ആലപ്പുഴ: ചേർത്തല തൈക്കൽ കോരം തറയിൽ വീട്ടിൽ സജിമോൻ തന്റെ ജീവിതം ഉഴിഞ്ഞു വച്ചത് പിതാവിന്റെ അസുഖം ചികിൽസിച്ച് ഭേദമാക്കുന്നതിനായിരുന്നു. അതിനായി ഈ യുവാവ് ചെയ്യാത്ത ജോലികളില്ല, നേരാത്ത നേർച്ചകളില്ല. എന്നാൽ, വിധി ചിന്തിച്ചത് മറിച്ചായിരുന്നു. ഇന്നലെ രാത്രി 8.15 ന് പിതാവ് നാരായണനെ (65) മരണം കവർന്നു. മൂന്നുമണിക്കൂറിനു ശേഷം 11.15 ന് മാതാവ് ഷൈലയും (54) മരണത്തിനു കീഴടങ്ങി. വിധിയുടെ ഇരട്ടപ്രഹരത്തിൽ പകച്ചു നിൽക്കുകയാണ് ഈ നാടും നാട്ടാരും. തളർവാതം ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു നാരായണൻ.

അമ്മ പകർന്നു നൽകിയ ധൈര്യവും സ്‌നേഹവുമായിരുന്നു കുടുംബത്തെ സ്‌നേഹിച്ചിരുന്ന സജിമോന് നൊമ്പരങ്ങൾക്കിടയിലും തുണയായിരുന്നത്. കാറ്ററിങ് ജോലി ചെയ്ത് അച്ഛനെ ചികിൽസിക്കാനും കുടുംബം നേരേ നിർത്താനും പ്രേരണയായതും ഈ സാന്ത്വനമായിരുന്നു. ഇന്നലെ രാത്രി മാതാപിതാക്കൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നാരായണന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തൈക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭർത്താവിന്റെ മരണവിവരമറിഞ്ഞ ഷൈലയ്ക്കും നെഞ്ചുവേദനയുണ്ടായി. ഉടൻ തന്നെ ചേർത്തല ഗവ.ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഷൈലയും മരിച്ചു. മണിക്കൂറുകളുടെ ഇടവേളയിൽ മാതാപിതാക്കൾ നഷ്ടമായതോടെ സജിമോൻ തളർന്നു പോയി.

ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ ഇരുവരുടെയും സംസ്‌കാര ചടങ്ങുകൾ നടന്നപ്പോൾ സജിമോെന്റ ദുഃഖം നാട്ടുകാരും ഏറ്റുവാങ്ങി.
പിതാവിന്റെ ചികിൽസയ്ക്കായി ഓടി നടക്കുന്നതിനിടയിൽ സജിമോന്റെ വീടെന്ന സ്വപ്നവും പൂവണിഞ്ഞില്ല. പലക വീടിന് മുന്നിൽ കെട്ടിക്കിടന്ന വെള്ളം വറ്റിച്ചാണ് മാതാപിതാക്കൾക്ക് ചിതയൊരുക്കിയത്. സജിമോൻ അവിവാഹിതനാണ്. സജിത സഹോദരി. അനീഷാണ് സജിതയുടെ ഭർത്താവ്.