തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തിളക്കുന്ന യുവത്വത്തിന്റെ പ്രതീകമായി, മലയാളി യുവാക്കളിൽ ഏറെ പ്രതീക്ഷയും ആവേശവുമായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നേതാവ്. കോൺഗ്രസ് രാഷ്ട്രീയമായിരുന്നു അന്ന് അദ്ദേഹത്തിന്റെ തട്ടകം. പിന്നീട്, സാഹചര്യവശാൽ രാഷ്ട്രീയ തട്ടകം മാറി ഇടതുപാർട്ടിക്കൊപ്പം നിലകൊണ്ടപ്പോഴും ആദർശം വിടാത്ത നേതാവ്. സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പ്രധാനപ്പെട്ട മിഷനുകളുടെയും കോഡിനേറ്റർ എന്ന പരമപ്രധാനമായ ചുമതല വഹിക്കുന്ന ചെറിയാൻ ഫിലിപ്പ്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തിലെ ഏടുകളെ കുറിച്ചും അദ്ദേഹം മറുനാടൻ ടിവിയുടെ 'ഷൂട്ട് അറ്റ് സൈറ്റ്' പരിപാടിയിൽ മനസു തുറന്നു. വിശദമായ അഭിമുഖത്തിലേക്ക്...

  • ഞങ്ങളൊക്കെ ചെറിയാൻ ഫിലിപ്പിനെ ഓർക്കുന്നത് 'കാൽനൂറ്റാണ്ട്' എന്ന പുസ്തകത്തിലൂടെയാണ്. കേരളീയ രാഷ്ട്രീയ ചരിത്രം ഇത്ര സമഗ്രമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം വേറെയുണ്ടാവില്ല. ഇന്ന് പല ജേർണലിസം വിദ്യാർത്ഥികളും ടെക്സ്റ്റായി ഉപയോഗിക്കുന്ന ഈ പുസ്തകം എഴുതിയത് താങ്കൾക്ക് വെറും ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ്സുള്ളപ്പോഴാണ്? എന്താണ് ഇത്തരം ഒരു പുസ്തകം എഴുതാനുള്ള പ്രചോദനം?

ഞാൻ എന്റെ വിദ്യാർത്ഥി ജീവിതകാലത്ത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കണ്ടെത്താൻ ശ്രമിച്ചതിന്റെ ബാക്കി പത്രമാണത്. പഴയകാല തിരുവിതാംകൂറിന്റെ ചരിത്രം, വില്യം ലോഗൻ എഴുതിയ മലബാറിന്റെ ചരിത്രം, ഇഎംഎസ് എഴുതിയ 'കേരളം മലയാളികളുടെ മാതൃഭൂമി' തുടങ്ങിയ പുസ്തങ്ങൾ അല്ലാതെ കേരളപ്പിറവിക്ക് ശേഷമുള്ള സമകാലീന കേരള രാഷ്ട്രീയ ചരിത്രം പറയുന്ന ഒരു പുസ്തകവും ഉണ്ടായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ, ഞാൻ കെഎസ്‌യു പ്രസിഡന്റ് സ്ഥാനം വിട്ടപ്പോൾ ഇതൊന്നു എഴുതിയാലോ എന്ന് ആലോചിച്ചു. അപ്പോൾ എല്ലാവരും പറഞ്ഞത് അതിനുള്ള പ്രായവും പക്വതയൊന്നും എനിക്ക് ആയിട്ടില്ല എന്നാണ്. അതൊക്കെ പത്തുനാൽപ്പത് വയസ്സ് കഴിഞ്ഞിട്ടുമതി എന്നാണ് പലരും ഉപദേശിച്ചത്. എങ്കിലും ഒരു ചെറിയ പുസ്തകം എഴുതിക്കളയാം എന്നാണ് കരുതിയത്.

അന്ന് റഫറൻസുകൾ വളരെ കുറവായിരുന്നു. പത്രത്താളുകൾ പോലും ശേഖരിച്ചിട്ടില്ല. പക്ഷേ പഴയകാല നേതാക്കന്മാരെയെല്ലാം നേരിട്ട കണ്ട് അഭിമുഖം നടത്താൻ തീരുമാനിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാട്, കെ കരുണാകരൻ, എംഎൻ ഗോവിന്ദൻ നായർ, കെആർ ഗൗരിയമ്മ, സിഎച്ച് മുഹമ്മദ്കോയ തുടങ്ങി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രമുഖരായ നേതാക്കളെയൊക്കെ നേരിട്ട് കണ്ട് സംസാരിച്ചു. പല നേതാക്കളെയും കണ്ടപ്പോൾ ആ കേൾക്കുന്ന കഥകൾ തന്നെ രസമായിരുന്നു. അവയൊക്കെ ഞാൻ കുറിച്ചുവെക്കും. പിന്നീട് പത്രത്താളുകളും ഒക്കെ നോക്കി അവയെ ക്രമാനുഗതമായി അടുക്കി. അങ്ങനെ ഹസ്ര്വകാല രാഷ്ട്രീയ പഠന വിവരണമായിരുന്നു 'കാൽനൂറ്റാണ്ട്'.

പക്ഷേ അത് എഴുതിത്ത്ത്ത്തീർന്നപ്പോൾ കിട്ടിയ സ്വീകരണം വലുതായിരുന്നു. ഇതിന്റെ പ്രകാശന ചടങ്ങിൽ കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാർ പങ്കെടുത്തു. കെ കരുണാകരനാണ് പ്രകാശനം ചെയ്തത്. എകെ ആന്റണി അധ്യക്ഷൻ. ഇഎംഎസ് മുഖ്യപ്രഭാഷണം നടത്തി. സി അച്യുതമേനോൻ, ഇകെ നായനാർ, പികെ വാസുദേവൻ നായർ, സിഎച്ച് മുഹമ്മദുകോയ എന്നിവർക്കു പുറമെ കെഎം മാണി, ആർ ബാലകൃഷ്ണപ്പിള്ള തുടങ്ങി കേരള രാഷ്ട്രീയത്തിലെ മുഴുവൻ മഹാരഥന്മാരും പരിപാടിയിൽ പങ്കെടുത്തു. മാത്രമല്ല അടുത്ത ദിവസം ഈ പുസ്തകത്തെ കുറിച്ച് ഇഎംഎസ് റിവ്യൂ എഴുതി. 'ചെറിയാൻഫിലിപ്പ് കോൺ്രഗസുകാരൻ ആണെങ്കിലും ബുദ്ധിപരമായ സത്യസന്ധത ഈ ഈ പുസ്തകത്തിൽ ഉണ്ട്' എന്നായിരുന്നു അദ്ദേഹം എഴുതിയത്. ആ പുസ്‌കത്തിന് ഞാൻ പ്രതീക്ഷിക്കാത്ത സ്വീകാര്യത കിട്ടി. ധാരാളം അവാർഡുകൾ കിട്ടി.

പിന്നീട് എഴുതിയത് 'സ്വാതന്ത്ര്യത്തിനുശേഷം' എന്ന പുസ്തകമാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളും മറ്റും ഉണ്ടായിരുന്നത് കാരണം അതിന് വലിയ പ്രചാരം കിട്ടിയില്ല. ഈ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് രാജീവ്ഗാന്ധിയായിരുന്നു. ഈ രണ്ടുപുസ്തകങ്ങളും എഴുതാനുണ്ടായ കാരണം എന്റെ ഒരു അന്വേഷണ മനസ്സാണ്.

  • കെഎസ്‌യുവിന്റെ നേതാവായി തിളങ്ങിനിൽക്കുന്ന സമയത്താണെല്ലോ ഈ പുസ്തകം എഴുതുന്നത്. കെഎസ്‌യുവിനെക്കുറിച്ചുള്ള അക്കാലത്തും ഇപ്പോഴും പൊതുവെയുള്ള ആരോപണം അറിവില്ലായ്മയാണേല്ലോ. അപ്പോൾ ഇഎംഎസിനെയും നായനാരെയും പികെവിയെയുംപോലുള്ള നേതാക്കളുടെ അടുത്ത് പോകുമ്പോൾ അവരുടെ സ്വീകരണം എങ്ങനെയായിരുന്നു?

നല്ല സ്വീകരണമാണ് പൊതുവെ ലഭിച്ചത്. ഇഎംഎസും ഞാനുമായുള്ള പരിചയം ഒരു സമരത്തിലൂടെയാണ് തുടങ്ങുന്നത്. 'ഇഎംഎസിനെ ഈയലുപോലെ പറപ്പിക്കും' എന്ന് മുദ്രാവാക്യം മൂഴക്കി അദ്ദേഹത്തിന്റെ വീട് പിക്കറ്റ് ചെയ്തവരിൽ ഞാനും ഉണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ എല്ലാവരും ഓടി. ഞാൻ മാത്രം നിന്നുകൊടുത്തു. എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചിലരെ റിമാൻഡ് ചെയ്തപോലെ എന്നെയും അട്ടക്കുളങ്ങര ജയിലേക്ക് റിമാൻഡ് ചെയ്തു. അപ്പോൾ ജയിൽ സൂപ്രണ്ട് വിളിച്ചു ചോദിച്ചു. ഇത് 13 വയസ്സുള്ള കുട്ടിയാണ്, എന്തുചെയ്യണം എന്ന്. അങ്ങനെ സെല്ലിൽ ഇടണ്ട എന്ന് തീരുമാനമായി.

 

ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് താമസിച്ചത്. പിറ്റേന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് കെ കരുണാകരനും, കോൺഗ്രസ് നേതാവ് അഡ്വ.വക്കം പുരുഷോത്തമനും ചേർന്നാണ് എന്നെ ജയിലിൽനിന്ന് ഇറക്കുന്നത്. അപ്പോൾതന്നെ തന്നെ പിക്കറ്റ് ചെയ്ത ഈ കൊച്ചുകുട്ടിയെ കുറിച്ച് ഇഎംഎസിന്റെ മനസ്സിൽ ഒരു ചിത്രമുണ്ടായിരുന്നു. അതുകഴിഞ്ഞ് എകെ ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ എംഎൽഎമാർ ആയപ്പോൾ ഞാനും എംഎൽഎ ഹോസ്റ്റലിൽ നിത്യ സന്ദർശകനായി. അപ്പോൾ അവിടെ പ്രതിപക്ഷ നേതാവായി ഇഎംഎസ് ഉണ്ടായിരുന്നു. അങ്ങനെ ഇഎംഎസുമായി പരിചയപ്പെടാൻ ഇടയായി. അത് പിന്നീട് വലിയ ആത്മബന്ധമായി. എംഎൽഎ ഹോസ്റ്റലിലെ ഈ ബന്ധം തന്നെയാണ് അവിടെ വരുമായിരുന്ന എകെജിയടക്കമുള്ള നേതാക്കളുമായി പരിചയപ്പൊടാനും തുണയാക്കിയത്.

  • 13ാമത്തെ വയസ്സിൽ ജയിലിൽകിടക്കുകയും 25ാമത്തെ വയസ്സിൽ ഞെട്ടിപ്പിക്കുന്ന പുസ്തകം എഴുതുകയും ഒക്കെ ചെയ്തിട്ടും കോൺഗ്രസുകാർ എന്താണ് അവഗണിച്ചത്?

അങ്ങനെ പറയാൻ പറ്റില്ല. സത്യം പറഞ്ഞാൽ കെഎസ്‌യു പ്രസിഡന്റ് ആയിരിക്കുമ്പോൾ എനിക്ക് തന്നെ സീറ്റ് ആവശ്യപ്പെടാമായിരുന്നു. സാധാരണ കോൺഗ്രസിന്റെ കീഴ്്വഴക്കം അങ്ങനെയാണ്. കെഎസ്‌യു പ്രസിഡന്റിന് സീറ്റ് കൊടുക്കണം. 25ാം വയസ്സിൽ സീറ്റ് വേണ്ട, കുറച്ചുകൂടി കഴിയട്ടെ എന്ന നിലപാടാണ് ഞാൻ എടുത്തത്. ഒരു കോൺഗ്രസ് നേതാവ് ആയശേഷം മതി സീറ്റ് എന്ന ആദർശപരമായ തീരുമാനമാണ് എന്നെ നയിച്ചത്. അതുകഴിഞ്ഞ് പല തവണയും ഞാൻ മാറിനിന്നു. എനിക്കുശേഷം വന്ന പലർക്കും സീറ്റുകിട്ടുകയും ഞാൻ മാത്രം തഴയപ്പെടുന്നു എന്ന് വന്നപ്പോഴുമാണ്, ഞാൻ പ്രതികരിച്ചത്. കിട്ടിയ സീറ്റുകളും ജയസാധ്യതയുള്ളതായിരുന്നില്ല. കോട്ടയത്ത് ടികെ രാമകൃഷ്ണനോട് മൽസരിക്കാൻ ആളില്ലാതെ വന്ന സമയത്താണ് ഞാൻ അവിടെ മൽസരിച്ചത്. തോറ്റത് വെറും രണ്ടായിരം വോട്ടിനാണ്. 96ൽ ഞാൻ മൽസരിക്കാൻ തയ്യാറായില്ല. ആന്റണി അന്ന് മുഖ്യമന്ത്രിയാണ്. എനിക്ക് ഉറച്ച സീറ്റുകിട്ടാൻ ഒരു വിഷമവും ഉണ്ടായിരുന്നില്ല. 2001ൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാവരും ഞാൻ മൽസരിക്കണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചു. കായംകുളം സീറ്റിൽ ഞാൻ മൽസരിക്കണമെന്ന് രണ്ടുവർഷം മുമ്പേതന്നെ കരുണാകരനും ആന്റണിയും തമ്മിൽ ധാരണയായിരുന്നു. അതിന് അനുസരിച്ച് പ്രവർത്തനങ്ങളും നീക്കിയിരുന്നു. എന്നാൽ അവസാന നിമിഷം അവിടെ എംവി രാഘവനെ പ്രതിഷ്ഠിച്ചു. അത് ആന്റണിയുടെയും കരുണാകരന്റെയും സമ്മതത്തോടെ ആയിരുന്നില്ല.

എനിക്കുവേണമെങ്കിൽ തിരുവനന്തപുരം നോർത്തിൽ മൽസരിക്കാമായിരുന്നു. പക്ഷേ നോർത്തിലേക്ക് ഞാൻ തന്നെയാണ് മോഹൻകുമാറിന്റെ പേര് നിർദ്ദേശിച്ചത്. മോഹൻകുമാറിന്റെ കണ്ണീരിൽ ചവിട്ടി സീറ്റുവേണ്ടെന്ന് ഞാൻ തീരുമാനിക്കയായിരുന്നു. അതിനിടയിൽ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി. കോൺഗ്രസിൽ അധികാര കുത്തകകൾ രുപപ്പെട്ടു. അവർക്ക് എതിരെയായിരുന്നു എന്റെ സമരം. അങ്ങനെ ഞാൻ കോൺഗ്രസ് വിടാനും ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിക്കാനും തീരുമാനിക്കയായിരുന്നു. അല്ലാതെ എന്നെ ആരും കോൺഗ്രസിൽനിന്ന് പുറത്താക്കിയതല്ല.

  • ഉമ്മൻ ചാണ്ടിയായിരുന്നോ അപ്പോൾ വില്ലൻ?

അങ്ങനെ പറയാൻ പറ്റില്ല. ഉമ്മൻ ചാണ്ടിയെ ചുറ്റിക്കൂടിയിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം എന്നു പറയാനേ പറ്റൂ. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി വലിയ ബന്ധം ഇപ്പോഴും ഉണ്ട്. ഉമ്മൻ ചാണ്ടി എന്റെ ലോക്കൽ ഗാർഡിയനായി ഇരുന്ന ആളാണ്. കെഎസുയുവിൽ പ്രവർത്തിക്കുമ്പോൾ ആന്റണിയോടെന്നപോലുള്ള ബന്ധമായിരുന്നു ഉമ്മൻ ചാണ്ടിയോടും.

  • ആ ഉമ്മൻ ചാണ്ടിക്കെതിരെയാണ് താങ്കൾ മൽസരിച്ചത്?

അത് അന്നത്തെ വൈകാരികതയാണ്. ഇപ്പോൾ എനിക്ക് ഉമ്മൻ ചാണ്ടിയോട് അങ്ങനത്തെ വൈരാഗ്യമൊന്നുമില്ല. ആരോടും വൈരാഗ്യം കാണിച്ചിട്ട് കാര്യവുമില്ല.

  • ആന്റണിയോടും കരുണാകരനോടും ഒരേ സമയം ബന്ധം പുലർത്തിയ ഏക നേതാവായിരുന്നു താങ്കൾ?

തീർച്ചയായും. മരണംവരെ ആ ബന്ധം കരുണാകരനുമായി ഉണ്ടായിരുന്നു. ഇപ്പോളും ആന്റണിയുമായി ആത്മബന്ധമുണ്ട്. ആന്റണി അത് തുറന്നു പറയുകയും ചെയ്തു.

  • ഇടതുപക്ഷത്തേക്ക് പോയപ്പോളുള്ള അനുഭവം എന്തായിരുന്നു

ഇടതുപക്ഷത്തേക്ക് പോയത് ശരിക്കും യാദൃശ്ചികമായിട്ടാണ്. എന്നെ പുതുപ്പള്ളിയിൽ പിന്തുണക്കാൻ സിപിഎം തീരുമാനിച്ചു. അത് പിണറായി വിജയൻ പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഞാൻ ഇടതുപക്ഷ സഹയാത്രികനായി. അപ്പോഴാണ് ഞാൻ പിണറായി വിജയനുമായി ബന്ധപ്പെടുന്നത്. പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ അപ്പോൾ കടുത്ത പ്രതിസന്ധി നേരിടുന്ന കാലമാണ്. ഇത്തരം നേതാക്കളോട് എനിക്ക് എപ്പോഴും അനുകമ്പയുണ്ട്. ഞാനൊക്കെ കരുണാകരന് എതിരായ ചാരക്കേസ് ശക്തമായി ഉന്നയിച്ച ആളാണ്. കരുണാകരൻ എപ്പോഴും പറയാറുണ്ട്.

 

കല്യാണിക്കുട്ടിയമ്മ മരിച്ചതിനേക്കാൾ വലിയ സങ്കടം തന്നെ ചാരനായി ചിത്രീകരിച്ചതിൽ ആയിരുന്നെന്ന്. അന്ന് ലാവലിൽ കേസ് ഒക്കെ വന്ന് ഒരു കൊള്ളക്കാരന്റെ പ്രതീതിയിലാണ് പിണറായി. പിണറായിക്കെതിരെ പാർട്ടിക്കുള്ളിലും വികാരം ശക്തം. പൊതുസമൂഹത്തിൽ മാധ്യമവേട്ട. അപ്പോൾ കരുണാകരനെപ്പോലെ ഒരു കാരണവുമില്ലാതെ പിണറായി വേട്ടയാടപ്പെട്ടപ്പോൾ അദ്ദേഹത്തെ സഹായിക്കണമെന്ന് തോന്നി. ലാവലിൻ കേസ് പഠിച്ച് പിണറായിക്ക് വേണ്ടി ചാനലുകളിൽ ഏറ്റവും ശക്തമായി വാദിച്ചത് ഞാനാണ്. ഈ നിലപാട് എടുത്തത് പ്രത്യുപകാരം പ്രതീക്ഷിച്ചല്ല. അന്ന് പിണറായി വിചാരിച്ചാൽ ഒരുകാര്യവും നടക്കുന്ന കാലവുമല്ല. പക്ഷേ പിണറായി നിരപരാധിയാണെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു. പിന്നീട് കോടതിയും അതുപറഞ്ഞു.പിണറായി വിജയൻ മുഖ്യമന്ത്രിയാവുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും അത് വിശ്വസിച്ചില്ല. ചെറിയാൻ ഫിലിപ്പ് മന്ത്രിയായാലും പിണറായി മുഖ്യമന്ത്രിയാവില്ലെന്നാണ് അവർ പറഞ്ഞത്.

  • എന്നിട്ടും ഈ പിണറായി ജയിക്കുന്ന ഒരു സീറ്റ് താങ്കൾക്ക് തന്നില്ല?

അത് പിണറായി വിജയന്റെ കുഴപ്പമല്ല. പിണറായി വിജയൻ എന്നെ മനഃപൂർവം ഒഴിവാക്കിയതല്ല. കോൺഗ്രസിന്റെ ഘടനയല്ല സിപിഎമ്മിന്. കോൺഗ്രസിന് മുകൾതട്ടിൽനിന്ന് അടിച്ചേൽപ്പിക്കാം. നാളെ ഞാൻ കോൺഗ്രസിൽ ചേർന്നാൽ എനിക്ക് ഒരു സീറ്റ് തരാൻ എകെ ആന്റണിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ഹൈക്കമാൻഡ് പുള്ളിയാണ്. അതല്ല സിപിഎം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏരിയാ കമ്മറ്റിയും ജില്ലാകമ്മറ്റിയുമൊക്കെ അംഗീകരിക്കണം. പിണറായി വിജയൻ സംസ്ഥാന കമ്മറ്റിയിൽ എന്റെ പേര് നിർദ്ദേശിച്ചാലും ജില്ലാ കമ്മറ്റിയോ ഏരിയാകമ്മറ്റിയോ അംഗീകരിച്ചില്ലെങ്കിൽ പ്രശ്നമാണ്. അതുകൊണ്ട് എനിക്ക് സ്വീകാര്യമായ സീറ്റ് കണ്ടെത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ട് പലപ്പോഴും എനിക്ക് തോൽക്കേണ്ടി വന്നു. അതേസമയം രാജ്യസഭാ സീറ്റിൽ ഈ തടസ്സം ഉണ്ടായിരുന്നില്ല. ഇത്തവണ എന്റെ പേര് നിർദ്ദേശിക്കപ്പെട്ടതാണ്. അപ്പോൾ സിപിഎമ്മിന്റെ ഒരു നേതാവ് രാജ്യസഭയിൽ ഇല്ലെന്നും ഒരു കേന്ദ്രകമ്മറ്റി അംഗംതന്നെ അവിടേക്ക് വരണം എന്ന് പറഞ്ഞപ്പോൾ എനിക്ക് വഴിമാറേണ്ടി വന്നു. അക്കാര്യം എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് നവകേരള കർമ്മ പദ്ധതിയുടെ ഉത്തരവാദിത്വം എടുക്കണമെന്ന് പാർട്ടി തീരുമാനിക്കുന്നത്.

  • ഇനിയും എന്തെങ്കിലും പാർലിമെന്റി പദവികൾ പ്രതീക്ഷിക്കുന്നുണ്ടോ?

തീർച്ചയായും. ഇരുപതുവർഷം ഞാൻ ഇടതുപക്ഷ സഹയാത്രികനായിരുന്നിട്ട് എനിക്ക് ഒരു എംഎൽഎ പോലും ആകാൻ പറ്റിയിട്ടില്ല. അതേസമയം എനിക്കുശേഷം മറ്റുപാർട്ടികളിൽനിന്ന് വന്ന പലരും മന്ത്രിമാർ ആയില്ലേ. ഞാൻ പറഞ്ഞത് മന്ത്രിയാവണം എന്നല്ല. എനിക്ക് കോൺഗ്രസിൽ നിന്നിട്ടോ ഇവിടെ നിന്നിട്ടോ, പദവികൾ കിട്ടിയിട്ടില്ല. ജനാധിപത്യ രാഷ്ട്രീയത്തിൽ എംഎൽഎയോ എംപിയോ ആവുന്നത് തന്നെയാണ് പ്രധാനം. ഒരു ജനപ്രതിനിധിയാവാനുള്ള അർഹത എനിക്കുണ്ട്. ആ അർഹത സിപിഎം നിറവേറ്റും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

  • ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന സുപ്രധാനമായ ദൗത്യമാണെല്ലോ. നവകേരള നിർമ്മാണം, ലൈഫ് മിഷൻ, പൊതുജനാരോഗ്യം, പൊതുവിദ്യാസം, അങ്ങനെ. ഇവിടെ എന്താണ് താങ്കൾ ചെയ്യുന്നത്?

എട്ടുമന്ത്രിമാരുടെ കീഴിലുള്ളവയാണ് ഈ നാല്് മിഷനുകളും. മുഖ്യമന്ത്രിയാണ് ചെയർമാൻ. എല്ലാവർക്കും സ്വന്തമായി വീട് എന്നതാണ് ലൈഫ്് മിഷന്റെ ലക്ഷ്യം. അത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് വരികയാണ്. ആശുപത്രികളുടെയും മറ്റും ശോച്യവസ്ഥ പരിഹരിച്ചുവരുന്നു. പണ്ട് കുട്ടികളില്ലാതിരുന്ന സർക്കാർ സ്‌കുളുകളുടെ അവസ്ഥമാറി. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടു. പുതിയ പദ്ധതികൾ ധാരാളമായി വരുന്നുണ്ട്. തീരദേശ റോഡിന്റെയും മലയോര റോഡിന്റെയും പണിയിലാണ് നാം. പ്രളയം ബാധിച്ചില്ലായിരുന്നെങ്കിൽ നാം എത്രയോ മുന്നോട്ട്പോവുമായിരുന്നു.

  • നവകേരള നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്നത് സർക്കാറിന്റെ ധാർഷ്ട്യമാണോ? ശമ്പളം നിർബന്ധമായി പിടിക്കുന്നതുപോലുള്ള സംഭവങ്ങൾ?

ശമ്പളത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെന്താണ്. അങ്ങനെ പിടിച്ചുവാങ്ങാനൊന്നും പറഞ്ഞിട്ടില്ല. നിങ്ങൾ ശമ്പളം കൊടുക്കണമെന്നത് ഒരു റിക്വസ്റ്റ് മാത്രമേയുള്ളൂ. പിന്നെ സമ്മതപത്രം വിസമ്മതപത്രം എന്ന പേരിൽ വിവാദമായി. അത് കോടതിയിൽനിൽക്കുന്ന കാര്യമാണ്്. ഞാൻ അതിലേക്ക് കടക്കുന്നില്ല. പക്ഷേ ഒരു ഭരണാധികാരിയെ സംബന്ധിച്ചിട്ടത്തോളം വേണ്ടത് നട്ടെല്ലും, കരളുറപ്പുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കരളുറപ്പുള്ള നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിന് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇച്ഛാശക്തിയുണ്ട്. അസുഖബാധിതനായി അമേരിക്കയിൽ പോകാൻ ഒരുങ്ങിയ വ്യക്തയാണ് അതെല്ലാം റദ്ദാക്കി പ്രളയക്കെടുതിക്ക് മുന്നിൽനിന്നത് എന്നോർക്കണം. പ്രളയാനന്തര കേരളത്തിലും പുറമെ വലിയ പബ്ലിസിറ്റിയൊന്നും ഇല്ലെങ്കിലും എല്ലാകാര്യങ്ങളും കൃത്യമായി നടപ്പാക്കുന്നുണ്ട്. ഏതുകാര്യത്തിലും അദ്ദേഹത്തിന് ഇച്ഛാശക്തിയുണ്ട്.

  • ഈ ഇച്ഛാശക്തി ശബരിമല വിഷയത്തിൽ ദോഷം ചെയ്തില്ലേ? ബന്ധപ്പെട്ട കക്ഷികളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞോ.തന്ത്രിയോടും കൊട്ടാരത്തോടും മറ്റും?

ഒരിക്കലുമില്ല. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നു. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വമാണ് സർക്കാറിനുള്ളത്. ഇത് നടപ്പാക്കില്ല എന്ന ആശങ്ക ഉയർന്നുവന്ന സന്ദർഭത്തിലാണ് വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത്. അതിന്റെ പശ്ചാത്തലത്തിൽ തന്ത്രി കുടുംബം ഉൾപ്പടെയുള്ളവരെ വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. പക്ഷേ വന്നില്ല. എന്തായാലും വനിതകളെ കേറ്റും എന്നൊന്നും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറിച്ചു പറഞ്ഞാൽ സർക്കാറിന് സുപ്രീംകോടതയിൽ നിന്ന് രൂക്ഷ വിമർശനം ഉണ്ടാവും. പക്ഷേ തൃപ്തി ദേശായായിപ്പോലുള്ളവർക്കൊന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടും സർക്കാർ സംയമനം പാലിച്ചത് ക്രമസമാധാന പ്രശ്നം ഭയന്നിട്ടാണ്. കേരളത്തെ കലാപഭൂമിയാക്കാൻ ഒരുകൂട്ടർ ശ്രമിച്ചപ്പോൾ അതിലേക്ക് വഴിയൊരുക്കലാണോ വേണ്ടത്. ഒരു ഹാർഡ് പൊസിഷനിലേക്ക് സർക്കാറും മുഖ്യമന്ത്രിയും പോയിട്ടില്ല. മാത്രമല്ല സമൂഹമനസ്സിനെയും ഇതിലേക്ക് പാകപ്പെടുത്തണം. സമൂഹത്തിൽ ആശയ പ്രചാരണം നടത്തണം. സമൂഹത്തെ പാകപ്പെടുത്താതെ ഒരു ആചാരത്തെ മാറ്റാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്, സർക്കാർ ഒരു സാവകാശത്തിൽ നിൽക്കുന്നത്.

  •  പക്ഷേ പ്രസംഗത്തിൽ നവോത്ഥാനവും പ്രവർത്തിയിൽ അനാചാരവും. അങ്ങനെയാരു വിമർശനം സർക്കാറിനെകുറിച്ച് ഇല്ലേ?

ഒരിക്കലുമല്ല. എങ്ങനെയാണ് ഒരു അനാചാരത്തെ നേരിടേണ്ടത്. ലോകം മാറുകയാണ്. ഒരുകാലത്ത് ലോകത്ത് പലയിടത്തും അടിമത്തമായിരുന്നു. അയിത്തമായിരുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. സ്വത്തവകാശം ഇല്ലായിരുന്നു. തൊഴിൽ സ്വാതന്ത്ര്യമില്ല. ഇന്ന് അതല്ല സ്ഥിതി. ലോകം മുഴുവൻ ഇപ്പോൾ വനിതകളുടെ മുന്നേറ്റമാണ്. ഇന്ത്യൻ ഭരണഘടനയാണ് ലിംഗസമത്വം എന്ന തത്വം അവതരിപ്പിക്കുന്നത്. ലോകം മഴുവൻ സ്ത്രീകൾക്ക് സമത്വം കൊടുക്കുമ്പോൾ, ആർത്തവം എന്നത് അശുദ്ധമാണ് എന്ന് പറയുന്നവന്റെ മനസ്സാണ് അശുദ്ധം. സ്ത്രീകൾക്ക് ഏത് മതമായാലും സ്വാതന്ത്ര്യം ഭരണഘടന തരുന്നതാണ്. അത് നടപ്പാക്കണമെന്ന് സുപ്രീം കോടതി പറയുമ്പോൾ, ഞങ്ങൾ ഭരണഘടനക്കും സുപ്രീംകോടതിക്കും എതിരാണെന്ന് പറഞ്ഞ് ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ടുപോവാൻ കഴിയുമോ. അതേസമയം അതുസംബന്ധിച്ച് സാവകാശ ഹരജി കൊടുത്തിട്ടുണ്ട്. ജനുവരിയിൽ റിവ്യൂ ഹരജിയിൽ വിധി വരും. വിധി വരുമ്പോൾ അപ്പോൾ തീരുമാനിക്കാമല്ലോ.

  • പക്ഷേ മറ്റൊരു പ്രശ്നമുണ്ട്. ഓർത്തഡോക്സ് സഭയുടെ വിധി ഇനിയും നടപ്പാക്കിയിട്ടില്ലല്ലോ?

അത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ശബരിമലയിലേത് മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. മറ്റേത് സ്വത്തു തർക്കവും. സ്വത്തിന്റെപേരിലുള്ള പ്രശ്നം വേണമെങ്കിൽ ഗവൺമെന്റിന് രണ്ടു കക്ഷികള്ളെയും വിളിച്ച് അനുരഞ്ജനത്തിന് ശ്രമിപ്പിക്കാവുന്നതാണ്. പക്ഷേ ശബരിമലയിൽ രണ്ടാമതൊരു കക്ഷിയില്ല. സുപ്രീംകോടതി സ്ത്രീകൾക്ക് അനുകൂലമായി ഒരു വിധി പുറപ്പെടുവിച്ചാൽ സ്ത്രീവിരുദ്ധർ എന്ന് പറയുന്നവരെ വിളിച്ചുകൂട്ടാൻ കഴിയുമോ?

  • ശബരിമല വിധി എൽഡിഎഫിനെ എങ്ങനെ ബാധിക്കും?

ഒരിക്കലും ബാധിക്കില്ല. ചിലപ്പോൾ ചിലർ വൈകാരികമായി ചില തെറ്റിദ്ധാരണകളിൽ പെട്ടുപോയിരിക്കാം. അവരെ തിരുത്താൻ കഴിയും. ഉദാഹരണമായി ക്രിസ്ത്യൻ സ്ത്രീകളുടെ സ്വത്തവകാശവിഷയം നോക്കുക. കാനോൻ നിയമമനുസരിച്ചാണ് ക്രിസ്ത്യാനികൾ പോവേണ്ടത് എന്നാണെല്ലോ പറയുക. പക്ഷേ മേരിറോയി കേസ് നോക്കുക. 1982ലാണ് മേരി റോയി കേസുകൊടുക്കുന്നത്. അവരുടെ പിതാവിന്റെ സ്വത്തുക്കളെല്ലാം സഹോദരൻ കൈയടക്കിയെന്ന്. അവർ ചെറിയൊരു സ്‌കൂൾ നടത്തിയാണ് ജീവിച്ചത്. ഒറ്റ ക്രിസ്ത്യൻ സഭകളും അവരുടെ വാക്ക് കേട്ടില്ല. അവർ ഒത്തിരി ആളുകൾക്ക് കത്തയച്ചു. അതിലൊരാളാണ് ഞാൻ അങ്ങനെ ഞാൻ ആ സമരത്തെ പിന്തുണച്ചു. അന്ന് ചുരുക്കം ചിലർ മാത്രമാണ് മേരി റോയിയുടെ കേസിനെ പിന്തുണച്ചത്. പക്ഷേ ക്രൈസ്തവ സഭയെ പേടിച്ച് ഒരു വാർത്തപോലും ഒറ്റ മാധ്യമങ്ങളും കൊടുത്തില്ല.

പക്ഷേ നിയമപോരാട്ടം നടന്നപ്പോൾ സ്ത്രീയായതിനാൽ സ്വത്തിന് അവകാശമില്ലെന്ന അനീതി കോടതി അംഗീകരിച്ചില്ല. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം കോടതി ചവറ്റുകുട്ടയിലിട്ടു. സ്ത്രീക്ക് പുരുഷനെപ്പോലെ സ്വത്തവകാശം കൊടുത്തു. ഇന്ത്യൻ ഭരണഘടനയുടെ പേരിലാണ്. ശബരിമലയിൽ പറഞ്ഞ വിധിക്ക് തുല്യമായി വിധിയാണിത്. ക്രൈസ്തവ സഭകൾ ആരും ഈ സുപ്രീം കോടതിവിധിക്കെതിരെ ജാഥ നടത്താൻ പോയില്ല. വേണമെങ്കിൽ അതിനെതിരെ പള്ളികളിൽ കൂട്ടമണി അടിക്കാമായിരുന്നു. അതിനുള്ള ഔചിത്യം ക്രൈസ്ത ബിഷപ്പുമാരും മറ്റും കാണിച്ചു. ഇപ്പോൾ എല്ലാ ക്രിസ്ത്യൻ സ്ത്രീകൾക്കും സ്വത്തുകിട്ടി. അതൊരു സാമൂഹിക പരിഷ്‌ക്കരണമായി ഇപ്പോൾ അംഗീകരിക്കപ്പെടുന്നു.

ഇനി മുത്തലാക്ക് പ്രശ്നം എടുക്കൂ. എൺപതുകളിൽ തന്നെ ഷബാനുകേസ് വന്നു. ഷാബാനുവിന് ഭർത്താവ് ജീവനാംശം കൊടുക്കുന്നില്ല. കോടതി അങ്ങനെ വിധിച്ചതാണ്. അപ്പോൾ മുസ്ലിം പണ്ഡിതന്മാർ എല്ലാവരുംകൂടി വന്ന് അത് മാറ്റണം എന്നുപറഞ്ഞപ്പോൾ ആദ്യം രാജീവ് ഗാന്ധി സമ്മതിച്ചില്ല. പക്ഷേ ഇവരുടെ സമ്മർദ്ദത്തിന് അനുസരിച്ച് രാജീവ്ഗാന്ധിക്ക് മാറേണ്ടി വന്നു. അങ്ങനെയാണ് ആരിഫ് ഖാൻ വിട്ടുപോയത്. യഥാർഥത്തിൽ ഇത് മുസ്ലിം പ്രീണനമായിരുന്നു. ആ പ്രീണനത്തിന് രാജീവ്ഗാന്ധിയും കോൺഗ്രസും വിലകൊടുക്കേണ്ടി വന്നു. രാമജന്മഭൂമി പ്രശ്നം വന്നപ്പോൾ രാജീവ് ഗാന്ധിക്ക് ഹിന്ദുക്കളെയും പ്രീണിപ്പിക്കേണ്ടിവന്നു. അങ്ങനെയാണ് ശിലാന്യാസവും രാമക്ഷേത്ര നിർമ്മാണവും ഉണ്ടാകുന്നത്. നരസിംഹറാവു വന്നപ്പോൾ ബാബറി മസ്ജിദ് പൊളിച്ചു. പിണറായി വിജയനെപ്പോലെ ഉറച്ച നട്ടെല്ലുള്ള ഒരു നേതാവ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സമൂഹം എങ്ങനെ മാറണമെന്ന് അവർ ചിന്തിക്കുന്നില്ല. ഇന്ന് പിണറായി വിജയൻ ചിന്തിക്കുന്നത്, നവോത്്ഥാനത്തിന്റെ ഭാഗമായാണ് സ്ത്രീമുന്നേറ്റം ഉണ്ടായത് എന്ന ഉൾക്കാഴ്ചയുള്ളതുകൊണ്ടാണ്. രാജീവ്ഗാന്ധിക്കൊന്നും ആ ഉൾക്കാഴ്ചയുണ്ടായിരുന്നില്ല. എന്നെപ്പോലുള്ള ആളുകൾ പറഞ്ഞതൊന്നും വിശ്വസിച്ചില്ല.

ഇഎംഎസ് മാത്രമാണ് അന്ന് പറഞ്ഞത്, ഈ പറഞ്ഞ നാല് പെണ്ണുകെട്ടൊന്നും നടക്കില്ലെന്ന്. അന്ന് ഞാൻ അതിനൊപ്പമായിരുന്നു. ഇഎംഎസ് പങ്കെടുത്ത അതേ വേദിയിൽ പങ്കെടുത്ത് ഈ മൊഴി ചൊല്ലലിനെതിരെ ഞാനും സംസാരിച്ചു. അന്ന് കോൺഗ്രസുകാർ എനിക്ക് എതിരായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ സുപ്രീംകോടതി തന്നെ മുത്തലാക്ക് നിരോധിച്ചില്ലേ. അതും സ്ത്രീകളുടെ അവകാശത്തിന്റെ പേരിലാണ്. വ്യക്തിനിയമങ്ങളായാലും ആചാരങ്ങൾ ആയാലും ഇന്നല്ലെങ്കിൽ നാളെ ലോകം മുഴുവൻ ഒരു നിയമത്തിലേക്ക് പോകും. ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റുള്ളവരുടെ അവകാശങ്ങളെ തടയുകയാണെങ്കിൽ അത് സുപ്രീംകോടതി തടയും. അങ്ങിനെ അല്ലെങ്കിൽ പിന്നെ എന്ത് ഭരണഘടന. ഭരണഘടന നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇതൊരു വിശ്വ മാനവികതയുടെ പ്രശ്നമാണ്. അതിന്റെ കൂടെയാണ് ഇവിടെ പിണറായി സർക്കാർ നിൽക്കുന്നത്. ഇതിന്റെ പേരിൽ അടുത്ത തെരഞ്ഞെടുപ്പിൽ നിഷ്‌ക്കാസിതനായാലും ചരിത്രം പിണറായി വിജയനെ നവകേരള ശിൽപ്പിയായും സാമൂഹിക പരിഷ്‌ക്കർത്താവും ആയാണ് വിലയിരുത്തുക.

ആരും ഒരു സുപ്രഭാതത്തിൽ നവോത്ഥാന നായകരായവരല്ല. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ അത് വിപ്ലവമായി. അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്ര മറ്റൊരു വിപ്ലവമായിരുന്നു. ഇവിടെ ഇപ്പോൾ സുപ്രീംകോടതിയാണ് വിപ്ലവം നടത്തിയിരിക്കുന്നത്. അത് നടപ്പാക്കുയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

  • വെള്ളാപ്പള്ളി നടേശനും സുഗതനുമൊക്കെയാണ് നവോത്ഥാന നായകർ?

പാപം ചെയ്യാത്തവരായിട്ടുള്ളവർ ആരും ഇല്ല എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. തെറ്റു തിരുത്തി വരുന്നവരെ എപ്പോഴും സ്വീകരിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയെ മാറ്റി നിർത്തിയാൽ എസ്.എൻ.ഡി.പി എന്നു പറയുന്ന സംഘടന, ശ്രീനാരായണ ഗുരുദേവന്റെ മഹാ പാരമ്പര്യമുള്ള മഹത്തായ ഒരു സംഘടനയാണ്. അതുപോലെ തന്നെ മന്നത്ത് പത്മനാഭൻ നയിച്ച നവോത്ഥാന പാരമ്പര്യമുള്ള സംഘടനായണ് എൻ.എസ്.എസ്. ആ പ്രസ്ഥാനങ്ങൾ തന്നെയാണ് ഇത് മുന്നോട്ടുകൊണ്ടുപോവേണ്ടത്.

  • ഇങ്ങനെയുള്ള മതിൽകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാവുമോ?

കേരളത്തിലെ വനിതകൾക്കിടിയിൽ, വിശേഷിച്ച് സവർണ വിഭാഗത്തിലെ വനിതകൾക്കിടയിൽ ശബരിമലയിൽ പോയാൽ ആചാര ലംഘനമാണോ എന്നൊരു തെറ്റിദ്ധാരണയുണ്ട്. വിശേഷിച്ച് ആർത്തവം പോലെയുള്ള ചില തെറ്റിദ്ധാരണ മാറ്റിയെടുക്കാനുമെല്ലാം വനിതാ സമത്വത്തിനും വനിതകളുടെ മുന്നേറ്റത്തിനും കഴിയും. വനിതാ മുന്നേറ്റം എന്നത് വിശ്വമാനവികതയുടെ പ്രശ്നമാണ് സാമുഹിക നവോത്ഥാനത്തിന്റെ തുടർച്ചയാണ് എന്ന് ബോധ്യപ്പെടുത്താനാണ് ഇത്. വനിതാ മതിൽ കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിന്റെ ഭാഗമായി മാറാൻ ഒരുങ്ങുകയാണ്. 600 കിലോമീറ്റർ വനിതകളാണ് അണിനിരക്കുന്നത്. ഇത് മറ്റൊരു രാജ്യത്തും നടക്കില്ല. കേരളം പ്രസക്തമാകുന്നത് അവിടെയാകും. ഈ വനിതാ മതിലിനെ പിന്തുണക്കുന്ന പുരുഷനും മറു വശത്ത ഉണ്ടാകും എന്നുള്ളതും മറ്റൊരു സവിശേഷതയാണ്. വനിതാ മതിലിനേക്കാൾ വലിയ മതിലായിരിക്കാം അതിന്റെ കൂടെ ഇതിന് പിന്തുണ നൽകുന്ന പുരുഷ മതിൽ. കേരളത്തിലെ സ്ത്രീയും പുരുഷനും ഇടത്തും വലത്തും നിന്ന് ഞങ്ങൾ സമത്വത്തിനുവേണ്ടി വാദിക്കുന്നു എന്ന് പറയുന്നത് ലോകത്തിന് തന്നെ നൽകുന്ന വലിയ സന്ദേശമായിരിക്കും.

  • ഒന്ന് രണ്ട് ചെറിയ കാര്യങ്ങൾ കൂടി, ഉമ്മൻ ചാണ്ടിയും എ.കെ ആന്റണിയും ശരിക്കും ശത്രുക്കളാണോ സ്നേഹിതരായിരുന്നോ.?

ഞാൻ കോൺഗ്രസ് വിട്ടിട്ട് പതിനഞ്ച് വർഷമായി. ഒരു രാഷ്ട്രീയ പാർട്ടിക്കുള്ളിൽ പടലപിണക്കങ്ങളും ശത്രുക്കളും ധാരാളമുണ്ടാകാം. ഉമ്മൻ ചാണ്ടിയും എ.കെ ആന്റണിയും അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴൊക്കെ കോൺഗ്രസ് പാർട്ടി അത് പരിഹരിച്ചിട്ടുണ്ട്. സി.പിഎമ്മിനുള്ളിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ അത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ഒരു പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് കരുതി അത് ശാശ്വതം ആകും എന്ന് പറയുന്നതിൽ അർഥമില്ല. അതിൽ ഞാൻ എത്തിനോക്കേണ്ടകാര്യം ഇപ്പോഴില്ല.

  • വി.എസും പിണറായും രാഷ്ട്രീയത്തിൽ ചേരി തിരിഞ്ഞ് യുദ്ധമായിരുന്നില്ലേ. ആ കാലമൊക്കെ തീർന്നോ?

വി എസ് സമുന്നദ്ധനായ ഒരു നേതാവാണ്.ആദരണീയമായ സംഥാനം തന്നെയാണ് പാർട്ടി നൽകിയിട്ടുള്ളതും. പക്ഷേ ഇപ്പോൾ നയിക്കുന്നത് പിണറായിയാണ്.

  • അവർ തമ്മിൽ മിണ്ടുമോ?

അത് ഞാൻ അന്വേഷിക്കേണ്ടകാര്യമില്ലല്ലോ.....( ചിരിക്കുന്നു).