- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യമൃഗങ്ങളിൽ നിന്ന് രക്ഷിക്കാൻ തീപ്പന്തം; കൂമ്പാച്ചി മലയിലേക്കുള്ള നാലംഗ സംഘത്തിന്റെ യാത്രയിൽ കാൽവഴുതിയത് ബാബുവിനെ പ്രതിസന്ധിയിലാക്കി; രക്ഷാ സംഘത്തിൽ എവറസ്റ്റ് കീഴടക്കിയവരും; മകന്റെ മലയിറക്കം കാത്ത് താഴെ അമ്മ റാഷിദയും; ചെറാട് മലയിടുക്കിൽ നടക്കുന്നത് സാഹസിക രക്ഷാപ്രവർത്തനം
മലമ്പുഴ: ചെറാട് മലയിടുക്കിൽ രക്ഷാപ്രവർത്തനത്തിനു സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം. തിങ്കളാഴ്ച വൈകിട്ടു മുതൽ പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫും ഉൾപ്പെടെയുള്ള സംഘം ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഫലം കാണാതെ വന്നപ്പോഴാണ് സൈന്യം തന്നെ എത്തിയത്. രാത്രിയിൽ വന്യമൃഗങ്ങളിൽ നിന്നും ബാബുവിനെ രക്ഷിക്കാനും പ്രത്യേക കരുതൽ എടുത്തു. വനവിഭവങ്ങൾ ശേഖരിക്കാനാണ് യുവാക്കൾ കാട്ടിൽ പോയതെന്നാണു ലഭിക്കുന്ന വിവരം.
യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായമുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെ കരസേനാ സംഘത്തിലുണ്ട്. ഇതാണ് പ്രതീക്ഷയാകുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് ജിഒസി ലഫ് ജനറൽ എ.അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ബാബുവിന്റെ അമ്മ റാഷിദ പ്രതീക്ഷയോടെ താഴെ കാത്തിരിപ്പിലാണ്. 'തിങ്കളാഴ്ച എപ്പോഴാണു ബാബു മലയിലേക്കു പോയതെന്നറിയില്ല. എന്നെ ഫോൺ വിളിച്ചാണു മല മുകളിൽ പെട്ടുപോയി എന്നു പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അവസാനമായി വിളിച്ചത്. കാൽ വേദനിക്കുന്നു, മുറിവുകളുണ്ട്, വെള്ളം വേണം എന്നൊക്കെ പറഞ്ഞു കരഞ്ഞു.-റാഷിദ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് വിവരമറിഞ്ഞ ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. മലമുകളിലേക്കു കയറിയെങ്കിലും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടുക അസാധ്യമായിരുന്നു. കയർ ഉപയോഗിച്ച് അവിടേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പ്രായോഗികമായിരുന്നില്ല. തുടർന്ന് രാത്രി അവിടെ ക്യാംപ് ചെയ്ത സംഘം, പ്രദേശത്തേക്കു വന്യമൃഗങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കാൻ തീപ്പന്തം കത്തിച്ചുവച്ചു. കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിച്ചത്. എന്നാൽ, മലയുടെ മുകൾഭാഗത്തു കോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാലും ചെങ്കുത്തായ ഭാഗത്താണ് ബാബു കുടുങ്ങിയത് എന്നതു കാരണവും അതും നടന്നില്ല. ഇതിന് ശേഷമാണ് സൈന്യത്തിന്റെ സേവനം തേടിയത്.
പർവതാരോഹകർ ഉൾപെടുന്ന 11 അംഗ കരസേനാസംഘമാണ് ഊട്ടിയിൽനിന്ന് എത്തിയത്. കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടങ്ങി. ഒൻപതു പേരടങ്ങുന്ന ദൗത്യസംഘം രക്ഷാപ്രവർത്തനത്തിനായി മലമുകളിൽ എത്തി. യുവാവുമായി കരസേനാ സംഘത്തിനു സംസാരിക്കാൻ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. യുവാവിന് ഭക്ഷണവും വെള്ളവും മെഡിക്കൽ സൗകര്യവും എത്തിക്കാനാണ് ആദ്യ ശ്രമം. മലയിടുക്കിൽ നിന്നു യുവാവിനെ ബുധനാഴ്ച രാവിലെ പുറത്തെത്തിക്കാനാണ് തീരുമാനം. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണിൽ നിന്ന് മലമ്പുഴയിലേക്ക് തിരിച്ചു.
കൂമ്പാച്ചി മലയിലേക്കുള്ള നാലംഗ സംഘത്തിന്റെ യാത്രയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബു അപകടത്തിൽപ്പെട്ടത്. ബാബു തന്നെയാണ് അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ എടുത്ത് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്. ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിരുന്നു. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ചെറാട് സ്വദേശിക്ക് പരുക്കേറ്റിട്ടുണ്ട്.
മതിയായ സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ മകൻ സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെങ്കിലും മകന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തകർ ആത്ഥാർഥമായി പ്രവർത്തിക്കുന്നുണ്ട്. അവനെ രക്ഷപ്പെടുത്താൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് വേണ്ടി പ്രാർത്ഥിക്കണം. മകന് വേണ്ടിയും രക്ഷാപ്രവർത്തകർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും മാതാവ് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ