തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് കൈരളി ടിവിയിൽ നിന്ന് വരിമിച്ചു. ഇതോടെ കൈരളിയിലെ ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പ്രതിവാര പരിപാടിയും അവസാനിപ്പിക്കും. മുഴുവൻ സമയം ഇടതുപക്ഷ പ്രവർത്തകനാകാനാണ് ചെറിയാൻ ഫിലപ്പിന്റെ തീരുമാനം. സിപിഐ(എം) ആസ്ഥാനമായ എകെജി സെന്ററിൽ എല്ലാ ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ചെറിയാൻ ഫിലപ്പുണ്ടാകും. കൈരളി ടിവിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴും എകെജി സെന്ററിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു ചെറിയാൻ ഫിലിപ്പ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പൊതു പ്രവർത്തനത്തിൽ സജീവമാകാനാണ് ചെറിയാന്റെ താൽപ്പര്യം.

ഒരു കാലത്ത് കോൺഗ്രസിന്റെ സൈദ്ധാന്തിക മുഖമായിരുന്നു ചെറിയാൻ ഫിലിപ്പ്. എകെ ആന്റണിയുടെ വിശ്വസ്തൻ. എ ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിയിലെത്തിയതോടെ അവഗണനയായി പിന്നീടുള്ള നേതൃത്വം നൽകിയത്. അർഹതപ്പെട്ട നിയമസഭാ സീറ്റ് പോലും നിഷേധിച്ചു. കെ കരുണാകരൻ അനുകൂലമായിരുന്നിട്ടും കിട്ടിയില്ല. ഇതോടെയാണ് കോൺഗ്രസുമായുള്ള ബന്ധം ചെറിയാൻ ഫിലിപ്പ് അവസാനിപ്പിച്ചത്. പതിനഞ്ച് കൊല്ലം മുമ്പ് കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പിനെ സിപിഐ(എം) എല്ലാ ആദരവോടും കൂടി സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് തവണ അവസരവും ഒരുക്കി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് കെടിഡിസി ചെയർമാനുമാക്കി. സിപിഎമ്മുമായി സഹകരിക്കാൻ തുടങ്ങിയപ്പോൾ മുതൽ കൈരളിയുമായി ബന്ധമുണ്ടായിരുന്നു. കെഡിടിസിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ പദവിയിൽ മടങ്ങിയെത്തി. ഈ പദവിയിൽ നിന്നാണ് വിരമിക്കുന്നത്.

ഇക്കാര്യം ചെറിയാൻ ഫിലിപ്പ് തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. ചെറിയാന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ- കൈരളി പീപ്പിൾ ടി വി യുടെ ന്യൂസ് കൺസൽറ്റന്റ് സ്ഥാനത്തു നിന്നും വിരമിക്കുകയാണ്. അഞ്ചു വർഷത്തെ കരാർ കാലാവധി ഇന്ന് അവസാനിക്കുന്നു.'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പംക്തിയും നിർത്തുകയാണ്. ഇനിമേൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ എ കെ ജി സെന്ററിൽ ഉണ്ടായിരിക്കും. സെൽഫോൺ നമ്പറിൽ മാറ്റമില്ലെന്നും അറിയിക്കുന്നു. എകെജി സെന്ററിൽ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമലയാകും ചെറിയാനുണ്ടാവുകയെന്നാണ് സൂചന. തോമസ് ഐസക് മന്ത്രിയും ദിനേശൻ പുത്തലേത്ത് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയുമായ സാഹചര്യത്തിൽ കൂടിയാണ് ഇത്.

സിപിഎമ്മിന്റെ നയസമീപനങ്ങൾ തീരുമാനിക്കുന്ന പ്രധാന ഗവേഷണ സംഘടനായണ് എകെജി പഠന ഗവേഷണ കേന്ദ്രം. പാർട്ടി മെമ്പർഷിപ്പില്ലാത്ത ഒരാളെ ഇതിൽ സജീവമാക്കുമ്പോൾ തെളിയുന്നത് സിപിഎമ്മിന് ചെറിയാൻ ഫിലപ്പിലുള്ള വിശ്വസ്തതയാണ്. കെടിഡിസി പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ചെറിയാൻ ഫിലപ്പിനെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹമുണ്ട്. അതിൽ വ്യക്തത വരും വരെ ചെറിയാൻ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. പാർട്ടി ഏൽപ്പിക്കുന്ന ചുമതല എന്തായാലും ഏറ്റെടുക്കുമെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ നിലപാട്. എന്നാൽ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും പരിഗണിക്കണമെന്ന് ആഗ്രഹം അദ്ദേഹത്തിനില്ലെന്നാണ് സൂചന.

1967 യിൽ കെഎസ് യുവിലൂടെ ആണ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രിയ രംഗത്തേക്കു് വരുന്നത്. 1974 ൽ കേരള സർവ്വകലാശാല യൂണിയൻ സെക്രട്ടറിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ആയിരുന്നു. 1975 ൽ കെഎസ്‌യു ജനറൽ സെക്രട്ടറിയും 1979 യിൽ പ്രസിഡന്റും ആയിരുന്നു. 1980 ൽ കെപിസിസി വൈസ് പ്രസിഡന്റ് ആയി, 1982-89 ൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. 1984-89 ൽ എഐസിസി മെമ്പർ ആയിരുന്നു. തുടർന്ന് കെ.പി.പി.സി സെക്രട്ടറിയും ആയി. 1992 ൽ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന ആരംഭിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു.

1991 ൽ ടി.കെ.രാമകൃഷ്ണന് എതിരെ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് സ്ഥനാർഥി ആയി കോട്ടയത്ത് മത്സരിച്ചു. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിട്ടു. ഉമ്മൻ ചാണ്ടിയുമായുള്ള ഭിന്നതയായിരുന്നു കാരണം. ചെറിയാൻ 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കും കോൺഗ്രസ് പാർട്ടിയിലെ മറ്റ് യുവജനങ്ങൾക്കും ജയസാധ്യതയില്ലാത്ത സീറ്റ്കൾ നൽകിയെന്നും ആരോപിച്ചു. തുടർന്ന് അദ്ദേഹം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപെട്ടു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറ മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി കേരള കോൺഗ്രസിലെ ജോസഫ് എം.പുതുശേരിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും തോൽവി നേരിടേണ്ടി വന്നു. കൈരളിയിലെ ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്ന എന്നത് രാഷ്ട്രീയ വിശകലന പരിപാടിയായിരുന്നു. യുഡിഎഫ് സർക്കാരുകളെ കടന്നാക്രമിച്ചാണ് ഈ പരിപാടിയുമായി ചെറിയാൻ ഫിലിപ്പ് മുന്നോട്ട് പോയിരുന്നത്.