ചേർത്തല : ഉത്തരേന്ത്യൻ ഗോരക്ഷകരെയും നാണിപ്പിക്കുന്ന കൊലപാതകം. കൈകാലുകൾ ബന്ധിച്ച് മരക്കമ്പ് കൊണ്ട് അടിച്ചുക്കൊല്ലുന്ന പ്രാകൃതരീതി അനന്തുവിന്റെ കൊലപാതകത്തിലും ആർ എസ് എസ് ആവർത്തിച്ചു. ഇത് നടപ്പിലാക്കാൻ തട്ടകത്തിൽനിന്നുതന്നെ ആളെ കണ്ടെത്തിയത് വിചിത്രമായി. വയലാർ പഞ്ചായത്തിൽ ആർ എസ് എസ്സിന് അജണ്ട നടപ്പിലാക്കലിന് പ്രത്യേക കേന്ദ്രം തന്നെയുണ്ട്. നാലുചുറ്റും കുറ്റിക്കാട് വളർന്ന ഈ പ്രദേശം പുറമെനിന്നു നോക്കിയാൽ നിഗൂഢമായി തോന്നും. ഇവിടെ രാത്രികാലങ്ങളിൽ ആർ എസ് എസ് പ്രവർത്തകരും നേതാക്കളും ഒത്തുക്കൂടാറുണ്ടെന്ന് നാട്ടുക്കാർ പറയുന്നു. ഇവിടെവച്ചാണ് നടപ്പിലാക്കേണ്ട കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നത്. കുറ്റിക്കാട്ടിലെ ഒളികേന്ദ്രത്തിലാണ് അനന്തുവിന്റെ ജീവനെടുക്കാനുള്ള തീരുമാനം ഉണ്ടായത്.

ഇന്നലെ പൊലീസും വിരലടയാള വിദ്ഗധരും ഇവിടം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇവിടെനിന്നും മദ്യകുപ്പികളും പുകയില, പാൻ മസാല തുടങ്ങിയവയുടെ ധാരാളം അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഈ കേന്ദ്രത്തിലേക്ക് ഇന്ന് നാട്ടുക്കാരും വിവിധ സംഘടനകളും മാർച്ച് ചെയ്യുമെന്ന് അറിയുന്നു. വിധി നടപ്പിലാക്കുന്ന ഈ കേന്ദ്രം വെട്ടിനിരത്താനാണ് പദ്ധതി. കൊലപാതകത്തിനു ശേഷം പ്രദേശത്ത് സംഘർഷ സാധ്യതയുള്ളതിനാൽ വൻ പൊലീസ് സന്നാഹമാണ് നിലയുറച്ചിട്ടുള്ളത്. പ്രതിരോധം മറികടന്ന് നാട്ടുക്കാർ ഇന്ന് കേന്ദ്രത്തിലേക്ക് മാർച്ച് ചെയ്യുന്നത് പൊലീസ് അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

അതേസമയം അനന്തുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് തെളിയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് അനന്തുവും സുഹൃത്തുക്കളും വയലാറിലെ നീലിമംഗലം ക്ഷേത്രത്തിൽ ഉൽസവം കാണാൻ എത്തിയത്. നേരത്തെ പ്രശ്നങ്ങൾ നടന്നതിനാൽ കടുത്ത നിയന്ത്രണത്തിലായ അനന്തുവിനെ വീട്ടുക്കാർ പുറത്തേക്ക് വിട്ടിരുന്നില്ല. എന്നാൽ ആത്മസുഹൃത്തുക്കൾ വിളിച്ചപ്പോൾ കൂടെപോകാൻ അനുവദിച്ചതാണ്. ഈ അവസരമാണ് ആർ എസ് എസ് ഉപയോഗിച്ചത്. അനന്തുവിന്റെ ഉറ്റ ചങ്ങാതി ഫോണിൽ വിളിച്ച് കുറ്റിക്കാടിന് സമീപമുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഉൽവമായതിനാൽ പ്രദേശത്തെ വീടുകളെല്ലാം ആവേശതിമിർപ്പിലായതിനാൽ അനന്തുവും കൂട്ടുക്കാരും സുഹൃത്തു പറഞ്ഞ വീട്ടിലേക്ക് എത്തിയത്.

സുഹൃത്തിന്റെ ഫോൺ വിളിയിൽ സംശയം തോന്നാതിരിക്കാൻ കാരണവും ഇതാണ്. സുഹൃത്തിനെക്കൊണ്ട് ഫോൺ വിളിപ്പിക്കുകയെന്നത് ആർ എസ് എസ് മുൻക്കൂട്ടി നിശ്ചയിച്ചിരുന്നതാണ്. സുഹൃത്ത് ക്ഷണിച്ചതനുസരിച്ച് വീട്ടിലെത്തിയ അനന്തുവിനെ അക്രമി സംഘം പിടിക്കൂടി വിധി നടപ്പാക്കൽ കേന്ദ്രമായ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നു. പ്ലസ്ടു പരീക്ഷ കഴിയുമ്പോൾ വിഷ്ണുവിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിന് സാധിക്കാതെ പോയതാണ് നീലിമംഗലം ക്ഷേത്രോൽസവത്തിൽ നടപ്പിലാക്കിയത്. ഇതിനിടെ ചെറിയ ചെറിയ ആക്രമണങ്ങൾ നടത്തി സൂചന നൽകിയെങ്കിലും വഴങ്ങാതെ വന്നതിനാലാണ് തീരുമാനം ജീവനെടുക്കുന്നതിലേക്ക് വന്നതെന്നും പറയപ്പെടുന്നു.

ആർ എസ് എസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു അനന്തു. കഴിഞ്ഞ കുറെ നാളുകളായി ശാഖാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു അനന്തു. മുന്നറിയിപ്പുകൾ പലതും നൽകിയിട്ടും അനന്തു ചെവിക്കൊണ്ടില്ല. മാത്രമല്ല ആർ എസ് എസ്  പ്രവർത്തനങ്ങളിൽ നിന്നും വിട്ട് അനന്തു ന്യൂജെൻ കുട്ടിയായി വിലസി നടക്കുകയായിരുന്നു. ഇതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അനന്തുവിന്റെ ആർ എസ് എസ് നേതൃത്വം നൽകുന്ന രണ്ടാമത്തെ ഉൽസവ പറമ്പ് കേന്ദ്രീകരിച്ചുള്ള കൊലപാതകമാണിത്. നേരത്തെ ആലപ്പുഴ ആലിശേരി ക്ഷേത്രോൽസവത്തിൽ മുഹ്സിൻ (18) എന്ന വിദ്യാർത്ഥിയെയും ആഘോഷങ്ങൾക്കിടയിലുണ്ടായ വാക്കേറ്റത്തിൽ കുത്തി കൊലപ്പെടുത്തിയിരുന്നു. ഈ കേസിലും എട്ടോളം ആർ എസ്എസ് - ബിഎംഎസ് പ്രവർത്തകർ ജയിലിലാണ്.