- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി ചതിച്ചപ്പോൾ സഹായിക്കാൻ തയ്യാറായത് കരുണാകരൻ; കോൺഗ്രസ് വിട്ടത് സീറ്റ് കിട്ടാത്തതിനല്ല, ആത്മാഭിമാനത്തിന് മുറിവേറ്റതിനാൽ: കോൺഗ്രസിലേക്കു തിരിച്ചുപോകുമെന്ന ഊഹാപോഹങ്ങൾ തള്ളി ചെറിയാൻ ഫിലിപ്പ്
ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് തിരിച്ച് പോകുമോ? ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രധാന ഗോസിപ്പുകളിൽ ഒന്നാണിത്. ഇക്കാര്യം ചെറിയാൻ പലതവണ നിഷേധിച്ചിട്ടും ഗോസിപ്പുകാർ അടങ്ങാറില്ല. ഒടുവിൽ കോൺഗ്രസ്സിലേക്ക് മടങ്ങാൻ സാധിക്കാത്തതിന്റെ യഥാർത്ഥ കാരണം പുറത്തു പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മുൻ വിശ്വസ്തൻ രംഗത്ത് വന്നു. ഉമ്മൻ ചാണ്ടി
ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് തിരിച്ച് പോകുമോ? ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രധാന ഗോസിപ്പുകളിൽ ഒന്നാണിത്. ഇക്കാര്യം ചെറിയാൻ പലതവണ നിഷേധിച്ചിട്ടും ഗോസിപ്പുകാർ അടങ്ങാറില്ല. ഒടുവിൽ കോൺഗ്രസ്സിലേക്ക് മടങ്ങാൻ സാധിക്കാത്തതിന്റെ യഥാർത്ഥ കാരണം പുറത്തു പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മുൻ വിശ്വസ്തൻ രംഗത്ത് വന്നു.
ഉമ്മൻ ചാണ്ടി മൂലം ആത്മാഭിമാനത്തിന് മുറിവേറ്റതുകൊണ്ടാണ് താൻ കോൺഗ്രസ്സ് വിട്ടതെന്നും അതുകൊണ്ട് തന്നെ ഇനിയൊരു മടക്കയാത്രയ്ക്ക് സാധ്യതയില്ലെന്നും സൂചിപ്പിച്ച് കൊണ്ടാണ് കോൺഗ്രസ്സ് വിടാനുള്ള കാരണങ്ങൾ സൂചിപ്പിച്ചു കൊണ്ടുള്ള ചെറിയാൻ ഫിലിപ്പിന്റെ ആത്മകഥാഭാഗം പുറത്ത് വരുന്നത്. നാളെ ഇറങ്ങുന്ന കേരള ശബ്ദത്തിലാണ് കോൺഗ്രസ്സ് വിടാനുള്ള കാരണങ്ങൾ വ്യക്തമാക്കി കൊണ്ട് ചെറിയാൻ ഫിലിപ്പ് തന്റെ ഉമ്മൻ ചാണ്ടി വിരുദ്ധ മനോഭാവത്തിന്റെ കാരണം വ്യക്തമാക്കുന്നത്.
2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയതെന്നായിരുന്നു ചെറിയാനെതിരായ വിമർശനം. എന്നാൽ, മുപ്പതുവർഷത്തിലേറെ കോൺഗ്രസിന് വേണ്ടി ജീവിതം ഹോമിച്ച തന്റെ ആത്മഭിമാനത്തിന് മുറിവേറ്റതുകൊണ്ടാണ് താൻ കോൺഗ്രസ് വിട്ടതെന്നും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചതെന്നുമാണ് ചെറിയാൻ വ്യക്തമാക്കുന്നത്.
കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്ന 'ഇടനാഴികളിൽ' എന്ന ആത്മകഥയിലാണ് ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.
തന്റെ ഹോംസീറ്റായിരുന്നു തിരുവനന്തപുരം വെസ്റ്റ്. അവിടെ നിന്നു തന്നെ ഒഴിവാക്കാൻ വേണ്ടിമാത്രമാണ് ഉമ്മൻ ചാണ്ടി അവിടേക്ക് എം വി രാഘവനെ നിർബന്ധപൂർവ്വം കൊണ്ടുവന്നത്. ദയവ് തോന്നിയ കെ.കരുണാകരൻ നോർത്ത് സീറ്റ് തനിക്ക് വേണ്ടി വിട്ട് തരാൻ തയ്യാറായിരുന്നു. തന്റെ അഭിപ്രായപ്രകാരം കരുണാകരൻ നിർദ്ദേശിച്ച കെ മോഹൻകുമാറിനെ അവസാനനിമിഷം ഒഴിവാക്കുന്നത് വഞ്ചനയായതുകൊണ്ടാണ് കരുണാകരന്റെ ഓഫർ നിരസിച്ചത്. നോർത്തിൽ തോൽക്കുമെന്ന ഒരു ഭയപ്പാടും അന്നുണ്ടായിരുന്നില്ല. പുതുപ്പള്ളിയിൽ പരാജയപ്പെട്ടെങ്കിലും ആ പോരാട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമുഹൂർത്തമാണെന്നും ചെറിയാൻ ഫിലിപ്പ് ആത്മകഥയിൽ പറയുന്നു.
കോൺഗ്രസിൽ ഒരാൾ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ മത്സരിച്ചാൽ മരിക്കുംവരെ ആ സ്ഥാനത്തു തുടരുകയാണു പതിവ്. മാത്രമല്ല, മരിച്ചുകഴിഞ്ഞാൽ ഭാര്യയോ മക്കളോ ആ സ്ഥാനത്തെത്തും. നിയോജക മണ്ഡലം കുടുംബസ്വത്താക്കി അടക്കിവാഴുകയാകും പിന്നീടു കാണുന്ന കാഴ്ചയെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നു. ഇവരൊന്നും സ്ഥാനാർത്ഥിയാകുന്നതിനു ജനസമ്മതിയോ പൊതുപ്രവർത്തനമോ മാനദണ്ഡമാകുന്നില്ല. ഗ്രൂപ്പ് നേതാവിന്റെ പെട്ടി ചുമന്നുശീലിക്കുന്നവനു വരെ സംസ്ഥാന മന്ത്രി മുതൽ കേന്ദ്രമന്ത്രിവരെയാകാം.
അർഹരായ നിരവധി പേരെ തെരഞ്ഞെടുപ്പുകാലത്ത് കൂട്ടക്കശാപ്പു ചെയ്യുന്ന നിലപാടാണ് കോൺഗ്രസിൽ. പിന്നിൽ നിന്നും ആരും തന്നെ മറികടക്കാതിരിക്കാൻ കടന്നു പോകുന്ന പാലങ്ങൾ തകർക്കുന്ന ഹിറ്റ്‌ലറുടെ തന്ത്രമാണ് യൂത്ത് കോൺഗ്രസിലൂടെ വളർന്ന നേതാക്കൾ ശീലിച്ചത്.
മുപ്പതുവർഷത്തോളം എ കെ ആന്റണിയെ നിഴൽപോലെ പിന്തുടന്ന വ്യക്തിയാണു താൻ. യൂണിവേഴ്‌സിറ്റി കോളേജ് രജിസ്റ്ററിൽ രക്ഷകർത്താവിന്റെ സ്ഥാനത്തുള്ള പേര് ഉമ്മൻ ചാണ്ടിയുടേതും. എന്നാൽ എന്റെ രക്ഷകരായി താൻ കരുതിയിരുന്നവരൊക്കെയും ശിക്ഷകരായപ്പോൾ മനസ് തകർന്നു. നിരുപദ്രവകാരിയായ വളർത്തുപൂച്ചയായാലും പുറത്തുകടക്കാനാകാതെ മുറിയിലിട്ടു തല്ലിക്കൊല്ലാൻ ശ്രമിച്ചാൽ ആത്മരക്ഷാർഥം ആക്രമിക്കുന്നവരുടെ മുഖം മാന്തിക്കീറും.അത്തരത്തിൽ എന്നിലെ പൂച്ച ഈറ്റപ്പുലിയായി മാറുകയായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ഓർക്കുന്നു.
കോൺഗ്രസിൽ പലരെയും വളർത്തിയത് മലയാള മനോരമയാണ്. അതിനാൽ തന്നെ ഇന്ദിര ഭവനിൽ കെ എം മാത്യുവിന്റെ ഫോട്ടോ വയ്ക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞത് ആത്മാർഥമായാണ്. എന്നാൽ, ഇതറിഞ്ഞ മാത്തുക്കുട്ടിച്ചായനു (കെ എം മാത്യു) ചിരിയടക്കാനായില്ലെന്നും ചെറിയാൻ എഴുതുന്നു. കെഎസ്‌യു പ്രസിഡന്റായ കാലം മുതൽ രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും എന്റെ ഭാവിയിൽ മാത്തുക്കുട്ടിച്ചായനും അന്നമ്മ കൊച്ചമ്മയും ഉത്കണ്ഠാകുലരായിരുന്നു. കോൺഗ്രസ് വിട്ടെങ്കിലും രാഷ്ട്രീയ എതിർപ്പുകൾ അവഗണിച്ച് മലയാള മനോരമ കുടുംബവുമായുള്ള സ്‌നേഹബന്ധം അഭംഗുരം തുടർന്നതായും ആത്മകഥയിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നു.