറി വീട്ടിലേക്ക് മടങ്ങി. തിരുവള്ളുവർ തെരുവിലെ മൂന്നാം നമ്പർ കെട്ടിടത്തിന്റെ ഗേറ്റ് തുറന്നശേഷം ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടുകൾ കയറവേ സംശയമായി. പതിവുപോലെ മുകളിലെ നിലയിൽനിന്ന് ടെലിവിഷന്റെ അമിതബഹളമില്ല. അവിടെ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി നിൽപ്പുണ്ട്. ഇന്ന് എന്തേ ബഹളങ്ങളില്ലായെന്നു ചോദിച്ചപ്പോൾ പരീക്ഷയാണെന്ന് മറുപടി ലഭിച്ചു. ആ ചെറുപ്പക്കാരനെ നോക്കി പുഞ്ചിരിച്ചശേഷം മുറിയിലേക്കു പ്രവേശിച്ചു. പോക്കറ്റിൽ നിന്ന് വെളുത്ത കവറെടുത്ത് കട്ടിലിലേക്കിട്ടു. വസ്ത്രങ്ങൾ ഊരി കസേരയിലേക്കെറിഞ്ഞ് കട്ടിലിൽ കിടന്നു. കവർ തുറന്ന് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലെ മാജിക് ഷോയ്ക്കുള്ള പ്രവേശനചീട്ടുകൾ പുറത്തെടുക്കുമ്പോൾ വിരസമായ ജീവിതത്തിൽ മാന്ത്രികമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവോ എന്നു സംശയത്തിലായിരുന്നു മുകുന്ദൻ. എന്തു ചെയ്യണമെന്നൊരു തീരുമാനത്തിലെത്താനാകാതെ ആ ടിക്കറ്റുകൾ തലയിണയ്ക്കു കീഴെ വച്ചുകൊണ്ട് വശം ചെരിഞ്ഞു കിടന്നു. എപ്പോഴോ കണ്ണുകളടഞ്ഞു...'.
ചെറിയൊരു കാലയളവിലേക്കു മാത്രം സേട്ടുവിന്റെയും ഉബൈദിന്റെയും ജീവിതങ്ങളെ സ്പർശിച്ചുപോകുമ്പോഴും താന്താങ്ങളുടെ സ്വത്വബോധങ്ങളാൽ സൂക്ഷ്മവും മൂർത്തവുമായ ഒരിടം കഥയിലവശേഷിപ്പിക്കുന്നവരാണ് ഓരോ കഥാപാത്രവും. ചരിത്രത്തെയും മിത്തുകളെയും കൂട്ടിയിണക്കി സേട്ടുവുമായുള്ള തന്റെ പ്രണയത്തെ മാനുഷികവൽക്കരിക്കുന്ന ഫാത്തിമ ഒരുദാഹരണമാണ്.
'എല്ലാ ചോദ്യങ്ങൾക്കുംകൂടി ഒറ്റയുത്തരമായിരുന്നു, ഫാത്തിമ. വിവാഹം കഴിഞ്ഞ് അവൾ വീട്ടിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ തന്റെ ആശങ്കകളെല്ലാം അനാവശ്യമായിരുന്നെന്ന് ഉബൈദിന് മനസ്സിലായി. എന്ത് കാരണത്താലാണ് ഇത്രയേറെ പ്രതിബന്ധങ്ങളെ മറികടന്നും സേട്ട് അവളെ കൂടെക്കൂട്ടിയതെന്ന് തിരിച്ചറിവുണ്ടായി. സേട്ടിനും ഫാത്തിമയ്ക്കുമൊപ്പം ഹൈദ്രാബാദിലേക്ക് യാത്ര ചെയ്ത സമയത്ത് ചാർമിനാറിന്റെ മുകളിൽ നിന്നുകൊണ്ട് നഗരക്കാഴ്ചകളിലേക്ക് കണ്ണുനട്ട് ഫാത്തിമ പറഞ്ഞ കഥ കേൾക്കുന്നതിനിടയിലും ഉബൈദിന് ബാക്കിവന്ന ഒരേയൊരു സംശയം ഇവരിലാരായിരിക്കും മതം മാറുകയെന്നതായിരുന്നു. അങ്ങനെയൊരു കാര്യം തങ്ങളെ ബാധിക്കുന്നേയില്ലെന്ന മട്ടിൽ ഫാത്തിമ ചാർമിനാറിന്റെ കഥ തുടർന്നു. നർത്തകിയായ ഭാഗ്യമതിയെ തന്റെ മകൻ പ്രണയിക്കുന്നു എന്നറിഞ്ഞതും പിതാവായ സുൽത്താൻ അവളെ നാടുകടത്തി. എന്നാൽ പ്രണയത്തിനായി സകലതുമുപേക്ഷിച്ച് പെരുമഴയത്ത് മുസി നദിയിൽ ചാടി നീന്തിക്കടന്ന് അവളെ പിന്തുടർന്നെത്തിയ മകനെ നിഷേധിക്കാനും സുൽത്താന് കഴിഞ്ഞില്ല. അങ്ങനെ താനാദ്യമായി പ്രണയിനിയെ കണ്ടയിടത്ത് മുഹമ്മദ് ഖുലി കുതുബ് ഷാ നാലു മിനാരങ്ങളോടെയൊരു ആരാധനാലയം നിർമ്മിച്ചു. ഒരുവശത്ത് ഭാഗ്യമതിക്ക് പ്രാർത്ഥിക്കാനായി ദേവീപ്രതിഷ്ഠ, മറുവശത്ത് സമയാസമയങ്ങളിൽ തനിക്ക് നിസ്‌കരിക്കാൻ ഒരിടം. പ്രാർത്ഥാനവേളകളൊഴികെ മുഴുവൻ സമയവും പ്രണയിക്കാനായി ഒരു സ്മാരകമന്ദിരം. ആ നഗരത്തിന് അവളുടെ പേരുതന്നെ സുൽത്താൻ നൽകി. ഭാഗ്യനഗരം... സുൽത്താനെ വിവാഹം ചെയ്ത് അവൾ ഹൈദ്രമഹൽ ആയപ്പോൾ നഗരത്തിന്റെ പേര് ഹൈദ്രാബാദ് എന്നു മാറ്റപ്പെട്ടു. ചാർമിനാറിന്റെ പടികൾ ആയാസപ്പെട്ടിറങ്ങുന്നേരത്ത് സേട്ട് കിതച്ചുകൊണ്ട് വെളിപ്പെടുത്തിയത് ഫാത്തിമ പറഞ്ഞതെല്ലാം കെട്ടുകഥയാണെന്നാണ്. രാജ്യത്തെ ബാധിച്ച പ്ലേഗിനെ ഒഴിച്ചതിന്റെ സ്മരണയ്ക്കായി ഗോൽക്കൊണ്ടയിൽനിന്ന് ഹൈദ്രാബാദിലേക്ക് തലസ്ഥാനം മാറ്റിയ സുൽത്താൻ പണികഴിപ്പിച്ച മന്ദിരമാണതെന്ന ചരിത്രസത്യം ഉബൈദിനെന്തോ അത്ര ഇഷ്ടപ്പെട്ടില്ല. ഫാത്തിമ പറഞ്ഞ കഥ വിശ്വസിക്കാനായിരുന്നു അവനിഷ്ടം. താൻ മോഹിച്ച സാധാരണക്കാരിയായൊരു നർത്തകിക്കായി ദർബാറുപേക്ഷിച്ച് ഒരു സുൽത്താൻ പുഴനീന്തുന്ന കെട്ടുകഥയാണ് ചാവ് കൂമ്പാരം കൂട്ടിയ മഹാരോഗത്തെ ഒഴിപ്പിച്ച ചരിത്രവസ്തുതയെക്കാൾ ഉബൈദിനെ തൃപ്തിപ്പെടുത്തിയത്. ചാർമിനാർ... അത് പ്രണയമിനാരങ്ങൾതന്നെയായിരിക്കട്ടെ! ഉബൈദ് മനസ്സിലുറപ്പിച്ചു'.
'തിര'യുടെ അവസാനഭാഗം, 'സിനിമാറ്റിക്' എന്നുതന്നെ വിളിക്കാവുന്ന ആഖ്യാനഖണ്ഡങ്ങൾ കൊണ്ട് സമൃദ്ധമാണ്. മാറിമാറിവരുന്ന സീനുകളുടെ കലർപ്പാണ് ഇവിടെയുള്ളത്. കതിരേശന്റെയും ഉബൈദിന്റെയും വെട്രിവേലിന്റെയും കളിത്തോക്കു കച്ചവടക്കാരന്റെയും സമാന്തര ജീവിതങ്ങൾ വ്യക്തികളുടെയെന്നപോലെതന്നെ ഒരു നഗരത്തിന്റെയും വംശങ്ങളുടെയും കൂടി കഥകളായി പരിണമിക്കുന്നു. ബോധപൂർവമോ അബോധപൂർവമോ ആയ ഹിംസാത്മകതകളുടെ നിഴലിലാണ് ഓരോ വ്യക്തിയുടെയും ജീവിതമെന്ന് നോവൽ പറയുന്നു. 'മാജിക്' എന്നതുതന്നെ, മരണസാധ്യതകൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, ജീവിതം കൊണ്ടുള്ള ഒരു കളിയാണല്ലോ. മരണക്കളികളായിമാറുന്ന മർത്യജീവിതത്തിന്റെ കഥാപാഠങ്ങളാണ് 'തിര'യും 'തിരഞ്ഞെടുക്കപ്പെട്ടവ'നും.
രണ്ടാംഭാഗമായ 'തിരഞ്ഞെടുക്കപ്പെട്ടവൻ', ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകാർധം പശ്ചാത്തലമാക്കുന്നു. കഴിഞ്ഞവർഷം ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കമാണ് കഥാസന്ദർഭം. 'തിര'യെക്കാൾ മൂർത്തവും രാഷ്ട്രീയ തീവ്രവുമായി മർത്യജീവിതത്തിന് നിർമ്മിച്ചുകൊടുക്കുന്ന മാജിക്കിന്റെ മരണാർഥങ്ങളാണ് ഈ ഭാഗം.
ആഗോളസാമ്പത്തികമാന്ദ്യത്തെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട ഒരു ബഹുരാഷ്ട്ര രാസവളക്കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മുകുന്ദൻ മേനോൻ. ബാറിൽ കണ്ടുമുട്ടുന്ന ഒരു മജിഷ്യനുമായുണ്ടാകുന്ന ബന്ധം അയാളുടെ ജീവിതം വഴിതിരിച്ചുവിടുന്നു. വെള്ളപ്പൊക്കംമൂലം മാറ്റിവച്ച മാജിക്‌ഷോകൾ പുനരാരംഭിക്കുമ്പോൾ തനിക്കു സഹായിയായി മുകുന്ദനുണ്ടാകണമെന്നയാൾ ആവശ്യപ്പെടുന്നു. കമ്പനിയിലെ ഉദ്യോഗം നഷ്ടമായ മുകുന്ദൻ മജിഷ്യന്റെ സഹായിയായി മാറി. മജിഷ്യനെ നിയന്ത്രിക്കുന്ന ഇന്ദ്ര എന്ന സ്ത്രീ (ഭാനുമതിയെപ്പെലെ ഇന്ദ്രയും അദൃശ്യയാണ്; അസന്നിഹിതയാണ്. സന്നിഹിതരെന്നപോലെ അസന്നിഹിതരും സൃഷ്ടിക്കുന്ന ജീവിതാർഥങ്ങൾ ഈ നോവലിന്റെ ആഖ്യാനകലയുടെ സവിശേഷതകളിലൊന്നാണ്), നാലു ചെറുപ്പക്കാർ ചേർന്നുണ്ടാക്കുന്ന 'ടീം ഹഹഹഹ' എന്ന മ്യൂസിക് ട്രൂപ്പ്, ഓഫീസിൽ മുകുന്ദന്റെ സഹപ്രവർത്തകയായ ലിസ എന്നിങ്ങനെ ചിലരും ചിലതുമുണ്ടെങ്കിലും പേരില്ലാത്ത മജിഷ്യനും മുകുന്ദനും തമ്മിലുള്ള സംവാദവും സമ്പർക്കവുമാണ് ഈ ഭാഗത്തെ കേന്ദ്രസന്ദർഭങ്ങൾ. മാന്ത്രികതയും യാഥാർഥ്യവും ഒരുപോലെ നിറയുന്ന മർത്യജീവിതത്തെക്കുറിച്ചാണ് നോവലിന്റെ രണ്ടാം ഭാഗമെങ്കിലും മാജിക്കൽ റിയലിസമല്ല, അതിന്റെ അപനിർമ്മിതിയാണ് 'തിരഞ്ഞെടുക്കപ്പെട്ടവ'ന്റെ രീതിശാസ്ത്രം.
'തിര'യിൽനിന്ന് 'തിരഞ്ഞെടുക്കപ്പെട്ടവ'നിലേക്ക് ചില 'അന്തർധാര'കളില്ലെന്നല്ല. മുകുന്ദൻ താമസിക്കുന്ന ലക്ഷ്മിയക്കയുടെ വീടും ഇല്യാസിന്റെ കടയും ഭാനുമതിക്കു വരുന്ന കത്തും കാൽനൂറ്റാണ്ടിന്റെ വ്യത്യാസത്തിലും ഈ അന്തർധാരയെ നിലനിർത്തുന്നു - ഏറെക്കുറെ കൃത്രിമവും നിരുപദ്രവകരവുമായിത്തന്നെ.
മൂന്നു മാജിക്‌ഷോകളാണ് 'തിരഞ്ഞെടുക്കപ്പെട്ടവ'ന്റെ ഭാഗധേയം നിർണയിക്കുന്നത്. മൂന്നും ഭ്രാതൃഹത്യകളുടെ ക്ലാസിക്കുകൾ. ഒന്നാമത്തേത് ബൈബിളിലെ ഉല്പത്തികഥയുടെ പരാവർത്തനമാണ്. കായേൻ ആബേലിനെ വധിക്കുന്ന രംഗത്ത് മുകുന്ദൻ ആബേലാകുന്നു. മജിഷ്യൻ കായേനും. സഹോദരന്റെ ക്രോധത്തിൽനിന്നു സ്വന്തം ജീവൻ രക്ഷിക്കാൻ ആബേലിനു കഴിഞ്ഞില്ലെങ്കിലും മജിഷ്യന്റെ വാൾമുനയിൽനിന്ന് മുകുന്ദൻ രക്ഷനേടുന്നു.
രണ്ടാം മാജിക്കിൽ ആലിബാബയുടെയും സഹോദരൻ കാസിമിന്റെയും കഥപറയുന്നു. മുകുന്ദൻ കാസിമാകുന്നു. അവിടെയും മരണത്തിന്റെ വാൾമുനയിൽനിന്ന് മുകുന്ദൻ നൃത്തം ചെയ്തു പുറത്തുവരുന്നു.
മൂന്നാമത്തേത് രാമ-ലക്ഷ്മണ കഥയാണ് പക്ഷെ ആ പ്രദർശനം നടക്കുന്നില്ല. കൂടുതൽ ലാഭം കിട്ടുന്ന മറ്റൊരു പരിപാടിവന്നതോടെ സംഘാടകർ അതു റദ്ദാക്കി. മജിഷ്യനെ കാണാതാകുന്നു. മുകുന്ദൻ ഉബൈദിനെപ്പോലെ, കടൽക്കരയിലെത്തി, ഉയർന്ന ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലുള്ള റസ്റ്റോറന്റിൽ നിന്നു താഴേക്കുനോക്കി തന്റെ അവസാനത്തെ മാജിക് അവതരിപ്പിക്കാനൊരുങ്ങുന്നു.
മർത്യവിധിയുടെ അപാരമായ അന്തസാരശൂന്യതയെക്കുറിച്ചുള്ള രണ്ടു കഥകളെ, രണ്ടു കാലങ്ങളെ, ഒരു സ്ഥലഭൂമികയിൽ ചേർത്തുവയ്ക്കുകയാണ് ദേവദാസ്. ഇരുട്ടിൽ കാണാതാവുന്ന, ആൾക്കൂട്ടത്തിലലിഞ്ഞുപോകുന്ന, ചരിത്രത്തിൽ മാഞ്ഞുപോകുന്ന, മണ്ണിലും ജലത്തിലും ലയിച്ചുചേരുന്ന മർത്യാവസ്ഥയുടെ ഒട്ടുമേ മാന്ത്രികമല്ലാത്ത യാഥാർഥ്യങ്ങളാണ്, മാന്ത്രികവിദ്യയുടെ രൂപകാദേശങ്ങളിലൂടെ ഈ നോവലിൽ സൂചിതമാകുന്നത്. 'The easiest way to attract a crowd is to let it be known that at a given time and given place, someone is going to attempt something that in the event of failure will mean sudden death' എന്ന മഹാമാന്ത്രികൻ ഹൗഡിനിയുടെ വാക്കുകൾ തന്റെ നോവലിനു മുഖവുരയായി ചേർക്കുമ്പോൾ ദേവദാസ് ലക്ഷ്യമിടുന്നതും മാജിക്കിന്റെയെന്നപോലെ മർത്യജീവിതത്തിന്റെയും പരമാർഥം മരണവുമായുള്ള ഒരു കളിമാത്രമാകുന്നൂ അതെന്നാണ്.
ഓഫീസിലെ കംപ്യൂട്ടറിൽ മുകുന്ദൻ കളിക്കുന്ന കാർഡ് ഗെയിമാകട്ടെ, റുബ്ബായാത്ത് ബാറിലെ കളിമേശയിൽ നിരന്തരം നടക്കുന്ന പിൻബോൾ ഗെയിമാകട്ടെ, മാന്ത്രികന്റെ മാജിക് ബോക്‌സിനുള്ളിൽ സ്വന്തം ശരീരവും സ്വത്വവും കൊണ്ട് മുകുന്ദൻ അനുഭവിക്കുന്ന പ്രാണസങ്കടങ്ങളാകട്ടെ, ജീവിതമെന്നത് ഒരു കളിയാണ് എന്നുതന്നെ തെളിയിക്കുന്നു, 'ചെപ്പും പന്തും'. കൈവിട്ടുപോകലും മാഞ്ഞുപോകലും കളഞ്ഞുപോകലുമൊക്കെയായി മുന്നേറുന്ന മരണവുമായുള്ള കളി. കണ്ണുകെട്ടിയ കത്തിയേറുകാരന് കൈപ്പിഴ പറ്റില്ല എന്ന വിശ്വാസം മാത്രമാകുന്നു, ജീവിതം. മരണവുമായി ചൂതുകളിക്കുന്ന നിരവധിയായ ജീവിതാവസ്ഥകളിലും മർത്യാനുഭവങ്ങളിലും നിന്ന് ഈ നോവൽ കണ്ടെടുക്കുന്ന ലോകബോധവും മറ്റൊന്നല്ല.
നോവലിൽനിന്ന്:-
'തോക്കേന്തിയ ഉബൈദ് മൂന്നാമതും ഊഴക്കാരനായി. തവിട്ട് നിറത്തിലുള്ള ഒരു ബലൂണിന്മേൽ അവൻ ഉന്നംപിടിച്ചു. പൊടുന്നനെ ഉബൈദ് എതിർവശത്തേക്ക് തിരിഞ്ഞു നിന്നു. തോക്കിൻതുമ്പിലിപ്പോൾ ലക്ഷ്യം ബലൂണല്ല. നേർത്ത വെളിച്ചത്തിലും അവനത് തെളിഞ്ഞ് കാണാം. വെട്രിവേലിന്റെ തല... അപ്രതീക്ഷിതമായ ഒരു നീക്കം മുന്നിൽ കണ്ട വേൽ ഒന്ന് പകച്ചു. ഏതാനും ചുവടുകൾ പിന്നോട്ട് വച്ചു. വെട്ടം കുറവാണെങ്കിലും ശത്രുവിന്റെ മുഖത്ത് പടർന്ന ഭയം ഉബൈദ് തിരിച്ചറിഞ്ഞു. വെട്രിവേൽ പിന്നോട്ടുവച്ച അത്രയും ചുവടുകൾ കണക്കാക്കി മുന്നോട്ട് നടന്നശേഷം കാഞ്ചിയിൽ വിരൽ ചേർത്തുകൊണ്ട് ഉബൈദ് പുഞ്ചിരിച്ചു. തന്റെയടുത്തേക്കു വന്ന രണ്ട് കൂട്ടുകാർ തമ്മിലുള്ള തമാശയായി അതിനെ കണ്ട് കളിക്കച്ചവടക്കാരൻ ഉറക്കെച്ചിരിച്ചു. കാര്യങ്ങൾ തിരിച്ചറിഞ്ഞ വെട്രിവേൽ മാത്രം പരിഭ്രമിച്ചു. ഉബൈദ് നാലഞ്ച് ചുവടുകൾകൂടി മുന്നോട്ട് വച്ചു. മണലിൽ കാലുറഞ്ഞുപോയവനെപ്പോലെ വേൽ അടിയനങ്ങാതെ നിശ്ചലനായി ഭയന്ന് നിന്നു. കളിക്കച്ചവടക്കാരുടെ കൗശലത്തെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ മറ്റൊരു കാര്യംകൂടി അജാദ് പറഞ്ഞതാണ് ഉബൈദ് അപ്പോൾ ഓർത്തത്. അതൊരു ജാലവിദ്യയുടെ രഹസ്യമായിരുന്നു. ബലൂണിൽ വെടിയുതിർത്തുള്ള പന്തയത്തിനു പകരം കാണികളിലൊരാളുടെ കൈയിലിരിക്കുന്ന തോക്ക് ലക്ഷ്യം വയ്ക്കുന്നത് മാന്ത്രികനെ തന്നെയായിരിക്കും. വെടിമരുന്ന് കുത്തി നിറച്ചശേഷം ലോഹനിർമ്മിതമായ വെടിയുണ്ട നിറയ്ക്കുന്നതുപോലെ കാണിച്ച് ചുറ്റുമുള്ളവരെ കബളിപ്പിച്ചശേഷം കൈവേഗതയാൽ തിരയൊളിപ്പിക്കുന്ന നേരംകൊണ്ട് മാന്ത്രികൻ തോക്ക് കാഴ്ചക്കാരിലൊരാളെ ഏൽപ്പിക്കും. ഊഴം ലഭിച്ച കാഴ്ചക്കാരൻ മാന്ത്രികന്റെ തലയ്ക്ക് ഉന്നംപിടിച്ച് കാഞ്ചി വലിക്കുമ്പോൾ വെടിമരുന്ന് കത്തുമെങ്കിലും പൊട്ടുന്നത് പാഴ്‌വെടിയായിരിക്കും. നേരത്തേതന്നെ ഉള്ളംകൈയിൽ ഒളിച്ചുപിടിച്ചിരുന്ന വെടിയുണ്ട കാണികൾക്കു മുന്നിൽ നിവർത്തിക്കാണിച്ച് മാന്ത്രികൻ കൈയടി നേടും. അതുപോലൊരു കൈക്രിയയാണ് കളിക്കച്ചവടക്കാരനും നടത്തുന്നത്. പന്തയത്തിലെ മൂന്ന് ഊഴവെടിയിൽ ഒരു തിര നിറയ്ക്കുന്നേരത്ത് അയാൾ മാന്ത്രികനാകും. എന്നാൽ വല്ലപ്പോഴും മാത്രം അയാൾ മൂന്ന് തവണയും തിര നിറയ്ക്കും. തോക്കേന്തുന്നയാൾ മിടുക്കനാണെങ്കിൽ മൂന്ന് തവണയും ബലൂണുകൾ പൊട്ടും. പിന്നെ സമ്മാനം ഉന്നക്കാരന് സ്വന്തം. അതുപോലെ ഒരു അപൂർവ്വ സന്ദർഭമായിരിക്കുമോ ഇത്? അതായിരുന്നു ഉബൈദിന്റെ സംശയം. വേലിയേറ്റത്തിരകളുടെ അലർച്ചകൾക്കിടയിൽ ഉബൈദും വെട്രിവേലും മനക്കണക്കുകൾ കൂട്ടി. താൻ ഉയർത്തിപ്പിടിച്ചിരിക്കുന്ന തോക്കിൽ തിരയുണ്ടാകുമോ? ഉണ്ടെങ്കിൽതന്നെയത് വെട്രിവേലിന്റെ തലയിൽ കൊള്ളുമോ? ഇനി അഥവാ കൊണ്ടാൽ തന്നെയും ഒരു ബലൂൺ മാത്രം പൊട്ടിക്കാൻശേഷിയുള്ള, മരപ്പലകയിലിടിച്ച് മണലിൽ വീഴുന്ന തിരകൊണ്ട് ഒരു മനുഷ്യന്റെ തലയോട് തകർക്കാൻ കഴിയുമോ? അനിശ്ചിതങ്ങളിൽ അകപ്പെട്ട് ഉബൈദ് നിശ്ചലനായി. വെട്രിവേൽ അന്നേരം മറുചിന്തകളിലായിരുന്നു. കൺമുന്നിലാണ് ശത്രു. അതും തോക്കുമേന്തിയാണ് നിൽപ്പ്. അവന്റെ ഉന്നം താൻ തൊട്ടു മുന്നേ നേരിൽ കണ്ടതുമാണ്. നേരത്തേയുള്ള രണ്ട് ഊഴങ്ങളിലും ഉതിർത്ത തിര ലക്ഷ്യം കണ്ടിരുന്നു. മൂന്നാമത്തേത് തന്റെ തലയാണ്. അവൻ തന്നെ വെടിവയ്ക്കുമോ? വച്ചാൽതന്നെ കൊള്ളുമോ? അവന്റെ കൈയിലിരിക്കുന്നത് ശരിത്തോക്കല്ല എന്നത് നേരുതന്നെ, പക്ഷേ, അത് വെറുമൊരു കളിത്തോക്കുമല്ലല്ലോ? വെടി കൊണ്ടാൽതന്നെയും ചെറിയൊരു ഉണ്ടയേറ്റ് തന്റെ തല ചിതറാനൊന്നും പോകുന്നില്ല. പക്ഷേ, അതുകൊണ്ടു മാത്രം അപകടമൊഴിവാകുന്നില്ലല്ലോ. തലയിൽ നല്ലൊരു മുറിവുണ്ടാക്കാൻ ചിലപ്പോൾ കഴിഞ്ഞേക്കും. പക്ഷേ, ലക്ഷ്യം തലയിൽനിന്നു മാറ്റി കഴുത്തിലോ നെഞ്ചത്തോ വയറ്റിലോ ആയാലോ? മാംസളമായ ശരീരഭാഗങ്ങളെ തുളയ്ക്കാൻ അതിനാകുമോ? വെട്രിവേലും അനിശ്ചിതങ്ങളിൽ പരതി കുഴങ്ങി നിന്നു.
ഫോൺസന്ദേശമായി വന്ന അവസാനത്തെ മുന്നറിയിപ്പും ലഭിച്ച ശേഷമാണ് കസ്റ്റംസ് ഇൻസ്‌പെക്ടർ നടപടികൾ പൂർത്തീകരിച്ചശേഷം ആ പെട്ടികൾ വിട്ടുകൊടുക്കാൻ തയ്യാറായത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. വിമാനത്താവളത്തെ നടുക്കിക്കൊണ്ട് കതിരേശന്റെ പെട്ടികൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മുപ്പതോളമാളുകൾ തൽക്ഷണം മരിച്ചുവീണു. അത്രയോളംതന്നെ ആളുകൾക്ക് പരിക്കേറ്റു. നഗരമാകെ ഇരുണ്ട ഭീതിയിലാണ്ടു വിറച്ചു. തുടർച്ചയായി സൈറണുകൾ മുഴക്കി ആംബുലൻസുകളും പൊലീസ് വാഹനങ്ങളും നഗരത്തിലൂടെ ചീറിപ്പാഞ്ഞു. എങ്ങോട്ടെന്നില്ലാതെ ആളുകൾ ഇറങ്ങി ചിതറിയോടി...
തോക്കും നീട്ടിപ്പിടിച്ച്, ഒരു കണ്ണിറുക്കി ശത്രുവിന്റെ നെറ്റിക്ക് ലക്ഷ്യം വച്ച് ഉബൈദ് അതേ നിൽപ്പാണ്. കളിക്കച്ചവടക്കാരൻ അതും നോക്കി ചിരിക്കുകയാണ്. വെട്രിവേലിനാകട്ടെ ഉള്ളാലെ ഭയാശങ്കകൾ പെരുകുകയാണ്. എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ ഉബൈദിനെയും കടൽത്തീരത്തെയും ഉപേക്ഷിച്ച് വേൽ വെട്ടിത്തിരിഞ്ഞ് മടക്കം നടന്നു. തന്റെ കാഴ്ചവെട്ടത്തിൽനിന്ന് അയാൾ മറയുന്നതുവരെയും ഉബൈദ് തോക്കു ചൂണ്ടിക്കൊണ്ട് നിശ്ചലനായി നിന്നു. വേൽ മടങ്ങിപ്പോയെന്ന് ഉറപ്പായതോടെ തിരികെ നടന്ന് ബലൂണുകൾ നിരത്തിയ മരപ്പലകയ്ക്ക് മുന്നിലെത്തി. വീണ്ടും ഒരു തവണകൂടി ഉന്നംപിടിച്ചെങ്കിലും മൂന്നാമത്തെ ഊഴത്തിൽ വെടിയുതിർക്കാതെ ഉബൈദ് തോക്ക് കളിക്കച്ചവടക്കാരനെ തിരികെയേൽപ്പിച്ചു'.
ചെപ്പും പന്തും
(നോവൽ)
വി എം. ദേവദാസ്
ഡി.സി. ബുക്‌സ്
2017, വില: 250 രൂപ.