കാസർഗോഡ്: ചെർക്കള പാടിയിലെ ഒരു വീട്ടിൽ രണ്ടു ശവക്കുഴി ഒരുക്കിവെച്ചത് ഭാര്യയേയും ഭാര്യാ സഹോദരനേയും കൊലപ്പെടുത്തി സംസ്‌ക്കരിക്കാനാണെന്ന് സംശയം. കർണാടക സ്വദേശിയും പാടിയിൽ വിവാഹിതനുമായ നാല്പത്കാരനാണ് സംഭവത്തിലെ കഥാനായകൻ.

മൂന്ന് വർഷം മുമ്പ് തന്നേക്കാൾ 10 വയസ്സു കൂടുതലുള്ള സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ച കർണാടക സ്വദേശിയാണ് വീട്ടിനകത്തെ മുറിയിൽ മൃതദേഹം സംസ്‌ക്കരിക്കാൻ പാകത്തിൽ രണ്ടു ശവക്കുഴികൾ തയ്യാറാക്കി വച്ചിരുന്നത്. 50 വയസ്സുള്ള ഭാര്യയും അസുഖ ബാധിതനായ ഭാര്യാ സഹോദരനുമാണ് ചന്ദ്രശേഖരനോടൊപ്പം താമസിച്ചു പോന്നിരുന്നത്.

വീട്ടിൽ എന്നും ബഹളം വെക്കാറുള്ള ചന്ദ്രശേഖരൻ ഭാര്യയുമായി സ്ഥിരമായി വഴക്കിടുന്ന പ്രകൃതക്കാരനായിരുന്നു. അയൽവാസികൾ പലപ്പോഴും ഉപദേശിക്കാറുണ്ടെങ്കിലും ചന്ദ്രശേഖരൻ പതിവു നിർത്തിയില്ല. ഇന്നലെ ഉച്ചക്ക് ഭാര്യയുമായി വഴിക്കിട്ടപ്പോൾ നാട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. അപ്പോഴാണ് മൂന്ന് മുറികൾ മാത്രമുള്ള കൊച്ചു വീട്ടിൽ ഒരു മുറി ഭദ്രമായി താഴിട്ട് പൂട്ടിയ നിലയിൽ അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മുറിക്കകത്ത് കുഴികൾ ഉണ്ടാക്കിയതായി ഭാര്യ തന്നെ നാട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം നേരിട്ടറിയാൻ നാട്ടുകാരൻ ചന്ദ്രശേഖരനോട് വിവരങ്ങൾ ആരായാൻ എത്തി. അയാളോട് മുറി തുറന്ന് കാട്ടാൻ ആവശ്യപ്പെട്ടെങ്കിലും അതിന് വിസമ്മതിക്കുകയായിരുന്നു. അയൽക്കാർ കൂട്ടമായെത്തി വീണ്ടും വീണ്ടും ആവശ്യപ്പെട്ടെങ്കിലും നാട്ടുകാരുടെ മുന്നിൽ മുറി തുറക്കില്ലെന്ന വാശിയിലായിരുന്നു ചന്ദ്രശേഖരൻ.

ചന്ദ്രശേഖരന്റെ നിലപാടിൽ സംശയം തോന്നിയ നാട്ടുകാർ കൂട്ടത്തോടെ വിദ്യാ നഗർ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസുകാരെ കാര്യങ്ങൾ ധരിപ്പിച്ചു. പൊലീസെത്തി മുറി തുറക്കാൻ ആവശ്യപ്പെട്ടിട്ടും ചന്ദ്രശേഖരൻ മുറി തുറക്കുന്ന ലക്ഷണമേയില്ല. ഒടുവിൽ പൂട്ടുപൊളിച്ച് അകത്ത് കടക്കുമെന്ന് പറഞ്ഞിട്ടും ചന്ദ്രശേഖരന് കുലുക്കമില്ല. ഇതിനിടെ നാട്ടുകാർ അയാളോട് തർക്കിക്കുകയുമുണ്ടായി. നാട്ടുകാരുടെ പിൻതുണയോടെ പൊലീസ് മുറി തുറക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ആരേയും ഞെട്ടിക്കുന്ന അവസ്ഥയിലായിരുന്നു അടച്ചിട്ട മുറിയിലെ കാര്യങ്ങൾ.

രണ്ടു പേരെ കുഴിച്ചു മൂടാൻ പാകത്തിൽ രണ്ടു മരണക്കുഴികൾ. കുഴികൾ നല്ല ആഴത്തിലുമായിരുന്നു. പൊലീസും നാട്ടുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ഭാര്യയേയും അവരുടെ സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചു മൂടാൻ പാകത്തിലായിരുന്നു രണ്ടു കുഴികളും തയ്യാറാക്കി വച്ചിരിക്കുന്നത്. ഇനിയും ഇതിന്റെ ദുരൂഹതകൾ അഴിഞ്ഞിട്ടില്ല. അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ പാടി ഗ്രാമത്തെ നടുക്കുന്ന ദുരന്തമായിരിക്കും വരാനിരുന്നതെന്ന് നാട്ടുകാർ പരസ്പരം പറഞ്ഞു.

ഇത്രയും ആസൂത്രിതമായി ശവക്കുഴികൾ തയ്യാറാക്കിയത് എങ്ങിനെയെന്ന് നാട്ടുകാർ ചോദിക്കുന്നു. ചന്ദ്രശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അത്യാവശ്യം ഓട്ടോറിക്ഷാ ഓടിച്ച് ഉപജീവനം നയിച്ചുവരുന്ന ആളാണ് ചന്ദ്രശേഖരൻ.